ഒരുങ്ങാം മരങ്ങളുടെ മഹോത്സവത്തിന്
May 19, 2017, 12:10 am
ടി.എൻ.സീമ
ഉപഗ്രഹക്കാഴ്ചയിൽ കേരളം ഒരു പച്ചത്തുരുത്താണ്. കടലിനു സമാന്തരമായി നീണ്ടു കിടക്കുന്ന ഒരു പച്ചത്തുണ്ട്.എന്നാൽ മണ്ണിലേക്ക് ഇറങ്ങുമ്പോൾ തല പോയ തെങ്ങുകളുടെയും ജലം തേടി അലഞ്ഞ് ഒടുങ്ങിയ മരങ്ങളുടെയും വേരുകളില്ലാത്ത മണ്ണടരുകളുടെയും അസുഖകരമായ നേർക്കാഴ്ചയാണ്​.നാല്പത്തിനാല് നദികളുടെയും രണ്ടു മഴക്കാലങ്ങളുടെയും ജല സമൃദ്ധിയുടെ ഭൂതകാല മഹിമയുടെ അവശേഷിപ്പുകൾ ഇന്ന് അക്കാദമിക് വിഷയങ്ങളാണ്. പൈപ്പിൽ കൂടി വെള്ളം വരുന്നിടത്തോളം കാലം ചുറ്റുപാടുകളെ കുറിച്ച് വേവലാതി വേണ്ടെന്ന വിചാരം കുറെ വർഷങ്ങൾ കൊണ്ട് നമ്മൾ വളർത്തിയെടുത്തതാണ്.എന്നാൽ ഈ വേനൽ കാലം കേരളത്തെയാകെ മാറ്റി ചിന്തിക്കാൻ പ്രേരണയായിട്ടുണ്ട്. സാങ്കേതിക വിദ്യയുടെയും ആധുനിക സൗകര്യങ്ങളുടെയും പിന്തുണയിൽ മാത്രം ദൈനംദിന ജീവിതം സുഗമമായി മുന്നോട്ടു പോകില്ലെന്ന തിരിച്ചറിവാണ് ഈ വേനലിന്റെ പാഠം. മാലിന്യക്കൂമ്പാരമായിട്ടുള്ള ജല സ്രോതസ്സുകളെ ശുചീകരിക്കാൻ കേരളത്തിൽ അങ്ങോളമിങ്ങോളം ഒരുങ്ങിയിറങ്ങുന്ന ജനങ്ങൾ ഇതിന്റെ സാക്ഷ്യമാണ്.
പരിസ്ഥിതിയുടെ സമനില വീണ്ടെടുക്കാം
ശുചിത്വവും ജല സംരക്ഷണവും കാർഷിക വികസനവും കോർത്തിണക്കി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഹരിത കേരളം മിഷൻ കേരളത്തിന്റെ ദുർബലമായിക്കൊണ്ടിരിക്കുന്ന
പരിസ്ഥിതിയുടെ സമനില വീണ്ടെടുക്കാനുള്ള ദൗത്യമാണ്.ഒറ്റപ്പെട്ട പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ കൊണ്ട് ഇന്നത്തെ കടുത്ത പാരിസ്ഥിതിക വെല്ലുവിളികൾ നേരിടാനാകില്ല. ശോഷിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി സമ്പത്തിനെ തിരിച്ചു പിടിക്കാനുള്ള സമഗ്ര സമീപനമാണ് വേണ്ടത്. ഈ കാഴ്ചപ്പാടോടെയാണ് ജൈവ പച്ചക്കറിയുടെയും നെൽ കൃഷിയുടെയും വ്യാപനവും ജല സ്രോതസ്സുകളുടെ ശുചീകരണവും മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളും ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പ്രോല്‌സാഹിപ്പിക്കപ്പെടുന്നത്. വരൾച്ച നേരിടാൻ ജലസ്രോതസ്സുകളുടെ ശുചീകരണം മാത്രം പോരാ എന്ന ലളിതമായ സത്യം മുൻ നിർത്തിയാണ് മഴ വെള്ള കൊയ്ത്തിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ വ്യാപകമായി സ്വീകരിക്കപ്പെടുന്നത്. മഴക്കുഴിയും മഴ സംഭരണികളും ഓരോ തുള്ളി മഴയെയും ഭൂഗർഭത്തിലേക്ക് ആകർഷിക്കുന്നതിനുള്ള ശ്രമങ്ങളാണ്.
