വേഷപ്പകർച്ച
June 4, 2017, 9:18 am
ഭാസി പാങ്ങിൽ
എന്നും പച്ച തേച്ചു നിൽക്കുന്ന, ഭാരതീയ കലകളുടേയും കേരളത്തിന്റെയും സൗന്ദര്യമുദ്ര! കലാമണ്ഡലം ഗോപിയെ കാലം ഇങ്ങനെ വാഴ്ത്തുന്നു. നളചരിതത്തിലെ നളനായാലും കർണശപഥത്തിലെ കർണനായാലും പച്ചവേഷങ്ങളിൽ ഗോപിയാശാനോട് കിടപിടിക്കാൻ മറ്റൊരു പച്ചവേഷമുണ്ടായില്ല. ആ ഹരിതാഭമായ കലാജീവിതം ആറരപതിറ്റാണ്ട് പിന്നിടുമ്പോൾ ഗോപിയാശാൻ എൺപതുവയസിന്റെ പച്ചപ്പിലാണ്. തൃശൂരിൽ ആഘോഷങ്ങളുടെ കേളികൊട്ട് ഉയർന്നുകഴിഞ്ഞു. ഓരോ മലയാളിക്കും കാതോർത്താൽ തൊട്ടടുത്ത് ആ അരങ്ങുകേളി കേൾക്കാം.

എൺപതാം പിറന്നാൾ വേളയിൽ എന്തു തോന്നുന്നു എന്നാണ് ചോദ്യമെങ്കിൽ ഗോപിയാശാൻ നറുചിരിയോടെ പറയും, മനസിന് അന്നും ഇന്നും ഒരു വ്യത്യാസവുമില്ല, പ്രവൃത്തിക്ക് മാത്രമേ മാറ്റമുണ്ടായിട്ടുള്ളൂ. പതിനഞ്ചുവയസിലാണ് അരങ്ങിലെത്തിയത്. പ്രായത്തെക്കുറിച്ച് ചോദിക്കുമ്പോൾ മനസിന് പതിനഞ്ച് വയസിനേക്കാൾ പിന്നോട്ട് പോവാനാണ് ഇഷ്ടം, ഗോപിയാശാന്റെ ദീപ്തമായ കണ്ണുകൾ ഒന്നു പ്രകാശിച്ചു.

''ഇന്നും ഓരോ വേദിയും ഊർജ്ജം നിറയ്ക്കും. എന്നും ഓരോ കളിക്ക് മുമ്പും ഗുരുനാഥൻമാരയും ഗുരുവായൂരപ്പനെയും ഓർക്കും. എന്തു ക്ഷീണമുണ്ടെങ്കിൽ പോലും കയറി കഴിയുമ്പോഴേക്കും അതു മറക്കും. സദസിൽ നിറയെ ആളുകളുണ്ടെങ്കിൽ അതു തന്നെ ഒരു സന്തോഷമാണ്. അപ്പോൾ നിറഞ്ഞാടാൻ കഴിയും. അപ്പോൾ തോന്നുന്ന ഉന്മേഷത്തിന് പകരം മറ്റൊന്നുമില്ല. നളചരിതമാണ് കൂടുതൽ ചെയ്തത്.''

ആരും തന്നെ കലാകാരൻമാരല്ലാത്ത കുടുംബത്തിൽ നിന്നായിരുന്നു കലയുടെ വലിയ ലോകത്തേക്കുള്ള ഗോപിയാശാന്റെ ചുവടുവയ്പ്പ്.

''അച്ഛൻ മനയ്ക്കലെ കാര്യസ്ഥനായിരുന്നു. തുള്ളലിലായിരുന്നു ആദ്യപഠനം. അവിടെ പഠിക്കുമ്പോഴായിരുന്നു കൂടല്ലൂർ മനയ്ക്കൽ കഥകളി പഠിപ്പിക്കുന്ന കാര്യമറിഞ്ഞത്. ഗുരു, മനയ്ക്കലെ പരിചയക്കാരനായ ഒരു വാര്യരെക്കൊണ്ട് അന്വേഷിപ്പിച്ചു. അങ്ങനെയാണ് ഞാനും ഗുരുവും അച്ഛനും മനയ്ക്കലെത്തുന്നത്. അവിടെ അച്ഛൻ തമ്പുരാനെ കണ്ടപ്പോൾ എന്നെ അവിടെ നിർത്താൻ പറഞ്ഞു. അങ്ങനെ പഠനം, താമസം, ഭക്ഷണം എല്ലാം അവിടെയായി. പഠിക്കണ കാലത്തെ ഓർമ്മകൾ ഒന്നും മായാതെ ഇന്നുമുണ്ട്. അന്ന് ബ്രാഹ്മണസമുദായക്കാരുടെ ഇല്ലങ്ങളിൽ നായന്മാർക്ക് പ്രവേശനമില്ലാത്ത കാലമാണ്. ഞാൻ ചെല്ലുമ്പോൾ രാമകൃഷ്ണൻ, ബാലകൃഷ്ണൻ എന്നീ കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്. അവർ നായർ സമുദായത്തിൽപ്പെട്ടവരാണ്. പഠനം കഴിഞ്ഞ് പിന്നെ കളിയാണ്, കുട്ടികളാണല്ലോ എല്ലാവരും. അപ്പോൾ സഹപാഠികൾ ഓർമ്മിപ്പിക്കും, അകത്തേക്കൊന്നും പോകരുത്, തമ്പുരാന് ഇഷ്ടമാവില്ല. അതുകേട്ട, തമ്പുരാൻ എന്നോട് പറഞ്ഞു, ഗോപിക്ക് അകത്തേക്ക് കടക്കാം. ഇങ്ങനെയുള്ള പ്രീതി പലരിൽ നിന്നായി കിട്ടിയിട്ടുണ്ട്. എന്താണതെന്ന നിശ്ചയമില്ല്യ...'' കുട്ടിക്കാലത്തേക്ക് മനസുകൊണ്ട് യാത്ര ചെയ്തു ആ സാർവഭൗമൻ.

