മോഹങ്ങൾ പൂവണിയിച്ച് രാമന്റെ ഏദൻതോട്ടം
May 12, 2017, 2:45 pm
രൂപശ്രീ ഐ.വി
മനുഷ്യന്റെ ആഗ്രഹങ്ങൾ പൂവിട്ട ഏദൻ തോട്ടത്തിലേക്ക് വർഷങ്ങൾക്കിപ്പുറത്തു നിന്നും രഞ്ജിത് ശങ്കർ ഒരിക്കൽ കൂടി ക്ഷണിക്കുകയാണ്. രാമന്റെ ഏദൻ തോട്ടത്തിൽ കാഴ്ചകൾ ഒരുപാടുണ്ട്. സ്വപ്നത്തിന്റെയും ആഗ്രഹങ്ങളുടെയും തോട്ടത്തിൽ എത്തി മടങ്ങുന്നവർക്കാർക്കും ഒരു മോഹം പോലും പൂവണിഞ്ഞില്ലെന്ന സങ്കടം ബാക്കിയാവില്ല.

ആഗ്രഹങ്ങളുടെ ഏദൻ
എൽവിസ് (ജോജു ജോർജ്) എന്ന സിനിമാ നിർമ്മാതാവിന്റെയും ഭാര്യ മാലിനി (അനു സിതാര)യുടെയും ജീവിതത്തിലൂടെ നീങ്ങുന്ന കഥയുടെ ദിശാസൂചിയാകുന്നത് രാമന്റെ (കുഞ്ചാക്കോ ബോബൻ) ഏദൻ തോട്ടമാണ്. നിർമ്മിച്ച സിനിമകളെല്ലാം തകർന്ന് നിൽക്കുന്ന കാലത്താണ് സന്തോഷം തേടി എൽവിസും കുടുംബവും സുഹൃത്തായ സലീമിനും (ശ്രീജിത് രവി) കുടുംബത്തിനുമൊപ്പം ഒരു യാത്ര പോകുന്നത്. രാമന്റെ ഏദൻ തോട്ടത്തിലേക്കുള്ള ആ യാത്ര ഏറെ സ്വാധീനിക്കുന്നത് എൽവിസിന്റെ ഭാര്യ മാലിനിയെയാണ്. നർത്തകിയാകണമെന്ന സ്വപ്നം വിവാഹത്തിൽ ഉടക്കി നിന്നതോടെ ആഗ്രഹങ്ങളെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന മാലിനിക്കു മുന്നിൽ ഒരിക്കൽ ഏദന്റെ വാതിലുകൾ മലർക്കെ തുറന്നപ്പോൾ അവൾ തന്റെ പുതിയ ലോകം കണ്ടത്തി. രാമൻ തന്ന തിരിച്ചറിവിന്റെ പാഠങ്ങളിലൂടെ മാലിനി തന്റെ സ്വപ്നങ്ങളുടെ ലോകത്ത് പറന്നുപോകുന്നതാണ് ചിത്രത്തിന്റെ കഥ.

മലയാളം പറയാൻ വൈകിയ കഥ
വിവാഹ ജീവിതത്തിൽ വീർപ്പുമുട്ടി കഴിയുന്ന സ്ത്രീ കഥാപാത്രങ്ങളെ ഏറെ അല്ലെങ്കിലും മലയാളം കണ്ടിട്ടുണ്ട്. എന്നാൽ മിക്ക സിനിമകളിലും ഈ വീർപ്പുമുട്ടലിൽ നിന്ന് ആവളുടെ സ്വപ്നങ്ങളിലേക്കുള്ള ദൂരം ദൂരങ്ങളായി അവശേഷിക്കാറാണ് പതിവ്. എന്നാൽ ഈ ചിത്രത്തിൽ മാലിനിയെന്ന കേന്ദ്ര കഥാപാത്രം രാമനിലൂടെ സ്വയം തിരിച്ചറിഞ്ഞ് തിരിഞ്ഞു നോക്കാതെ നടന്നു പോകുന്നത് സ്വന്തം സ്വപ്നങ്ങളിലേക്കാണ്.

