നഷ്ട നായകൻ
June 11, 2017, 10:30 am
ഒ.സി.മോഹൻരാജ്
1931 നവംബർ ആറ്. തിരുവനന്തപുരം ക്യാപിറ്റോൾ തിയേറ്റർ. തിയേറ്ററിനു ചുറ്റും ഉത്സവം പോലെ ജനക്കൂട്ടം. ഏതോ ഒരു മഹാനടൻ തിരശീലയിലെത്തുന്നുവെന്ന് അറിഞ്ഞെത്തിയതാണ് ആൾക്കൂട്ടം. അതുവരെയുള്ള നായക സങ്കല്പത്തിൽ നിന്നു വ്യത്യസ്തമായ പുതിയ ദൃശ്യാനുഭവം നേരിട്ടറിയാൻ നാടിന്റെ നാനാഭാഗത്തു നിന്നും ആളുകൾ ഒഴുകിയെത്തുകയായിരുന്നു. കേരളം നോവലിൽ വായിച്ച മാർത്താണ്ഡവർമ്മ ചലച്ചിത്രരൂപത്തിലെത്തുന്നു. മലയാളത്തിലെ രണ്ടാമത്തേതും അവസാനത്തേതുമായ നിശബ്ദ ചിത്രത്തിന്റെ പ്രഥമ പ്രദർശനം കാണാനെത്തിയതായിരുന്നു അവർ. കഷ്ടിച്ച് ഇരുനൂറ് പേർക്ക് ഇരിക്കാവുന്നിടത്ത് ഒത്തുകൂടിയത് ആയിരത്തിലേറെ പേർ. ചിലരുടെ കൈകളിൽ മുല്ലമാല. ചിലർ ചന്ദനത്തളികയും പനിനീർക്കുപ്പിയുമായി ആൾക്കൂട്ടത്തിനിടയിൽ. എല്ലാം കൂടി പൂരത്തിരക്കായിരുന്നു.
കൈകൂപ്പി ഭക്ത്യാദരപൂർവം നിൽക്കുന്ന പ്രേക്ഷകർക്കിടയിലേക്ക് മാർത്താണ്ഡവർമ്മ മഹാരാജാവ് സിനിമയായി എഴുന്നള്ളുകയായിരുന്നു. ഫിലിം പെട്ടിയിൽ മാല ചാർത്തിയും പനിനീർ തളിച്ചും ചന്ദനം പൂശിയും രാജാവിനെ അവർ വരവേറ്റു. എന്നാൽ ഈ പെട്ടിയിലെ നായകനാരാണെന്ന് അധികം പേർക്കും അറിയില്ലായിരുന്നു.
തിരുവിതാംകൂർ രാജാവിന്റെ വേഷം അനശ്വരമാക്കാൻ തലശേരിക്കാരനായ ആണ്ടിക്കായിരുന്നു നിയോഗം. തലശേരിക്കടുത്ത കാവുംഭാഗം സ്വദേശിയായ കണ്ടോത്ത് ആണ്ടിയുടെ ആദ്യത്തേതും അവസാനത്തേതുമായ ചിത്രം. ഒരൊറ്റ പ്രദർശനം കൊണ്ട് മാർത്താണ്ഡവർമ്മ എന്ന ചലച്ചിത്രത്തിന്റെ പ്രദർശനം അവസാനിച്ചതോടെ മലയാള സിനിമയിൽ അതും ചരിത്രമായി മാറുകയായിരുന്നു.

സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ ഒരു കൊച്ചുനാടകത്തിൽ പോലും അഭിനയിക്കാതിരുന്ന ആണ്ടി എങ്ങനെ മലയാള സിനിമാചരിത്രത്തിലെ നായക സങ്കല്പത്തെ തിരുത്തിക്കുറിച്ച നടനായെന്നത് വിസ്മയം തന്നെയായിരുന്നു. എന്തെങ്കിലും ഒരു ജോലി ചെയ്യണമെന്ന മോഹത്തോടെയാണ് ആണ്ടി തലശേരിയിൽ നിന്നു തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറിയത്. ഇരുപത്തിയൊൻപതാമത്തെ വയസിലെ ഒളിച്ചോട്ടം അച്ഛനും അമ്മയുമല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ല. അഞ്ച് ട്രെയിനുകൾ മാറിക്കയറി പത്ത് ദിവസത്തിനു ശേഷമാണ് ആൾ തിരുവനന്തപുരത്തെത്തിയത്.