പഠിക്കുമ്പോൾ കയ്‌പ്പേറിയ സമ്മാനം ഇടയ്ക്ക് കിട്ടും. നല്ല ചുട്ട അടി, വേദന സഹിക്കാൻ കഴിയാതെ നിന്ന എത്രയോ സന്ദർഭങ്ങൾ. ഒരിക്കൽ ഒരു സംഭവമുണ്ടായി. കിർമ്മീര വധത്തിലെ കൃഷ്ണന്റെ ചൊല്ലിയാട്ടം നടക്കുകയാണ്. അന്ന് എന്തോ തെറ്റിന് വില്ലെടുത്ത് ആശാൻ പൊതിരെ തല്ലി. അവിടെ എത്തിയിട്ട് ആറുമാസം കഴിയുന്നതേയുണ്ടായിരുന്നുള്ളൂ. ചൊല്ലിയാട്ടം പഠിക്കുന്നത് കാണാൻ ആ സമയം തമ്പുരാൻ കോസടിയിൽ കിടപ്പുണ്ട്. എന്റെ കരച്ചിലും വേദന സഹിക്കാൻ കഴിയാതെയുള്ള പുളച്ചിലും അദ്ദേഹം കണ്ടിരിക്കണം, മതി രാവുണ്യേ, ഇനി വേണ്ട എന്നു പറഞ്ഞു. തമ്പുരാൻ ഇടപെട്ടതിന്റെ പരിഭവം കൊണ്ടാവണം. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ഗുരു അവിടം വിട്ടു.പക്ഷേ, ഞാൻ അന്നുതന്നെ ഒരു തീരുമാനം എടുത്തു, ഒന്നുകിൽ ആത്മഹത്യ, അല്ലെങ്കിൽ പട്ടാളക്കാരനാവണം. ആരോടെങ്കിലും ഈ കാര്യം തിരക്കാമെന്ന് വിചാരിച്ച് നേരെ പട്ടാമ്പിയിലേക്ക് നടന്നു. അവിടെ ഒരു മുസ്ളിം കച്ചവടക്കാരൻ ചായക്കട നടത്തുന്നുണ്ട്. മുക്കാൽ അണയാണ് കയ്യിലുള്ളത്. അക്കരെ കടക്കാൻ എന്താ ചെയ്യാ എന്ന് ചോദിച്ചു.

എന്തിനാണെന്ന് ചോദിച്ചപ്പോൾ കാര്യം പറഞ്ഞു. പട്ടാളത്തിൽ എടുക്കാനുള്ള പ്രായം ആയിട്ടില്ലല്ലോ എന്ന് ചോദിച്ചു. ഞാനവിടെ നിന്നു പൊട്ടിക്കരഞ്ഞു. ഒന്നും കഴിച്ചിട്ടില്ലെന്ന് മനസിലാക്കിയ ആ കച്ചവടക്കാരൻ പുട്ടും കൊള്ളിയും ചായയും തന്നു. കാശില്ലെന്ന് പറഞ്ഞപ്പോൾ, ചോദിച്ചില്ലല്ലോ എന്നായിരുന്നു മറുപടി. ആ സമയത്താണ് തോണിയിൽ ഒരാളെത്തിയത്, മനയിലേക്കായിരുന്നു അയാൾ. ആ കൂടെ എന്നെയും കൊണ്ടു പോകാൻ പറഞ്ഞു. അവിടെ എത്തിയപ്പോൾ ആകെ വിഷമിച്ചിരിക്കുകയായിരുന്നു തമ്പുരാൻ. എവിടെ പോയതാണെന്ന് തിരക്കിയപ്പോൾ സത്യം പറഞ്ഞു. ഇനി എവിടെയും പോകേണ്ടെന്നു പറഞ്ഞു. പിന്നെ വന്ന ഗുരു ശങ്കരക്കുട്ടിപ്പണിക്കർ ആശാനായിരുന്നു. ശിക്ഷ കുറവും ദേഷ്യപ്പെടൽ കൂടുതലുമായിരുന്നു അദ്ദേഹത്തിന്.''

