Tuesday, 21 November 2017 9.48 AM IST
ഇത് എപ്പടിയിറുക്ക്
May 28, 2017, 10:30 am
വി.എസ്.രാജേഷ്
ചെന്നൈയിലെ പ്രശസ്തമായ ഒരു ഹോട്ടലിന്റെ ലോബി. സംവിധായകൻ ഐ.വി ശശി അവിടെ നിൽക്കുമ്പോൾ പെട്ടെന്ന് ചെറിയൊരു ബഹളം. ആളുകൾ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നീങ്ങുന്നു. സൂപ്പർസ്റ്റാർ രജനികാന്ത് വരുന്നതായി ആരോ പറഞ്ഞു. ഒരുകാലത്ത് ദക്ഷിണേന്ത്യ അടക്കി വാണ ആ സംവിധായകന് അന്ന് തിരക്കുകൾ കുറഞ്ഞ കാലമായിരുന്നു. രജനി കാണാതിരിക്കുന്നെങ്കിൽ അങ്ങനെയായിക്കോട്ടേഎന്ന ചിന്തയിൽ ശ്രദ്ധയിൽപ്പെടാത്ത ഒരു ഭാഗത്തായി അദ്ദേഹം മാറി നിന്നു. പരിവാരങ്ങളോടൊപ്പം രജനി കയറിവരുന്നു... അദ്ദേഹത്തിന്റെ നോട്ടം ദൂരെയൊരു സ്ഥലത്ത് ഒതുങ്ങിനിൽക്കുന്ന ഐ.വി ശശിയിൽ പതിഞ്ഞു. സൂപ്പർതാരം അങ്ങോട്ടേക്കു വച്ചുപിടിച്ചു. ''എന്നാ ശശി സാർ. സൗഖ്യമോയെന്ന് ചോദിച്ച് ഐ.വി ശശിയെ ആലിംഗനം ചെയ്തു. വിശേഷങ്ങൾ ഒക്കെ ചോദിച്ചു. തന്നെ'അലാവുദ്ദീനും അത്ഭുതവിളക്കും' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അവതരിപ്പിക്കുകയും,സൂപ്പർ നായകനാക്കി തമിഴിലും തെലുങ്കിലും 'കാളി' എന്ന ചിത്രമെടുത്തതുമൊന്നും രജനി മറന്നിരുന്നില്ല. ശശിയുടെ കണ്ണുകൾ നിറഞ്ഞുവെന്ന് പറയേണ്ടതില്ലല്ലോ. രജനികാന്ത് എന്ന സൂപ്പർതാരം അങ്ങനെയാണ്. വന്ന വഴിയും വളർന്ന ലോകവും മറക്കാത്തയാൾ. സിമ്പിൾ മനുഷ്യൻ. അഭിനയം സിനിമയിൽ മാത്രം. ഇന്നും അംബാസഡർ കാറിലാണ് ഇന്ത്യയിൽ ഏറ്റവും പ്രതിഫലം പറ്റുന്ന ഈ നടന്റെ സഞ്ചാരം. എം.ജി.ആറിനെപ്പോലെ തമിഴ്മനം രജനിയെയും സ്‌നേഹിക്കുന്നത് ഈ മനുഷ്യന്റെ സ്‌നേഹം നിറഞ്ഞ ഉള്ളറിയാവുന്നതിനാലാണ്. രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങിയാൽ തമിഴ്ജനത അദ്ദേഹത്തോടൊപ്പം പോകുമെന്ന് സംശയിക്കേണ്ട കാര്യമില്ലാത്തതും അതിനാലാണ്.

