കേരളത്തിലെ ജനങ്ങൾക്ക് അൽഷിമേഴ്‌സ് ബാധിച്ചിട്ടില്ലെന്ന് കാനം
May 20, 2017, 1:32 am
വി.എസ് രാജേഷ്
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് മന്ത്രിസഭ ഒരുവർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കൗമുദി ടിവിയുമായി സംസാരിച്ചു പ്രസക്തഭാഗങ്ങളിൽ നിന്ന്:-

 എല്ലാം ശരിയാക്കുമെന്ന മുദ്രാവാക്യവുമായിട്ടാണ് എൽ.ഡി.എഫ് അധികാരത്തിൽ വന്നത്. എല്ലാം ശരിയായോ?എന്താണ് വിലയിരുത്തൽ?
വാഗ്ദാനങ്ങൾ പാലിക്കുന്ന കാര്യത്തിൽ എൽ.ഡി.എഫ് സർക്കാരിന് ഏറെ ദൂരം മുന്നോട്ടു പോകാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞത് ഒരു വർഷത്തിനുള്ളിൽ ശരിയാക്കുമെന്നല്ല, ആ വാചകത്തെ വ്യാഖ്യാനിക്കുന്നതാണ്. അഞ്ചുവർഷം ഈ സർക്കാരിനുണ്ട്. ആ അഞ്ചുവർഷ കാലത്തേക്കുള്ള ഒരു പ്രകടന പത്രികയാണ് മുന്നോട്ടു വച്ചിട്ടുള്ളത്. അത് എങ്ങനെ നടപ്പിലാക്കണമെന്ന് ഞങ്ങൾ ഗൗരവമായി ചർച്ച ചെയ്യുകയും നടപ്പിലാക്കി തുടങ്ങുകയും ചെയ്തിട്ടുണ്ട്.

 ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ മുന്നിൽ നിൽക്കുന്നത് വിവാദങ്ങളാണ്. അതിനെ സി.പി.ഐ എങ്ങനെയാണ് കാണുന്നത്?
നേട്ടങ്ങൾക്കപ്പുറം വിവാദങ്ങൾ ഉണ്ടെന്നു പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല. നേട്ടങ്ങൾ അനവധിയാണ്. വിവാദങ്ങളും ഉണ്ട് എന്നു പറയുന്നതാവും ശരി.

 ഈ ഒരു വർഷത്തെ ഏറ്റവും വലിയ നേട്ടമായി താങ്കൾ കാണുന്നതെന്താണ്?
ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അറുപതാം വാർഷികത്തിന്റെ ഭാഗമായി പദ്ധതി സർക്കാർ പ്രഖ്യാപിച്ച സാധാരണക്കാരന് വീടും ഭൂമിയും നൽകുന്ന പദ്ധതിയാണത്. അതിന്റെ ഒരു ഘട്ടം മാത്രമാണ് ഇപ്പോൾ നടപ്പിലാക്കിത്തുടങ്ങിയത്. അഞ്ചുവർഷക്കാലം ഈ സർക്കാർ അധികാരത്തിൽ ഇരിക്കുമെങ്കിൽ കേരളത്തിലെ മുഴുവൻ ഭൂരഹിതരായ ആളുകൾക്കും ഭൂമിയും വീടും നൽകും. അതിനു വളരെ പ്രാധാന്യം ഞങ്ങൾ നൽകും.

 അധികാരത്തിൽ ഇരിക്കുമെങ്കിൽ എന്നു പറഞ്ഞതിൽ, അക്കാര്യത്തിൽ സംശയമുണ്ടോ?
അഞ്ചുവർഷക്കാലത്തിനുള്ളിൽ തീർക്കേണ്ടതാണ് ഈ പദ്ധതി.

ഈ ഗവൺമെന്റ് 5 വർഷം പൂർത്തിയാക്കുമെന്ന കാര്യത്തിൽ സി.പി.ഐയ്ക്ക് സംശയമുണ്ടോ?
അഞ്ചുവർഷം പൂർത്തിയാക്കുമെന്ന് മാത്രമല്ല, ഈ ഗവൺമെന്റ് തുടർ ഭരണവും പ്രതീക്ഷിക്കുന്നുണ്ട്.

 ചെറിയ കാര്യങ്ങളുടെ പേരിൽ വലിയ വിവാദങ്ങൾ ഉണ്ടാകുകയും സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ അതിൽ മുങ്ങിപ്പോവുകയുമല്ലേ?
കുറേയെല്ലാം നിങ്ങൾ മാദ്ധ്യമങ്ങൾ കൂടിയുണ്ടാക്കുന്നതാണ്. എല്ലാവരുടെയും സംഭാവന അതിലുണ്ട്. മാദ്ധ്യമങ്ങളുടേത് ഒട്ടും കുറവല്ല.

മാദ്ധ്യമങ്ങൾക്ക് വിഷയം കിട്ടുമ്പോഴല്ലേ അത് വിവാദമാകുന്നുള്ളൂ?
ആരുടേയും പങ്ക് തീരെ മോശമെന്ന് പറയാനില്ല.

 ഒരു വർഷം കഴിയുമ്പോൾ ഈ മുന്നണിക്കു നേതൃത്വം നൽകുന്ന സി.പി.എമ്മിന്റെ ഏറ്റവും വലിയ തലവേദനയായി സി.പി.ഐ മാറിയിരിക്കുകയല്ലേ?
അങ്ങനെയവർക്കൊരു ചിന്തയുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ദേശീയ തലത്തിൽ ഒരേ നിലപാട് പിന്തുടരുന്ന പാർട്ടികളാണ് അവരും ഞങ്ങളും. അവരുടെ വിശാഖപട്ടണം പാർട്ടി കോൺഗ്രസും ഞങ്ങളുടെ പോണ്ടിച്ചേരി പാർട്ടി കോൺഗ്രസും പാസാക്കിയ പ്രമേയങ്ങൾ വളരെ സാമ്യമുള്ളതാണ്. ആ രാഷ്ട്രീയ പ്രമേയം പാസാക്കിയ എങ്ങനെ മറ്റൊരു ഇടതുപക്ഷ പാർട്ടി തലവേദനയാകും. എനിക്കത് വിശ്വസിക്കാൻ കഴിയില്ല.

