ഗ്രേറ്റ് ഫാദർ
April 30, 2017, 10:00 am
സന്തോഷ് ശിവൻ
അച്ഛൻ ഒരർത്ഥത്തിൽ പാഠപുസ്തകമായിരുന്നു. പ്രകൃതിയുടെയും ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഛായാഗ്രഹണത്തിന്റെയും പാഠങ്ങൾ ഞാൻ അവിടെ നിന്നാണ് മനസിലാക്കിയത്. ഒന്നും നിർബന്ധിച്ചിരുന്നില്ല. എന്നാൽ താത്പര്യമുള്ള വിഷയങ്ങളിൽ അഭിരുചി വളർത്താൻ നമ്മളറിയാതെ സൗകര്യങ്ങളൊരുക്കി. അച്ഛനായിരുന്നു എന്റെ മെന്റർ. മറ്റാരുടെയും ശിക്ഷണം ഞാൻ തേടിയില്ല. വീട് ഒരിക്കലും ഒരു ക്ലാസ് റൂമായിരുന്നില്ല. അച്ചടക്കത്തിന്റെ ചൂരൽവടിയുമായി ഒരിക്കലും അച്ഛനോ അമ്മയോ പിറകെ വന്നില്ല. പക്ഷേ കാര്യങ്ങൾ എല്ലാം അറിയാനും മനസിലാക്കാനുമുള്ള വാതിലുകൾ എന്നും തുറന്നു തന്നു.

ബാല്യത്തിൽ റോളക്സ് കാമറയ്ക്കകത്തുകൂടി നോക്കിയപ്പോൾ എല്ലാം ഒരുമാതിരി ചെമ്പിച്ചിരിക്കുന്നതുപോലെ തോന്നി. ഡേ ഇഫക്ടിനുവേണ്ടിയുള്ള ഫിൽറ്റർ ഇട്ടതിനാലാണതെന്ന് അച്ഛൻ പറഞ്ഞു.അച്ഛൻ നന്നായി ചിത്രം വരച്ചിരുന്നു. അമ്മൂമ്മയിൽ നിന്ന് കിട്ടിയ പാടവമാണ്. അമ്മൂമ്മ ചിത്രരചനയെക്കുറിച്ച് പറഞ്ഞു. ഒറിജിനൽ സ്‌കെച്ച് സൂക്ഷിച്ചുവയ്ക്കണം. അപ്പോൾ അച്ഛൻ പറഞ്ഞു ഫോട്ടോയാണെങ്കിൽ ഒറിജിനൽ അല്ല നെഗറ്റീവ് ആണെന്ന്. എന്തു ചോദിച്ചാലും അച്ഛൻ അതിനു മറുപടി പറയും. ചോദ്യങ്ങൾ ചോദിക്കുമ്പോൾ കൂടുതൽ താത്പര്യം കാട്ടും. ഇടയ്ക്കിടെ വീട്ടിൽ ഫ്രെയിം ചെയ്തു വച്ചിട്ടുള്ള ഫോട്ടോകളിലെ പൊടി തുടയ്ക്കാൻ പറയും. പൊടി തീർന്നാലും വീണ്ടും തുടയ്ക്കാൻ പറയും. എന്തെങ്കിലും പ്രത്യേകിച്ച് കണ്ടോയെന്ന് ചോദിക്കും. പടത്തിന്റെ പ്രത്യേകതകൾ മനസിലാക്കാനുള്ള ഒരു വഴിയായിരുന്നു അതെന്ന് മനസിലായി.