'സ്റ്റാൻഡിംഗ് ഓൺ ആൻ ആപ്പിൾ കാർട്ട് ' എന്ന തന്റെ പുസ്തകത്തിൽ മകൾ ഐശ്വര്യാ രജനികാന്ത് ധനുഷ് അപ്പായെ(അപ്പായെന്നാണ് മകൾ രജനിയെ വിളിക്കുന്നത്)ക്കുറിച്ച് എഴുതിയിരിക്കുന്ന ചില കാര്യങ്ങൾ അതൊന്നുകൂടി വ്യക്തമാക്കും. അറിയപ്പെടുന്ന ഒരു താരത്തിന്റെ അല്ലെങ്കിൽ സെലിബ്രിറ്റിയുടെ മകൾ ആകുമ്പോൾ നിങ്ങൾക്കു സ്വകാര്യത നഷ്ടപ്പെടുമോ? മറ്റുള്ളവരിൽ നിന്ന് എത്ര വ്യത്യസ്തമായിരിക്കും നിങ്ങളുടെ ജീവിതം? ഒരു സാധാരണ ജീവിതം നിങ്ങൾക്ക് അന്യമാകുന്നുണ്ടോ? കുട്ടിക്കാലം മുതൽക്കേ ഈ ചോദ്യം ഞാൻ അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. അന്നും ഇന്നും എനിക്കൊരു ഉത്തരമേയുള്ളൂ. എന്റേതൊരു സാധാരണ ജീവിതമാണ്. സത്യമെന്താണെന്നു വച്ചാൽ തന്റെ താരമഹിമയും ജോലിയും വീടിന്റെ വാതിൽപ്പടിക്കു പുറത്തുവച്ചിട്ടേ അപ്പാ അകത്തേക്കു കയറുകയുള്ളു. വീട്ടിൽ അദ്ദേഹം ഞങ്ങളുടെ അപ്പാ മാത്രമാണ്. ഒരിക്കലും ഒരു സെലിബ്രിറ്റി കുട്ടിയാണെന്ന ചിന്ത എന്റെ മനസിൽ കടന്നുകൂടിയിട്ടില്ല. ഒരു സൂപ്പർസ്റ്റാറിന്റെ മകളായിരിക്കുകയെങ്ങനെയാണെന്ന് ചോദിക്കുന്നവരുമുണ്ട്. എന്റെ അപ്പാ വീട്ടിലൊരിക്കലും ഒരു സൂപ്പർ സ്റ്റാറിനെപ്പോലെ പെരുമാറിയിട്ടില്ല. ഒരിടത്തും അദ്ദേഹം അങ്ങനെ പെരുമാറാറില്ല. തന്റെ സിനിമകളിലല്ലാതെ. അപ്പായ്ക്ക് ഞങ്ങൾ (ഞാനും അനുജത്തി സൗന്ദര്യയും) എന്നും പ്രിയപ്പെട്ട കുഞ്ഞുങ്ങൾ മാത്രമാണ്. അപ്പായുടെ താരപ്പകിട്ട് കുടുംബജീവിതത്തിലേക്കു കടന്നുവരാതിരിക്കാൻ അമ്മ (ലത) എന്നും ശ്രദ്ധിച്ചിരുന്നു. അപ്പാ വളരെ വിനയാന്വിതനായ ഒരു മനുഷ്യനാണ്. പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെടുമ്പോഴും താരങ്ങൾ പൊതുവെ തങ്ങളുടെ ഗ്ലാമർ നിലനിറുത്താൻ ശ്രമിക്കാറുണ്ട്. പക്ഷേ അപ്പാ ഒരിക്കലും അതിനു മുതിർന്നിട്ടില്ല. ജീവിതം സിനിമയല്ലെന്നും ഗ്ലാമർ സിനിമയിലെ കഥാപാത്രങ്ങൾക്കു മാത്രമേയുള്ളുവെന്നും അപ്പാ എപ്പോഴും പറയും.

