ഡ്രാക്കുളയ്ക്ക് 120
May 21, 2017, 8:17 am
എം. ശ്രീലക്ഷ്മി
കുട്ടിക്കാലത്തെ ഓർമ്മകളിൽ പേടിപ്പെടുത്തുന്ന ഒന്നായിരുന്നു ഡ്രാക്കുള. പറഞ്ഞും കേട്ടും വായിച്ചും മനസിൽ അതെപ്പോഴൊക്കെയോ ഉറച്ചുപോയി. ഇപ്പോഴും മനസിലെ ആ രൂപത്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഈ വരുന്ന മേയ് 26 ന് ഒരു പ്രത്യേകതയുണ്ട്. അന്ന് ഡ്രാക്കുളയ്ക്ക് 120 വയസാവുകയാണ്. അതെ ഡ്രാക്കുളയെന്ന ലോക പ്രശസ്ത ഗോഥിക് ഹൊറർ നോവൽ പുറത്തിറങ്ങിയിട്ട് 120 വർഷം. 1897 മേയ് 26 നാണ് ബ്രാംസ്റ്റോക്കർ എന്ന ഐറിഷ് സാഹിത്യകാരൻ ഡ്രാക്കുളയെന്ന വമ്പയറിനെ സൃഷ്ടിച്ചത്. ഹൊറർ ത്രില്ലറുകളുടെ ഗോഡ്ഫാദർ ആയ ഡ്രാക്കുള ഇന്നും ലോകമെമ്പാടുമുള്ള ആരാധകരെ ഭയപ്പെടുത്തുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഹൊറർ കഥാപാത്രങ്ങളിൽ ഒരാളാണ് ഡ്രാക്കുള. എത്ര വായിച്ചാലും മതിവരാത്ത ഈ നോവലിന്റെ പേരിൽ ബ്രാംസ്റ്റോക്കർ എന്ന സാഹിത്യകാരൻ ഇന്നും ജീവിക്കുന്നു. ഭാഷാശൈലിയും കഥയുടെ ഇതിവൃത്തവും കൊണ്ട് വായനക്കാരെ ആകർഷിക്കുന്ന ഡ്രാക്കുള നോവൽ രചിക്കപ്പെട്ടിരിക്കുന്നത് നോവലിലെ കഥാപാത്രമായ ജോനാഥൻ ഹാക്കറുടെ ഡയറി കുറിപ്പുകളുടെയും കത്തുകളുടെയും ഒക്കെ രൂപത്തിലാണ്. മേരി ഷെല്ലിയുടെ ഫ്രാങ്കൻ െ്രസ്രെൻ പോലെ മറ്റനേകം ഹൊറർ നോവലുകൾ വന്നിട്ടുണ്ടെങ്കിലും ഇവയിലെല്ലാം നിന്ന് ഒരുപാട് പ്രത്യേകത ഈ ഡ്രാക്കുളയ്ക്കുണ്ട്. വാമ്പയർ എന്ന സാങ്കല്പിക സൃഷ്ടി സാഹിത്യത്തിൽ സജീവമാകുന്നത് തന്നെ ഡ്രാക്കുളയുടെ വരവോടെയാണ്. ഡ്രാക്കുള നോവലിനെ അനുകരിച്ചുള്ള സൃഷ്ടികൾ പിന്നീട് ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും തന്നെ ബ്രാംസ്റ്റോക്കറുടെ ഡ്രാക്കുളയോടൊപ്പം മത്സരിക്കാൻ കെൽപ്പുള്ളവയായിരുന്നില്ല.

ട്രാൻസിൽവേനിയ എന്ന സ്ഥലമാണ് ഡ്രാക്കുള നോവലിലെ സംഭവ വികാസങ്ങൾക്ക് സാക്ഷിയാകുന്നത്. ട്രാൻസിൽവേനിയയിലെ ഡ്രാക്കുള പ്രഭുവിന്റെ കോട്ടയിൽ അതിഥിയായി എത്തുന്ന ജോനാഥൻ ഹാക്കർ, ഡ്രാക്കുള പ്രഭു ഒരു രക്തരക്ഷസാണെന്ന് തിരിച്ചറിയുന്നു. തണുത്തുറഞ്ഞ ഡ്രാക്കുള പ്രഭുവിന്റെ കൈകളിൽനിന്ന് ആദ്യമായി ഹസ്തദാനം സ്വീകരിച്ചപ്പോൾ തന്നെ ജോനാഥന്റെ ഉള്ളിൽ ഒരു ഭയം ജനിച്ചു. ഡ്രാക്കുളയുടെ രൂപമാകട്ടെ, നീണ്ടുമെലിഞ്ഞ് കൂർത്തചെവികളും പുറത്തേക്ക് തള്ളി നിൽക്കുന്ന പല്ലുകളും ഉയർന്ന നെറ്റിത്തടവും ചുമന്ന കണ്ണുകളും