എന്റെ അമ്മ
May 14, 2017, 9:10 am
പയ്യന്നൂർ കുഞ്ഞിരാമൻ
ഇന്നലെ രാവിലെ അമ്മ പോയി. കഴിഞ്ഞ ഒരാഴ്ചയായി ഞാൻ അമ്മയുടെ അരികെത്തന്നെയുണ്ടായിരുന്നു. സുഖക്കേട് എന്നു പറയാൻ അമ്മയ്ക്ക് ഒന്നും ഉണ്ടായിരുന്നില്ല. പ്രായവുമായിരുന്നില്ല. എങ്കിലും വരാൻ പോകുന്ന മരണത്തെക്കുറിച്ച് അമ്മയ്ക്ക് ദൃഢമായ ഒരു ബോധം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ എന്നെ കൂട്ടിക്കൊണ്ടുവരാൻ നിർബന്ധപൂർവം അച്ഛനെ അയച്ചത്. ഞാൻ മുറിയിലേക്ക് കടക്കുമ്പോൾ അമ്മ പടിഞ്ഞാറെ ജനലിലൂടെ സൂര്യനെ നോക്കിയിരിക്കുകയായിരുന്നു. സൂര്യൻ മുക്കാലും മറഞ്ഞുകഴിഞ്ഞിരുന്നു. എങ്കിലും ഒടുവിലത്തെ രശ്മികൾ അമ്മയെ പൊന്നിൽ കുളിപ്പിക്കുന്നുണ്ടായിരുന്നു. സ്വതവേ സുന്ദരമായ അമ്മയുടെ മുഖം അപ്പോൾ ഒന്നുകൂടി ഭംഗിയുള്ളതായി തോന്നി. അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ എന്റെ മനസിൽ നിന്ന് കൊല്ലങ്ങൾ പെട്ടെന്ന് ഊർന്നുപോയി. അമ്മ എന്നെ കുളിപ്പിച്ച്, പട്ടുകുപ്പായമിടുവിച്ച് പാട്ടുപാടി ''( കടൽ)

അത്യന്തം സന്ദിഗ്ദ്ധമായ ഒരു ഓർമയാണ് അമ്മ. ആ ഓർമയിൽ ശലഭമായി ആകാശത്തു പറന്നുയരാൻ കഴിയുന്നതേ ഭാഗ്യം. കടലിനുമീതെയുള്ള തെളിഞ്ഞ സൂര്യപ്രകാശമായി ആ സ്മരണ ജീവിതത്തിലുടനീളം ചൈതന്യം പകരുന്നു. 'കത്തുന്ന രഥചക്രം' പത്മനാഭന്റെ കഥയിൽ അമ്മയുടെ മഹത്വം പാടിപ്പുകഴ്ത്തുന്നുണ്ട്. അക്ബർ കക്കട്ടിലിനും ഹാഫീസ് മുഹമ്മദിനും അനുവദിച്ച ഒരഭിമുഖത്തിൽ അമ്മയെക്കുറിച്ച് പത്മനാഭൻ പറയുന്നു. ആത്മചൈതന്യം മനുഷ്യജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ ടി. പത്മനാഭൻ ഓർക്കുകയാണ്.

