മലയാളത്തിനൊരു ഗോദ
May 19, 2017, 3:30 pm
ആർ.സുമേഷ്
മലയാളിക്ക് അത്ര പരിചയൊന്നുമില്ലാത്ത കായിക വിനോദമാണ് ഗുസ്തി. കുറച്ച് കൂടി കൃത്യമായി പറഞ്ഞാൽ പഞ്ചാബിന്റെ തനത് കായികരൂപം. മലയാളി ഗുസ്തി കണ്ടത് ഒരുപക്ഷേ,​ പഞ്ചാബി ഹൗസ് എന്ന സിനിമയിലൂടെ ആയിരിക്കും. അതും ലേശം,​ അല്ലെങ്കിൽ ഒരു പൊടിക്ക്. പിന്നെ മലയാളിയുടെ മുന്നിൽ ഗുസ്തിയുടെ കഥ പറഞ്ഞത് ബോളിവുഡിൽ സാക്ഷാൽ അമീർഖാൻ അഭിനയിച്ച ദംഗൽ എന്ന സിനിമയായിരിക്കും.

സമാനമായ കഥ തന്നെയാണ് കുഞ്ഞിരാമായണം എന്ന സിനിമയ്ക്കു ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ഗോദ എന്ന സിനിമയും പറയുന്നത്. ഗുസ്തി എന്ന കായിക വിനോദത്തെ മറ്റെന്തിനെക്കാളും വലുതായി കാണുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ബേസിൽ പറയുന്നത്. ദംഗൽ എന്ന സിനിമയിൽ പ്രാരാബ്‌ധങ്ങൾ മൂലം ഗുസ്തി കരിയറാക്കാൻ സാധിക്കാതിരുന്ന മഹാവീർ സിംഗ് തന്റെ രണ്ട് പെൺമക്കളെ ഗുസ്തിക്കാരികളാക്കിയ കഥയാണ് പറഞ്ഞത്. എന്നാൽ,​ ഗോദ എന്ന സിനിമയിലേക്ക് വരുന്പോൾ,​ ഗുസ്തിയെ കരിയറായും ഒരു വികാരവുമായി കൊണ്ടുനടക്കുന്ന പെൺകുട്ടിയ്ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ കഥയായി മാറുകയാണ്( ഇതൊരു താരതമ്യം അല്ല)​.

പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനിയാണ് അദിഥി സിംഗ് (വമീഖ ഗബ്ബി)​. ഗുസ്തി പാരന്പര്യമുള്ള കുടുംബത്തിൽ ജനിച്ച അദിഥി അച്ഛനൊപ്പം ഗുസ്തി പിടിച്ച് തന്നെയാണ് വളർന്നത്. എന്നാൽ പഞ്ചാബ് പൊലീസിലെ ഉദ്യോഗസ്ഥനായ സഹോദരന് അദിഥി ഗുസ്തിക്കാരി ആവുന്നതിൽ എതിർപ്പാണ്. അതിനാൽ തന്നെ അവളുടെ വിവാഹം അയാൾ നിശ്ചയിക്കുന്നു. അതിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി അവൾ,​ യൂണിവേഴ്‌സിറ്റിയിലെ മലയാളി സുഹൃത്ത് ആഞ്ജനേയ ദാസിന്റെ (ടൊവിനോ തോമസ്) നാട്ടിലെത്തുന്നു. കേരളത്തിലെത്തുന്ന വമീഖ തന്റെ സ്വപ്നങ്ങൾക്ക് നിറം പകരുന്ന ഒരു ഗ്രാമത്തിന്റെ മകളായി മാറുകയാണ്.

മലയാളത്തിന്റെ ഗോദ
സ്‌പോർട്സിനെ ആസ്പദമാക്കി മലയാളത്തിൽ നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ട്. ക്രിക്കറ്റിനെ ആസ്പദമാക്കി 1983, വോളിബോളിനെ ആസ്പദമാക്കി കരിങ്കുന്നം സിക്സസ് അങ്ങനെയങ്ങനെ. പക്ഷേ,​ കേരളത്തിൽ അത്ര പ്രചാരമില്ലാത്ത ഗുസ്തിയെ ആസ്പദമാക്കി സിനിമ എടുക്കുന്പോൾ സംവിധായകന് കുറച്ചൊന്നുമല്ല ഗുസ്തി പിടിക്കേണ്ടി വന്നത്. കാരണം മറ്റൊന്നുമല്ല,​ അത്ര പരിചയമില്ലാത്ത ​ ഗുസ്തിയെ പ്രേക്ഷകർക്ക് മുന്പിൽ അവതരിപ്പിക്കുന്പോൾ അത് ബോദ്ധ്യമാകുന്ന രീതിയിൽ ആയിരിക്കണം. ഒരു പരിധി വരെ സംവിധായകന് അതിൽ വിജയിക്കാനായിട്ടുണ്ടെന്നത് സിനിമയുടെ മേന്മയാണ്.