 സി.പി.എമ്മും സി.പി.ഐയും മുമ്പും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്ര പ്രകടമായി, പരസ്യമായി അധികാരത്തിലിരുന്ന് വിമർശിക്കുന്നത് ഇതാദ്യമാണ്. ഇതൊരു മുന്നണി മര്യാദയ്ക്കു ചേർന്നതാണോ?
മുന്നണി മര്യാദയെന്ന് പറയുന്നത് മുന്നണിയിൽ യോജിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുന്നതിലാണ്. ഞങ്ങളുടെ ബൈബിൾ ഞങ്ങളുടെ മാനിഫെസ്റ്റോയാണ്. എൽ.ഡി.എഫിന്റെ മാനിഫെസ്റ്റോയിൽ ഉന്നയിച്ചിട്ടുള്ള ഒരു കാര്യത്തെപ്പറ്റിയും ഒരു വിവാദമുണ്ടാക്കാൻ സി.പി.ഐ മുതിർന്നിട്ടില്ല.

സി.പി.ഐയുടെ നേതൃയോഗങ്ങളിൽ പലതിലും ഈ സർക്കാരിനെതിരെ നിശിത വിമർശനങ്ങൾ നടക്കുന്നതായി മാദ്ധ്യമങ്ങളിൽ വാർത്ത വരുന്നുണ്ട്. കഴമ്പുണ്ടോ?
കഴമ്പില്ല. സർക്കാരിന്റെ നടപടികളെ വിമർശനപരമായി സമീപിക്കുകയെന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ ചുമതല. അത് സി.പി.ഐയാണെങ്കിലും സി.പി.എം ആണെങ്കിലും അങ്ങനെയാണ്. അല്ലാതെ സർക്കാർ ചെയ്യുന്നതെല്ലാം ശരിയാണ് എന്ന് പാടി പുകഴ്‌ത്തുകയല്ല. എന്നാൽ സർക്കാരിനെ വിമർശനപരമായി പരിശോധിച്ച് അതിനെ തിരുത്തി മുന്നോട്ടുകൊണ്ടുപോകേണ്ടത് അതിന്റെ രാഷ്ട്രീയ നേതൃത്വമാണ്. അത് സി.പി.എമ്മും സി.പി.ഐയും ഉൾപ്പെടെയുള്ള എൽ.ഡി.എഫ് ആണ്. അങ്ങനെയാണ് അത് പരിശോധിക്കുന്നത്.

ഭരണത്തിൽ പങ്കുപറ്റിയിട്ട് പരസ്യവിമർശനത്തിനു മുതിരുന്നത് ശരിയാണോ?
ഭരണത്തിൽ പങ്ക് എന്നു പറയുന്നത് ആരുടേയും സൗജന്യമല്ലല്ലോ. ഭരണത്തിലെ പങ്കിൽ നിൽക്കുന്നതോടൊപ്പം പരസ്യമായി വിമർശിക്കേണ്ട കാര്യങ്ങൾ ഉണ്ടായാൽ അത് തുറന്നു പറയേണ്ടിവരും. ഉദാഹരണത്തിന് പ്രകാശ് കാരാട്ട് കോഴിക്കോട്ട് ഒരു മുഖാമുഖത്തിൽ പങ്കെടുക്കവേ മുന്നണിയിലെ ചില ഘടകകക്ഷികൾ പ്രതിപക്ഷത്തല്ലയെന്നോർക്കണം എന്ന് പറഞ്ഞു. എന്നു വച്ചാൽ ഘടകകക്ഷികൾ പറയുന്നത് പ്രതിപക്ഷ നിലപാട് ആണെന്ന്. മലപ്പുറം തിരഞ്ഞെടുപ്പിന് മൂന്നാലു ദിവസം മുമ്പാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഞങ്ങൾക്കു മറുപടി പറയാൻ അറിഞ്ഞുകൂടാഞ്ഞിട്ടല്ല. പക്ഷേ ഞങ്ങളുടെ രാഷ്ട്രീയമായിട്ടുള്ള ധാരണ ആ സമയത്ത് സി.പി.എമ്മും സി.പി.ഐയും ഏറ്റുമുട്ടുന്നത് നല്ലതല്ലയെന്നായിരുന്നു. അതുകൊണ്ട് തിരഞ്ഞെടുപ്പിനുശേഷം ചേർന്ന പാർട്ടിയുടെ സംസ്ഥാന എക്സിക്യുട്ടീവ് ഈ കാര്യത്തെ സംബന്ധിച്ച മറുപടി പരസ്യമായി പറയണമെന്ന് തീരുമാനിച്ചത്. അതിന്റെയടിസ്ഥാനത്തിൽ അത് പ്രതിപക്ഷ നിലപാടല്ല യഥാർത്ഥ ഇടതുപക്ഷ നിലപാടാണെന്ന് ഞാൻ പത്രസമ്മേളനം വിളിച്ച് പറഞ്ഞു. അദ്ദേഹം അതിനെ കൗണ്ടർ ചെയ്തില്ലല്ലോ.

കാനം രാജേന്ദ്രന് കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ സ്വരമാണെന്ന് ഒരു വിമർശനവുമുണ്ട്?
അത് കാര്യമറിയാതെ പറയുന്നതാണ്. അഭിപ്രായം പറയുന്നവരെ പഴയകാലം മുതൽ ഭ്രാന്തൻ എന്ന് വിളിച്ചിട്ടുള്ള ലോകമാണിത്. അതുകൊണ്ട് അങ്ങനെ പറയുന്നതിൽ എനിക്കു വലിയ അത്ഭുതമൊന്നുമില്ല.

 ഈ ഒരു വർഷക്കാലം താങ്കളുടെയും സി.പി.ഐയുടെയും സ്വീകാര്യത വർദ്ധിച്ചുവെന്നു തോന്നുന്നുണ്ടോ?
സി.പി.ഐ സ്വീകരിക്കുന്ന നിലപാടുകൾ ജനങ്ങൾ അംഗീകരിക്കുന്നുവെന്നുള്ളതാണ്. എന്റെ വ്യക്തിപരമായ സംഭാവന വളരെ നിസാരമായിരിക്കും. ഞങ്ങളുടെ പാർട്ടിയെടുക്കുന്ന രാഷ്ട്രീയ നിലപാടുകൾ യഥാർത്ഥത്തിൽ മനുഷ്യനിലെത്തിക്കാൻ സമൂഹവുമായി സംവദിക്കാൻ ഞങ്ങൾക്കു കഴിയുന്നതുകൊണ്ടാണ് ജനങ്ങൾ അതിനെ അംഗീകരിക്കുന്നത്. ജനങ്ങളുടെ അംഗീകാരമില്ലാതെ എന്ത് നിലപാടെടുത്തിട്ടും ഒരു കാര്യവുമില്ല.