''അമ്മ എന്റെ സ്വഭാവരൂപീകരണത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അമ്മ ഒരിക്കലും കളവു പറഞ്ഞിരുന്നില്ല. ദ്രോഹിച്ചവരോടുപോലും വിദ്വേഷം പുലർത്തിയതുമില്ല. അമ്മയുടെ സ്‌നേഹം മനുഷ്യരിൽ മാത്രം ഒതുങ്ങിനില്ക്കുന്നതായിരുന്നില്ല. അത് എല്ലാ ജീവജാലങ്ങളിലും പരന്നുകിടന്നു. ഒരാളെക്കുറിച്ചും അമ്മ എപ്പോഴെങ്കിലും ചീത്തയായി സംസാരിക്കുന്നത് കേട്ടിട്ടില്ല. എങ്കിലും അമ്മ വലിയ ദേഷ്യക്കാരിയായിരുന്നു. ദേഷ്യം വന്നാൽ ശകാരവാക്കുകൾ ഉറക്കെ പറയുമായിരുന്നു. പക്ഷേ ഇത് മക്കളുടെ നേർക്ക് മാത്രമായിരുന്നു. ഈ ദേഷ്യത്തിന്റെ പിറകിലും സ്‌നേഹമാണെന്നറിയാമായിരുന്നതുകൊണ്ട് ഞങ്ങളത് കാര്യമാക്കിയിരുന്നില്ല. ദാരിദ്ര്യത്തിന്റെ കയത്തിലായിരുന്നപ്പോഴും അമ്മ ഒരിക്കലെങ്കിലും ഈശ്വരനോടു പ്രാർത്ഥിക്കുന്നത് ഞങ്ങൾ കണ്ടിരുന്നില്ല. അമ്പലത്തിൽ പോകുന്നതും കണ്ടിട്ടില്ല. അമ്മ എപ്പോഴും എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരുന്നു. അമ്മ വലിയ അഭിമാനിയായിരുന്നു. ഒരിക്കലും ഒന്നിനുവേണ്ടിയും ആരോടും യാചിച്ചില്ല. പട്ടിണി കിടക്കാൻ അമ്മയ്ക്ക് മടിയില്ലായിരുന്നു. അതേ സമയം തന്റെ കൈയിലുള്ളത് മറ്റുള്ളവർക്കു കൊടുക്കാൻ അമ്മയ്ക്ക് സന്തോഷമായിരുന്നു. കുട്ടിക്കാലത്ത് എന്റെ കൂടെ പഠിച്ചിരുന്നവരോട് അമ്മയ്ക്ക് വലിയ സ്‌നേഹമായിരുന്നു. അവരിൽ പലരെയും ജാതിയിൽ താണവരായി കണക്കാക്കി അവഗണിച്ച് വന്നിരുന്ന കാലമാണതെങ്കിലും അമ്മ അവരോടൊക്കെ വളരെ അടുത്തു പെരുമാറി. അവരും അമ്മയെ വളരെ സ്‌നേഹിച്ചു.''

ടി.പത്മനാഭന് ജന്മം നല്കിയ അമ്മയെ വിസ്മരിച്ചുകൊണ്ട് പത്മനാഭൻ ജന്മം നൽകിയ അമ്മയെ കാണാൻ നമുക്ക് കഴിയണമെന്ന് നിരൂപകനായ എം. തോമസ് മാത്യു അഭിപ്രായപ്പെടുന്നു. കഥയുടെ ഭാവശില്പം മെനയുന്നതിലും കഥാനുഭവത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നതിലും മാതൃസ്മരണ എങ്ങനെ ഉപകരിച്ചുവെന്നും എന്ത് പങ്കു വഹിച്ചുവെന്നതുമാണ് പ്രധാനം. കഥാകൃത്തിന്റെ മാതാവ് എത്രമാത്രം സ്‌നേഹമയിയായിരുന്നു, അദ്ദേഹത്തിന്റെ ജീവിതത്തിന് അമ്മ എത്രമാത്രം പ്രചോദനമായിരുന്നു എന്ന അന്വേഷണം കഥാകൃത്തിനെ പഠിക്കാൻ ആവശ്യമാണെന്നും എം. തോമസ് മാത്യു ചൂണ്ടിക്കാട്ടുന്നു. മാതൃസ്മരണയുടെ ഉദാത്തവും ദീപ്തവുമായ ഭാവമാണ് പത്മനാഭൻ ആവിഷ്‌കരിച്ചിരിക്കുന്നത്.

