Thursday, 25 May 2017 12.24 PM IST
ശ്രീലങ്കയിൽ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുമായി ലുലു ഗ്രൂപ്പ്
May 18, 2017, 4:25 am
കൊളംബോ: യു.എ.ഇ ആസ്ഥാനമായുള്ള പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഗ്രൂപ്പിന്റെ പുതിയ ഭക്ഷ്യ സംസ്‌കരണ ലോജിസ്‌റ്രിക്‌സ് കേന്ദ്രം 'യാസ് ലങ്ക പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിൽ കൊളംബോ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള കഡുനായകെ എക്‌സ്‌പോർട് പ്രോസസിംഗ് സോണിൽ പ്രവർത്തനം ആരംഭിച്ചു. മലയാളിയും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫലി നേതൃത്വം നൽകുന്ന ലുലു ഗ്രൂപ്പിന്റെ ശ്രീലങ്കയിലെ പ്രവർത്തനത്തിന് തുടക്കമിടുന്ന പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ചീഫ് ഒഫ് സ്‌‌റ്റാഫും ആഭ്യന്തര മന്ത്രിയുമായ സഗാല ഗജേന്ദ്ര രത്‌നായക നിർവഹിച്ചു.
ചടങ്ങിൽ കൃഷിമന്ത്രി ദുമിന്ദ ദിസനായകെ, പ്ളാന്റേഷൻ ഇൻഡസ്‌ട്രീസ് മന്ത്രി നവീൻ ദിസനായകെ, വ്യവസായ മന്ത്രി ഇറൻ വിക്രമരത്‌നെ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഡയറക്‌ടർമാരായ എം.എ. സലിം, എ.വി. ആനന്ദ് തുടങ്ങിയവർ സംബന്ധിച്ചു. ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ എന്നിവരുമായി എം.എ. യൂസഫലി കൂടിക്കാഴ്‌ച നടത്തി. 120 കോടി രൂപയുടെ നിക്ഷേപമാണ് ആദ്യഘട്ടത്തിൽ ലുലു ഗ്രൂപ്പ് ശ്രീലങ്കയിൽ നടത്തുന്നത്. ശ്രീലങ്കയിൽ നിന്നുള്ള ഭക്ഷ്യ - ഭക്ഷ്യേതര ഉത്‌പന്നങ്ങൾ, പഴം, പച്ചക്കറികൾ തുടങ്ങിയവ സംസ്‌കരിച്ച് ഗൾഫ്, ഇന്ത്യ, മലേഷ്യ, ഇൻഡോനേഷ്യ എന്നിവടങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലൂടെ വിപണിയിലെത്തിക്കും.
തുടക്കത്തിൽ തദ്ദേശീയർക്ക് 100 തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു. പ്രവർത്തനം പൂർണസജ്ജമാകുമ്പോൾ 400 തൊഴിലവസരങ്ങളുണ്ടാകും. പത്ത് ലക്ഷം ചതുരശ്രയടിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെ സംസ്‌കരണശാല പ്രവർത്തിക്കുന്നത്. ശ്രീലങ്കയിലെ ഏറ്റവും വലിയ ഭക്ഷ്യസംസ്‌കരണ കേന്ദ്രമാണിത്. ഹൈപ്പർമാർക്കറ്റ്, ഷോപ്പിംഗ് മാൾ ഉൾപ്പെടെ ശ്രീലങ്കയുടെ റീട്ടെയിൽ മേഖലയിലും വൈകാതെ ലുലു ഗ്രൂപ്പ് സാന്നിദ്ധ്യമറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