മൂന്നാറിലെ കാര്യത്തിൽ സി.പി.ഐയും റവന്യൂ മന്ത്രിയും സ്വീകരിച്ച നിലപാട് വ്യാഖ്യാനിച്ചാൽ സി.പി.ഐയും മന്ത്രിയും ജനങ്ങളുടെ കൂടെയും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും കൈയേറ്റക്കാരുടെ കൂടെയും എന്നൊരു ഇമേജ് സൃഷ്ടിക്കില്ലേ?
സി.പി.ഐയ്ക്ക് പ്രത്യേകമായിട്ട് മൂന്നാറിൽ ഒരു നിലപാടില്ല. സി.പി.ഐയ്ക്കും സി.പി.എമ്മിനും ഒറ്റ നിലപാടേ മൂന്നാറിലുള്ളൂ. അത് നിയമസഭയിൽ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്. കുടിയേറ്റക്കാരെയും കൈയേറ്റക്കാരെയും രണ്ടായി കാണണം. 1-1-1977നു മുമ്പുള്ള കുടിയേറ്റക്കാർക്കെല്ലാം പട്ടയം നൽകണം. അതിനു അനുവാദം കിട്ടിയെങ്കിലും ഞങ്ങളുടെ കഴിഞ്ഞ സർക്കാർ കെ.പി. രാജേന്ദ്രൻ റവന്യൂ മന്ത്രിയായിരിക്കുമ്പോൾ പട്ടയം കൊടുത്തു തുടങ്ങി. കഴിഞ്ഞ 5 വർഷക്കാലം ഒന്നും ചെയ്തില്ല. അതിന്റെ ഉത്തരവാദിത്തം ഞങ്ങൾക്കല്ല. ഈ സർക്കാർ വന്നപ്പോൾ പ്രകടന പത്രികയിൽ തന്നെ 1-1-77നു മുമ്പുള്ള എല്ലായാളുകൾക്കും പട്ടയം നൽകുമെന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. അതിനുള്ള നടപടിയാണ് ഞങ്ങൾ സ്വീകരിക്കുന്നത്. ഇത് എൽ.ഡി.എഫ് തീരുമാനമാണ്. അനധികൃതമായിട്ടുള്ള കൈയേറ്റങ്ങളെ ഒഴിപ്പിക്കുകയെന്നതാണ് എൽ.ഡി.എഫിന്റെ തീരുമാനം.

കൈയേറ്റം ഒഴിപ്പിക്കുന്നതിൽ വ്യത്യസ്ത നിലപാടില്ല?
ഒരു നിലപാടും ഇല്ല. വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ് അവസാന എൽ.ഡി.എഫ് യോഗവും തീരുമാനിച്ചത്.

കൈയേറ്റം ഒഴിപ്പിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിക്കു വത്യസ്ത നിലപാടുണ്ടോ? അവിടുത്തെ മന്ത്രിയുമായി ആലോചിക്കണം, കുരിശു തകർത്തത് ശരിയായില്ല. നിരോധനാജ്ഞ പ്രഖ്യാപിച്ചത് ശരിയായില്ലെന്നൊക്കെ അദ്ദേഹം പറഞ്ഞു?
നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള അധികാരങ്ങൾ മാത്രമേ ഉദ്യോഗസ്ഥന്മാർക്ക് എപ്പോഴും ഉപയോഗിക്കാൻ പറ്റുകയുള്ളൂ. അത് മാത്രമേ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഒക്കെ പാടുള്ളൂ. കൈയേറ്റം ഒഴിപ്പിക്കുന്നത് ലാൻഡ് കൺസർവൻസി ആക്ടിന്റെ അടിസ്ഥാനത്തിലാണ്. ആ ആക്ടിൽ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് റവന്യൂ അതോറിട്ടിയാണ്. ജില്ലയിലെ റവന്യൂ അതോറിട്ടി ജില്ലാ കളക്ടറാണ്. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും തീരുമാനിക്കേണ്ടത് ഗവൺമെന്റിന്റെ നയപരമായ കാര്യങ്ങളാണ്.

കളക്ടറും സബ് കളക്ടറും പൊതുഭരണ വകുപ്പിന്റെ കീഴിലാണോ?
പൊതുഭരണ വകുപ്പിന്റെ കീഴിലായതുകൊണ്ട് നിയമം പാലിക്കാതിരിക്കാൻ പറ്റുമോ? ആ നിയമത്തിന് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുസരിച്ചല്ല നടക്കുന്നതെങ്കിൽ വേറെ കോടതിയുണ്ട്. കോടതിയുടെ കാര്യം ഞാൻ ഓർമ്മിപ്പിക്കേണ്ടല്ലോ. നിയമത്തിനകത്ത് ഒരു പഴുതുമില്ലാതെ, ആ പഴുതുകൾ അടച്ചിട്ട് കൈയേറ്റം ഒഴിപ്പിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. 144ന്റെ കാര്യം - അതിനു നിയമമുണ്ട്. ജില്ലാ കളക്ടറുടെ സംതൃപ്തിക്കനുസരിച്ചു മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ. മറ്റാരുടെയും ഉപദേശം അനുസരിച്ച് ചെയ്യാൻ പറ്റില്ല. ഇതൊക്കെ നിയമമാണ്. നിയമമനുസരിച്ച് ഉദ്യോഗസ്ഥർ ചെയ്യുന്നതിനെ നമ്മൾ പ്രോത്സാഹിപ്പിക്കണം. നിയമം നടപ്പിലാക്കുന്നതിനെ എപ്പോഴും പ്രോത്സാഹിപ്പിക്കണം. നിയമവിരുദ്ധമായതിനെ പ്രോത്സാഹിപ്പിക്കാൻ പാടില്ല. അതാണ് ഞങ്ങളുടെ ഒരു നിലപാട്.