കത്തുന്ന രഥചക്രം എന്ന കഥ തുടങ്ങുന്നതിങ്ങനെ. ''രാത്രി മുഴുവൻ പശുവിന്റെ കരച്ചിലായിരുന്നു. അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞതേയില്ല. ചിലപ്പോൾ വളരെ അടുത്തുനിന്നായിരുന്നു അത് കേട്ടത്. ചിലപ്പോൾ വളരെ ദൂരത്തുനിന്നും കിടാവിനെ എങ്ങനെയോ വേർപെട്ടുപോയ തള്ളപ്പശുവിന്റെ അമറലായിരുന്നു അത്. ദിക്കുകളിൽ നിന്നും അത് പ്രതിധ്വനിച്ചുകൊണ്ടിരുന്നു. കുഞ്ഞിനെ കാണാത്തതിലുള്ള സംഭ്രമവും അകിട്ടിൽ പാൽ കെട്ടിക്കിടക്കുന്നതുകൊണ്ടുള്ള വേദനയുമൊക്കെ ആ ശബ്ദത്തിലുണ്ടായിരുന്നു. ഒന്നിലധികം തവണ അയാളെഴുന്നേറ്റ് വെളിയിലേക്ക് നോക്കി. അയാളുടെ കണ്ണും കാതും മനസുമൊക്കെ ഉഴറി നടന്നു. പക്ഷേ പശുവിനെ എങ്ങും കാണാൻ കഴിഞ്ഞില്ല.''

മാതൃഭാവം ആഴത്തിൽ ആവിഷ്‌കരിച്ച കഥയാണിത്. പത്മനാഭൻ ഫാക്ടിൽ ജോലി ചെയ്യുമ്പോൾ അയൽപക്കത്തുണ്ടായിരുന്ന പശുവിനെക്കുറിച്ചാണ് കഥയിൽ പ്രതിപാദിക്കുന്നത്. കഴിഞ്ഞ എത്രയോ കാലമായി പാൽ നല്കിയിരുന്ന പശുവാണ് കാണാതായത്. ആ പശുവിനെ കണ്ടെത്താനുള്ള മനസിന്റെ വിഹ്വലത മുഴുവൻ പത്മനാഭൻ അക്ഷരങ്ങളിൽ കോറിയിടുന്നു. ആ പശുവിലൂടെ സ്വന്തം വീട്ടുപരിസരങ്ങളിലേക്കും പത്മനാഭൻ കടന്നുചെല്ലുന്നുണ്ട്. സ്വന്തം വീട്ടിലും പശുക്കളുണ്ടായിരുന്നു. അമ്മ പശുക്കളെ പോറ്റുമായിരുന്നു. പശുക്കൾക്ക് യശോദ, നന്ദിനി, ശാരദ എന്നിങ്ങനെ പേരുകളിടുമായിരുന്നു. അതുകൊണ്ടുതന്നെ അമ്മ അവരെ കറവ വറ്റിയപ്പോഴും വിറ്റില്ല. വയസായപ്പോൾ അറവുകാരന് കൊടുത്തതുമില്ല. ഇല്ലായ്മയുണ്ടെന്നുവച്ച് ഞാനൊരിക്കലും പശുക്കളെ വില്ക്കില്ലെന്ന് അമ്മ പറയുമായിരുന്നു. സ്വന്തം മക്കളെ വിൽക്കുമോ എന്നാണ് അമ്മ ചോദിക്കാറുള്ളത്. ഉള്ളതിലൊരോഹരി കഴിച്ച് അവരും ഇവിടെ കഴിഞ്ഞുകൂടും.

