Thursday, 25 May 2017 12.23 PM IST
ബോളിവുഡിലെ അമ്മ റീമാ ലാഗു വിടവാങ്ങി
May 19, 2017, 12:10 am
മുംബയ്:ബോളിവുഡ് സിനിമകളിലും സീരിയലുകളിലും അമ്മ വേഷങ്ങളിൽ അതുല്യ പ്രകടനം കാഴ്ച വച്ച നടി റീമാ ലാഗു (59) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് മുംബയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുലർച്ചെ 3.15ന് ഹൃദയാഘാതത്തോടെ മരണം സംഭവിക്കുകയായിരുന്നു.
മറാത്തി നാടകങ്ങളിലൂടെയാണ് റീമ അഭിനയരംഗത്തെത്തിയത്. മറാത്തി തിയേറ്ററിലെ പ്രമുഖ നടിയായി മാറിയ അവർ മറാത്തിയിലൂടെ തന്നെയാണ് സിനിമയിലും എത്തിയത്. പിന്നീട് ഹിന്ദിയിലും ചുവടുറപ്പിക്കുകയായിരുന്നു..
മുംബയിലെ നാടക നടിയായിരുന്ന മന്ദാകിനി ഭധാടെയുടെ മകളായി 1958 ലാണ് റീമ ജനിച്ചത്. നയൻ ഭധാടെ എന്നായിരുന്നു ആദ്യ പേര്. മറാത്തി താരം വിവേക് ലാഗുവുമായുള്ള വിവാഹ ശേഷമാണ് റീമാ ലാഗു എന്ന പേര്‍ സ്വീകരിച്ചത്. വിവേക് ലാഗുവുമായുള്ള ബന്ധം അധികകാലം നീണ്ടുനിന്നില്ല. മറാത്തി നടി മൃൺമയി ഏകമകളാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി റീമയുടെ മരണത്തിൽ അനുശോചനം അറിയിച്ചു.
ശ്യാം ബെനഗൽ സംവിധാനം ചെയ്ത 'കലിയുഗ്' എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിൽ റീമയുടെ അരങ്ങേറ്റം. പിന്നീട് ഹിന്ദി, മറാത്തി ഭാഷകളിലായി നൂറോളം ചിത്രങ്ങളിൽ വേഷമിട്ടു. സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അക്ഷയ്‌ കുമാർ തുടങ്ങിയവരുടെ അമ്മ വേഷത്തിൽ അവർ തിളങ്ങി. മേം നേ പ്യാർ കിയാ, കുഛ് കുഛ് ഹോത്താ ഹെ, ഹം സാത്ത് സാത്ത് ഹെ, വാസ്തവ് എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.
അന്ത്യകർമ്മങ്ങളിൽ ബോളിവുഡിലെ നിരവധി പ്രമുഖർ പങ്കെടുത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