ശരിക്കും കുട്ടിക്കാലത്തു തന്നെ ഫോട്ടോഗ്രഫിയിൽ കൗതുകം വളരുകയായിരുന്നു. ഷൂട്ടിംഗിനു പോകുമ്പോൾ ഞാനും കൂടെ പോകും. ഒരിക്കലും അതിന് തടസം പറഞ്ഞിട്ടില്ല. വയനാട് പോയത് ഇപ്പോഴും ഓർക്കുന്നു. കാട്ടിലൂടെ പോകുമ്പോൾ ഈ റോഡ് ഒക്കെ ആരാണ് നിർമ്മിച്ചതെന്ന് ഞാൻ ചോദിച്ചപ്പോൾ സായിപ്പൻമാരെന്നായിരുന്നു മറുപടി. എല്ലാം വിശദമായി പറഞ്ഞുതരും. ഓരോ യാത്രയും ഓരോ കാഴ്ചകളാണ് സമ്മാനിച്ചത്. വയനാട്ടിൽ അന്നു കണ്ട കാഴ്ചകൾ മനസിൽ കടന്നു, പിന്നീട് 'ബിഫോർ ദ റെയിൻസ്' എടുക്കാൻ അത് സഹായകമായി. നമ്മുടെ സംസ്‌കാരം, നമ്മുടെ രാജ്യം, നമ്മുടെ കേരളം, നമ്മുടെ സെൻസിബിലിറ്റി (സംവേദനക്ഷമത) ഇതിലൊക്കെ അച്ഛൻ ഊറ്റം കൊണ്ടിരുന്നു. കേരള കൾച്ചർ അഭിമാനമായി എടുത്തു. എനിക്ക് ലഭിച്ച സെൻസിബിലിറ്റി അച്ഛനിൽ നിന്നും പകർന്നതാണ്.

നമ്മുടെ ആർട്ട് ഫോം, നമ്മുടെ സംസ്‌കാരം ഇതൊക്കെ നല്ല രീതിയിൽ മനസിലാക്കിയത് അച്ഛനൊപ്പം പ്രവർത്തിച്ചപ്പോഴാണ്. കേരള ടൂറിസത്തെക്കുറിച്ച് ഷൂട്ട് ചെയ്തപ്പോഴും ഈ സെൻസിബിലിറ്റിയാണ് എന്നെ നയിച്ചത്. അച്ഛന്റെ ശക്തിയായിരുന്നു അത്. എ.എസ്.സി എന്നൊക്കെ പറയുമ്പോഴും നമ്മുടെ സെൻസിബിലിറ്റിയാണ് പ്രധാനം. അല്ലാതെ സായിപ്പിനെ അനുകരിക്കാൻ നോക്കിയാൽ പോയി. നമ്മളെ അവർ അംഗീകരിച്ചതും അതിനാലാണ്. അച്ഛനോടൊപ്പം നാട്ടിലൊക്കെ പോകുമ്പോൾ കർഷകരുമായിട്ടൊക്കെ സംസാരിക്കും. അവർ കണക്കു പറയും. ഒന്നും ഒന്നും രണ്ടല്ലെന്നും, ആയിരം വിത്തിട്ടാൽ എത്ര മേനി കൊയ്യാമെന്നുമൊക്കെ. അതൊക്കെ എനിക്കു വളരെ സഹായകമായിട്ടുണ്ട്. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ. വൈകുന്നേരമാകുമ്പോഴും രാത്രിയാകുമ്പോഴും ഉണ്ടാകുന്ന പരിണാമങ്ങൾ. മഴ പെയ്ത് കഴിയുമ്പോൾ വരുന്ന സൂര്യൻ. ഇതൊക്കെ ഒറ്റനോട്ടത്തിൽ കണ്ടെന്നു വരില്ല. പക്ഷേ ആ ഒരു കാഴ്ചപ്പാട് നേരത്തേ രൂപപ്പെടുത്തിയിരുന്നതിനാൽ, ആ നിരീക്ഷണങ്ങൾ ഗുണം ചെയ്തു.