ആഡംബര കാറുകൾ ഞങ്ങൾക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. (അപ്പാ ഇപ്പോഴും ഉപയോഗിക്കാറില്ല). മുന്തിയ ബാഗുകളോ, വസ്ത്രങ്ങളോ വാങ്ങിയിരുന്നില്ല. മദ്രാസിലെ (ഇപ്പോൾ ചെന്നൈ)യും ബാംഗ്ലൂരിലെയും ലോക്കൽ കടകളിൽ മിഡിൽ ക്ലാസ് കുട്ടികളെ പോലെയായിരുന്നു ഞങ്ങൾ ഷോപ്പിംഗ് നടത്തിയിരുന്നത്. പോക്കറ്റ് മണിയെന്നാൽ എന്തെന്നുപോലും പഠിക്കുന്ന കാലത്ത് എനിക്കറിയില്ലായിരുന്നു. ഒരിക്കലും അത് കിട്ടിയിരുന്നുമില്ല. എന്തെങ്കിലും പണം തന്നിരുന്നെങ്കിൽ അതും ചെറിയ തോതിൽ, അപൂർവമായി ദീപാവലി പോലുള്ള ഫെസ്റ്റിവൽ വേളകളിൽ മാത്രമായിരുന്നു. ഞങ്ങളെ ആരും അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. അതിന് അപ്പായ്ക്ക് നന്ദി പറയണം. ഞങ്ങളുടെ ചിത്രങ്ങൾ, പ്രത്യേകിച്ചും കുടുംബചിത്രം ഞങ്ങൾ വലിയകുട്ടികളാകുന്നതുവരെ അപ്പാ പുറത്ത് നൽകിയിരുന്നില്ല. അമ്പലങ്ങളിലും ബീച്ചിലുമൊക്കെ അതുകൊണ്ട് മറ്റുള്ളവരെപ്പോലെ പോകാൻ ഞങ്ങൾക്ക് ഒരു പ്രയാസവുമുണ്ടായിരുന്നില്ല.

ഒരു സംഭവം പറയാം. അപ്പാ പോളിയോയ്‌ക്കെതിരായ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഇതേക്കുറിച്ച് ചില അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.പോളിയോ നിർമാർജ്ജന കാമ്പെയിനെ അദ്ദേഹം പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അതിനൊരു അജ്ഞാതമായ കാരണം ഉണ്ടാകുമെന്നായിരുന്നു അത്. രജനികാന്തിന്റെ രണ്ട് പെൺമക്കളിൽ ഒരാൾ പോളിയോ ബാധിതയാണെന്ന തരത്തിലേക്ക് ആ പ്രചാരണം നീണ്ടു. അപ്പായുടെ അടുത്ത സുഹൃത്തുക്കളിൽ ചിലർ വല്ലപ്പോഴുമൊക്കെ വീട്ടിൽ വരുമായിരുന്നു. ഒരിക്കൽ അങ്ങനെ വന്നവരുടെ കൂട്ടത്തിലെ ഒരു സ്ത്രീ വളരെ ആശ്ചര്യപ്പെട്ട് ഞങ്ങളെ രണ്ടുപേരെയും കാണാൻ താത്പര്യപ്പെട്ടു. അതിഥികൾ വരുമ്പോൾ അവർക്ക് മുന്നിൽ കുട്ടികൾ കേമത്തമെന്ന പോലെ പാടുകയുമൊക്കെ ചെയ്യുന്ന പതിവ് അന്നുമുണ്ട്. പക്ഷേ പാട്ട് പാടിയിട്ടും അവർ തൃപ്തരായില്ല. അച്ഛനെപ്പോലെ നൃത്തം ചെയ്തു കൂടെയെന്നായി അടുത്ത ചോദ്യം. ഞങ്ങൾ ഭയങ്കര മിടുക്കികളാണെന്ന ധാരണയിൽ നൃത്തവും ചെയ്തു. യഥാർത്ഥത്തിൽ ഞങ്ങൾക്ക് പോളിയോയുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു അവർ. ഞങ്ങൾക്ക് സംസാരിക്കാനോ, നടക്കാനോ പ്രയാസമുണ്ടോയെന്നൊക്കെ അവർ നോക്കുന്നുണ്ടായിരുന്നു.

