Thursday, 25 May 2017 12.25 PM IST
ബിജു വധം: പ്രതികൾ കാസർകോട് ജില്ലയിലെ പാർട്ടി ഗ്രാമത്തിൽ ഒളിവിൽ
May 18, 2017, 11:12 am
കണ്ണൂർ: ആർ.എസ്.എസ് നേതാവ് രാമന്തളി കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. കേസിലെ പ്രധാന പ്രതികളിൽ ഒരാളായ അനൂപാണ് പൊലീസിന്റെ കണ്ണ് വെട്ടിച്ച് വിദേശത്തേക്ക് കടന്നത്. കൊലയാളി സംഘത്തിലെ മറ്റ് നാല് പേർ കാസർകോട് ജില്ലയിലെ അറിയപ്പെടുന്ന പാർട്ടി ഗ്രാമമായ കിനാനൂർ-കരിന്തളം പഞ്ചായത്തിൽ ഒളിവിലാണെന്നാണ് അറിയുന്നത്. പ്രതികളുടെ ഒളിസങ്കേതങ്ങളെ കുറിച്ച് അന്വേഷണ സംഘത്തിന് കൃത്യമായ സൂചന ലഭിച്ച് കഴിഞ്ഞു. ഇവിടെനിന്ന് സംഘം മുങ്ങാതിരിക്കാൻ പൊലീസ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

ആർ.എസ്.എസ് മണ്ഡലം കാര്യവാഹകായ ബിജുവിനെ കൊലപ്പെടുത്തുന്നതിനു വേണ്ടി ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആഭ്യന്തരവകുപ്പിലെ ഉന്നത കേന്ദ്രങ്ങളിലെ ഇടപെടൽകാരണം ഈ റിപ്പോർട്ട് ഇതേവരെ പുറത്തുവിട്ടിട്ടില്ലെന്നാണ് പറയുന്നത്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊലനടന്ന് മണിക്കൂറുകൾക്കുള്ളിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ട് ആളുകളെ അറസ്റ്റ് ചെയ്ത് അന്വേഷണ സംഘം പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാൽ തുടർഅന്വേഷണത്തിൽ വേണ്ടത്ര പുരോഗതിയില്ലെന്ന പരാതി നിലനിൽക്കെയാണ് പ്രതികൾ ഒളിവിൽ കഴിയുന്ന കേന്ദ്രത്തെ കുറിച്ച് അന്വേഷണ സംഘത്തിന് കൃത്യമായ സൂചന ലഭിച്ചത്. ഡി.വൈ.എഫ്.ഐ ബ്ളോക്ക് കമ്മിറ്റി ഭാരവാഹി ഉൾപ്പെടെ പ്രതിപട്ടികയിലുള്ള ഏഴുപേരും അറിയപ്പെടുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്. പാർട്ടിയുമായി ബന്ധമുള്ള ആരെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റിയും സംസ്ഥാന നേതൃത്വവും വ്യക്തമാക്കിയിരുന്നു. എന്നാൽ കൊലയാളി സംഘത്തെ കുറിച്ച് വ്യക്തമായ ചിത്രം പുറത്തുവന്നെങ്കിലും സി.പി.എം നേതാക്കൾ ഇതേവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

അറസ്റ്റിലായ റിനീഷ്, ജ്യോതിഷ് എന്നിവർ റിമാൻഡിലാണ്. കൂട്ടുപ്രതികളെ പൊലീസ് പിടിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് കാസർകോട് ജില്ലയിലെ പാർട്ടി ഗ്രാമത്തിൽ ഒളിത്താവളം ഒരുക്കി അങ്ങോട്ടേക്ക് മാറ്റിയത്. അതിനിടെ പൊലീസിന് പിടികൊടുക്കാതെ പ്രതികളെ കോടതിയിൽ ഹാജരാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. പ്രതികളെ പിടികൂടാൻ വൈകിയാൽ ബിജുവിന്റെ കുടുംബം കോടതിയെ സമീപിച്ച് സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവ് സമ്പാദിക്കാനുള്ള സാധ്യതയുണ്ട്. ഇത് നന്നായി അറിയാവുന്ന നേതാക്കളാണ് കോടതിയിൽ കീഴടങ്ങാനുള്ള സാഹചര്യം ഒരുക്കാൻ ശ്രമിക്കുന്നത്. കേസ് സി.ബി.ഐയുടെ കൈകളിലെത്തിയാൽ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളുടെ ചുരുളഴിയും. പ്രതികൾ ഒളിവിൽ കഴിയുന്ന കേന്ദ്രത്തെ കുറിച്ച് കൃത്യമായ സൂചന ലഭിച്ച സാഹചര്യത്തിൽ ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