അതിജീവനത്തിന്റെ ഉയർത്തെഴുന്നേൽപുകൾ
May 14, 2017, 10:40 am
ലിജാ വർഗീസ്
ഇതൊരു വാർത്തയല്ല. വാർത്തയുടെ നിയമങ്ങളനുസരിക്കുന്ന ഒരു ആമുഖവും ഇതിനില്ല. ഇതൊരു കഥയാണ്. ഒരു ദേശത്തിന്റെ പൈതൃകവും പാരമ്പര്യവും പേറി വർഷങ്ങളോളം ആർത്തലച്ചൊഴുകി ഒടുവിൽ മരിച്ച് മണ്ണടിഞ്ഞ ഒരു പുഴയെ കൃത്രിമ ശ്വാസോച്ഛ്വാസം നൽകി ഒരു നാട് ഉയർത്തെഴുന്നേൽപ്പിച്ച കഥ. വായുവും വെളിച്ചവും തെളിച്ചവും കൊടുത്ത് അവളുടെ ആന്തരികാവയവങ്ങൾക്ക് ജീവനേകിയ കഥ. ഒരു പുഴ വാശിയോടെ മരണത്തെ അതിജീവിച്ച കഥ.

ആറിൽ നിറയെ വെള്ളമുള്ളപ്പോഴും നാട്ടുകാർ തെളിനീരിനായി നാടെങ്ങും ഓടിനടന്നു. അതുകണ്ട് തേങ്ങിക്കരഞ്ഞ് തലകുനിച്ചൊഴുകാൻ മാത്രമേ കുട്ടംപേരൂർ ആറെന്ന ജലസ്രോതസ്സിന് കഴിഞ്ഞിരുന്നുള്ളൂ. വർഷങ്ങളോളം പായലുകളും മാലിന്യങ്ങളും പേറി അണച്ചും കിതച്ചും ഒഴുകി. ഒടുവിൽ 'ഞങ്ങളുടെ പ്രിയപ്പെട്ട കുട്ടംപേരൂർ ആറിന് ആദരാഞ്ജലികൾ'. !!!എന്നൊരു ബോർഡ് തയ്യാറായിവന്നപ്പോഴാണ് ഒരു നാടുണർന്നത്. പിന്നീട് നടന്നത് അവശേഷിക്കുന്ന ജീവന്റെ കണികകൾ തിരിച്ചുപിടിക്കാനുള്ള ഭഗീരഥപ്രയത്നമായിരുന്നു. നൂറുകണക്കിന് പണിക്കാർ, ദിവസങ്ങളോളം നീണ്ട പരിശ്രമങ്ങൾ, ജാതിമതരാഷ്ട്രീയവേലിക്കെട്ടുകൾക്കപ്പുറം ഒന്നിച്ചുനിന്ന നാട്, അവരുടെ പ്രാർത്ഥനകൾ...അങ്ങനെ മരിച്ചുകൊണ്ടിരുന്ന ഒരു പുഴ ദിവസങ്ങളെടുത്ത് ജീവിതത്തിലേക്ക് തിരികെ വന്നു.

ആലപ്പുഴ ജില്ലയിലെ കുട്ടംപേരൂർ പുഴകൾക്കും ഐതിഹ്യങ്ങൾക്കും പേര് കേട്ട നാടാണ്. അച്ചൻകോവിലാറും പമ്പയാറും തമ്മിൽ കണ്ടുമുട്ടുന്നത് കുട്ടംപേരൂർ ആറിലൂടെയാണ്. പമ്പയിൽ ജലംനിറഞ്ഞൊഴുകുമ്പോൾ കുട്ടംപേരൂർ ആറിന്റെ കൈവഴികൾ തെക്കോട്ടും അച്ചൻകോവിൽ നിറയുമ്പോൾ വടക്കോട്ടും ഒഴുകും. ഇരുദിശകളിലേക്കും ജലസമൃദ്ധമായി മാറിമാറി ഒഴുകിയിരുന്ന ആറിന് മുകളിൽ പായലും മറ്റ് അവശിഷ്ടങ്ങളും വന്ന് നിറഞ്ഞിട്ടും ദയാവായ്‌പോടുകൂടി അവളൊഴുകി. പക്ഷേ, ശ്വാസംതടഞ്ഞ് അങ്ങനെ എത്രനാൾ...