മൂന്നാറിൽ കുരിശു തകർത്തതിലൂടെ കൈയേറ്റമൊഴിപ്പിക്കുന്നതിന്റെ ഫോക്കസ് മാറുകയല്ലേ ചെയ്തത് ?
കേരളത്തിന്റെ ക്രൈസ്തവ സമൂഹം എന്നും മതനിരപേക്ഷതയ്ക്ക് വലിയ പ്രാധാന്യം നൽകുന്നവരാണ്. ഈ സംസ്ഥാനത്തെ ഒരു മതമേലദ്ധ്യക്ഷനും ആ നടപടി തെറ്റായിപ്പോയിയെന്നു പറഞ്ഞില്ലല്ലോ. മതചിഹ്നങ്ങൾ കൈയേറ്റത്തിന് ഉപയോഗിക്കാൻ പാടില്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രി വ്യത്യസ്ത നിലപാട് സ്വീകരിച്ചു? അതിൽ ഒരു ബുദ്ധിപരമായ സമീപനം പുലർത്തേണ്ടതായിരുന്നില്ലേ?
ബുദ്ധിപരമായ സമീപനം കേരളത്തിലെ മാധ്യമങ്ങൾ ആയിരുന്നു പുലർത്തേണ്ടത്. രാവിലെ മുതൽ ഇത് കാണിച്ച് മനുഷ്യന്റെ വികാരമിളക്കാനല്ലേ മാദ്ധ്യമങ്ങൾ ശ്രമിച്ചത്.

മാദ്ധ്യമങ്ങളാണോ പാലിക്കേണ്ടിയിരുന്നത്. അതോ അവരെ ക്ഷണിച്ച അധികാരികളായിരുന്നോ?
അതു വേറൊരു പ്രശ്നം. കാണിക്കേണ്ട ഔചിത്യവും മാദ്ധ്യമങ്ങൾ കാണിച്ചില്ല. എല്ലാവരും കൂടി ശ്രമിച്ചിട്ടും അതിന്റെ പേരിൽ ഒരു പ്രശ്നവുമുണ്ടായില്ലല്ലോ സുഹൃത്തേ.

മാദ്ധ്യമങ്ങൾ അതിനു ശ്രമിച്ചിട്ടില്ല. ജില്ലാ ഭരണകൂടമാണ് അവസരമൊരുക്കിയത്.
നിയമപരമായി ഈ കാര്യങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചപ്പോൾ ഈ കുരിശിന്റെ ഉടമയ്ക്ക് സ്വയം പൊളിച്ചു മാറ്റാൻ ഏഴുദിവസം കൊടുത്തതാണ്. 12 ദിവസം കഴിഞ്ഞിട്ടാണ് തീരുമാനിച്ചത്. കുരിശു പൊളിക്കുമ്പോൾ വ്യാകരണപ്പിശകല്ല നോക്കേണ്ടത്. അതിലെ നടപടിയെക്കുറിച്ചാണ് വേണ്ടത്.

കുരിശു പൊളിച്ചതിൽ യാതൊരു തെറ്റുമില്ലെന്നാണോ സി.പി.ഐയുടെ നിലപാട്?
ഒരു കുഴപ്പവുമില്ല. സുപ്രീംകോടതിയുടെ നിലപാടാണത്. സി.പി.ഐയുടേതാക്കേണ്ടതില്ല.

വി.എസ്.സർക്കാരിന്റെ കാലത്ത് കൈയേറ്റം ഒഴിപ്പിക്കൽ നിലച്ചത് സി.പി.ഐ ഓഫീസിന്റെ നേരെ ജെ.സി.ബി വന്നപ്പോഴാണ്? ഇന്ന് എസ്. രാജേന്ദ്രനു നേരെ വന്നപ്പോഴും?
അതൊരു തെറ്റായ ധാരണയാണ്. സി.പി.ഐയുടെ ഓഫീസിന് നാഷണൽ ഹൈവേയുമായുള്ള ബന്ധം വിച്ഛേദിച്ചു. അവിടെ ഞങ്ങൾ അതിനു പെർമിഷൻ എടുത്തിരുന്നില്ലെന്നതാണ് അന്നത്തെ കാര്യം. ഞങ്ങളൊന്നും പറഞ്ഞില്ലല്ലോ. അത് കഴിഞ്ഞ് എത്ര വർഷം അതുമായി കടന്നു. അതിനുശേഷവും ആയിരക്കണക്കിന് ഏക്കർ ഭൂമി അവിടെ ഒഴിപ്പിച്ചു. ഇതൊരു പ്രചാരണമാണ്. സി.പി.ഐയെ തൊട്ടപ്പോൾ പോയി. ഞങ്ങൾ കേസ് കൊടുത്തില്ല. ഒരു നടപടിക്കും പോയില്ല. ആ നടപടിയെ ഞങ്ങൾ തടസപ്പെടുത്തിയില്ല. ഞങ്ങളുടെ റവന്യൂമന്ത്രിയാണ്. ആ റവന്യൂ മന്ത്രി തന്നെയാണ് കൈയേറ്റം ഒഴിപ്പിക്കുകയും ഭൂമി ഏറ്റെടുക്കുകയും എല്ലാം ചെയ്തത്.

എസ്. രാജേന്ദ്രന്റേത് കൈയേറ്റമാണെന്ന് ജില്ലാ ഭരണകൂടവും അല്ലെന്ന് സി.പി.എം നേതൃത്വവും പറയുന്നു. റവന്യൂവകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐയുടെ നിലപാട് എന്താണ്?
പാർട്ടിയെന്ന നിലയിൽ ഓരോ കൈയേറ്റവും ശരിയോ തെറ്റോയെന്ന് ഞങ്ങൾ ചർച്ചചെയ്യാറില്ല. സ്വാഭാവികമായും നമ്മുടെ റവന്യൂ വകുപ്പിന്റെ കൈയിലാണ് ഭൂരേഖ. നിലവിലുള്ള റവന്യൂ റെക്കോർഡ്‌സിന്റെ അടിസ്ഥാനത്തിൽ അത് അദ്ദേഹത്തിന്റെ സ്വന്തം ഭൂമിയല്ലെന്ന് റവന്യൂ കണ്ടെത്തിയിട്ടുണ്ടെങ്കിൽ അതാണ് ശരിയെന്നാണ് എന്റെ അഭിപ്രായം.

