Thursday, 25 May 2017 12.33 PM IST
ജാദവിന്റെ കേസ്: വാദിച്ചു തോറ്റ അഭിഭാഷകർ ഇനി വേണ്ടെന്ന് പാകിസ്ഥാൻ
May 19, 2017, 11:31 am
ന്യൂഡൽഹി: അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കുൽഭൂഷൻ ജാദവിന്റെ കേസ് വാദിക്കാൻ പാകിസ്ഥാന് പുതിയ അഭിഭാഷക സംഘമെത്തുന്നു. കേസിൽ കഴിഞ്ഞ ദിവസം തിരിച്ചടി നേരിട്ടതിനെ തുടർന്നാണ് പാകിസ്ഥാൻ പുതിയ സംഘത്തെ നിയോഗിക്കുന്നത്. കുൽഭൂഷൻ ജാദവിന്റെ വധശിക്ഷ സ്‌റ്റേ ചെയ്യാനുള്ള വിധി പാകിസ്ഥാനിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത് മറികടക്കാൻ കൂടിയാണ് പുതിയ സംഘത്തെ ചുമതലയേൽപ്പിക്കുന്നതെന്നും വിലയിരുത്തലുണ്ട്.

പുതിയ സംഘമെത്തുന്നതോടെ തങ്ങളുടെ വാദങ്ങൾ കോടതിക്ക് മുന്നിൽ ശക്തമായി നിരത്താൻ കഴിയുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഉപദേഷ്‌ടാവ് സർതാജ് അസീസ് പറഞ്ഞതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കുൽഭൂഷൺ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്‌തത് കഴിഞ്ഞ ദിവസമാണ് . അന്തിമ വിധി വരുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്ന് പാകിസ്ഥാനോട് റോണി എബ്രഹാം അദ്ധ്യക്ഷനായ പതിനൊന്നംഗ ബെഞ്ച് ഏകകണ്ഠമായി ആവശ്യപ്പെട്ടു.
ചാരവൃത്തി ആരോപിച്ചാണ് ഇന്ത്യൻ പൗരനും മുൻ നാവിക ഉദ്യോഗസ്ഥനുമായ കുൽഭൂഷൺ ജാദവിനെ പാകിസ്ഥാൻ വധശിക്ഷയ്‌ക്ക് വിധിച്ചത്. ഇതിനെതിരെ മേയ് 8ന് ഇന്ത്യ നൽകിയ ഹർജിയിൽ ശിക്ഷ നടപ്പാക്കുന്നത് അന്താരാഷ്ട്ര കോടതി താത്‌കാലികമായി തടഞ്ഞിരുന്നു. അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് വിധി.

അതേസമയം, കോടതിയുടെ വിധി തിരിച്ചടിയായതോടെ പ്രതിപക്ഷ പാർട്ടികളും അഭിഭാഷകരുടെ സംഘവും നവാസ് ഷെരീഫിനെതിരെ രംഗത്ത് വന്നു. കോടതിക്ക് മുന്നിൽ പാകിസ്ഥാന്റെ വാദങ്ങൾ അവതരിപ്പിക്കുന്നതിൽ നിലവിലെ അഭിഭാഷകർ പരാജയമാണെന്നും ഇതിനുത്തരവാദി പ്രധാനമന്ത്രിയാണെന്നുമാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. പാകിസ്ഥാന്റെ കാര്യങ്ങളിൽ ഇടപെടാൻ അന്താരാഷ്ട്ര നീതിന്യായ കോടതിയ്‌ക്ക് അധികാരമില്ലെന്നും പാക് മാദ്ധ്യമങ്ങൾ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