3000 മില്ലി മീറ്റർ മഴ
കേരളത്തിൽ ഒരു കൊല്ലം 3000 മില്ലി മീറ്റർ മഴ പെയ്യുന്നു എന്ന് പറയുമ്പോഴും പെയ്ത് നാല് മണിക്കൂർ കൊണ്ട് കടലിൽ എത്തിച്ചേരുന്നു ഇതിൽ നല്ല പങ്കു ജലവും എന്നതാണ് ഇന്ന് കേരളം നേരിടുന്ന വെല്ലുവിളി. മണ്ണിനു മുകളിലൂടെയും അടിയിലൂടെയും ഒഴുകിപ്പോകുന്ന വെള്ളത്തെ പിടിച്ചു നിർത്താനോ സഞ്ചാരത്തിന്റെ വേഗം കുറയ്ക്കാനോ വേരുകളില്ല,കാരണം മരങ്ങളില്ല. ജല സ്രോതസ്സുകൾ പലതും തൂർന്നു പോയിരിക്കുന്നു. മണ്ണും ജലവും ഒരുപോലെ ഒഴുകിപ്പോകുന്ന നിലയാണ്. വന സമ്പത്തിൽ അനുഗൃഹീതമാണ് കേരളം.എന്നാൽ അശാസ്ത്രീയമായ വികസനം വന സമ്പത്തിനെ ബാധിക്കുന്നുണ്ട്. സമൃദ്ധമായിരുന്ന വൃക്ഷ സമ്പത്തിനെ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ വികസനത്തിന്റെ പേരിൽ വലിയ തോതിൽ നഷ്ടപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ പ്രതിരോധിക്കണമെങ്കിൽ ഊന്നൽ നൽകേണ്ട ഒരു പ്രവർത്തനം മരങ്ങൾ വ്യാപിപ്പിക്കുകയാണ് എന്നതിൽ സംശയമില്ല. കാർബൺ ആഗിരണം ചെയ്യാനുള്ള മരങ്ങളുടെ കഴിവ് മനുഷ്യ നിർമ്മിതമായ പരിസ്ഥിതി നാശത്തിന്റെ ഈ കാലത്ത് അവശേഷിക്കുന്ന പിടിവള്ളിയാണ്. നിലവിലുള്ള വനത്തെയും മരങ്ങളെയും സംരക്ഷിക്കുക,പുതിയവ വെച്ചു പിടിപ്പിക്കുക എന്നതാണ് ഇന്ന് ചെയ്യാൻ കഴിയുന്നത്​.
ഒരു കോടി മരങ്ങൾ
ജൂൺ 5 പരിസ്ഥിതി ദിനമെന്ന നിലയിൽ എല്ലാ വർഷവും ആഘോഷിക്കപ്പെടാറുണ്ട്. വ്യാപകമായി വൃക്ഷത്തൈകളും നടാറുണ്ട്. സ്വാഭാവികമായും നടുന്ന എല്ലാ തൈകളും വളരണമെന്നില്ല. എന്നാൽ ഈ ദിനം ആചരിക്കുന്നവർക്ക് അപ്പുറത്തേക്ക് ഈ സന്ദേശം വ്യാപിക്കാത്തതിന്റെയും തൈകൾ നടുന്ന ഒരു ദിവസത്തിനപ്പുറത്തേക്ക് ഈ ജാഗ്രത തുടരാത്തതിന്റെയും പോരായ്മ കൊണ്ടാണ് പരിസ്ഥിതി ദിനാചരണം മറ്റേതൊരു ദിനാചരണവും പോലെ യാന്ത്രികമായി മാറുന്നത്. ഈ വർഷത്തെ ജൂൺ 5 പരിസ്ഥിതി ദിനാചരണം ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കൂടുതൽ തയ്യാറെടുപ്പുകളോടെയും ജാഗ്രതയോടെയും സംഘടിപ്പിക്കണം എന്നാണു സർക്കാർ ആഗ്രഹിക്കുന്നത്. സംസ്ഥാന മുഖ്യ മന്ത്രിയുടെയും വനം വകുപ്പ് മന്ത്രിയുടെയും മുൻ കയ്യിൽ വിവിധ വകുപ്പുകളെയും തദ്ദേശ ഭരണ സ്ഥാപനങ്ങളെയും സാമൂഹ്യ സംഘടനകളെയും എല്ലാ വിഭാഗം ജനങ്ങളെയും ,വിശേഷിച്ചു വിദ്യാർഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് ജൂൺ 5 പരിസ്ഥിതി ദിനാചരണം വിപുലമായ ജനകീയ യജ്ഞത്തിന്റെ ആരംഭം കുറിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഈ ജൂൺ 5 നു ഒരു കോടി മരങ്ങൾ നട്ടു കൊണ്ട് ആരംഭിക്കുന്ന പ്രവർത്തന പദ്ധതി അടുത്ത വേനലിനു മുമ്പായി 3 കോടി മരങ്ങൾ നട്ടു കൊണ്ടായിരിക്കും പൂർത്തിയാകുക.അടുത്ത നാല് വർഷം കൊണ്ട് 10 കോടി മരങ്ങൾ നടുക,അവയെ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം.