സി.പി.ഐ കോൺഗ്രസിനോടടുക്കാൻ പോകുന്നു. മാണിഗ്രൂപ്പ് എൽ.ഡി.എഫിലേക്കു വരുന്നു എന്നൊക്കെ ഒരുപാട് വാർത്തകൾ കേൾക്കുന്നുണ്ട്. ഇതിൽ വല്ല കഥയുമുണ്ടോ?
കോൺഗ്രസിനോട് അടുക്കാത്ത ഏത് രാഷ്ട്രീയ പാർട്ടിയാണ് കേരളത്തിൽ ഉള്ളത്.

ദേശീയ തലത്തിലും, സംസ്ഥാന തലത്തിൽ ഒരു വിഭാഗവുമായിട്ടും സി.പി.എം അടുത്തിട്ടുണ്ട്.
അങ്ങനെയാണെങ്കിൽ കോൺഗ്രസിലെ വേറൊരു വിഭാഗവുമായി അടുത്തെന്ന് ഞങ്ങൾക്കു പറഞ്ഞുകൂടെ. ഞങ്ങൾ പറയുന്നില്ലല്ലോ. കേരളത്തിലെ കോൺഗ്രസ് ആന്റണി ഗ്രൂപ്പ് നായനാർ മന്ത്രിസഭയിലെ അംഗങ്ങളായിരുന്നില്ലേ അവർ. അതിനുശേഷം എത്രയോ സന്ദർഭങ്ങളിൽ. പശ്ചിമബംഗാളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആരുടെ കൂടെയാണ് മത്സരിച്ചത്.കോൺഗ്രസുമായി ചേർന്ന്. അപ്പോൾ കോൺഗ്രസിന് തൊട്ടുകൂടായ്കയുണ്ടോ? യു.പി.എ ഗവൺമെന്റിൽ ഞങ്ങൾ ഒരുമിച്ചു പിന്തുണച്ചത് ആരെയാണ്. ഡോ. മൻമോഹൻസിംഗിനെ. അന്നത്തെ സ്പീക്കർ ആരാണ്. സോമനാഥ് ചാറ്റർജി. ഇനിയും ചാരിത്ര്യ പ്രസംഗം വേണോ?

കേരളത്തിലും കോൺഗ്രസുമായി കൂടണമെന്ന കാഴ്ചപ്പാടുണ്ടോ?
ഞാൻ പറഞ്ഞില്ലല്ലോ. കോൺഗ്രസ് എന്നു പറയുമ്പോൾ എന്തോ തൊട്ടുകൂടാത്ത സാധനമാണ് എന്നു പറയുന്നവർ കോൺഗ്രസിനെ തൊട്ടിട്ടില്ലേ എന്നേ എന്റെ ചോദ്യമുള്ളൂ.

കോൺഗ്രസുമായി അടുക്കാമെന്ന് ഭീഷണിപ്പെടുത്തേണ്ടെന്ന സി.പി.എമ്മിന്റെ മുന്നറിയിപ്പാണോ മാണിഗ്രൂപ്പുമായി അവരുണ്ടാക്കിയ ചങ്ങാത്തം.?
മാണി ഗ്രൂപ്പ് ആരാണ്. മാണി ഗ്രൂപ്പ് ഒരു ജനാധിപത്യ പാർട്ടിയാണ്. ഞങ്ങൾ സി.പി.എമ്മും സി.പി.ഐയും ഇടതു ഐക്യത്തിനുവേണ്ടി നിൽക്കുന്നവരാണ്. ആ ഇടതു ഐക്യം വേണോ മാണി വേണോയെന്ന് ഓരോരുത്തർക്കും തീരുമാനിക്കാം. ഇടതു ഐക്യമാണ് വേണ്ടതെന്നാണ് ഞങ്ങളുടെ അഭിപ്രായം.

പന്ന്യൻ രവീന്ദ്രൻ സി.പി.ഐ സെക്രട്ടറിയായിരിക്കുമ്പോൾ മാണിഗ്രൂപ്പുമായി അടുക്കാനുള്ള ഒരു നീക്കം സി.പി.ഐയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലേ?
സി.പി.ഐ നേതാക്കന്മാർ ഇതേക്കുറിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ പാർട്ടി എക്സിക്യുട്ടീവ് കൂടിയപ്പോൾ അതിന്റെ ആവശ്യമില്ലെന്നു തീരുമാനിച്ചു. ആ തീരുമാനത്തിലാണ് ഞങ്ങൾ ഉറച്ചു നിൽക്കുന്നത്.

കോട്ടയം പോലെ യു.ഡി.എഫിന്റെ ശക്തിദുർഗമായ ഒരു സ്ഥലത്ത് ആ മുന്നണിയിലുണ്ടാകുന്ന അന്തഃച്ഛിദ്രം ഇടതുമുന്നണി മുതലെടുക്കുന്നതിൽ തെറ്റുണ്ടോ?
അങ്ങനെ സ്വീകരിക്കാൻ പാടില്ല. ആ മുന്നണിയിലെ ആഭ്യന്തര തർക്കങ്ങളുടെ പേരിൽ ശക്തരാവുകയല്ല വേണ്ടത്. നമ്മുടെ ജനസ്വാധീനം വർദ്ധിപ്പിച്ച് ശക്തരാവുകയാണ് വേണ്ടത്.

സി.പി.എമ്മും മാണിയും തമ്മിൽ ഒരു സഖ്യമുണ്ടാകുമെന്ന് സി.പി.ഐ പ്രതീക്ഷിക്കുന്നുണ്ടോ?
എനിക്കറിയില്ല. എൽ.ഡി.എഫ് മുന്നണിയിൽ ഒരു പുതിയ കക്ഷിയെ ചേർക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല. അതിന് അപേക്ഷ ക്ഷണിക്കാനും ആലോചിച്ചിട്ടില്ല.