യാത്ര വലിയൊരു ത്രിൽ ആയി മാറിയിരുന്നു. വയനാടായാലും അരുണാചൽപ്രദേശായാലും പുതിയ കാഴ്ചകൾ കൗതുകം പകർന്നു. എല്ലാം ആദ്യം കാണുന്നതുപോലെ. പ്രകൃതിയുടെ സൗന്ദര്യം തൊട്ടറിയാവുന്ന അനുഭവങ്ങൾ. എല്ലാ ദിവസവും രാവിലെ പ്രകൃതിയിലേക്കിറങ്ങും. പ്രകൃതിയുടെ ഭാവങ്ങൾ ഒരർത്ഥത്തിൽ നവരസം പോലെയാണ്. പ്രകൃതിയിലെ ലൈറ്റ് ഒരു നടനെപ്പോലെ ഭാവമാറ്റങ്ങൾ വരുത്തുന്നു. പ്രഭാതത്തിൽ കാണുന്നതാകില്ല പോക്കുവെയിലിലും സന്ധ്യയിലും കാണുന്നത്. ഈ നവരസങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞു. പ്രകൃതിയിലെ മാറ്റങ്ങൾ, ഒരു സ്ഥലത്ത് നോക്കുമ്പോൾ കഴിഞ്ഞ വർഷം ഇങ്ങനെയായിരുന്നില്ലല്ലോ എന്നു തോന്നും. ഗ്‌ളോബൽ വാമിംഗ് ആദ്യം തിരിച്ചറിയുന്നത് കർഷകരാണ്. കുട്ടനാട്ടിലെ പ്രകൃതി, വയനാട്ടിലെ കാട്, ആമസോൺ കാടുകളുടെ തീവ്രത എല്ലാം വ്യത്യസ്തമാകുന്നു.

എന്തു ചെയ്താലും അത് നല്ല രീതിയിൽ ചെയ്യണമെന്ന് മാത്രം എപ്പോഴും ഉപദേശിച്ചു. ഞങ്ങൾ മക്കൾക്കെല്ലാം നല്ല വിദ്യാഭ്യാസം ലഭിക്കാൻ മുൻകൈയെടുത്തു. എന്നാൽ മറ്റു പലരും മക്കളെ നിർബന്ധിക്കുന്നതുപോലെ ഡോക്ടറാകണം എൻജിനിയറാകണം എന്നൊരിക്കലും പറഞ്ഞില്ല. അവരവരുടെ അഭിരുചിക്കനുസരിച്ച് മുന്നോട്ടുപോകാനേ പറഞ്ഞിട്ടുള്ളൂ. ഞാൻ നേരത്തേ പറഞ്ഞതുപോലെ മുറിയിൽ അടച്ചുപൂട്ടിയിട്ട് പഠിത്തം പഠിത്തം എന്നു പറയുന്ന അച്ഛനും അമ്മയും ആയിരുന്നില്ല. എല്ലാ കുട്ടികളും ഒരർത്ഥത്തിൽ ജീനിയസുകളാണ്. അവർക്ക് ഇഷ്ടമുള്ള മേഖലയിൽ പ്രോത്സാഹിപ്പിച്ചു വളർത്തണമെന്നുമാത്രം. സർക്കാർ ജോലി എന്ന സുരക്ഷിതത്വം നോക്കി സമ്മർദ്ദം ചെലുത്താനും അച്ഛൻ തയ്യാറായില്ല. നമുക്ക് പാഷനുള്ള പ്രൊഫഷൻ കിട്ടുകയെന്നത് ഒരു ഭാഗ്യമാണ്. അപൂർവമായേ ഒരുമിച്ചുവരികയുള്ളൂ.
ഒരു ദിവസം ഞാൻ ഇവാനിയോസിൽ പഠിക്കുമ്പോൾ വിമെൻസ് കോളേജിൽ ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ സ്റ്റുഡിയോ കാമറയുമായി പോയി. അവർക്കൊക്കെ അതിശയമായിരുന്നു. നഗരത്തിലെ തന്നെ കോളേജിൽ പഠിക്കുന്ന പയ്യൻ കാമറയുമെടുത്തു വന്നിരിക്കുന്നുവെന്ന ഭാവമായിരുന്നു പലർക്കും. ഞാൻ വളരെ ആകർഷകമായി അത് ചെയ്യാൻ ശ്രമിച്ചു. മുണ്ടൊക്കെ പശ്ചാത്തലത്തിൽ നിരത്തിയിട്ട് ലൈറ്റ് ക്രമീകരിച്ചു. ഫോട്ടോ കണ്ടപ്പോൾ അച്ഛൻ അഭിനന്ദിച്ചത് ഓർക്കുന്നു.
അമ്മ മരിച്ചപ്പോൾ അച്ഛന്റെ മുറിയിൽ അമ്മയുടെ ചിത്രങ്ങൾ വച്ചു. എല്ലാം ഞാനെടുത്ത ചിത്രങ്ങളായിരുന്നു.

