ദുരൂഹതയൊഴിയാത്ത പറക്കും തളികളുടെ ഹിമാലയൻ താഴ്‌വര
June 1, 2017, 12:29 am
പറക്കും തളികൾ അഥവാ യു.എഫ്.ഒ(അൺ ഐഡന്റിഫൈഡ് ഫ്ലൈയിംഗ് ഒബ്‌ജക്‌റ്റ്)കളും അന്യഗ്രഹ ജീവികളും മനുഷ്യന് മുന്നിൽ എന്നും ചുരുളഴിയാത്ത രഹസ്യങ്ങളിലൊന്നാണ്. എന്നാൽ പറക്കും തളികകളുടെ ആവാസ കേന്ദ്രമെന്ന് അറിയപ്പെടുന്ന ഹിമാലയൻ താഴ്‌വരയിലെ കോംഗ്‌ക ലാ പാസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ഇന്ത്യ ചൈന അതിർത്തിയിലെ ലഡാക്കിലുള്ള ഒരു പ്രദേശമാണ് കോംഗ്‌ക ലാ പാസ്. 1962ൽ ഇന്ത്യ-ചൈന യുദ്ധം നടന്ന ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ചൈന അവകാശവാദം ഉയർത്തുന്ന ഈ പ്രദേശത്ത് പറക്കും തളികകളെ കണ്ടതായി നിരവധി പേർ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഇരു സർക്കാറുകളും ഇതുവരെയും തയ്യാറായിട്ടില്ല. പ്രദേശത്തെ സമാധാനം നിലനിർത്താൻ വേണ്ടിയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായ വിവരമുണ്ടായിട്ടും വെളിപ്പെടുത്താൻ തയ്യാറാകാത്തതെന്നാണ് യു.എഫ്.ഒകളെക്കുറിച്ച് പഠിക്കുന്ന സംഘങ്ങൾ ആരോപിക്കുന്നത്.

2004ൽ ഭൂമിശാസ്ത്രജ്ഞനായ അനിൽ കുൽക്കർണിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ചില പരീക്ഷണങ്ങൾക്കായി ഇവിടെത്തിയിരുന്നു. പരീക്ഷണങ്ങൾ കാമറയിൽ ഷൂട്ട് ചെയ്യുന്നതിനിടെ മലകൾക്കിടയിൽ റോബോട്ട് പോലുള്ള നാല് അടി ഉയരത്തിലുള്ള ഒരു വസ്‌തു ഇവരുടെ ശ്രദ്ധയിൽ പെട്ടു. എന്നാൽ കുറച്ചു നേരത്തിനകം ഇത് അപ്രത്യക്ഷമാകുകയും ചെയ്‌തു. കൂടാതെ മേഖലയിൽ പെട്രോളിംഗ് നടത്തുന്ന ഇൻഡോ ടിബറ്റൻ പൊലീസിലെ സംഘാഗങ്ങൾ നൂറിലേറെ തവണ യു.എഫ്.ഒകളെ കണ്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഒരിക്കൽ കൈലാസ പർവ്വതത്തിലേക്ക് പോവുകയായിരുന്ന ഒരു സംഘം ഹിന്ദു തീർത്ഥാടകർ ആകാശത്ത് അസാധാരണമായ ഒരു വെളിച്ചം കാണുകയുണ്ടായി. എന്നാൽ കൂടെയുണ്ടായിരുന്ന നാട്ടുകാരനായിരുന്ന ഗൈഡ് ഇത്തരം സംഭവങ്ങൾ ഇവിടെ സാധാരണമാണെന്നാണ് വിശദീകരണം നൽകിയത്. ഇതിൽ തൃപ്‌തരാകാതിരുന്ന തീർത്ഥാടകർ സംഗതി പരിശോധിക്കാൻ തീരുമാനിച്ചെങ്കിലും ഇരു രാജ്യങ്ങളിലെയും അതിർത്തി സംരക്ഷണ സേന അനുമതി നൽകിയില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ഈ വർഷം ജനുവരിയിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി ലോകത്തെ പല സ്ഥലങ്ങളിലും യു.എഫ്.ഒകളെ കണ്ടതിനെക്കുറിച്ച് കുറേ രേഖകൾ പുറത്തുവിട്ടിരുന്നു. ഇതിൽ ഇന്ത്യയിലെയും നേപ്പാളിലെയും ഭൂട്ടാനിലെയും എട്ട് സ്ഥലങ്ങളിൽ 1968ൽ പറക്കും തളികകളുടെ സാന്നിധ്യം കണ്ടെത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നു.

ഇതിനെല്ലാം പുറമെ ഗൂഗിൾ എർത്ത് അടുത്തിടെ പുറത്തിറക്കിയ ചില ചിത്രങ്ങളിൽ ഈ മേഖലയിൽ യു.എഫ്.ഒ ബെയ്സുകളിലേക്കുള്ള പ്രവേശന കവാടവും ഉൾപ്പെട്ടിട്ടുണ്ടെന്ന് വാദിക്കുന്നവരുണ്ട്. സ്‌നോ സാഡിൽ എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രദേശത്ത് അനുഗ്രഹ ജീവികൾ ജീവിക്കുന്നുണ്ടെന്നും ചിലർ വിശ്വാസിക്കുന്നുണ്ട്.

എന്നാൽ ഇതെല്ലാം കെട്ടുകഥകൾ മാത്രമാണെന്നും സുരക്ഷാ കാരണങ്ങളാലാണ് കോംഗ്‌ക ലാ പാസിലേക്ക് പൊതുജനങ്ങളുടെ പ്രവേശനം വിലക്കിയിരിക്കുന്നതെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്. അതേസമയം,ഇന്ത്യയിൽ യു.എഫ്.ഒകളെ കണ്ടതായുള്ള റിപ്പോർട്ടുകൾ വിരളമാണ്. എന്നാലും അനുഗ്രഹ ജീവികളെയും പറക്കും തളികകളെയും നിഷേധിക്കുന്നവരുടെ മുന്നിൽ പോലും ഇതൊക്കെ ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.

ഇന്ത്യയിലെ യു.എഫ്.ഒകളെ കണ്ടതിനെപ്പറ്റി ഒരു ദേശീയമാദ്ധ്യമം പുറത്തിറക്കിയ വീഡിയോയും ഇതിനൊപ്പം ചേർക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.