ക്രൂരഭാവവമുള്ള വിളറിയ മുഖവുമായിരുന്നു. ചെന്നായ് കൂട്ടങ്ങളുടെ യജമാനൻ ആയിരുന്നു പ്രഭു. കടിച്ചുകീറാൻ നിൽക്കുന്ന ഈ ക്രൂരമൃഗങ്ങൾ പ്രഭുവിന്റെ ആജ്ഞയ്ക്കായി കാത്തിരിക്കുന്നവയായിരുന്നു. വളരെ അമാനുഷികം. പകൽ സമയങ്ങളിൽ ശവപ്പെട്ടിയിൽ ഉറങ്ങിയിരുന്ന പ്രഭു രാത്രികാലങ്ങളിൽ മനുഷ്യരക്തം കൊതിച്ചലയുന്ന ഒരു രക്തദാഹിയായ ഭീകരൻ ആയിരുന്നു. ഡ്രാക്കുള പ്രഭുവിന്റെ കോട്ടയെ നോവലിൽ വിവരിക്കുന്നത് അതിഭീകരമായാണ്. കാർപേത്യൻ മലനിരകളിൽ ചെങ്കുത്തായ പാറയുടെ മുകളിൽ ചെകുത്താനെപ്പോലുയർന്ന് നിന്നിരുന്ന കോട്ട. അടുത്തെങ്ങും ഒരു മനുഷ്യജീവിപോലും ഇല്ലായിരുന്നു. അത്തരത്തിലുള്ള ഒരു ഭയാനകമായ അന്തരീക്ഷത്തിൽ അകപ്പെട്ടുപോയ ജോനാഥൻ ഒരു ഭ്രാന്തനെപ്പോലെ ഡ്രാക്കുളക്കോട്ടയ്ക്കുള്ളിൽ അലഞ്ഞു. നൂറ്റാണ്ടുകൾ മുമ്പ് അരങ്ങേറിയ പടയോട്ടങ്ങളെപ്പറ്റി ഡ്രാക്കുളപ്രഭു വാചാലനായിരുന്നു. നിലക്കണ്ണാടിയിൽ പ്രഭുവിന്റെ രൂപം തെളിയുന്നില്ല എന്നുകണ്ട് ജോനാഥൻ പ്രഭു ഒരു ദുരാത്മാവാണെന്ന് തിരിച്ചറിയുന്നു. പിന്നീട് പല ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ജോനാഥൻ ലണ്ടനിൽ എത്തുന്നു. എന്നാൽ പ്രഭുവും കണക്കുകൂട്ടലുകൾ തെറ്റിച്ച് ലണ്ടനിൽ എത്തുന്നു. വായനക്കാരെ ഭയത്തിന്റെ മുൾമുനയിൽ നിറുത്തുന്ന അനേകം രംഗങ്ങൾക്കൊടുവിൽ പ്രൊഫ. എബ്രഹാം വാൻഹെൽസിംഗിന്റെ നേതൃത്വത്തിലുള്ള സംഘം പ്രഭുവിനെ ഭൂമിയിൽനിന്ന് ഇല്ലാതാക്കുന്നു.

മനുഷ്യരക്തം കൊതിച്ചലയുന്ന പിശാചുക്കളുടെ ഭയപ്പെടുത്തുന്ന സഞ്ചാരങ്ങൾ ഒരു നോവലിൽ ഇത്ര മനോഹരമായി അവതരിപ്പിക്കാൻ കഴിഞ്ഞ ബ്രാംസ്റ്റോക്കർ ഒറ്റ നോവലുകൊണ്ട് പ്രസിദ്ധനായ വ്യക്തിയാണ്. ഡ്രാക്കുളയിലെ ഓരോ വരികളിലും ഭീകരത നിറഞ്ഞിരിക്കുന്നു. ആ വരികൾക്കിടയിലൂടെ നമുക്ക് അത് കാണാൻ സാധിക്കും. ഡ്രാക്കുളയുടെ ഓരോ വാക്കുകൾ പോലും അയാളുടെ അമാനുഷികശക്തി വെളിവാക്കുന്നവ ആയിരുന്നു. ചെന്നായക്കൂട്ടങ്ങളുടെ ഓരിയിടലിനെ രാത്രിയുടെ പ്രിയപ്പെട്ടവരുടെ സംഗീതം എന്നാണ് പ്രഭു വിശേഷിപ്പിക്കുന്നത്. തന്റെ പാരമ്പര്യത്തിലും താൻ നടത്തിയിരുന്ന യുദ്ധങ്ങളിലും അഭിമാനമുള്ള വ്യക്തിയായിരുന്നു പ്രഭു. ഇരുട്ടിനെ സ്‌നേഹിച്ചിരുന്ന ദുരാത്മാവായ പ്രഭുവിന് സംഭവബഹുലമായ ഒരു ജീവിതം നൂറ്റാണ്ടുകൾക്ക് മുമ്പ് ഉണ്ടായിരുന്നു. തന്റെയുള്ളിൽ അലയടിച്ച പക പ്രഭു മനുഷ്യരക്തത്തിലൂടെയാണ് തീർത്തുകൊണ്ടിരുന്നത്.

