Thursday, 25 May 2017 12.26 PM IST
ആർക്കും പ്രവേശനമില്ലാത്ത ഇന്ത്യൻ ദ്വീപ്, അഥവാ ഭൂമിയിലെ സ്വ‌ർഗം
May 15, 2017, 11:05 am
എസ്.മുഹമ്മദ് അസ്‌ലം
ഇന്ത്യയുടെ ഏത് ഭാഗത്തും സ്വതന്ത്രമായി സഞ്ചരിക്കാനും നിയമാനുസൃതമായ ജോലി ചെയ്യാനും ഭരണഘടന എല്ലാ പൗരന്മാർക്കും അനുവാദം നൽകുന്നുണ്ട്. എന്നാൽ ഇന്ത്യയുടെ അധീനതയിലുള്ളതും എന്നാൽ ഇന്ത്യയ്‌ക്കാരുൾപ്പെടെ ആർക്കും പ്രവേശനമില്ലാത്ത ഒരു ദ്വീപിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. അതീവ അപകടകാരികളായ ഓംഗ വംശജർ അധിവസിക്കുന്ന നോർത്ത് സെന്റിനെന്റൽ ദ്വീപിനെപറ്റിയാണ് പറഞ്ഞുവരുന്നത്. ഈ പ്രദേശത്തേക്ക് പോകരുതെന്ന് കർശന നിർദ്ദേശമുണ്ട്. യാത്രക്കാരുടെ സുരക്ഷിതത്വവും ഗോത്രവർഗക്കാരുടെ സംസ്‌ക്കാരവും കണക്കിലെടുത്താണ് ഇത്...

നോർത്ത് സെന്റിനെന്റൽ ദ്വീപ്
ബംഗാൾ ഉൾക്കടലിൽ ഇന്ത്യൻ സർക്കാറിന്റെ അധീനതയിൽ വരുന്ന ഒരു ദ്വീപാണ് നോർത്ത് സെന്റിനെന്റൽ. ഏകദേശം 72 കിലോമീറ്റർ വിസ്‌തൃതിയുള്ള ഈ ദ്വീപ് ആൻഡമാൻ നിക്കോബാറിന്റെ ഭാഗമാണ്.ചുറ്റും വെള്ള നിറത്തിലുള്ള കടൽ ഒരു രക്ഷാകവചം പോലെ നിൽക്കുന്ന ദ്വീപിൽ സ്വാഭാവിക തുറമുഖങ്ങൾ ഒന്നും തന്നെയില്ല. ഇവിടേക്കെത്താൻ പല സാഹസികരും ശ്രമിച്ചിട്ടുണ്ടെങ്കിലും ദ്വീപിലേക്ക് പുറത്തു നിന്നുള്ളവരെ സ്വീകരിക്കാൻ ഇവിടുള്ളവർ തയ്യാറായിരുന്നില്ല. 2006ൽ ദ്വീപിനോടടുത്ത പ്രദേശത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായിരുന്നു.ഇവരെ ദ്വീപ് വാസികൾ കൊലപ്പെടുത്തിയതായാണ് കരുതുന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോലും കണ്ടെടുക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ദ്വീപിനടുത്തേക്ക് വഴി തെറ്റിയെത്തുന്ന സഞ്ചാരികളെയും മത്സ്യത്തൊഴിലാളികളെയും ഇന്ത്യൻ നാവികസേന ദൂരെ നിന്നു തന്നെ തടഞ്ഞ് തിരിച്ചയക്കുന്നു.

ഓംഗകൾ അഥവാ ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യ ഗോത്രം
സെന്റിനന്റൽ ദ്വീപിലേക്കുള്ള ബാഹ്യ ഇടപെടലുകൾ തടയുന്നത് ഇവിടെ താമസിക്കുന്ന ഓംഗ വംശജർ തന്നെയാണ്. ആഫ്രിക്കൻ വംശജരെന്ന് കരുതുന്ന ഇക്കൂട്ടർ 60,000 വർഷത്തോളമായി ഇവിടെ താമസിക്കുന്നുണ്ടെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. 1967ൽ ഓംഗകളുമായി ബന്ധപ്പെടാനും അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി ഇന്ത്യൻ സർക്കാർ നരവംശ ശാസ്ത്രജ്ഞനായ ടി.എൻ പണ്ഡിറ്റിന്റെ നേതൃത്വത്തിൽ ഒരു സംഘത്തിനെ അയച്ചിരുന്നു. സമ്മാനങ്ങളും വസ്ത്രങ്ങളും നൽകി ദ്വീപിലുള്ളവരെ ഇണക്കാൻ ശ്രമിച്ചെങ്കിലും ഇക്കൂട്ടർ ഇണങ്ങാൻ തയ്യാറായില്ല. കൂടാതെ കടൽത്തീരത്തേക്ക് കൂട്ടമായി വന്ന ഇക്കൂട്ടർ ദൗത്യ സംഘത്തിന് നേരെ പുറം തിരിഞ്ഞ് നിന്ന് വിസർജനം ചെയ്യാൻ ശ്രമിച്ചതായി ടി.എൻ പണ്ഡിറ്റ് പറയുന്നു. ഇങ്ങനെ ചെയ്യുന്നത് അതിഥികളെ അവഹേളിക്കാനും ദ്വീപിലേക്ക് ആരും വരേണ്ടെന്ന് കാണിക്കാനുമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സമ്മാനങ്ങളും വസ്ത്രങ്ങളും ഇക്കൂട്ടരെ പ്രലോഭിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

