Thursday, 25 May 2017 12.32 PM IST
പാകിസ്ഥാനെതിരെ നേടിയ വിജയം: സുഷമാ സ്വരാജിന് മോദിയുടെ അഭിനന്ദനം
May 18, 2017, 5:02 pm
ന്യൂഡൽഹി: കുൽഭൂഷൻ ജാദവ് കേസിൽ പാകിസ്ഥാനെതിരെ അനുകൂല വിധി നേടാൻ സഹായിച്ചത് ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെയും സംഘത്തിന്റെയും അവസരോചിതമായ ഇടപെടലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധി അറിഞ്ഞയുടനെ സുഷമാ സ്വരാജിനെ വിളിച്ച മോദി അഭിനന്ദനം അറിയിക്കുകയായിരുന്നു. കൂടാതെ ഇന്ത്യയ്‌ക്ക് വേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവേയെ അഭിനന്ദനം അറിയിക്കാനും പ്രധാനമന്ത്രി മറന്നില്ല.

കോടതിവിധി കുൽഭൂഷൻ ജാദവിന്റെ കുടുംബത്തിനും ഇന്ത്യയുടെ ജനങ്ങൾക്കും ആശ്വാസമാണെന്ന് സുഷമാ സ്വരാജ് ട്വീറ്റ് ചെയ്‌തു. കോടതിയ്‌ക്ക് മുന്നിൽ ഇന്ത്യയുടെ വാദങ്ങൾ ഭംഗിയായി അവതരിപ്പിച്ച ഹരീഷ് സാൽവേയ്‌ക്ക് നന്ദി പറയുന്നതായും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ഇന്നത്തെ കോടതി വിധി വലിയ വിജയമാണെന്ന് പറഞ്ഞ അറ്റോർണി ജനറൽ മുകുൾ റോഹ്‌ത്തകി അന്തിമ വിധിയും ഇതുപോലെ അനുകൂലമാകട്ടെയെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഉപയോഗിച്ച് ജാദവിനെ തിരിച്ചെത്തിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. വിധി ആശ്വാസകരമാണെന്നും വലിയ വിജയമാണെന്നും മുൻ പ്രതിരോധ മന്ത്രി എ.കെ ആന്റണി അഭിപ്രായപ്പെട്ടു.

എന്നാൽ, കുൽഭൂഷൻ ജാദവിന്റെ വധശിക്ഷ അന്തിമവിധി വരുന്നത് വരെ സ്‌റ്റേ ചെയ്‌ത അന്താരാഷ്ട്ര നീതിന്യായ കോടതി വിധിക്കെതിരെ പാകിസ്ഥാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