തമ്പാനൂരിലെ ചുമരിൽ പതിച്ച പോസ്റ്ററിലായിരുന്നു ആണ്ടിയുടെ കണ്ണ്. പുതുതായി ചിത്രീകരണം തുടങ്ങുന്ന ചരിത്രസിനിമയിലേക്ക് നായകനെ ക്ഷണിച്ചു കൊണ്ടായിരുന്നു പോസ്റ്റർ. പിന്നെ തിരിഞ്ഞും മറിഞ്ഞും നോക്കിയില്ല. ആറടി അഞ്ച് ഇഞ്ച് പൊക്കമുള്ള സുന്ദരനായ ആണ്ടി നേരെ പോസ്റ്ററിൽ കണ്ട വിലാസം അന്വേഷിച്ച് കുതിച്ചു. ആ കുതിപ്പ് മലയാള സിനിമയുടെ ചരിത്രം തിരുത്തുന്ന ചുവട് വയ്പ്പായി മാറുകയായിരുന്നു. സി.വി. രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന നോവലിനെ ആസ്പദമാക്കി രാജേശ്വരി ഫിലിംസിന്റെ ബാനറിൽ ആർ. സുന്ദർരാജ് നിർമ്മിച്ച് പി.വി. റാവു സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. യുവരാജാവായ മാർത്താണ്ഡവർമ്മ ശത്രു നിവാരണം ചെയ്ത് സിംഹാസനാരോഹിതനാകുന്നതാണ് പ്രധാന രംഗം. ഒരു സാഹിത്യകൃതിയെ ആസ്പദമാക്കി ആദ്യമായി നിർമ്മിക്കുന്ന മലയാള ചലച്ചിത്രവും ഇതുതന്നെ. ദേവകി ബായി, പത്മിനി എന്ന പട്ടമ്മാൾ എന്നിവരൊക്കെയായിരുന്നു നായികമാർ. മാർത്താണ്ഡവർമ്മയാകാൻ എന്തു കൊണ്ടും അനുയോജ്യൻ ആണ്ടി തന്നെയെന്ന് നിർമ്മാതാവും സംവിധായകനും വിധിയെഴുതി. ബീറാംഖാനായി വേഷമിട്ടത് നിർമ്മാതാവ് സുന്ദർരാജൻ. അനന്തപത്മനാഭനായി എ.വി.പി. മേനോനും പത്മനാഭൻ തമ്പിയായി വി. നായ്ക്കും സുഭദ്രയായി ദേവകിബായിയും പാറുക്കുട്ടിയായി പത്മിനിയും അരങ്ങിലെത്തി. 118 മിനിട്ട് ദൈർഘ്യമുള്ള സിനിമ. മലബാറിൽ മാത്രം പരിചയമുള്ള ആണ്ടി എന്ന പേര് ഒരു നായകനു യോജിച്ചതല്ലെന്ന തിരിച്ചറിഞ്ഞ നിർമ്മാതാവ് പേരു മാറ്റി ജയദേവനാക്കി. അങ്ങനെ സിനിമയിൽ ആണ്ടി ജയദേവനായി മാറി. സിനിമ സാമ്പത്തികമായി തകർന്നപ്പോൾ നടീനടന്മാർക്ക് പ്രതിഫലം പോലും നൽകാനില്ലായിരുന്നു. സിനിമയുടെ നിർമ്മാതാവ് ദേവകി ബായിയെ വിവാഹം ചെയ്തതായിരുന്നു മറ്റൊരു ട്വിസ്റ്റ്. സിനിമ ഇവർക്ക് ജീവിതം തന്നെയായിരുന്നു.

വാൾ ചുഴറ്റി കുതിരപ്പുറത്ത് കുതിച്ചു പായുന്ന മാർത്താണ്ഡവർമ്മ തലശേരിക്കാരൻ ആണ്ടിയിലൂടെ ചലച്ചിത്ര പ്രേക്ഷകരുടെ മനസിൽ ഇടം തേടി. ഇത്രയും കരുത്തനായ ഒരു മലയാളി നടനുണ്ടാകില്ലെന്ന് കരുതിയ ചലച്ചിത്ര ലോകം ആണ്ടിയെ തമിഴ് നാട്ടുകാരനാക്കി. എന്നാൽ ആണ്ടിക്ക് വെള്ളിത്തിരയിൽ തിളങ്ങി നിൽക്കാൻ അധികകാലം കഴിഞ്ഞില്ല.