നല്ല ടാലന്റുണ്ടെങ്കിൽ അവരെ നിസീമമായി പ്രോത്സാഹിപ്പിക്കുന്നത് അച്ഛന്റെ ശീലമായിരുന്നു. ഞങ്ങൾ മക്കളെ മാത്രമല്ല, സ്റ്റുഡിയോയിൽ വരുന്ന ശിഷ്യൻമാരോടും അതേ സമീപനമായിരുന്നു. അവരെയൊക്കെ അച്ഛന് വലിയ കാര്യമായിരുന്നു. അതുപോലെ ചിത്രകാരന്മാരെയും പ്രോത്സാഹിപ്പിച്ചിരുന്നു. അവർക്കു ചിത്രം വരയ്ക്കാനുള്ള സാമഗ്രികളെല്ലാം വാങ്ങി നൽകും. വരച്ച ചിത്രം പ്രദർശിപ്പിക്കാനും അവസരം ഒരുക്കിക്കൊടുത്തിരുന്നു. ചിത്രകാരന്മാർ കളർ ഉപയോഗിക്കുന്നത് കാണാൻ അത് അവസരം തന്നു. അച്ഛനിൽ വലിയ മാറ്റം ഉണ്ടായത് അമ്മയുടെ മരണത്തോടെയായിരുന്നു. വല്ലാത്ത ഒരു മാനസികാവസ്ഥയിലായി. അപ്പോഴേക്കും പേരക്കുട്ടികൾ അച്ഛനുമായി വലിയ തോതിൽ അടുപ്പത്തിലായി. അമ്മയുടെ വേർപാട് സൃഷ്ടിച്ച ശൂന്യതയ്ക്കു പരിഹാരമായില്ലെങ്കിലും അതൊരു ആശ്വാസമായി മാറി.
ഞാൻ ഗുരിന്ദർചദ്ദയുടെ പ്രൈഡ് ആൻഡ് പ്രെജൂഡിസ് എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചപ്പോൾ ലണ്ടനിലേക്ക് എന്റെയൊപ്പം അച്ഛനെയും കൂട്ടിയിരുന്നു. അവിടത്തെ ലക്ഷ്വറി സംവിധാനങ്ങൾ ഒരുക്കിയിരുന്നത് ലോക നിലവാരത്തിലായിരുന്നു. അച്ഛന് ഒരു ചെയിഞ്ചാകട്ടെയെന്ന് കരുതി. കംഫർട്ട് ലെവൽ പറഞ്ഞറിയിക്കാനാവില്ല.

കോളേജിലൊക്കെ പഠിക്കുമ്പോൾ അമേരിക്കൻ സിനിമാട്ടോഗ്രഫർ എന്ന അമേരിക്കൻ സൊസൈറ്റി ഒഫ് സിനിമാട്ടോഗ്രാഫേഴ്സിന്റെ (എ.എസ്.സി) മുഖപ്രസിദ്ധീകരണം വീട്ടിൽ അച്ഛൻ കൊണ്ടുവരും. മേശപ്പുറത്തിടും. എടുത്തുനോക്കാൻ വേണ്ടിയാണത്. ഫോട്ടോഗ്രഫിയെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ച പ്രസിദ്ധീകരണമാണത്. അന്ന് സന്തോഷ് ശിവൻ എ.എസ്.സി എന്ന് പേരെഴുതി സൈൻ ചെയ്യുമ്പോൾ അച്ഛൻ പറയും ഇതൊരു തമാശയല്ല, ശരിക്കു പ്രയത്നിക്കണം. പിന്നീട് എ.എസ്.സിയുടെ 92 വർഷത്തെ ചരിത്രത്തിൽ അംഗത്വം നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയപ്പോൾ വലിയ അഭിമാനം തോന്നി. അച്ഛൻ നൽകിയ പ്രേരണയോർത്തു.