ഇങ്ങനെ എത്രയോ ജീവിതമുഹൂർത്തങ്ങൾ, പ്രൗഢഗാംഭീര്യമാർന്ന കലാപ്രകടനങ്ങൾ. കലാമണ്ഡലത്തിൽ വള്ളത്തോളിനെ കണ്ട ഓർമ്മ ഇന്നും മനസിൽ പച്ചകുത്തി നിൽപ്പുണ്ട്. ''അന്ന് കൂടെ അച്ഛനും ഗുരുവുമുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ തന്നെ ഇവനെ മുഖത്ത് തേപ്പിക്കേണ്ട, എടുത്തോളാൻ പറഞ്ഞു. അന്ന് എനിക്ക് പതിമൂന്ന് വയസായിരുന്നു. കലാമണ്ഡലത്തിൽ ചേർന്നതിനുശേഷം ആ വാത്സല്യം എപ്പോഴുമുണ്ടായിരുന്നു. 1951 ന് ശേഷമായിരുന്നു പുരുഷ വേഷങ്ങൾ ചെയ്യാൻ തുടങ്ങിയത്. അങ്ങനെയാണ് കത്തി, പച്ചവേഷങ്ങളുണ്ടായത്. പച്ചവേഷങ്ങളാണ് മികച്ചതെന്ന് തീരുമാനിച്ചത് ആസ്വാദകരാണ്. അതുമതിയെന്ന് അവർ തന്നെയാണ് തീരുമാനിച്ചത്. ആ കാര്യം എന്റെ മനസിൽ എന്നും പതിഞ്ഞിട്ടുണ്ട്. മനസിൽ നമ്മൾക്കും തൃപ്തി തന്നെ. പച്ചവേഷത്തിന് എപ്പോഴും അഭിനയ പ്രാധാന്യം കൂടും. മാത്രമല്ല സ്വാതന്ത്ര്യത്തോടെ അഭിനയിക്കാനുള്ള സൗകര്യവും സാഹചര്യങ്ങളുമുണ്ട്. അതിൽ കൂടുതലും സാത്വിക കഥാപാത്രങ്ങളായിരുന്നു.''

പാരമ്പര്യത്തിലെ സൂക്ഷ്മ സങ്കേതങ്ങളെ കണിശമായി അവതരിപ്പിക്കുമ്പോഴും സർഗാത്മകതയെ പ്രോജ്ജ്വലിപ്പിക്കുന്ന ആവിഷ്‌കാരശൈലിയെന്നാണ് കലാലോകം അദ്ദേഹത്തിന്റെ അവതരണത്തെ വിശേഷിപ്പിച്ചത്. കല്ലുവഴിച്ചിട്ടയുടെ സൗന്ദര്യസങ്കൽപ്പങ്ങളിൽ അധിഷ്ഠിതമായ കഥകളിയുടെ മഹത്വത്തിന് ഗോപിയാശാന്റെ മുദ്രകളുണ്ട്.

