പൊൻമുടി മാടിവിളിക്കുന്നു വിനോദസ‌ഞ്ചാരികളെ
May 19, 2017, 11:51 am
കെ.മണിലാൽ
വിതുര: വിനോദസഞ്ചാരികളുടെ പറുദീസയായ പൊൻമുടിയിൽ പ്രകൃതി വിസ്മയക്കാഴ്ചകളൊരുക്കി സഞ്ചാരികളെ മാടിവിളിക്കുകയാണ്. ഒരാഴ്ചയായി പൊൻമുടിയിൽ കനത്ത മഞ്ഞുവീഴ്ചയാണ്. മൂടൽമഞ്ഞിന്റെ ആധിക്യം ചില ദിവസങ്ങളിൽ ഗോൾഡൻവാലി കടന്ന് കല്ലാർ വരെ വ്യാപിക്കും. ഉച്ചതിരിഞ്ഞ് കല്ലാർ മുതൽ പൊൻമുടിവരെ ലൈറ്റ്തെളിച്ച് വാഹനമോടിക്കേണ്ട അവസ്ഥയാണ്. 22 ഹെയർപ്പിൻ വളവുകൾ താണ്ടി പൊൻമുടിയിലെത്തുന്ന സഞ്ചാരികളെ വരവേൽക്കുന്നത് മൂടൽമഞ്ഞും കുളിർമഴയും ശീതക്കാറ്റുമാണ്. ഒരു ആകാശയാത്രയുടെ അനുഭൂതിയാണ് പൊൻമുടിയിലെത്തിയാൽ.

സഞ്ചാരികളുടെ ഒഴുക്ക്
അവധിക്കാലമായതോടെ പൊൻമുടിയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിവും വൻ വർദ്ധനയാണ്. അവധിദിനങ്ങളിൽ തിരക്ക് നിയന്ത്രണാതീതമാകും. അപ്പർസാനിറ്റോറിയവും പരിസരവും വാഹനങ്ങളാൽ നിറയും. ഇതോടെ പൊൻമുടി - കല്ലാർ റൂട്ടിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. പാസ് ഇനത്തിൽ വനംവകുപ്പിന് മികച്ച വരുമാനമാണ് ലഭിക്കുന്നത്.

കൗതുകക്കാഴ്ചയായി കാട്ടുപോത്തുകൾ
മഴയും മഞ്ഞും വ്യാപിച്ചതോടെ പൊൻമുടിയിൽ കാട്ടുപോത്തുകൾ കൂട്ടത്തോടെ എത്തിത്തുടങ്ങി. കാലാവസ്ഥ മാറിയതോടെ പുല്ല് വളരുകയും പച്ചപ്പ് മടങ്ങിയെത്തുകയും ചെയ്തതോടെയാണ് കാട്ടുപോത്തുകൾ കൂടുതലായി എത്തുന്നത്. വഴിയോരങ്ങളിൽ വാനരപ്പടയും തമ്പടിച്ചിട്ടുണ്ട്.

ഭീഷണി ഉയർത്തി വൻമരങ്ങൾ
പൊൻമുടി കല്ലാർ റൂട്ടിൽ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി റോഡിന് കുറുകെ വീണ് ഗതാഗതം തടസപ്പെട്ടു. വിതുരയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്. ഏതുസമയത്തും നിലം പൊത്താവുന്ന നിരവധി മരങ്ങളാണ് ഇവിടെയുള്ളത്. സഞ്ചാരികൾ ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന് പൊൻമുടി സംരക്ഷണസമിതി ആവശ്യപ്പെട്ടു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