മാണിയെ എൽ.ഡി.എഫിൽ കൊണ്ടുവരാനുള്ള ഏതു നീക്കത്തേയും സി.പി.ഐ എതിർക്കുമെന്ന നിലപാടാണോ?
ഞങ്ങൾക്ക് മാണിയോട് വ്യക്തിപരമായ ഒരു വിയോജിപ്പുമില്ല. മാണി എന്റെ നാട്ടുകാരനാണ്. എനിക്കു വളരെ സ്നേഹമുള്ള മനുഷ്യനാണ്. എൽ.ഡി.എഫ് എന്തിനാണ് മാണിയെ എതിർക്കുന്നത്. കഴിഞ്ഞ 5 വർഷത്തെ അഴിമതി ഭരണത്തിന്റെ പേരിലാണ്. കേരള നിയമസഭയിൽ മാദ്ധ്യമങ്ങൾ ആവർത്തിച്ചു കാണിക്കുന്ന സീനുണ്ടല്ലോ. ബഡ്ജറ്റ് അവതരണത്തിന്റെ. എന്തിനായിരുന്നു അത്. അദ്ദേഹത്തോട് വ്യക്തിപരമായ വല്ല വിരോധവും ഉണ്ടോ? മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനെയാണ് എതിർത്തത്. പ്രതിപക്ഷത്തുള്ളവർ അന്നു പറഞ്ഞത് ഉമ്മൻചാണ്ടി വേണമെങ്കിൽ അവതരിപ്പിച്ചോട്ടെയെന്നാണ്. ആ ഗവൺമെന്റിൽ അഴിമതിക്കാരനായ മാണി ബഡ്ജറ്റ് അവതരിപ്പിക്കാൻ പാടില്ല. അല്ലെങ്കിൽ ഉമ്മൻചാണ്ടിക്ക് ആരെയെങ്കിലും ചുമതലപ്പെടുത്താം. അതായിരുന്നില്ലേ എൽ.ഡി.എഫിന്റെ നിലപാട്. അത് ഇത്രവേഗം മറന്നുപോയോ? 11 മാസം മതിയോ. നമുക്ക് അതു മറക്കാമെങ്കിലും കേരളത്തിലെ ജനങ്ങൾക്കെല്ലാം അൽഷിമേഴ്‌സ് ബാധിച്ചിട്ടില്ല.

കഴിഞ്ഞ ഗവൺമെന്റിന്റെ അഴിമതി കണ്ടുപിടിക്കാൻ നിയോഗിച്ച സമിതിയുടെ സ്ഥിതി എന്തായി?
അന്വേഷണം വിശദമായി നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ പല നടപടികളും തെറ്റാണെന്നാണ് മനസിലായിട്ടുള്ളത്. അധികാരത്തിൽ കയറി പിറ്റേദിവസം ഇതെല്ലാം കൊണ്ടുവരാമെന്നു പറഞ്ഞിരുന്നില്ലല്ലോ. പരിശോധിച്ചേ ചെയ്യുകയുള്ളു.

സി.പി.ഐ ഭരണത്തിൽ പങ്കാളിയാണെങ്കിലും ഭരണത്തിൽ നടക്കുന്ന കാര്യങ്ങൾ സി.പി.ഐ അറിയുന്നില്ലേ? പൊലീസ് വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ?
ഞങ്ങൾ അതിൽ അഭിപ്രായം പറയേണ്ട കാര്യമില്ല. അതൊരു വകുപ്പിൽ നടക്കുന്ന കാര്യങ്ങളാണ്. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റമൊന്നും ഒരു രാഷ്ട്രീയ വിഷയമല്ല. മാനദണ്ഡങ്ങൾക്കു വിരുദ്ധമാകരുതെന്നേയുള്ളു. ദൈനംദിന
ഭരണത്തിന്റെ കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ ഇടപെടേണ്ട. അതിനാണ് ഞങ്ങൾ മന്ത്രിമാരെ അവിടെ വച്ചിരിക്കുന്നത്. അവർക്കു പരിശോധിക്കാം.

 സെൻകുമാറിന്റെ കാര്യത്തിലോ?
സുപ്രീംകോടതി വിധി നടപ്പിലാക്കിയ സർക്കാരാണിത്.

വ്യക്തതാ ഹർജി നൽകിയത് ശരിയായോ?
നീതിന്യായ വ്യവസ്ഥ നിലനിൽക്കുന്ന രാജ്യത്ത് നിയമപരമായ മാർഗം സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ്.

സർക്കാരിന്റെ പ്രതിച്ഛായക്കു മങ്ങലേൽപ്പിക്കുന്ന കാര്യങ്ങളെ സി.പി.ഐ ചോദ്യം ചെയ്യേണ്ടതില്ലേ?
സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ലെന്നാണ് ഞങ്ങളുടെ നിലപാട്. പക്ഷേ അത് പരസ്യവിമർശനത്തിന് വേദിയൊരുക്കി വീണ്ടും മങ്ങലേൽപ്പിക്കണമെന്ന നിലപാടുമില്ല.

ഒരുതവണ മങ്ങലേറ്റാൽ മതിയെന്നാണോ?
നടപടികൾ മങ്ങലേൽപ്പിക്കുന്നുണ്ടെങ്കിൽ അത് പരിശോധിക്കണം. തിരുത്തണം.

മുഖ്യമന്ത്രി ഭരണത്തലവനാണെങ്കിലും മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമുണ്ട്. പക്ഷേ സി.പി.ഐ മന്ത്രിമാർ മുഖ്യമന്ത്രി പറയുന്നത് അക്ഷരം പ്രതി കേട്ടുകൊണ്ടിരിക്കുകയല്ലാതെ ഒന്നും പറയാറില്ലെന്ന വിമർശനമുണ്ട്.
കൗമുദിയിൽ നിന്ന് കാബിനറ്റിൽ ഒരംഗമുണ്ടെന്നത് എന്റെ പുതിയ അറിവാണ്.

സി.പി.ഐ മന്ത്രിമാരുടെ പ്രവർത്തനത്തെക്കുറിച്ച് എന്താണ് അഭിപ്രായം.
ഞങ്ങൾ വിലയിരുത്തുന്നുണ്ട്. അവരുടേത് മെച്ചപ്പെട്ട പ്രവർത്തനമാണ്. കുറച്ചുകൂടി മെച്ചപ്പെടുത്തണമെന്ന അഭിപ്രായമുണ്ട്. ഒരു വർഷത്തിനുശേഷം, ഓരോ വകുപ്പിലെയും പ്രവർത്തനങ്ങൾ വിലയിരുത്തി. അടുത്ത ഒരു വർഷത്തെ കാര്യങ്ങളും ചർച്ച ചെയ്യും.