കുട്ടികൾ എന്ന നിലയിൽ ലഭിക്കേണ്ട ആനന്ദം ഞങ്ങൾക്ക് ഒരിക്കലും നഷ്ടമാകരുതെന്നും തന്റെ താരമഹിമ അതിനൊരു തടസമാകരുതെന്നും അപ്പാ എന്നും ശ്രദ്ധിച്ചിരുന്നു. സെലിബ്രിറ്റി കുട്ടികൾ ഒരുപാട് സമ്മർദ്ദങ്ങൾ നേരിടേണ്ടിവരുമെന്ന് ഇപ്പോൾ എന്റെ കുട്ടികളുടെ കാര്യത്തിൽ ഞാൻ മനസിലാക്കുന്നുണ്ട്. സെലിബ്രിറ്റി മാതാപിതാക്കളും മുത്തച്ഛനുമൊക്കെയാകുമ്പോൾ ആ താരപരിവേഷത്തിന്റെ നിഴൽ എന്റെ കുട്ടികളിൽ പതിക്കാതിരിക്കാൻ ഞാൻ വളരെ പാടുപെട്ടും ശ്രദ്ധിക്കുന്നുണ്ട്. ഒരിക്കൽ അപ്പാ വളരെ ഗൗരവത്തോടെ എന്തൊക്കെയോ പേപ്പറുകൾ വായിക്കുകയായിരുന്നു. ആ മുറിയിൽ വച്ചിട്ടുള്ള പെഡസ്റ്റൽ ഫാൻ എന്റെ കൗതുകങ്ങളിലൊന്നായിരുന്നു. ഫാനിന്റെ ബ്‌ളേഡുകൾ തടഞ്ഞുനിറുത്താനുള്ള താത്പര്യത്തോടെ ഞാൻ കൈകൾ അതിനകത്തേക്കു കൊണ്ടുപോയി. പെട്ടെന്ന് അപ്പാ അതു കാണുകയും തന്റെ സിനിമകളിലെ സൂപ്പർതാരത്തെപ്പോലെ ഓടിവന്ന് എന്നെ കോരിയെടുക്കുകയും ചെയ്തു. അപ്പാ എന്നെ വഴക്കും പറഞ്ഞു. അപ്പായെ ദേഷ്യപ്പെട്ട് കണ്ടിട്ടില്ലാത്തതിനാൽ ഞാൻ അന്ന് ശരിക്കും കരഞ്ഞു. എന്നെ വഴക്കുപറഞ്ഞതിൽ അപ്പായ്ക്ക് വലിയ വിഷമമായിരുന്നു. ഞാൻ അതൊക്കെ അന്നേ മറന്നിരുന്നു. എന്നാൽ പിൽക്കാലത്ത് ഒരു സിനിമയിൽ അതേ രംഗം അനുകരിക്കാൻ അപ്പ എന്റെ അനുവാദം ചോദിച്ചു. അതിന്റെയൊന്നും ആവശ്യം അദ്ദേഹത്തിനില്ല. എന്നാൽ ഞങ്ങളുടെ ചെറിയ കാര്യങ്ങളിൽ പോലും അത്ര ശ്രദ്ധാലുവായിരുന്നു അപ്പ. എന്നെ വഴക്കു പറഞ്ഞതിലുള്ള വിഷമം അദ്ദേഹം അപ്പോഴും പറഞ്ഞു. ചില മാറ്റം വരുത്തലുകളോടെ ആ രംഗം 'അണ്ണാമലൈ' എന്ന ചിത്രത്തിൽ വന്നു. അപ്പായുടെ ഉള്ളിലെ സൂപ്പർ ഫാദറാണ് ആ രംഗം അവിസ്മരണീയമാക്കിയതെന്ന് എനിക്കു തോന്നുന്നു. അതാണ് അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനായ സൂപ്പർ താരമാക്കിയതും.