1970 മാർച്ചിൽ ടി.എൻ പണ്ഡിറ്റിന്റെ നേതൃത്വത്തിൽ ഒരു സംഘം ദ്വീപിലേക്ക് വീണ്ടുമെത്തി. ഇത്തവണ ദ്വീപിന്റെ അടുത്തു വരെ എത്തിയ സംഘത്തിനെ ഇതുവരെ കേട്ടിട്ടില്ലാത്ത ഏതോ ഭാഷയിൽ ശകാരിച്ചു കൊണ്ടാണ് ഓംഗകൾ സ്വീകരിച്ചത്. എന്നാൽ ദ്വീപിലേക്കുള്ള പ്രവേശനം നേടാനായി തിരിച്ചും ശബ്ദമുയർത്തിയ സംഘത്തിനെ ആക്രമിക്കാൻ ഓംഗകൾ ശ്രമിച്ചുവെന്നും ചരിത്രം രേഖപ്പെടുത്തുന്നു. എന്നാൽ 1991 ജനുവരി നാലിന് ദ്വീപിലെത്താൻ ശ്രമിച്ച സംഘത്തിനോട് ദ്വീപ് വാസികൾ സൗഹൃദപരമായി പെരുമാറിയെന്നും സംഘം നൽകിയ തേങ്ങയും മറ്റ് ആഹാര സാധനങ്ങളും സ്വീകരിച്ചെന്നും പറയപ്പെടുന്നു. എന്നാൽ പിന്നീട് ഈ ദ്വീപിലേക്ക് ആരും എത്തിയതായി ഔദ്യോഗിക രേഖകളില്ല. 2004ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമി തിരകൾ സംഹാരതാണ്ഡവമാടിയപ്പോൾ ദ്വീപിലുള്ളവരെല്ലാം മരിച്ചതായാണ് കണക്കാക്കിയത്. എന്നാൽ ഇവിടേക്ക് ഹെലിക്കോപ്‌റ്ററിലെത്തിയ രക്ഷാപ്രവർത്തകർക്കു നേരെ അമ്പുകളെയ്‌താണ് ഓംഗകൾ തിരിച്ചയച്ചത്.

അതേസമയം, സെന്റിനന്റൽ ദ്വീപിലേക്കുള്ള പ്രവേശനും ഓംഗകളുമായി ബന്ധപ്പെടുന്നതും കേന്ദ്രസർക്കാർ നിയമപരമായി നിരോധിച്ചിട്ടുണ്ട്. ദ്വീപിന്റെ മൂന്ന് മൈൽ ദൂരപരിധി നിരോധിത മേഖലയാണ്. പുറത്തു നിന്നുള്ളവരുടെ സുരക്ഷയെക്കരുതിയും ഓംഗകളുടെ ചരിത്രപരമായ സംസ്‌ക്കാരം സംരക്ഷിക്കുന്നതിന് വേണ്ടിയുമാണ് ഇത്തരത്തിലൊരു നിയമമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സമൂഹവുമായി ഒറ്റപ്പെട്ട് കഴിയുന്നതിനാൽ ഇവർക്ക് പകർച്ച വ്യാധികൾ പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണെന്നും കുറഞ്ഞ കാലത്തിനുള്ളിൽ ഇവർ ഭൂമിയിൽ നിന്ന് തന്നെ തുടച്ചു നീക്കപ്പെട്ടേക്കാമെന്നും ആദിവാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ പറയുന്നു. പക്ഷേ ഓംഗകളുമായി ആശയവിനിമയം നടത്തുന്നത് എങ്ങനെയെന്ന കാര്യത്തിൽ ഇവർക്കും നിശ്ചയമില്ല.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