അമ്മ മക്കളുടെ ഭാവിജീവിതത്തിനുവേണ്ടി വളരെയേറെ പ്രയത്നിച്ചിരുന്നു. മക്കൾ അഭിമാനത്തോടെ വളർന്നുവരണമെന്നാണ് അവർ ആഗ്രഹിച്ചത്. ജീവിതത്തിൽ അമ്മ ഒരിക്കലും വെള്ളം ചേർത്തിരുന്നില്ല. നിർമല ഹൃദയവും മാർദ്ദവമുള്ള വാക്കുകളും മാത്രമാണ് അവരുടെ കൈമുതൽ. ജാതിവ്യത്യാസം മറന്നുള്ള പെരുമാറ്റമാണ് അമ്മയെ ഉയരങ്ങളിലെത്തിച്ചത്. അമ്മയുടെ കൂട്ടുകാരികളിലധികവും അന്യജാതിയിൽപ്പെട്ടവരായിരുന്നു. ജാതി ചിന്ത ശക്തമായി നിലനിന്ന കാലത്താണ് കീഴ്ജാതിയിൽപ്പെട്ടവരോട് സഹോദരീ ഭാവത്തോടെ അമ്മ പെരുമാറിയത്. അഞ്ചാം ക്ലാസുവരെയുള്ള വിദ്യാഭ്യാസമേ അമ്മയ്ക്ക് ലഭിച്ചിട്ടുള്ളൂ. മാനുഷിക മൂല്യങ്ങളെക്കുറിച്ചുള്ള പത്മനാഭന്റെ കാഴ്ചപ്പാടുകൾക്കെല്ലാം ഉറവയായി നിന്നത് അമ്മയാണ്. സ്‌നേഹത്തിന്റെ തൂവൽസ്പർശമായി സദാ ആ സാന്നിദ്ധ്യം ആശ്വസിപ്പിച്ചു. അമ്മ മക്കൾക്കുവേണ്ടി മാത്രമായിരുന്നില്ല. അന്യർക്കുവേണ്ടിയും ജീവിതം മുഴുവൻ ഭാരം പേറിയതായി കഥാകൃത്ത് ഓർക്കുന്നു. ജീവിക്കാൻ വേണ്ടി അമ്മ പാലുവിറ്റു. കഷ്ടപ്പാടുകൾ സഹിച്ചും മക്കളെ നേർവഴിയിലേക്ക് നയിച്ചു. അമ്മ കഥകൾ പറഞ്ഞുതരുമായിരുന്നു. കഥകളിലെല്ലാം ഗുണപാഠങ്ങളുണ്ടാകും. വീട്ടിൽ അന്ന് ചെറിയ ലൈബ്രറിയുണ്ടായിരുന്നു. അതിലുള്ള ഗ്രന്ഥങ്ങളെല്ലാം അമ്മ വായിച്ചു. പുരാണങ്ങളായിരുന്നു കൂടുതൽ. മകനിലെ വായനാശീലം വളർത്തിയത് അമ്മയാണെന്നു പറയാം. പക്ഷിമൃഗാദികളെ സ്‌നേഹിക്കാനും പഠിപ്പിച്ചത് അമ്മ തന്നെ. എല്ലാവരും ഭൂമിയുടെ അവകാശികളാണെന്ന ചിന്തയായിരുന്നു അവർക്ക്. മനുഷ്യമനസിലെ അനശ്വരമായ സ്‌നേഹാതുരയാണ് അമ്മയെന്ന് പത്മനാഭൻ പറയുന്നു. അമ്മയെക്കുറിച്ച് പറയുമ്പോഴെല്ലാം അദ്ദേഹം വികാരാധീനനാകും. ആസുരതയും അക്രമവും സ്വാർത്ഥതയും വർദ്ധിച്ചുവരുന്ന വർത്തമാന കാലത്ത് ആർദ്രത വറ്റിത്തീരാതെ കാക്കുവാൻ അമ്മയല്ലാതെ മറ്റാരാണുള്ളത്. മക്കളുടെ നന്മയെക്കുറിച്ചു മാത്രം ചിന്തിക്കുന്ന അമ്മമാരുടെ ആകുലതകൾ ആരാണ് ഓർക്കുന്നത്. എന്നും കാലത്ത് മക്കളുണരുന്നതിനുമുമ്പെ അമ്മ ഉണരും. രാത്രിയിൽ മക്കളുറങ്ങിയിട്ടേ ഉറങ്ങുകയുമുള്ളൂ. അമ്മയുടെ മടിത്തട്ടിൽ തലവച്ചുറങ്ങാൻ കഴിയുന്നതിൽപ്പരം ഭാഗ്യം മറ്റൊന്നുമില്ല.