അപ്പായുടെ ആത്മീയതയെക്കുറിച്ച് എല്ലാവരും പറയാറുണ്ടല്ലോ. എന്നും കുളി കഴിഞ്ഞ് അപ്പാ നെറ്റിയിൽ വിഭൂതി ചാർത്തും. മൂന്നു വരകൾ പോലെ. അപ്പായുടെ ജ്യേഷ്ഠനുമൊക്കെ ഇട്ടതിനാൽ അതനുകരിച്ചതാകുമെന്നാണ് ഞാൻ കരുതിയിരുന്നത്. ഒരിക്കൽ അതേക്കുറിച്ച് ഞാൻ ചോദിച്ചു. അദ്ദേഹം വിശദമായി പറഞ്ഞു. ബംഗളുരുവിലെ പ്രാന്തപ്രദേശമായ ഗവിപുരത്തെ ഗവൺമെന്റ് സ്‌കൂളിലാണ് അപ്പാ പ്രൈമറിക്കു പഠിച്ചിരുന്നത്. അതൊരു ക്ഷേത്ര നഗരമായിരുന്നു. ഗവി ഗംഗദീശ്വര ക്ഷേത്രം പ്രസിദ്ധമായിരുന്നു. അപ്പായും അയൽക്കാരനും കൂട്ടുകാരനുമായ തിമ്മപ്പയും ഒരുമിച്ചാണ് സ്‌കൂളിൽ പോയിരുന്നത്. പോകുന്ന വഴിക്ക് ഇരുവരും അമ്പലത്തിൽ കയറി പ്രസാദം വാങ്ങും. സ്‌കൂളില്ലെങ്കിലും ആ പതിവ് മുടക്കിയിരുന്നില്ല. അമ്പലത്തിന്റെ പിറകിൽ വലിയൊരു കുന്നുണ്ടായിരുന്നു. അപ്പായ്ക്ക് അവിടെ പോകണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു. പക്ഷേ തിമ്മപ്പ സമ്മതിക്കുമായിരുന്നില്ല. ഒരിക്കൽ സ്‌കൂളിൽ നിന്ന് വരുമ്പോൾ കുന്നിന്റെ മുകളിൽ ഒരു കാവിവസ്ത്രം കാറ്റിലാടുന്നത് അപ്പാ കണ്ടു. കയറിനോക്കാമെന്ന് പറഞ്ഞെങ്കിലും പതിവുപോലെ തിമ്മപ്പ സമ്മതിച്ചില്ല. അദൃശ്യമായതെന്തോ അപ്പായെ ആ കുന്നിലേക്ക് ആകർഷിക്കുന്നതായി തോന്നി. ആ പതിനൊന്നു വയസുകാരനെ പഠിത്തത്തിൽ ശ്രദ്ധിക്കാൻ പോലും കഴിയാതെ ആ ചിന്ത അലട്ടാൻ തുടങ്ങി. ഒരു ദിവസം പനി കാരണം തിമ്മപ്പ വന്നില്ല. അപ്പാ അന്ന് ഒറ്റയ്ക്കാണ് പോയത്.സ്‌കൂളിൽ എത്താറാകുമ്പോഴേക്കും മഴ വന്നു. കുട്ടികൾ ക്ലാസ് മുറികളിലേക്കു പോയെങ്കിലും ബാഗ് അവിടെ ഉപേക്ഷിച്ച് അപ്പാ ആ കുന്നുകയറി. മഴ പെയ്തതിനാൽ ചെളിയൊക്കെയായി ദുഷ്‌കരമായിരുന്നു ആ യാത്ര. പക്ഷേ തികഞ്ഞ നിശ്ചയദാർഢ്യത്തോടെ അപ്പാ കുന്നു കയറി. കുന്നിൻ മുകളിൽ അഞ്ച് വൃക്ഷങ്ങളുണ്ടായിരുന്നു. ഒരു വൃക്ഷച്ചുവട്ടിൽ ശാന്തസ്വരൂപനായ ഒരു കാവിവസ്ത്രധാരി ഇരുന്നിരുന്നു. ഇരുവശങ്ങളിലും കാവിയുടുത്ത രണ്ട് യുവ സന്യാസിമാരും. അവർ അപ്പായെ കാത്തിരിക്കുകയാണെന്ന് അപ്പായ്ക്കു