ചില നുറുങ്ങു തത്വചിന്തകൾ
പെൺ ചിന്തകളുടെ പെട്ടി തുറക്കുമ്പോൾ കുടുംബം തന്നെ തകർന്നടിഞ്ഞേക്കുമെന്ന പഴഞ്ചൻ ചിന്തകളിൽ നിന്നെല്ലാം വിട്ടുനിൽക്കാൻ ര‌ഞ്ജിത് ശങ്കറിന്റെ കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സ്വന്തം സന്തോഷത്തിനുവേണ്ടി ഓരോ മനുഷ്യനും ജീവിക്കുമ്പോൾ പെണ്ണിന് എന്തുകൊണ്ട് അവളുടെ സന്തോഷം തിരഞ്ഞെടുത്തുകൂടാ എന്ന വളരെ സ്വാഭാവികമായ ചോദ്യം പ്രേക്ഷകർ ഏറ്റെടുത്തത് വലിയ കൈയടിയോടെയാണ്. ജീവിതത്തിൽ ഓരോരുത്തരുടെയും വരവിനും പോക്കിനും കൃത്യമായ കാരണങ്ങളുണ്ടെന്നും ചിത്രം പറഞ്ഞുതരുന്നു.

കൃത്യമായ കഥാപാത്രങ്ങൾ
ചിത്രത്തിന്റെ ചേരുവകൾ കൃത്യമാണെന്ന് തോന്നുക സ്ക്രീനിലെത്തുന്ന ഓരോ കഥാപാത്രത്തെയും അടുത്തറിയുമ്പോഴാണ്. എൽവിസായി ജോജു ജോർജിന്റെ പ്രകടനം പ്രേക്ഷകരെ അമ്പരപ്പിച്ചുകളയുമെന്ന് തീർച്ച. മുഖ്യകഥാപാത്രമായി അനു സിതാര എത്തുമ്പോൾ ഭാവതീവ്രത കൊണ്ടും കൈയടക്കം കൊണ്ടും മാലിനി മികച്ചതായി. രാമനായി കുഞ്ചാക്കോ ബോബനും പതിവ് മികവ് കാട്ടി. സലീമായെത്തിയ ശ്രീജിത് രവിയും ഭാര്യ നെസ്നിയായെത്തിയ മുത്തുമണിയും ചെറിയ ഇടവേളയ്ക്കു ശേഷം അഭിനയസാദ്ധ്യതയുള്ള വേഷങ്ങൾ കൈകാര്യം ചെയ്തു. ചിരി നിറയ്ക്കാൻ രമേഷ് പിഷാരടിയും അജു വർഗീസും എത്തിയപ്പോൾ ഏദൻ തോട്ടം ഹൃദ്യമായി.

2009 മുതൽ ഇങ്ങോട്ടുള്ള എട്ട് വർഷങ്ങൾ... രഞ്ജിത് ശങ്കർ മലയാളത്തിനു തന്നത് എട്ട് ചിത്രങ്ങൾ. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. 2017ൽ രാമന്റെ ഏദൻ തോട്ടത്തിലും രഞ്ജിത് കരുതിയിരിക്കുന്നത് തീർത്തും വ്യത്യസ്തമായ പ്രമേയവും ഹൃദ്യമായ അവതരണവും തന്നെ. മധു നീലകണ്ഠന്റെ ഛായാഗ്രഹണവും ബിജിബാലിന്റെ സംഗീതവും ഏദൻ തോട്ടത്തിന്റെ മാറ്രുകൂട്ടി.

പാക്കപ്പ് പീസ്: ഏദനിലെത്തി വിലക്കപ്പെടാത്ത കനികൾ തിന്നു മടങ്ങാം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