ഒരു പ്രത്യേക വ്യക്തിത്വമാണ് അച്ഛന്റേത്. യാത്ര പോകുമ്പോൾ പോലും കുടുംബത്തെ ഒപ്പം കൂട്ടാൻ ശ്രമിച്ചു. വീട്ടിനു പുറത്തേക്ക് എപ്പോഴും പോയി കാര്യങ്ങൾ ചെയ്യുന്ന സ്വഭാവമല്ല. ചെയ്യുമ്പോൾ കുടുംബത്തിലെ എല്ലാവരും കൂടി ചേർന്നു ചെയ്യാൻ ശ്രമിച്ചു. കാര്യങ്ങൾ സ്വന്തമായി അദ്ധ്വാനിച്ചു നേടിയ പണം കൊണ്ട് മാത്രം ചെയ്തു. ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ സ്വന്തമായി പണമുണ്ടാക്കണമെന്ന് പറഞ്ഞു. ആഗ്രഹിക്കുന്നതും ഇഷ്ടമുള്ളതുമായ കാര്യങ്ങൾ എല്ലാം അച്ഛൻ ചെയ്തു. സ്വന്തമായി കാമറ വാങ്ങി. സാങ്കേതിക സംവിധാനങ്ങളൊക്കെ വാങ്ങി. ഒന്നും വാടകയ്‌ക്കെടുത്ത് ചെയ്യുമായിരുന്നില്ല. വാടകയ്ക്കു കൊടുക്കുകയും ചെയ്തില്ല.

വലിയ സ്റ്റുഡിയോ നിർമ്മിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അതിന്റെ സ്ഥലം കണ്ടെത്തുക എളുപ്പമായില്ലെന്നു മാത്രം. അച്ചുതമേനോൻ അതിനു മുൻകൈയെടുത്തുവെങ്കിലും. സ്വാധീനമുള്ള തന്റെ സുഹൃത്തുക്കളുടെ സഹായം സ്വന്തം കാര്യത്തിന് ഉപയോഗിക്കരുതെന്ന് അച്ഛന് വലിയ നിർബന്ധമായിരുന്നു. രാഷ്ട്രീയ സാഹിത്യ സിനിമാ മേഖലകളിൽ അച്ഛന് പറഞ്ഞറിയിക്കാനാകാത്ത സൗഹൃദബന്ധമുണ്ടായിരുന്നു. അതുപയോഗിച്ച് വലിയ നേട്ടങ്ങൾ വേണമെങ്കിൽ സ്വന്തമാക്കാമായിരുന്നു. പക്ഷേ ഒരിക്കലും ആ വഴിക്കു പോയില്ല. നേരത്തേ പറഞ്ഞതുപോലെ സ്വപ്നങ്ങൾക്കു പിറകെ സ്വയം സഞ്ചരിച്ചു.
ഫോട്ടോഗ്രഫി കേരളത്തിൽ അത്ര വലിയ രീതിയിൽ വളരാത്ത കാലത്താണ് അച്ഛൻ ഇതൊക്കെ ചെയ്തത്. ആ വലിയ ലോകത്ത് പിച്ചവച്ച് വളരാൻ കഴിഞ്ഞതാണ് എന്റെ ഭാഗ്യം. എല്ലാത്തിലും അച്ഛന്റെ പ്രോത്സാഹനം വലിയ തോതിൽ ഗുണം ചെയ്തു. ഇന്ന് എല്ലാവർക്കും കാമറയുണ്ട്. എല്ലാ സംവിധാനങ്ങളുമുണ്ട്. ഇതൊന്നുമില്ലാതിരുന്ന കാലത്താണ് അച്ഛൻ ഇതൊക്കെ കെട്ടിപ്പടുത്തത്. 84ാം വയസിലും ഫോട്ടോഗ്രഫിയിലും സിനിമയിലുമൊക്കെയുള്ള പാഷൻ അച്ഛൻ കൈവിട്ടിട്ടില്ല. ഗ്രേറ്റ് എന്നല്ലേ പറയാനാകൂ.

(രാജ്യം പത്മശ്രീ നൽകി ആദരിച്ച സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ വി.എസ്.രാജേഷിനോട് പറഞ്ഞത്)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.