'പള്ളിക്കുന്ന് ' എന്ന ഗ്രന്ഥത്തിൽ സ്‌നേഹത്തിന്റെ വെളിച്ചം എന്ന പേരിൽ പത്മനാഭന്റെ ഒരു ലേഖനമുണ്ട്. അദ്ദേഹം ഹൈസ്‌കൂളിൽ പഠിച്ചിരുന്ന കാലത്ത് വിദ്യാർത്ഥി കോൺഗ്രസ് പ്രവർത്തകനായിരുന്നു. അന്ന് മിക്കപ്പോറും രാത്രി വളരെ വൈകിയേ വീട്ടിലെത്താറുണ്ടായിരുന്നുള്ളൂ. അന്നൊന്നും അദ്ദേഹത്തിന്റെ കൈയിൽ വെളിച്ചമുണ്ടായിരുന്നില്ല. ഏത് കൂരിരുട്ടിലും നല്ല പകൽ വെളിച്ചത്തിൽ എന്നതുപോലെയായിരുന്നു നടന്നിരുന്നത്. രാത്രിയിൽ വിശാലമായ ജയിൽ പറമ്പ് കുറുകെ കടന്ന് വേണം വീട്ടിലെത്താൻ. എന്നാൽ ഇരുട്ടത്തുള്ള മകന്റെ നടത്തത്തിൽ അമ്മ ഏറെ ദുഃഖിതയായിരുന്നു. ഇതേപ്പറ്റി എപ്പോഴും ആവലാതി പറയും. രാഷ്ട്രീയ വിശ്വാസങ്ങളെയും പ്രവർത്തനങ്ങളെയും അമ്മ എതിർത്തിരുന്നില്ല. പക്ഷേ ഇരുട്ടത്ത് വെളിച്ചമില്ലാതെയുള്ള നടത്തം അമ്മയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. കാട്ടുപറമ്പിൽ ഇടയ്ക്കിടെ മൂർഖൻ പാമ്പുകൾ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ഇതെല്ലാം ഓർത്ത് അമ്മ അത്യധികം അസ്വസ്ഥയായിരുന്നു. പത്മനാഭൻ എഴുതുന്നതുനോക്കുക.
''ഒരു ദിവസം രാത്രി ഏറെ വൈകി ഞാൻ വീട്ടിലേക്കു വരികയായിരുന്നു. ജയിൽ വളപ്പു കഴിഞ്ഞ് കാട്ടുപറമ്പിലേക്കു കടന്നപ്പോൾ അദ്ഭുതകരമായ ഒരു കാഴ്ച കണ്ടു. ഒരു എണ്ണവിളക്ക് നടുവിലായി കത്തിനിൽക്കുന്നു. വിളക്കിന്റെ പ്രകാശത്തിൽ ഒരേക്കറിലധികം വലിപ്പമുള്ള പറമ്പ് നല്ലതുപോലെ തെളിഞ്ഞുനില്ക്കുന്നു. ഞാനവിടെ കുറേനേരം സ്തബ്ധനായി നിന്നു. ദുഃഖം സഹിക്കാൻ കഴിയാതെ അമ്മ അവിടെ കൊണ്ടുവച്ച വിളക്കായിരുന്നു അത്. അതിനുശേഷം കാലമെത്രയോ കഴിഞ്ഞിരിക്കുന്നു. അമ്മ ഇപ്പോൾ എന്റെ കൂടെയില്ല. എങ്കിലും ആ രാത്രി കാട്ടുപറമ്പിൽ കത്തിച്ചുവച്ച വിളക്കിന്റെ വെളിച്ചം ഇപ്പോഴും എന്റെ കൂടെയുണ്ട്. ഈ വെളിച്ചം കഥകളിലൂടെ മറ്റുള്ളവർക്ക് കഴിവിനനുസരിച്ച് പകർന്നുകൊടുക്കുകയും ചെയ്യുന്നുണ്ട്.''