കൗണ്ട് ഡ്രാക്കുള എന്ന രക്തദാഹി ബ്രാംസ്റ്റോക്കറുടെ നോവലിലെ കഥാപാത്രമാണ്. പക്ഷേ ഇത്തരത്തിലുള്ള ഒരു വ്യക്തി നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്നതായി ചരിത്രത്തിൽ പറയുന്നു. റൊമേനിയൻ കഥകളിലെ വീരപുരുഷൻ പ്രിൻസ് വ്ളാദ് ആയിരുന്നു അത്. ഡ്രാക്കുളയ്ക്ക് സമാനമായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതം. തുർക്കിയിലെ ഓട്ടോമൻ സാമ്രാജ്യവുമായി നടന്നിരുന്ന യുദ്ധങ്ങളിൽ ട്രാൻസിൽവേനിയയെ നയിച്ച വ്ളാദ് മുന്നിൽകണ്ട ശത്രുക്കളെയെല്ലാം ഒന്നൊന്നായി കൊന്നൊടുക്കി. യുദ്ധസമയങ്ങളിൽ അമാനുഷിക കഴിവുകൾ പ്രകടിപ്പിച്ച വ്ളാദിനെ സ്വന്തം പ്രജകൾ പോലും ഭയപ്പെടാൻ തുടങ്ങി. യുദ്ധത്തിനിടയിൽ കൊല്ലപ്പെട്ട വ്ളാദിനെ രാത്രികാലങ്ങളിൽ കണ്ടതായി പലരും അവകാശപ്പെട്ടിരുന്നത്രെ. ഏതായാലും വ്ലാദ് രാജകുമാരന്റെ കാർപേത്യൻ മലനിരകളിലെ കൊട്ടാരമായ ബ്രാൻകാസിൽ ഇന്ന് നിരവധി ടൂറിസ്റ്റുകളുടെ ആകർഷണകേന്ദ്രമാണ്. റൊമേനിയക്കാരുടെ വ്ളാദ് രാജകുമാരനാണ് ഡ്രാക്കുളയ്ക്ക് മാതൃകയായി മാറിയ വ്യക്തി. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഡ്രാക്കുള: അൺറ്റോൾഡ് എന്ന സിനിമയിൽ സ്വന്തം രാജ്യത്തെയും കുടുംബത്തെയും ശത്രുക്കളിൽനിന്ന് രക്ഷിക്കാൻ സ്വയം ഒരു ചെകുത്താൻ ആയി മാറുന്ന ഡ്രാക്കുള / വ്ളാദ്‌നെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഒരു വശത്ത് ഡ്രാക്കുളയ്ക്ക് ഒരു പിശാചിന്റെ രൂപമാണെങ്കിലും മറ്റൊരുവശത്ത് ഡ്രാക്കുള പ്രഭു ട്രാൻസിൽവേനിയൻ നാടോടി കഥകളിലെ പകരംവയ്ക്കാൻ ഇല്ലാത്ത നായകനാണ്.

ഡ്രാക്കുള നോവലിൽ പ്രാധാന്യം കുറഞ്ഞവയെപ്പോലും വളരെ വ്യക്തമായും കൃത്യതയോടും ബ്രാംസ്റ്റോക്കർ അവതരിപ്പിക്കുന്നു. യൂറോപ്യൻ നാടുകളുടെ പ്രത്യേകതകളും അധികം ആരും അറിയാതിരുന്ന ട്രാൻസിൽവേനിയ നഗരത്തിന്റെ ഭീകരതയും ഡ്രാക്കുള നോവലിൽ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്. ഏറ്റവും കൂടുതൽ അഡാേ്രപ്രഷനുകൾ ഉണ്ടായ ഡ്രാക്കുള നോവലിന് മിക്കഭാഷകളിലും പരിഭാഷയും ഉണ്ടായിട്ടുണ്ട്. 80 ലേറെ സിനിമകൾ ഡ്രാക്കുളയെ ആസ്പദമാക്കി പുറത്തിറങ്ങിയിട്ടുണ്ട്. ക്രിസ്റ്റഫർ ലീ എന്ന നടനാണ് ഏറ്റവും കൂടുതൽ തവണ (10 തവണ) ഡ്രാക്കുളയെ അഭ്രപാളിയിൽ അവതരിപ്പിച്ചത്. ആരാധകരെ മടുപ്പിക്കാതെ ഇന്നും ഡ്രാക്കുള മുന്നേറുന്നു. സോംബികളും സൈബോർഗുകളുമൊക്കെ രംഗപ്രവേശനം ചെയ്തിട്ടുണ്ടെങ്കിലും ഡ്രാക്കുളയെന്ന രക്തദാഹിയായ ദുരാത്മാവ് പകരം വയ്ക്കാൻ ഇല്ലാത്ത ഒന്നാണ്. ചെന്നായ കൂട്ടത്തിന്റെയും കടവാവലുകളുടെയും അകമ്പടിയോടെ മനുഷ്യരക്തം കൊതിച്ചലയുന്ന ഡ്രാക്കുളപ്രഭു 120 വർഷം പിന്നിട്ടിട്ടും പ്രൗഡി ഒട്ടും മങ്ങാതെ ഇന്നും ജൈത്രയാത്ര തുടരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.