തോന്നി. വൃദ്ധസന്യാസിയുടെ മുഖത്തെ തേജസ് മഴയിലും തിളങ്ങി. അത്യപൂർവമായ ഒരു ഊർജ്ജം അവരിൽ നിന്ന് അപ്പായിലേക്ക് പ്രവേശിച്ചതുപോലെ തോന്നി. ഒരു കാന്തം വലിച്ചടുപ്പിക്കുന്നതുപോലെ. ആ സന്യാസി അപ്പായോട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ''ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നുവെന്ന്. നീ വരാൻ കുറേ സമയം എടുത്തുവെന്നു മാത്രം.'' ഒന്നും പറയാനാകാതെ അപ്പാ നിന്നു. ഒരു കപ്പിൽ നിന്ന് വിഭൂതിയെടുത്ത് അപ്പായുടെ നെറ്റിയിലുടനീളം പുരട്ടി. ഉള്ളിൽ ഒരു പ്രകമ്പനം അനുഭവപ്പെടുന്നതായി അപ്പായ്ക്ക് തോന്നി. തിരിഞ്ഞുനോക്കാതെ മടങ്ങിപ്പോകാൻ ആ സന്യാസി പറഞ്ഞു. കുന്നിറങ്ങുമ്പോൾ ആത്മീയചിന്തയുടെ അഭൗമമായ ഒരു പ്രകാശം ഉള്ളിൽ നിറഞ്ഞതായി അപ്പായ്ക്ക് അനുഭവപ്പെട്ടു. അതിനുശേഷം ഒരിക്കലും അപ്പാ വിഭൂതി ചാർത്താതിരുന്നിട്ടില്ല.

ഇന്ത്യയിലെ നല്ലൊരു പങ്ക് സ്ത്രീകളും ഭർത്താവിനെ അവരുടെ ദൈവമായും യജമാനനുമായിട്ടുമാണ് കാണുന്നത്. എന്നാൽ എന്റെ അമ്മയെ സംബന്ധിച്ചിടത്തോളം തിരുപ്പതി വെങ്കിടേശ്വര ഭഗവാനാണ് എല്ലാം. അതുകഴിഞ്ഞ് തൊട്ടടുത്തു തന്നെ അപ്പായും അമ്മയുടെ മനസിലുണ്ട്. അപ്പായും അമ്മയും കണ്ടുമുട്ടിയതും വിവാഹിതരാവാൻ തീരുമാനിച്ചതും സിനിമയെ വെല്ലുന്ന കഥയാണ്.

പണ്ടൊരിക്കൽ ചെന്നൈയിലെ എത്തിരാജ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിനു പഠിച്ചിരുന്ന മദ്ധ്യവർഗ കുടുംബത്തിൽ പെട്ട ഒരു പെൺകുട്ടിയുണ്ടായിരുന്നു. പേര് ലത. തന്റെ പ്രായത്തിലുള്ള മറ്റു പെൺകുട്ടികളെപ്പോലെയായിരുന്നില്ല അവൾ. സാമൂഹിക പ്രവർത്തനങ്ങൾക്കായി ജീവിതം സമർപ്പിക്കണമെന്നായിരുന്നു ആ പെൺകുട്ടിയുടെ ഏറ്റവും വലിയ മോഹം. സംഗീതത്തോടായിരുന്നു മറ്റൊരു താത്പര്യം. വിവാഹം തനിക്കു പറ്റിയൊരു ഏർപ്പാടല്ലെന്ന് അവൾ വിശ്വസിച്ചു. ഏതൊരു മാതാപിതാക്കളെയും പോലെ അവളുടെ അച്ഛനമ്മമാരെ അത് ദുഃഖിപ്പിക്കാതിരുന്നില്ല. എന്നാൽ അവൾ സന്തുഷ്ടയായിരുന്നു. പക്ഷേ വിധി മറ്റൊന്നാണ് അവൾക്കായി കാത്തുവച്ചിരുന്നത്.