കൂടുതൽ തൈകൾ
സ്വാഭാവികമായും ഉയർന്നു വരാവുന്ന ഒരു സംശയം ഇത്രയും തൈകൾ എവിടെ നിന്ന് ലഭിക്കും,അവ സംരക്ഷിക്കപ്പെടും എന്ന് എങ്ങനെ ഉറപ്പാക്കും എന്നതാണ്. ഇതിനാവശ്യമായ തൈകൾ ഭൂരിഭാഗവും സജ്ജമാക്കുന്നത് വനം വകുപ്പ് തന്നെയാണ്. എല്ലാ വർഷവും ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ തൈകൾ ഈ വർഷം സജ്ജമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടം എന്ന നിലയിൽ നവംബർ ആകുമ്പോഴേക്കും വീണ്ടും ഇത്ര തന്നെ തൈകൾ തയ്യാറാക്കാൻ കഴിയും എന്നാണു വനം വകുപ്പ് പ്രതീക്ഷിക്കുന്നത്.കൃഷി വകുപ്പും തൈകൾ തയ്യാറാക്കുന്നുണ്ട്. തൊഴിലുറപ്പിനെ കേരളത്തിന്റെ സ്ഥായിയായ വികസനവുമായി ബന്ധപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം പദ്ധതിയുടെ വിവിധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏറ്റെടുക്കാൻ തൊഴിലുറപ്പ് പദ്ധതിക്ക് കഴിയുന്നുണ്ട്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് അടുത്ത വർഷത്തേക്ക് 2 കോടി തൈകൾ സജ്ജമാക്കുന്നതിനുള്ള തീരുമാനമാണ് തൊഴിലുറപ്പ് പദ്ധതി മിഷൻ തീരുമാനിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ നേതൃത്വം
ജൂൺ 5 ന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വന്ന ഒരു തീരുമാനം വ്യാപകമായി അഭിനന്ദിക്കപ്പെട്ടു. വനം വകുപ്പ് വ്യാപകമായി നട്ടു വളർത്തിയിട്ടുള്ള അക്കേഷ്യയും യൂക്കാലിപ്ടസും വഴിയോരങ്ങളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും കഴിയുന്നത്ര ഒഴിവാക്കിക്കൊണ്ട് അവിടങ്ങളിൽ ഫല വൃക്ഷങ്ങൾ വെച്ചു പിടിപ്പിക്കാൻ വനം വകുപ്പ് തീരുമാനിച്ചു. ഭൂമിയിൽ നിന്നും ഇവയേക്കാൾ കൂടുതൽ ജലം കൂടുതൽ ഉപയോഗിക്കുന്ന കശുമാവ്, തേക്ക് പോലുള്ള മരങ്ങൾ ഉണ്ട്,അവയ്ക്ക് പകരം അക്കേഷ്യയും യൂക്കാലിപ്ടസും വെട്ടി മാറ്റിയത് കൊണ്ട് കാര്യമില്ല എന്ന അഭിപ്രായം ചില കോണുകളിൽ നിന്നും ഉയരുന്നുണ്ട്. പക്ഷെ, ഈ വാദം ഇവിടെ പ്രസക്തമല്ല, കാരണം വഴിയോരങ്ങളിലും പൊതു സ്ഥലങ്ങളിലും സോഷ്യൽ ഫോറസ്ട്രി ഏറ്റവും കൂടുതൽ വ്യാപിപ്പിച്ചിട്ടുള്ളത് അക്കേഷ്യയും യൂക്കാലിപ്ടസും ആണ്. അലർജി പോലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു എന്ന് മാത്രമല്ല, ജനങ്ങൾക്ക്​ നേരിട്ട് പ്രയോജനം ഇതിൽ നിന്നും ലഭിക്കുന്നില്ല. ഇവ വ്യാപമായി നട്ടതിന്റെ പരിസരങ്ങളിൽ വരൾച്ച രൂക്ഷമാകുന്നത് സംബന്ധിച്ചു ഇപ്പോൾ തന്നെ ജന പ്രതിഷേധം പലയിടത്തും ഉയരുന്നുണ്ട്. കഴിഞ്ഞ ആറേഴു വർഷമായി വനം വകുപ്പ് ഈ വൃക്ഷങ്ങൾ നട്ടു വളർത്തുന്നത് അവസാനിപ്പിച്ചിട്ടുണ്ട്​. ഈ വർഷം മുതൽ ബഹു ഭൂരിപക്ഷവും ഫല വൃക്ഷങ്ങളാണ് വെച്ച് പിടിപ്പിക്കുന്നത്.
