Thursday, 25 May 2017 12.25 PM IST
കൊൽക്കത്തയെ അനായാസം മറികടന്ന് മുംബയ് ഫൈനലിൽ
May 19, 2017, 11:09 pm
ബംഗളൂരു: ഐ.പി.എല്ലിലെ നിർണായക ക്വാളിഫയർ-2 മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ, 6 വിക്കറ്റിന് കീഴടക്കി മുംബയ് ഇന്ത്യൻസ് പത്താം സീസണിന്റെ ഫൈനലിൽ കടന്നു. കൊൽക്കത്ത മുന്നോട്ടുവച്ച 108 റൺസ് വിജയലക്ഷ്യം, 33 പന്തുകൾ ബാക്കി നിൽക്കെ, നാല് വിക്കറ്റ് നഷ്ടത്തിൽ മുംബയ് മറികടന്നു. 30 പന്തിൽ 45 റൺസെടുത്ത് പുറത്താകാതെ നിന്ന ക്രുണൽ പാണ്ഡെയാണ് മുംബയെ വിജയ തീരത്തെത്തിച്ചത്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ മുബയ് ഇന്ത്യൻസ്, പൂനെ സൂപ്പർ ജയിന്റ്സിനെ നേരിടും. സ്കോർ: കൊൽക്കത്ത 107, മുംബയ് 111/4.

ചെറിയ വിജയലക്ഷ്യം പിന്തുടർന്ന മുംബയുടെ തുടക്കം അത്ര കേമമായില്ല. സ്കോർ 11ൽ നിൽക്കെ 6 പന്തിൽ മൂന്ന് റൺസ് നേടിയ ഓപ്പണർ ലിൻഡൽ സിമ്മൺസിന്റെ വിക്കറ്റ് നഷ്ടമായി. തുടർന്ന് ക്രീസിലെത്തിയ അമ്പാട്ടി റായിഡു (11 പന്തിൽ 6) പതിവിന് വിപരീതമായി ഇഴഞ്ഞുനീങ്ങി. പാർഥിവ് പട്ടേൽ (9 പന്തിൽ 14) ആവേശത്തോടെ ബാറ്റ് വീശിയെങ്കിലും നീണ്ടുനിന്നില്ല. തുടർന്ന് ക്യാപ്റ്റന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രോഹിത് ശർമ നാലാം വിക്കറ്റിൽ ക്രുണൽ പാണ്ഡെയുമായി കൂട്ടിച്ചേർത്ത 54 റൺസാണ്, മുംബയുടെ വിജയത്തിന് വഴിവെട്ടിയത്. 30 പന്തിൽ 45 റൺസെടുത്ത് പുറത്താകാതെ നിന്ന ക്രുണൽ പാണ്ഡെയുടെ പ്രകടനവും മുംബയുടെ വിജയത്തിൽ നിർണായകമായി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത, 18.5 ഓവറിൽ 107 റൺസിന് എല്ലാവരും പുറത്തായി. നാല് ഓവറിൽ 16 റൺസ് വഴങ്ങി നാല് മുൻനിര വിക്കറ്റുകൾ വീഴ്‌ത്തിയ കരൺ ശർമയും, മൂന്ന് ഓവറിൽ വെറും ഏഴ് റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടിയ ജസ്‌പ്രീത് ബുംറയുമാണ് കൊൽക്കത്തയുടെ ബാറ്റിംഗ് നിരയെ കെട്ടുകെട്ടിച്ചത്. സൂര്യകുമാർ യാദവിന്റെയും (25 പന്തിൽ 31), ഇഷങ്ക് ജാഗിയുടെയും (31 പന്തിൽ 28) കൂട്ടുകെട്ടാണ് കൊൽക്കത്തയുടെ സ്കോർ നൂറ് കടത്തിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