ആദ്യ പകുതിയിൽ സിനിമ അൽപം മന്ദഗതിയിലാണ് സഞ്ചരിക്കുന്നത്. കണ്ണാടിക്കടവ് എന്ന ഗ്രാമത്തിലും പഞ്ചാബ് സർവകലാശാലയിലെ ക്യാന്പസിലുമായി ആദ്യ പകുതിയിൽ സിനിമ ഒതുങ്ങുന്നു. രണ്ടാം പകുതി കുറച്ചു കൂടി ആസ്വാദ്യകരമായി മാറുന്നതാണ് പിന്നീടുള്ള കാഴ്‌ച. ദൃശ്യപശ്ചാത്തലങ്ങൾ പലപ്പോഴും എൺപതുകളിലെ ഒരു റിട്രോ ഫീൽ പ്രേക്ഷകർക്ക് നൽകും. കണ്ണാടിക്കടവത്ത് ഗ്രാമത്തിലെ മനയത്ത് വയലിൽ ക്രിക്കറ്റ് കളിച്ചു നടക്കുന്ന തലമുറയും ഗുസ്തിയെ സ്‌നേഹിച്ചിരുന്ന ഇപ്പോഴും ജീവന് തുല്യം സ്‌നേഹിക്കുന്ന സീനിയർ സിറ്റിസന്മാരും തമ്മിലുള്ള ഗുസ്തിയായി ഒരവസരത്തിൽ സിനിമ മാറുന്നുണ്ട്. അദിഥി എന്ന ഗുസ്തിക്കാരി കണ്ണാടിക്കടവത്തെ ഗുസ്തി ഗ്രാമത്തിൽ എത്തുന്പോൾ അതുവരെ ഗുസ്തിയോട് മുഖം തിരിച്ചിരുന്ന നാട് ഒരു പെൺകുട്ടിക്ക് പിന്നിൽ അണിനിരക്കുന്നതും സിനിമ പറഞ്ഞു വയ്ക്കുന്നു.

ഗുസ്തിയിലെ താരങ്ങൾ
ഗുസ്തി പിടിച്ചു നടന്ന കാലത്തെ ഗതകാല സ്‌മരണകളെ ഇപ്പോഴും നെഞ്ചേറ്റുന്ന ക്യാപ്ടനെ അവതരിപ്പിച്ച രഞ്ജി പണിക്കർ ശ്രദ്ധേയ പ്രകടനമാണ് നടത്തുന്നത്. എന്നാൽ,​ ക്യാപ്ടൻ എന്ന കഥാപാത്രം രഞ്ജി പണിക്കരിലൂടെ പുനർജനിക്കുന്പോൾ കുറച്ച് കൃത്രിമത്വം അതിൽ നിറയുന്നുണ്ട്. ഹരീഷ് പേരടി,​ മാമുക്കോയ തുടങ്ങിയവരാണ് മറ്റു പ്രധാന ഫയ‍ൽവാന്മാർ.

ക്രിക്കറ്റിനെ മാത്രം സ്‌നേഹിക്കുകയും പിന്നീട് ഗുസ്തിയെ നെഞ്ചേറ്റുകയും (ആത്മാർത്ഥതയോടെ അല്ലെങ്കിലും)​ ചെയ്യുന്ന ന്യൂജനറേഷൻ ഗുസ്തിക്കാർ അജു വ‌ർഗീസ്,​ ബിജുക്കുട്ടൻ,​ ധർമജൻ ബോൾഗാട്ടി തുടങ്ങിയവരാണ്. കുട്ടിക്കാലത്ത് ഗുസ്തിയിൽ നേട്ടങ്ങൾ കൊയ്യുകയും പിന്നീട് അച്ഛന്റെ എതിർ ചേരിയിൽ,​ ക്രിക്കറ്റിന്റെ പക്ഷത്ത് ചേരുകയും ചെയ്യുന്ന കഥാപാത്രമായി ടൊവിനോയും നിറഞ്ഞു നിൽക്കുന്നു

സിനിമയെ ഏറ്റവും ശ്രദ്ധേയമാക്കുന്നത് പഞ്ചാബ് സ്വദേശിനിയായ നായിക വമീഖ ഗബ്ബിയാണ്. മലയാളത്തിൽ വമീഖയുടെ അരങ്ങേറ്റം മോശമാണെന്ന് പറയാനാവില്ല. പലപ്പോഴും സിനിമയെ ഒറ്റയ്ക്ക് തോളിലേറ്റതും വമീഖയുടെ അദിഥി എന്ന കഥാപാത്രമാണ്. ഹിന്ദിയിലും പ‍ഞ്ചാബിയിലും തമിഴിലുമൊക്കെയായി അഭിനയിച്ചിട്ടുള്ള വമീഖയ്ക്ക് മലയാളം നല്ലൊരു മാറ്റമായിരിക്കും. ചിത്രത്തിൽ ഒരിക്കൽ മാത്രമാണ് നായിക മലയാളം സംസാരിക്കുന്നത്. മാലാ പാർവതിയിൽ തുടങ്ങി പേര് പറയാത്ത നിരവധി കഥാപാത്രങ്ങൾ പിന്നെയുമുണ്ട്.

രണ്ടു മണിക്കൂറാണ് സിനിമയുടെ ദൈർഘ്യം. അനാവശ്യമായി വലിച്ചു നീട്ടാതെ സിനിമയെ നിയന്ത്രിച്ച എഡിറ്റർ അഭിനന്ദനം അർഹിക്കുന്നു. ഗാനങ്ങൾ അത്ര മികച്ച അനുഭവമൊന്നും സമ്മാനിക്കുന്നില്ല. ഗുസ്തി എന്ന കായിക വിനോദത്തെ കേന്ദ്രമാക്കി സിനിമ എടുക്കുന്പോൾ കേവലം നായകനും നായികയും തമ്മിലുള്ള പ്രണയം വിഷയത്തെ ഓവർടേക്ക് ചെയ്യാതിരിക്കാൻ സംവിധായകൻ കാണിച്ച മികവും സിനിമയുടെ പ്ളസ് പോയിന്റാണ്.

വാൽക്കഷണം: 'ഗോദ'യിലെ പൂരം പ്രണയമല്ല
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