ഒരു ദിവസം അവളുടെ ചേച്ചി നിർബന്ധിച്ച് വീടിനടുത്തുള്ള തിയേറ്ററിൽ കൊണ്ടുപോയി. സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട ഡാർക്ക് ഹീറോ അവളുടെ മനസിൽ അസ്വസ്ഥത പടർത്തി. അതൊരു വിടാത്ത ചിന്തയായി. അങ്ങനെയിരിക്കുമ്പോഴാണ് മാഗസിനുവേണ്ടി ഒരു നടനെ ഇന്റർവ്യൂ ചെയ്യാൻ കോളേജിൽ നിന്ന് ആവശ്യപ്പെടുന്നത്. അവളുടെ മൂത്ത ചേച്ചിയുടെ ഭർത്താവ് സിനിമാരംഗവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നയാളായിരുന്നു. നിയോഗം പോലെ അവളുടെ മനസിനെ അസ്വസ്ഥനാക്കിയ ആ നായകനെയാണ് ഇന്റർവ്യൂ ചെയ്യേണ്ടിവന്നത്. പേര് രജനികാന്ത്.ആ അഭിമുഖത്തിനിടെ ഇരുവർക്കുമിടയിൽ ഒരു ആത്മബന്ധം ഉടലെടുത്തു. ഉന്നത മൂല്യങ്ങൾ പുലർത്തുന്ന ആ സിമ്പിൾ കോളേജ് ഗേളിനു മുന്നിൽ സൂപ്പർ ഹീറോ മൂക്കും കുത്തി വീണു. ആദ്യ കാഴ്ചയിൽ അഭിമുഖത്തിനിടെ അദ്ദേഹം പെൺകുട്ടിയോട് പറഞ്ഞു (ചോദിക്കുകയല്ല) ''ഞാൻ നിന്നെ കല്യാണം കഴിക്കാം.' ആരാധനാമൂർത്തിക്കു മുന്നിൽ എല്ലാം സമർപ്പിക്കുന്ന ഭക്തയെപ്പോലെ അവൾ സമ്മതം മൂളി. ആ നാടോടിക്കഥയുടെ അന്ത്യം അങ്ങനെയായിരുന്നു. വീട്ടുകാർ സമ്മതിച്ചു. തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ ട്രസ്റ്റികളിലൊരാളായിരുന്നു അന്ന് ആ നായകൻ. എൻ.ടി. രാമറാവു മുഖ്യമന്ത്രിയായിരിക്കുമ്പോഴായിരുന്നു ഇത്. ഒരിക്കലും ആ പദവി അദ്ദേഹം ദുരുപയോഗം ചെയ്തിരുന്നില്ല. മറ്റേതൊരു ഭക്തന്റെയും പരിഗണന മതി തനിക്കെന്ന വിശ്വാസക്കാരായിരുന്നു ആ വരനും വധുവും. ശ്രീകോവിലിനുള്ളിൽ വച്ച് വരൻ വധുവിനെ താലിചാർത്തി. മറ്റു ഭക്തർക്കു തടസമാകാതിരിക്കാൻ വലിയ ചടങ്ങുകൾ ഇല്ലായിരുന്നു. വെങ്കിടേശ്വര ഭഗവാന്റെ വിഗ്രഹത്തിനു ഏറ്റവും അടുത്ത് നടന്ന ഏക വിവാഹമായിരുന്നു അത്.

