Thursday, 25 May 2017 12.26 PM IST
മെട്രോ ഉദ്ഘാടനം പ്രധാനമന്ത്രിയെ അറിയിച്ചില്ല, ബി.ജെ.പിക്ക് പ്രതിഷേധം
May 19, 2017, 2:57 pm
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഇല്ലാത്ത സമയത്ത് നടത്താൻ തീരുമാനിച്ചത് സംസ്ഥാന സർക്കാറിന്റെ അൽപ്പത്തരമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. പ്രധാനമന്ത്രി നടത്തുന്ന വിദേശപര്യടനത്തിന്റെ തീയതി ഏപ്രിൽ 19 നുതന്നെ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടതാണ്. മേയ് 29 മുതൽ ജൂൺ 3 വരെ പ്രധാനമന്ത്രി ഇന്ത്യയിൽ ഇല്ലെന്നറിഞ്ഞുകൊണ്ടാണ് സംസ്ഥാന സർക്കാർ മെട്രോയുടെ ഉദ്ഘാടനം തീരുമാനിച്ചത്. പ്രധാനമന്ത്രിയെ അപമാനിക്കാൻ കരുതിക്കൂട്ടി നടത്തിയ നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു. ഇതുകൊണ്ട് കേരളത്തിന് ഗുണമൊന്നും ഉണ്ടാവില്ലെന്ന് മാത്രമല്ല ദോഷമേ ഉണ്ടാവുകയുള്ളൂ. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ആരും കളിക്കരുതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രിയെ മെട്രോ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് അറിയിച്ചു. ഉദ്ഘാടന ചടങ്ങിലേക്ക് മോദിയെ കാത്തിരിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പിടിവാശിയാണ് ഉദ്ഘാടനം മേയ് 30 ന് തന്നെ തീരുമാനിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു. അതിനിടെ മെട്രോയുടെ ഉദ്ഘാടനം കേന്ദ്ര സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള തർക്കത്തിലേക്ക് നീങ്ങുകയാണ്.

കൊച്ചി മെട്രോയുടെ ഉദ്ഘാടനം മേയ് 30ന് ആലുവയിൽ വച്ച് നടക്കുമെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രനാണ് അറിയിച്ചത്. പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷയെന്നും എന്നാൽ അദ്ദേഹത്തിനായി കാത്തിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ മേയ് 29 മുതൽ ജൂൺ 3 വരെ യൂറോപ്യൻ പര്യടനത്തിനായി തിരിക്കുന്ന മോദി ചടങ്ങിനെത്തില്ലെന്ന് ഏതാണ്ട് ഉറപ്പായി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