പത്മനാഭന്റെ ശ്രദ്ധേയമായ കഥയാണ് ഗൗരി. അതച്ചടിച്ചു വന്നപ്പോൾ പലരും വിളിച്ചന്വേഷിച്ചത് അത് സ്വന്തം കഥയാണോ എന്നാണ്. സത്യത്തിൽ പത്മനാഭന്റെ ജീവനാംശം ഉൾക്കൊണ്ട കഥയാണത്. കഥയിൽ പ്രത്യക്ഷപ്പെടുന്ന അയാൾ സത്യത്തിൽ പത്മനാഭൻ തന്നെയാണ്. തന്റെ കൂട്ടുകാരിയാണ് ഗൗരിയെന്നദ്ദേഹം പറയുന്നുണ്ട്. സർക്കാർ സർവീസിൽ ഉയർന്ന പദവിയിലിരുന്ന ഒരു സ്ത്രീയാണവർ. അവരുമായി നല്ല സൗഹൃദത്തിലായിരുന്നു. പവിത്രത നിലനിറുത്തിയ സൗഹൃദം. എന്നാലവരുമായി പ്രണയമായിരുന്നില്ല. പത്മനാഭന്റെ ഒട്ടുമിക്ക കഥകളിലും പ്രണയം പ്രമേയമായി വരുന്നുണ്ട്. ഈ പ്രണയം പക്ഷിമൃഗാദികളോടും വൃക്ഷലതാദികളോടുമെല്ലാം ഉള്ളതാണ്. ഇടവേളയ്ക്കു ശേഷം ബനാറസിൽ വച്ച് ഗൗരിയെ കണ്ടുമുട്ടുന്ന രീതിയിലാണ് കഥയെഴുതിയത്. ഇരുവരുടെയും സംഭാഷണങ്ങളിലൂടെയാണ് കഥ നീളുന്നത്. പത്മനാഭൻ പറയുന്നു ''സ്‌നേഹത്തിന് വിവിധ ഭാവങ്ങളുണ്ട്. അമ്മയ്ക്ക് മകനോടുള്ള സ്‌നേഹം. ഭർത്താവിന് ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്ന സ്‌നേഹം, പരസ്പരം മനസിലാക്കിയ രണ്ടുപേർക്കിടയിലുള്ള സ്‌നേഹം എല്ലാം നാം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എന്റെ മനസിലേക്ക് സ്‌നേഹത്തിന്റെ വാതിൽ തുറന്നത് അമ്മയായിരുന്നു.

പത്മനാഭന്റെ ജീവിതത്തിലുടനീളം അമ്മ ചെലുത്തിയ സ്വാധീനത്തിന് ഏറെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനാകും. സ്‌നേഹം, ദയ, സഹാനുഭൂതി, ആത്മബലം ഇവയൊക്കെ പകർന്നുകിട്ടിയത് അമ്മയിൽ നിന്നാണ്. മാനുഷിക ഭാവങ്ങളിൽ മാത്രമല്ല ഉത്കൃഷ്ടമായ സ്ത്രീ സങ്കല്പങ്ങളിലും അഭിരമിക്കാൻ പത്മനാഭന് പ്രേരണ കിട്ടിയത് അമ്മയിൽ നിന്നാണ്. ജീവിതത്തിലെ വേദനകളും സങ്കടങ്ങളും പത്മനാഭനെ അസ്വസ്ഥനാക്കുമായിരുന്നു. അത്തരം സങ്കടങ്ങളിൽ നിന്ന് മോചനം നേടാൻ സഹായിക്കുന്നത് അമ്മയുടെ പിൻബലമാണ്. ദാരിദ്ര്യവും കഷ്ടതകളും നിറഞ്ഞുനിൽക്കുന്ന വഴികളിലൂടെ സഞ്ചരിക്കുമ്പോഴെല്ലാം പത്മനാഭൻ ആകുലപ്പെട്ടിരുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. തന്നാൽ കരേറേണ്ടവർ താഴത്ത് പാഴ്ഭൂമിയിൽ അടിഞ്ഞു കിടക്കുമ്പോൾ തനിക്കുമാത്രം പരമപദം കിട്ടണമെന്ന മോഹം പാടില്ലെന്ന് ഉപദേശിച്ചതും അമ്മയാണ്.

അമ്മയെപ്പോലെ സഹോദരിയും അമ്മാവനും പത്മനാഭന്റെ ജീവിതത്തിലെ താങ്ങും തണലുമായി, അച്ഛന്റേതായി വലിയ സമ്പാദ്യമൊന്നും ആ കുടുംബത്തിന് ലഭിച്ചിരുന്നില്ല. വഴിയറിയാതെ അമ്പരന്നുനിന്ന അവസരങ്ങളിലെല്ലാം അമ്മയ്ക്ക് താങ്ങായത് അമ്മാവനാണ്. വടവൃക്ഷത്തിന്റെ പൊത്തിൽ പക്ഷിക്കുഞ്ഞുങ്ങൾ ഒതുങ്ങിക്കൂടുന്നതുപോലെ അമ്മാവന്റെ കൈകളിൽ മരുമക്കൾ അടങ്ങിക്കിടന്നുവെന്ന് പത്മനാഭൻ ഓർക്കുന്നു.
(ലേഖകന്റെ ഫോൺ: 9447209774)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.