പട്ടിക്കാംതൊടി രാമുണ്ണിമേനോനിലൂടെ കഥകളി എന്ന കലാരൂപം സ്വായത്തമാക്കിയ സൗന്ദര്യത്തികവിന്റെ സാരസർവ്വസ്വം തന്നെയാണ് അദ്ദേഹമെന്ന് കഥകളി ലോകം പറയും. കർക്കശമായ കളരിച്ചിട്ടയിലുറച്ച കഥകളിലും ഇതിവൃത്തപ്രധാനവും ജനപ്രിയവുമായ കഥകളിലും ഒരുപോലെ തെളിഞ്ഞു, നൂറ്റാണ്ടുകളിലൂടെ പരമാചാര്യൻമാർ കഥകളിക്ക് സമ്മാനിച്ച ആ രംഗശോഭ. രൗദ്രഭീമനായും കൃഷ്ണനായും അർജുനനായും അരങ്ങുകളിൽ നിന്ന് അരങ്ങുകളിലേക്കുളള യാത്രകളായിരുന്നു. തേക്കിൻകാട്ടിൽ രാവുണ്ണിനായരാശാന്റെ ശിക്ഷണത്തിൽ കൂടല്ലൂർ മന കളരിയിലായിരുന്നു ആദ്യമായി കച്ചകെട്ടി അഭ്യാസം തുടങ്ങിയത്. കലാമണ്ഡലത്തിൽ രാമൻകുട്ടിനായർ, പത്മനാഭൻ നായർ, കൃഷ്ണൻകുട്ടിവാര്യർ എന്നീ ആശാൻമാരുടെ കീഴിൽ അഭ്യാസം പൂർത്തിയാക്കി. പിന്നീട് അദ്ധ്യാപകനും പ്രധാന അദ്ധ്യാപകനുമായി. നിലവിൽ കലാമണ്ഡലത്തിൽ എമിരറ്റസ് പ്രൊഫസറാണ്. സംസ്ഥാന സർക്കാരിന്റെ കഥകളി പുരസ്‌കാരം, കേന്ദ്ര, സംസ്ഥാന സംഗീത നാടക അക്കാഡമി ഫെലോഷിപ്പുകൾ, മദ്ധ്യപ്രദേശ് സർക്കാരിന്റെ കാളിദാസ സമ്മാൻ തുടങ്ങി 2009 ൽ ലഭിച്ച പത്മശ്രീയിൽ വരെ എത്തി നിൽക്കുന്നു ആശാന്റെ പുരസ്‌കാരപ്രഭ. ഈപുരസ്‌കാരത്തിളങ്ങളുടെ മേലെയാണ് കലാമണ്ഡലം ഗോപി എന്നെ പേരിനൊപ്പം നിറയുന്ന കഥകളിപ്പെരുമ. എൺപതിന്റെ  ഹരിതാഭ
ഇടവത്തിലെ അത്തം നാളിലാണ് പാലക്കാട് കോതച്ചിറ മണാളത്ത് ഗോവിന്ദൻ എന്ന കലാമണ്ഡലം ഗോപിയുടെ പിറന്നാൾ.  വടക്കത്ത് ഗോപാലൻനായരുടെയും മണാളത്ത് അമ്മു അമ്മയുടേയും  മകനായ ഗോവിന്ദൻ, കുട്ടിക്കാലത്തു തന്നെ പ്രതിഭ തെളിയിച്ചു.  കോതച്ചിറ വടക്കേ സ്‌കൂളിൽ അഞ്ചാം ക്ലാസുവരെ  പഠിച്ചു.  ഔപചാരിക വിദ്യാഭ്യാസം അവിടെ തീർന്നെങ്കിലും  എട്ടു വയസ് കഴിഞ്ഞപ്പോൾ  കോതച്ചിറ മനയിലെ തുള്ളൽക്കളരിയിൽ ഓട്ടൻ തുള്ളൽ പഠനം തുടങ്ങി. കഷ്ടപ്പാടുകളുടെ കയത്തിലാണെങ്കിലും അഭ്യാസം തുടർന്നു.   കോതച്ചിറ മഹാവിഷ്ണു ക്ഷേത്രത്തിലെ  അരങ്ങേറ്റം  കഴിഞ്ഞ് നാറേരി മനക്കലെ കഥകളി കളരിയിലെത്തി.  നാറേരി മനയെന്ന കൂടല്ലൂർ മനയ്ക്കൽ   തേക്കിൻകാട്ടിൽ രാവുണ്ണിനായർ ഗുരുവായി. പിന്നീട് കഥകളിയ്ക്കായുളള സമർപ്പണമായിരുന്നു. 33 വർഷം കലാമണ്ഡലത്തിന്റെ അഭിമാനമായി നിലകൊണ്ടു. അവസാനത്തെ രണ്ടു വർഷം പ്രിൻസിപ്പലുമായി. 1992ൽ കഥകളി അധ്യാപക വേഷം അഴിച്ചുവച്ച്  അരങ്ങുകളിലെ  വിസ്മയമായി.

1967 ൽ  സ്വന്തം നാട്ടുകാരിയായ ചന്ദ്രികയെ വിവാഹം കഴിച്ചു.  ജയരാജൻ (ബിസിനസ്), രഘുരാജൻ (എച്ച്.ഡി.എഫ്.സി ബാങ്ക്) എന്നിവർ മക്കളും പ്രിയ, ശ്രീകല എന്നിവർ മരുമക്കളുമാണ്.   ഏറെക്കാലമായി   പേരാമംഗലം അവണാവ്  റോഡിലെ 'ഗുരുകൃപ'യിലാണ് താമസം. ആശാന്റെ ആരാധകരുടേയും  ശിഷ്യരുടേയും ലോകം കേരളത്തിനും ഭാരതത്തിനു അപ്പുറത്തുമുണ്ട്. അവരും  സുഹൃത്തുകളും കുടുംബാംഗങ്ങളും ചേർന്നാണ് ഇന്ന് എൺപതാം പിറന്നാൾ  'ഹരിതം' ആഘോഷിക്കുന്നത്. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.