കുട്ടംപേരൂർ ആറ് ബുധനൂർ പഞ്ചായത്തിലൂടെ ഒഴുകുന്നത് 12 കിലോമീറ്ററാണ്. നാട്ടുകാരുടെ ദൈനംദിനജീവിതവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ആറിൽനിന്നുമുള്ള ജലമുപയോഗിച്ചാണ് കൃഷിയിലും കന്നുകാലിവളർത്തലിലും ഊന്നി നാട്ടുകാർ ജീവിതം നെയ്‌തെടുത്തത്. പക്ഷേ, വിരുന്നുവന്നവരും വീട്ടുകാരുമൊക്കെ ചേർന്ന് മാലിന്യങ്ങൾ കൊണ്ടൊരു ശവകുടീരം കുട്ടംപേരൂർ ആറിന് പണിത് കൊടുത്തപ്പോൾ തിരിച്ചുവരവ് അസാദ്ധ്യമായിരുന്നു. പക്ഷേ, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി. വിശ്വഭംരപ്പണിക്കരും ഒരു കൂട്ടം തൊഴിലുറപ്പ് തൊഴിലാളികളും ബുധനൂർ പഞ്ചായത്തിലുൾപ്പെടുന്ന കുറെ നന്മനിറഞ്ഞ നാട്ടുകാരും ഒത്തുചേർന്നപ്പോൾ ഒരു നാടിന്റെ പുഴയ്ക്ക് ജീവൻ വെക്കുകയായിരുന്നു. 50 ഓളംദിവസങ്ങൾ, 700ഓളം തൊഴിലുറപ്പ് തൊഴിലാളികൾ, ആഴവും പരപ്പും ഓളവും വകവയ്ക്കാതെ അവർ പുഴയിലേക്ക് ഇറങ്ങിയപ്പോൾ അടിത്തട്ടിൽ നിന്നും ഊർജം ഉൾക്കൊണ്ട് അവൾ പിടഞ്ഞുണർന്നു. വെള്ളവും ചെളിയും വകവയ്ക്കാതെ സ്ത്രീകളും പുരുഷന്മാരുൾപ്പടെയുള്ളവർ മുട്ടൊപ്പവും അരയ്‌ക്കൊപ്പവും കഴുത്തൊപ്പവും വെള്ളത്തിലിറങ്ങിനിന്നാണ് അത് സാധിച്ചെടുത്തത്. ഇക്കഴിഞ്ഞ ജനുവരി ഒമ്പതിനാണ് ജി.സുധാകരൻ ശുദ്ധീകരിച്ച ആറിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചത്.

ഇന്ന്, തെളിനീരുമായി പുഞ്ചിരിച്ചൊഴുകുന്ന പുഴയ്ക്ക് കണ്ണുനീരിന്റെ കഥയുമുണ്ട് ഏറെപ്പറയാൻ. ആറന്മുള ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കാൻ ഏറ്റവും അകലെനിന്നെത്തുന്ന ചെന്നിത്തല പള്ളിയോടത്തിന് ചേറും ചെളിയും പായലുംമൂടി ദുഷ്‌കരമായ കുട്ടംപേരൂർ ആറ് പിന്നിട്ടുവേണം യാത്ര തുടരാൻ. പലതവണയും പായലിൽക്കുരുങ്ങി യാത്രതുടരാൻ കഴിയാതെ വള്ളത്തിന് ഫയർഫോഴ്സിന്റെ സഹായം തേടേണ്ടിവന്നിട്ടുണ്ട്. മുമ്പ്, പള്ളിയോടത്തിന് താംബൂലം കാണിക്ക സമർപ്പിക്കാൻ ആറ് മുറിച്ചുനീന്തിയ യുവാവ് ജലസസ്യങ്ങളിൽ കാൽകുരുങ്ങി മുങ്ങിമരിച്ച സംഭവം പോലുമുണ്ടായിട്ടുണ്ട്.