ഒരാൾക്ക്​ ഒരു മരം
ഒരാൾക്ക്​ ഒരു മരം, ഒരു വീട്ടിൽ മൂന്നു പച്ചക്കറി എന്നതാണ് ഹരിത കേരളം മിഷൻ ഈ ജൂണിൽ മുന്നോട്ടു വെയ്ക്കുന്ന ലക്ഷ്യം. സ്‌കൂളുകൾ കേന്ദ്രീകരിച്ചു കൊണ്ട് ജൂൺ 5 നു ആരംഭിക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ ഹരിത വിദ്യാലയം എന്ന നിലയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു കൊണ്ട് ഫലപ്രദമാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. ഓരോ കുട്ടിയും ഒരു മരം,ഒരു മഴക്കുഴി (വീടുകളിൽ) എന്ന ആഹ്വാനമാണ് വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുള്ളത്. കുടുംബശ്രീയുടെ 3 ലക്ഷത്തോളം വരുന്ന അയൽക്കൂട്ടങ്ങളിലെ 47 ലക്ഷത്തിലധികം വരുന്ന അംഗങ്ങൾ സ്വന്തം വീടുകളിലും അയൽക്കൂട്ട പരിസരങ്ങളിൽ പൊതുസ്ഥലത്തും മരങ്ങൾ വെച്ച് പിടിപ്പിക്കാനും അവയെ മെച്ചമായി സംരക്ഷിക്കുന്നവർക്ക് പ്രോത്സാഹനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. വഴിയോരങ്ങളിലും പൊതു സ്ഥലങ്ങളിലും ഫല വൃക്ഷങ്ങൾ വെച്ചു പിടിപ്പിച്ചു കൊണ്ട് അവ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബുകൾക്കോ കോളേജ് എൻ എസ് എസ് യൂണിറ്റുകൾക്കൊ റസിഡന്‌സു അസോസിയേഷനുകൾക്കോ ഏറ്റെടുക്കാനാകും.തദ്ദേശ ഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ,സ്ഥാപനങ്ങൾ, സാമൂഹ്യ സംഘടനകൾ,രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നും പരിസ്ഥിതി ദിനത്തിന്റെ സന്ദേശം ഉയർത്തുന്ന പ്രവർത്തനങ്ങൾ ഉണ്ടാകും.എല്ലാ വർഷവും നിരവധി പേർ ഈ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട് എങ്കിലും നാടിന്റെ ഭാവിക്കായി കേരളം ഒറ്റ മനസ്സോടെ,ഒറ്റ ലക്ഷ്യത്തോടെ മരങ്ങൾക്ക് വേണ്ടി കൈകോർക്കുന്ന ദിനമെന്ന പ്രാധാന്യമാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിനുള്ളത്. ഒരു മരം പല മരം പെരു മരം എന്ന് വളർന്നു വളർന്നു മരങ്ങൾ നാടിനു കവചം തീർക്കുന്ന നാളെയ്ക്കായി ഒരു മരം നടാം. (ഹരിത കേരളം മിഷൻ വൈസ് ചെയർപേഴ്സണാണ് ലേഖിക)


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