Thursday, 25 May 2017 12.32 PM IST
പീഡിപ്പിച്ചയാളുടെ ജനനേന്ദ്രിയം പെൺകുട്ടി മുറിച്ചു, അമ്മ കസ്‌റ്റഡിയിൽ
May 20, 2017, 10:39 am
തിരുവനന്തപുരം: ഏഴു കൊല്ലമായി തന്നെ പീഡിപ്പിച്ച് വരുന്ന കൊല്ലം പന്മന ആശ്രമത്തിലെ 54 കാരനായ അന്തേവാസിയുടെ ജനനേന്ദ്രിയം സഹികെട്ട് പെൺകുട്ടി മുറിച്ചുമാറ്റി. തിരുവനന്തപുരം പേട്ടയ്ക്കടുത്ത് അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ കൊല്ലത്തെ പന്മന ആശ്രമത്തിലെ അന്തേവാസിയായ ശ്രീഹരി എന്ന ഗംഗേശാനന്ദ തീർത്ഥപാദർ സ്വാമിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ എറണാകുളം കോലഞ്ചേരി സ്വദേശിയാണ്.

23 കാരിയായ നിയമവിദ്യാർത്ഥിനിയെയാണ് ഇയാൾ നിരന്തരം പീഡിപ്പിച്ച് വന്നത്. മറ്രുമാർഗ്ഗമില്ലാതെ പെൺകുട്ടി അത് ചെയ്യുകയായിരുന്നു. സ്വാമിക്കെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ആശുപത്രിയിൽ ഇയാളെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കി. ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു ഇയാളെ ആശുപത്രിയിലെത്തിച്ചത്. തുന്നിച്ചേർക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ജനനേന്ദ്രിയമെങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സർജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തിൽ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി മുറിച്ചുമാറ്റിയ ജനനേന്ദ്രിയം തുന്നിച്ചേർത്തു.

കൊല്ലം പന്മന ആശ്രമത്തിലെ തിരുവനന്തപുരം സെന്ററിലെ അന്തേവാസിയായ ഗംഗേശാനന്ദ തീർത്ഥപാദർ കഴിഞ്ഞ ഏഴ് വർഷമായി പെൺകുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. പക്ഷാഘാതം ബാധിച്ച് ശരീരം തളർന്നു കിടക്കുന്ന പെൺകുട്ടിയുടെ അച്ഛന്റെ രോഗത്തിനുള്ള ചികിത്സയ്ക്കും പൂജയ്ക്കുമായാണ് ഇയാൾ ഇവിടെയെത്തുന്നത്. മാസത്തിൽ പകുതിയിൽ കൂടുതൽ ദിവസവും ഇയാൾ വീട്ടിലെത്താറുണ്ട്. പൂജകൾക്കായെത്തിയ ഇയാൾ പെൺകുട്ടിയുടെ അമ്മയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. എന്നാൽ, ഈ അടുപ്പം മുതലെടുത്ത് ഇയാൾ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു, താൻ പ്ലസ് ടുവിന് പഠിക്കുമ്പോൾ മുതൽ ഇയാൾ തന്നെ ഉപദ്രവിക്കുന്നുണ്ടെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. പതിനാറു വയസിൽ തുടങ്ങിയ പീഡനം പലപ്പോഴും അമ്മയെ അറിയിച്ചെങ്കിലും അമ്മ കാര്യമായി എടുത്തിട്ടില്ലെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. തുടർന്ന് പെൺകുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിൽ ഇത്തരമൊരു സംഭവം ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്.


സഹികെട്ട് ചെയ്യേണ്ടിവന്നു
ഇയാൾ ഇന്നലെ രാത്രി വീട്ടിലെത്തുമെന്നറിഞ്ഞ പെൺകുട്ടി നേരത്തെ തന്നെ കത്തി കൈയിൽ കരുതി വച്ചിരുന്നു. രാത്രി 12.40തോടെ ഉപദ്രവിക്കാനെത്തിയപ്പോൾ നിൽക്കള്ളിയില്ലാതെ പെൺകുട്ടി അയാളുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. കൃത്യം നടത്തിയതിനുശേഷം പെൺകുട്ടി തന്നെയാണ് പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചതെന്നാണ് പേട്ട സി.ഐ പറയുന്നത്. സംഭവം നടക്കുമ്പോൾ പെൺകുട്ടിയുടെ അമ്മയും ശരീരം തളർന്നു കിടക്കുന്ന അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. പേട്ട പൊലീസാണ് പെൺകുട്ടിയുടെ വീട്ടിലെത്തി ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന സ്വാമിയെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെ ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അഞ്ചാം വാർഡിലേക്ക് മാറ്റി. പൊലീസ് നിരീക്ഷണത്തിലാണ് ഇയാൾ ആശുപത്രിയിൽ കഴിയുന്നത്. ഇയാൾ അപകട നില തരണം ചെയ്തിട്ടുണ്ട്. പെൺകുട്ടിക്കെതിരെ ഇതുവരെ കേസൊന്നും പൊലീസ് രജിസ്റ്റർ ചെയ്തിട്ടില്ല. സ്വയരക്ഷയ്ക്കായി ചെയ്ത കൃത്യമായതിനാൽ അതിന്റെ ആനുകൂല്യം പെൺകുട്ടിക്ക് ലഭിക്കും.

അമ്മ കസ്റ്റഡിയിൽ
വർഷങ്ങളായി പെൺകുട്ടിയെ പീഡിപ്പിക്കാൻ സ്വാമിക്ക് കൂട്ടുനിന്നുവെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അമ്മയെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം പന്മന ആശ്രമത്തിലെ തിരുവനന്തപുരം സെന്ററിലെ അന്തേവാസിയായ ഗംഗേശാനന്ദ് തീർത്ഥപാദർ സ്വന്തം മകളെ പീഡിപ്പിക്കാൻ അവസരമൊരുക്കികൊടുത്ത കുറ്രത്തിനാണ് പോക്‌സോ നിയമപ്രകാരം ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പക്ഷാഘാതം ബാധിച്ച് ശരീരം തളർന്നു കിടക്കുന്ന പെൺകുട്ടിയുടെ അച്ഛന്റെ രോഗത്തിനുള്ള ചികിത്സയ്ക്കും പൂജയ്ക്കുമായി വീട്ടിലെത്തിയ സ്വാമി അമ്മയുമായി അടുപ്പം സ്ഥാപിക്കുകയുമായിരുന്നു . ശേഷം ഇയാൾ മകളെ പീഡിപ്പിക്കാൻ തുടങ്ങിയപ്പോൾ പലപ്രാവശ്യം താൻ അമ്മയോട് ഇതിനെക്കുറിച്ച് പരാതിപ്പെട്ടെങ്കിലും അമ്മയും സ്വാമിക്കു കൂട്ടുനിൽക്കുകയായിരുന്നുവെന്ന പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അമ്മയെ കസ്റ്റഡിയിലെടുത്തത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