ഇതിന് മുമ്പും പലതവണ കുട്ടംപേരൂരാറിന്റെ ജീവൻ തിരിച്ചുപിടിക്കാനായി പല ശ്രമങ്ങളും നടന്നിട്ടുണ്ട്. നിരവധി സർവേകളും സെമിനാറുകളും നടന്നിട്ടുണ്ട്. സന്നദ്ധസംഘടനകളും സബ്കളക്ടറുമൊക്കെ പുഴയ്ക് വേണ്ടി വാദിച്ച് തളർന്നിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെ കൈയേറ്റ മാഫിയയുടെയും മണൽവാരൽ മാഫിയയുടെയും സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും മുമ്പിൽ അവയൊക്കെ പാഴാകുകയായിരുന്നു. ബുധനൂർ പഞ്ചായത്തിന്റെയും അവിടുത്തെ ജലസമ്പത്തിന്റെയും പകിട്ടിൽ ലക്ഷപ്രഭുക്കന്മാരും കോടീശ്വരന്മാരും ആയവർ ഏറെയാണ്. അടിത്തട്ടിൽ ഒളിഞ്ഞിരുന്ന മണൽനിക്ഷേപത്തിൽ കണ്ണ്വച്ച് എത്തുന്നവർ ഇന്നും കുറവല്ല. മണലെടുപ്പിന്റെ ആധിക്യം വർധിച്ചപ്പോൾ ആറിന്റെ അടിത്തട്ടിൽ എക്കൽമണ്ണ് അടിഞ്ഞുകൂടി. ഒഴുക്ക് നിലച്ചു. കക്കൂസ് മാലിന്യങ്ങളും അറവ് മാലിന്യങ്ങളും പുഴവെള്ളത്തിൽ ചീഞ്ഞ്നാറി പൊങ്ങിക്കിടന്നു.

ഒരു നാടും നാട്ടുകാരും ഇന്ന് ജാഗരൂകരാണ്. രാത്രിയുടെ മറവിൽ പതിയിരുന്നെത്തുന്ന കള്ളന്മാരെയോ കൊലപാതകികളെയോ അല്ല അവർക്ക് പേടി. ഇനിയുമാരെങ്കിലും അഴുക്കുഭാണ്ഡങ്ങളുമായി തങ്ങളുടെ പുഴയുടെ കൈവഴികളിൽ പതുങ്ങിയിരുപ്പുണ്ടോ എന്നറിയാൻ. കാരണം സ്വന്തംവീട്ടിലെ പെൺമക്കൾ പോലെയാണ് ഇവർക്ക് ഈ ആറ്. ഇനിയാരും പിച്ചിച്ചീന്താതെ എത്രനാൾ ഇങ്ങനെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാൻ ഇവർക്ക് കഴിയും. വിലാപങ്ങളിൽനിന്നാണ് വീണ്ടെടുപ്പുകൾ പിറക്കുന്നത്. ഓരോ വീണ്ടെടുപ്പുകൾക്കും പറയാനുള്ളതോ അതിജീവനത്തിന്റെ കഥകളും. ഇന്ന് കുട്ടംപേരൂർ ആറിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് കുടിവെള്ളം കിട്ടാക്കനിയല്ല. കിണറുകൾ പുതുജീവന്റെ ഉറവകളാണ് പ്രവഹിപ്പിക്കുന്നത്. ഇതൊരു മാതൃകയാണ്. ഭൂപടത്തിൽ നിന്നും മാഞ്ഞുപോയേക്കാമായിരുന്ന ഒരു നീരുറവയ്ക്ക് ജീവൻനൽകിയ മാതൃക. ഇനിയും ഭൂപടത്തിൽ നിന്ന് ഇല്ലാതാകാനായി കാത്തിരിക്കുന്ന പുഴകൾക്കും കൈവഴികൾക്കുമുള്ള മാതൃക.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.