എനിക്കു 18 വയസായപ്പോഴുള്ള കഥ കൂടി പറഞ്ഞു നിറുത്താം. പതിനെട്ടാകുകയെന്നു പറഞ്ഞാൽ സ്വാതന്ത്ര്യത്തിലേക്കു ചിറകു വച്ച് പറക്കുകയെന്നാണല്ലോ. ജനുവരി ഒന്നിനാണ് എന്റെ പിറന്നാൾ. അത്തവണ ന്യൂ ഈയർ ഈവിലെ ഡിസ്‌ക്കോനൈറ്റിൽ പോകണമെന്ന ആഗ്രഹം ഞാൻ അപ്പായോടു പറഞ്ഞു. 'പിന്നെന്ത് കണ്ണാ'യെന്ന് അച്ഛൻ സമ്മതിച്ചപ്പോൾ ഞാൻ കെട്ടിപ്പിടിച്ച് മുത്തം കൊടുത്തു. കണ്ണാ ഞാൻ നിന്നെ കൊണ്ടുപോകുമെന്ന അടുത്ത വാക്ക് കേട്ടപ്പോൾ ചിരിക്കണോ കരയണോയെന്നായി ഞാൻ. അപ്പാ കൂടി വന്നാൽ ഞാനാഗ്രഹിക്കുന്ന തരത്തിൽ അടിച്ചുപൊളിക്കുക എളുപ്പമായിരിക്കില്ലെന്ന ചിന്തയായിരുന്നു. അങ്ങനെ ന്യൂ ഇയർ ഈവായി. വൈകുന്നേരം തൊട്ടേ ഞാൻ ഒരുങ്ങിനിന്നു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വന്നു. പക്ഷേ, അപ്പയെ കാണാനില്ല. കാത്തിരുന്ന് ഞാൻ മുഷിഞ്ഞു. രാത്രി പതിനൊന്നര മണിയായപ്പോൾ അപ്പാ വന്നു. ആഹ്ളാദവതിയായി ഞാൻ.എട്ടു കാറുകളിലായി ഞങ്ങൾ പോയി. രജനികാന്ത് വന്ന വിവരം കാട്ടുതീപോലെ പടർന്നു. ഞങ്ങൾ സുരക്ഷിതമായ ഒരു വലയത്തിലായിരുന്നു. അവിസ്മരണീയമായ നൃത്തവും സംഗീതവും. 12 മണിയായപ്പോൾ അപ്പാ എനിക്ക് പിറന്നാൾ ആശംസയോടെ ഉമ്മ നൽകി. വലിയ ബഹളങ്ങൾക്കിടയിലും അപ്പായുടെ ആ ആശ്‌ളേഷം എന്നെ സന്തോഷവതിയാക്കി. അപ്പോൾ അപ്പാ പറഞ്ഞു നമുക്ക് തിരികെ പോകാം. ആകെ 15 മിനിട്ടേയായിരുന്നുള്ളു. തിരക്ക് അനിയന്ത്രിതമായിരുന്നു. എനിക്കു നിരാശയായി. അമ്മയും നിർബന്ധിച്ചു. അങ്ങനെ എന്റെ പതിനെട്ടാം പിറന്നാൾ ആഘോഷം 15 മിനിട്ടിൽ ഒതുങ്ങി. അന്ന് നിരാശ തോന്നിയെങ്കിലും ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് തോന്നുന്നത് അതായിരുന്നു എന്റെ ഏറ്റവും ത്രില്ലിംഗായ പിറന്നാൾ ആഘോഷമെന്നാണ്.

നിനൈത്താലേ ഇനിക്കും(ഓർമ്മിച്ചാൽ മധുരിക്കും)എന്ന കെ.ബാലചന്ദർ ചിത്രത്തിൽ എം.എസ്.വിശ്വനാഥൻ പാടിയ ശിവശംഭോ എന്ന പാട്ടും സിഗരറ്റും ചുണ്ടിലൂടെയൊഴുക്കിയ നടൻ. സിഗരറ്റ് കൈകൊണ്ട് തട്ടി ചുണ്ടിലെത്തിക്കുന്ന രജനിെ്രസ്രെൽ അന്ന് വലിയ പ്രചാരം നേടിയിരുന്നു. ഭാരതീരാജയുടെ 16 വയതിനെയിൽ 'ഇത് എപ്പടിയിറുക്ക് 'എന്ന ഡയലോഗ് എപ്പോഴും ഉരുവിടുന്ന വില്ലൻ.രജനി എന്ന നടൻ അവിടെ നിന്ന് ലോകം മുഴുവൻ ആരാധകരുള്ള താരമായി വളർന്നു. രാഷ്ട്രീയത്തിലാകാം ഇനി കളി ആരാധകർക്ക് ആവേശവും രാഷ്ട്രീയപാർട്ടികൾക്ക് ആശങ്കയുമായി ' ഇത് എപ്പടിയിറുക്ക് 'എന്ന രജനി ഡയലോഗിനാണ് ജനം കാത്തിരിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.