Tuesday, 25 April 2017 4.40 AM IST
ക്രെെസ്‌തവ സഭകളും പിന്തുണച്ച കുരിശ് നീക്കത്തിനെതിരായ മുഖ്യമന്ത്രിയുടെ നിലപാട് സംശയകരം: കുമ്മനം
April 21, 2017, 8:44 pm
തിരുവനന്തപുരം: മുഴുവൻ ക്രൈസ്‌തവ സഭകളും പിന്തുണച്ച മൂന്നാറിലെ കുരിശ് നീക്കംചെയ്‌ത നടപടിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകൾ സംശയകരമാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. സ്‌പിരിറ്റ് ഇൻ ജീസസുമായി പിണറായിക്ക് എന്താണ് ബന്ധമെന്നും കുമ്മനം പത്രസമ്മേളനത്തിൽ ചോദിച്ചു.

തിരുകേശത്തെ വെറും ശരീരമാലിന്യമെന്ന് ആക്ഷേപിച്ചപ്പോഴും ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ച് ചിത്രീകരിച്ചപ്പോഴും ജിഷ്ണുവിന്റെ അമ്മ മഹിജയെ വലിച്ചിഴച്ചപ്പോഴും വേദനിക്കാത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കുമ്മനം കുറ്റപ്പെടുത്തി. എന്നാൽ അനധികൃതമായി നിർമിച്ച കുരിശ് നിയമാനുസൃതം നീക്കം ചെയ്‌തത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ക്രൈസ്‌തവ സഭകൾക്കില്ലാത്ത വേവലാതിയും വേദനയുമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. കയ്യേറ്റങ്ങളെ കയ്യേറ്റങ്ങളായി മാത്രം കണക്കാക്കി നടപടികൾ സ്വീകരിക്കുകയാണ് സർക്കാരുകളുടെ കടമ.

അനധികൃതമായി നിർമിച്ച കുരിശ് നീക്കം ചെയ്‌തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തന്നെ വിവാദം സൃഷ്ടിച്ചത് ഖേദകരമാണ്. കയ്യേറ്റക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഭരണത്തലവനായി പിണറായി മാറിയിരിക്കുകയാണ്. കയ്യേറ്റഭൂമിയെ ഒന്നടങ്കം മോചിപ്പിക്കേണ്ടതുണ്ട്. കുരിശ് നീക്കം ചെയ്‌ത നടപടിയെ കയ്യേറ്റം ഒഴിപ്പിക്കലായി കണക്കാക്കണം. കയ്യേറ്റമെന്ന നിലയിൽ റവന്യൂ ഉദ്യോഗസ്ഥർ സ്വീകരിച്ച നടപടികൾ സ്വാഗതാർഹമാണ്.
കയ്യേറ്റത്തിന് മതമോ ജാതിയോ ഇല്ലെന്ന് അധികാരികൾ തിരിച്ചറിയണം. ഇത്തരത്തിലുള്ള വിവേചനങ്ങൾ നോക്കാതെ ശക്തമായ നടപടികൾ സ്വീകരിക്കുകയാണാവശ്യം.

സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ വന്യജീവിസങ്കേതങ്ങളിൽ നിന്ന് നിരവധി തവണ കുരിശുകൾ ഇതിനു മുമ്പും നീക്കം ചെയ്‌തിട്ടുണ്ട്. അന്നാർക്കും തോന്നാത്ത വേദനയാണ് പിണറായിക്ക് തോന്നുന്നത്. എല്ലാവിധ നടപടികളും പാലിച്ചുള്ള റവന്യൂ വകുപ്പിന്റെ ഇടപെടലുകൾക്ക് സർക്കാർ പിന്തുണ നൽകണം. കേന്ദ്രമന്ത്രി ചൗധരി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും കുമ്മനം രാജശേഖരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