 ഭക്ഷ്യമന്ത്രിയുടെ പ്രവർത്തനം മോശമാണെന്ന വിമർശനം സജീവമാണ്?
ഏത് കോണിൽ നിന്നാണ് വരുന്നത്

റേഷൻ കാർഡ്.
ഞങ്ങൾ തുടങ്ങിയതല്ല. ഭക്ഷ്യഭദ്രതാ നിയമത്തിലും അത് ഫലപ്രദമായി വിതരണം ചെയ്യാനാണ് നോക്കുന്നത്. ധനാഭ്യർത്ഥന ചർച്ചയിൽ എന്ത് വിമർശനമാണുണ്ടായത്.

 പൊതുവിപണിയിലെ വിലക്കയറ്റം?
ജയ അരിക്കാണ് വിലക്കയറ്റം ഉണ്ടായത്. കേന്ദ്രം വിഹിതം വെട്ടിക്കുറച്ചാൽ ഞങ്ങൾ എന്തു ചെയ്യും. സിവിൽ സപ്ളൈസ് കോർപറേഷൻ അരിക്കട തുടങ്ങി പ്രശ്നം പരിഹരിച്ചു. പൊതുവിപണിയിൽ ഫലപ്രദമായി ഇടപെടാൻ ഈ ഗവൺമെന്റിന് കഴിയുന്നുണ്ട്. റേഷൻകാർഡുകൾ വിതരണം ചെയ്താലും കുറച്ചു കുഴപ്പം കാണും. അത് പരിഹരിക്കും.

ഇടതുമുന്നണി വികസിപ്പിക്കുമോ?
ഇപ്പോൾ ആലോചിച്ചിട്ടില്ല. വികസിപ്പിക്കാൻ ആവശ്യമായിട്ടുള്ള സഹായികളായ കക്ഷികൾ ഇപ്പോൾ ഞങ്ങളോടൊപ്പമുണ്ട്. എൽ.ഡി.എഫിലെ മുന്നണിയിൽ പങ്കാളികളായിട്ടുള്ള കക്ഷികളേക്കാൾ ഞങ്ങളെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സഹായിച്ചവർ ഒക്കെയുണ്ട്. അവരിൽ നിയമസഭാംഗങ്ങളുള്ള പാർട്ടികളുമുണ്ട്.

അവർക്കൊക്കെ പ്രാതിനിദ്ധ്യം കൊടുക്കണമെന്നുണ്ടോ? ഉദാഹരണത്തിന് ബാലകൃഷ്ണപിള്ള?
ഞങ്ങൾ ആലോചിച്ചിട്ടില്ല.

സി.പി.എമ്മിലെ ഒരു വിഭാഗത്തിന് ലീഗുമായി സഹകരിക്കണമെന്ന ചിന്തയുണ്ടെന്ന് വർത്തമാനമുണ്ട്.
അതൊക്കെ ചില ആഗ്രഹങ്ങളാണ്. ഞങ്ങൾ ഭൂരിപക്ഷ വർഗീതയെ എതിർത്താണ് മലപ്പുറത്ത് മത്സരിച്ചത്. കുഞ്ഞാലിക്കുട്ടിയുമായി സൗഹൃദ മത്സരമാണെന്ന് പറഞ്ഞു. മാദ്ധ്യമ വിശാരദൻമാർ പറയുന്നത് ശരിയല്ലെന്ന് അവിടെ തെളിഞ്ഞില്ലേ. കുഞ്ഞാലിക്കുട്ടിക്ക് ഇ. അഹമ്മദിന്റെ ഭൂരിപക്ഷം കിട്ടിയോ. ഞങ്ങൾക്കു 8 ശതമാനം വോട്ട് കൂടുതൽ കിട്ടി. ഞങ്ങൾ മനുഷ്യനെ ഏകീകരിക്കാനാണ് ശ്രമിച്ചത്. അത് തെളിയിക്കുന്നത് കുഞ്ഞാലിക്കുട്ടിയുമായിട്ട് കൂട്ടുകൂടാനല്ല.

ലീഗ് വർഗീയ പാർട്ടിയാണെന്ന കാര്യത്തിൽ അഭിപ്രായ വ്യതാസമില്ല.
ഞങ്ങൾ തുറന്നു പറഞ്ഞല്ലോ.

ബി.ജെ.പിക്കെതിരായ വിശാല മതേതര സഖ്യത്തിൽ കേരളത്തിൽ നിന്ന് ആരെയെങ്കിലും ഉൾപ്പെടുത്തണമെന്നുണ്ടോ?
സഖ്യം രാഷ്ട്രീയ കക്ഷികളുടെ അടിസ്ഥാനത്തിലല്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചരിത്രപരമായി ഒരു മതേതരത്വ പാർട്ടിയാണെന്നാണ് സങ്കല്പം. എന്നാൽ ആ പാർട്ടിയിൽ നിന്നവർ ഇപ്പോൾ ഉടുപ്പ് മാറുന്നതുപോലെയാണ് ബി.ജെ.പിയിലേക്കു പോകുന്നത്. ആ പാർട്ടിയിലെയല്ല മതനിരപേക്ഷ ശക്തികൾ എന്ന് ഞങ്ങൾ ഉദ്ദേശിക്കുന്നത്. പുരോഗമന ശക്തികൾ എന്നാൽ സി.പി.എമ്മും സി.പി.ഐയും മാത്രമാണോ ഇടതുപക്ഷം എന്നു പറഞ്ഞാൽ സി.പി.എമ്മും സി.പി.ഐയും മാത്രമാണോ. സ്വാതന്ത്ര്യ സമരകാലം മുതൽ അതുമായി ബന്ധപ്പെട്ട വിശാല ധാരയുണ്ട്. കമ്മ്യൂണിസ്റ്റായി കൊള്ളണമെന്നില്ല. സോഷ്യലിസ്റ്റാകാം. മറ്റേതെങ്കിലും തീവ്ര ഇടതുപക്ഷ നിലപാട് സ്വീകരിക്കുന്നവരാകാം. ആ ഇടതു മനസുകളെയും മതേതരത്വത്തിൽ വിശ്വാസമുള്ള ജനങ്ങളേയും ജനാധിപത്യ വാദികളേയും പുരോഗമന വാദികളേയും ഒരുമിപ്പിക്കുന്ന പൊതു പ്ളാറ്റ്‌ഫോമെന്നാണ് ഞങ്ങൾ അതിനെക്കുറിച്ച് പറയുന്നത്.

ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസ് ഇല്ലാത്ത സഖ്യമാണോ?
ബി.ജെ.പിയെ എതിർക്കാൻ ഒരു രാഷ്ട്രീയ ലൈനിനെക്കുറിച്ച് ആലോചിക്കുന്നത് ഒരു തിരഞ്ഞെടുപ്പ് വരുമ്പോഴാണ്. എല്ലാക്കാലവും തിരഞ്ഞെടുപ്പ് സഖ്യവും മനസിൽ വച്ച് ജീവിക്കാൻ പറ്റില്ല. ഇപ്പോഴത്തെ ആവശ്യം ഈ സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ സമരം ചെയ്യാൻ കഴിയുന്ന ഒരു പൊതുവേദി വളർത്തിയെടുക്കുകയെന്നാണ്.

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം മഹിജ പ്രശ്നം, മൂന്നാർ, സെൻകുമാർ, നക്സൽ വർഗീസ് തുടങ്ങി ഒട്ടേറെ വിവാദങ്ങൾ. ഇത് ഇടതു സർക്കാരിന് ഭൂഷണമാണോ?
സർക്കാർ വിവാദങ്ങൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാകാൻ പാടില്ല.

മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയെക്കുറിച്ച് സി.പി.ഐയ്ക്ക് അഭിപ്രായ വ്യത്യാസമുണ്ടോ?
ഇല്ല. അദ്ദേഹം സഹമന്ത്രിമാരെയെല്ലാം സഹകരിപ്പിച്ച് കാബിനറ്റിൽ പൊതുവായ തീരുമാനങ്ങളെടുത്ത് എൽ.ഡി.എഫിന്റെ നയം നടപ്പിലാക്കാനായി മുന്നോട്ടുപോകുന്ന ഒരു മുഖ്യമന്ത്രിയാണ് എന്നുതന്നെയാണ് ഞങ്ങളുടെ അഭിപ്രായം.

മാവോയിസത്തിന്റെയും കമ്മ്യൂണിസത്തിന്റേയും പ്രസക്തി നഷ്ടമായെന്നും കമ്മ്യൂണിസ്റ്റുകാർ പുത്തൻ അധികാരിവർഗത്തെയാണ് സൃഷ്ടിച്ചതെന്നും കെ. വേണു പറയുകയുണ്ടായി.?
വേണുച്ചേട്ടൻ പറയുന്ന അഭിപ്രായങ്ങളിൽ കുറച്ചൊക്കെ സത്യമുണ്ട്. ഇല്ലെന്നു പറയാൻ പറ്റില്ല. അത് ഇന്ത്യൻ പശ്ചാത്തലത്തിലല്ല ഞാൻ കാണുന്നത്. സോവിയറ്റ് യൂണിയനിലെ ചർച്ചയെ തുടർന്ന് ഈ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോൾ പൗരനും പാർട്ടി നേതാക്കന്മാരും രണ്ടു തട്ടിലാണെന്ന വിമർശനമാണ് അവിടെ ജനങ്ങൾക്കിടയിൽ ഏറ്റവും ശക്തമായത്. ഏതെങ്കിലും ഒരു ഗവൺമെന്റിനെ ഉദ്ദേശിച്ചായിരിക്കുകയില്ല അദ്ദേഹം അങ്ങനെ പറഞ്ഞത്. അത് ഒരു താത്വികമായ തലത്തിൽ ചർച്ചചെയ്യപ്പെടേണ്ടതും പരിഹാരം കാണേണ്ടതുമായ ഒരു വിഷയമാണ്.

കേരളത്തിലും പാർട്ടി പ്രാദേശിക നേതാക്കൻമാർ പുതിയ അധികാരികളായി മാറിയില്ലേ?
വിഷയങ്ങളെ ഊതിവീർപ്പിക്കുകയാണ്. കേരളത്തിൽ അങ്ങനെയൊരിക്കലും ഉണ്ടായിട്ടില്ല. അതിനുള്ള സാദ്ധ്യതയുമില്ല. കേരളത്തിലെ പൊതുപ്രവർത്തകർ മറ്റുള്ളിടത്തേക്കാളും വേറൊരു മാനത്തിലാണ് പ്രവർത്തിക്കുന്നത്. കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരാണ്. അവർക്ക് ഈ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും. അതുകൊണ്ട് സുതാര്യമായിരിക്കണം പൊതുപ്രവർത്തനം എന്ന് നിർബന്ധമുള്ള പാർട്ടിയാണ് ഞങ്ങളുടേത്. സോവിയറ്റ് യൂണിയനിൽ അധികാരിവർഗം ഉണ്ടായിയെന്നു പറയുന്നതുപോലെ കേരളത്തിൽ ഒരധികാരിവർഗമുണ്ടായിയെന്നു പറയുന്നത് വിഷയത്തെ ലളിതവത്കരിക്കുകയാണ്. വേണുച്ചേട്ടൻ പറഞ്ഞ കാര്യം അതുപോലെയുള്ള സാഹചര്യത്തിലാണ് പ്രസക്തമാകുന്നത്. നക്സൽബാരിയെന്നു പറഞ്ഞാൽ കമ്മ്യൂണിസത്തിന് വിപ്ളവം പോരെന്നു പറഞ്ഞ് മാവോയിസത്തിന്റെ പാതയിൽ അപഥ സഞ്ചാരം നടത്തിയവരാണ്.

അവരുടെ മാർഗം തെറ്റായിപ്പോയി.
മാർഗം തെറ്റാണെന്നാണ് അന്നും ഇന്നും ഞങ്ങളുടെ അഭിപ്രായം. പക്ഷേ അവരുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം.

അവരുടെ മാർഗം തെറ്റി. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ലക്ഷ്യം ഇപ്പോഴും അകലെയല്ലേ?
ലക്ഷ്യം എപ്പോഴും അകലെയാണ്. ലക്ഷ്യത്തിലെത്തിച്ചേരാൻ കഴിയുമെന്ന പ്രതീക്ഷയാണല്ലോ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