മാർത്താണ്ഡവർമ്മ നോവലിന്റെ പ്രസാധകരായ കമലാലയ ബുക്ക് ഡിപ്പോയുടെ പകർപ്പകവകാശ തർക്കം ആണ്ടിയെന്ന നായകനെ പെട്ടിക്കുള്ളിലാക്കി. പ്രഥമ പ്രദർശനത്തിനൊടുവിൽ ക്യാപിറ്റോൾ തിയേറ്ററിൽ നിന്നു ചലച്ചിത്രം പിൻവലിക്കപ്പെട്ടു. കേരളത്തിലെ സാഹിത്യമേഖലയിലെയും ചലച്ചിത്ര മേഖലയിലെയും ആദ്യത്തെ പകർപ്പവകാശ വ്യവഹാരം ചരിത്രത്തിൽ കുറിക്കപ്പെട്ടു. കമലാലയ ബുക്ക് ഡിപ്പോയ്ക്ക് വേണ്ടി പ്രമുഖനായ അഭിഭാഷകൻ മുള്ളൂർ ഗോവിന്ദപ്പിള്ളയാണ് കോടതിയിൽ ഹാജരായത് . 1000 രൂപയും മള്ളൂർ വക്കീലുമുണ്ടെങ്കിൽ ആർക്കും എന്തിനും ധൈര്യം കിട്ടുമെന്നാണ് അന്ന് പറയാറുള്ളത്. നിർമ്മാതാവ് സുന്ദർരാജനുവേണ്ടി ആദ്യത്തെ വനിതാ അഭിഭാഷകയായ അന്നാചാണ്ടിയും. അവസാനം മള്ളൂരിന്റെ വാദത്തിനു മുന്നിൽ വിധി കമലാലയ ബുക്ക് ഡിപ്പോയ്ക്ക് അനുകൂലമായി. ആദ്യ പ്രദർശനത്തിൽ നിന്നു കിട്ടിയ കാശ് പോലും കമലാലയ ബുക്ക് ഡിപ്പോയുടെ അനുകൂലികൾ എടുത്തു കൊണ്ടുപോയിരുന്നു. ശ്രീചിത്തിര തിരുനാൾ രാജാവിനെ കണ്ട് കാര്യം പറഞ്ഞിരുന്നുവെങ്കിൽ പ്രശ്നം പരിഹരിക്കാമായിരുന്നിട്ടും സുന്ദർരാജൻ ആ വഴിയൊന്നും പോയില്ല.

കമലാലയ ബുക്ക് ഡിപ്പോയുടെ കൈവശമായിരുന്ന ചിത്രത്തിന്റെ പ്രിന്റ് 1974 ലാണ് പൂനെയിലെ നാഷണൽ ആർക്കൈവ്സ് ഒഫ് ഇന്ത്യ ഇടപെട്ട് ശേഖരിക്കുന്നത്. ദക്ഷിണേന്ത്യൻ നിശബ്ദ ചിത്രങ്ങളിൽ പൂർണരൂപത്തിൽ ലഭ്യമായിട്ടുള്ള ഏക ചലച്ചിത്രമായ മാർത്താണ്ഡവർമ്മയുടെ പ്രിന്റ് 1994ൽ നടന്ന ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കപ്പെട്ടു. എന്നാൽ അതും ക്ഷണിക്കപ്പെട്ട ചിലർക്ക് വേണ്ടിയുള്ള പ്രദർശനമായിരുന്നതിനാൽ ആണ്ടിയുടെ കുടുംബത്തിനു പോലും കാണാൻ കഴിഞ്ഞിരുന്നില്ല.
മരിക്കുന്നതു വരെ ആണ്ടിയുടെ ഭാര്യ യശോദയും മക്കളായ സുരേഷും സ്വർണറാണിയും ആഗ്രഹിച്ചിരുന്നു ആ ചിത്രം കാണാൻ. അച്ഛൻ അഭിനയിച്ച ചിത്രം കാണാനുള്ള ഭാഗ്യം പോലും അവർക്കുണ്ടായിരുന്നില്ല. ജീവിച്ചിരിക്കുന്ന മകൻ ചന്ദ്രമോഹനനും ഈ മോഹവുമായി കയറിയിറങ്ങാത്ത ഇടങ്ങളില്ല. ആരോ കൊടുത്ത സ്റ്റിൽസ് മാത്രമാണ് കണ്ടത്. അച്ഛൻ കൊണ്ടുവന്ന ഫിലിം റോളിൽ ടോർച്ച് തെളിച്ച് ചുമരിൽ മാർത്താണ്ഡവർമ്മയുടെ ചില അവ്യക്ത ദൃശ്യങ്ങൾ കണ്ടതും ചന്ദ്രമോഹനു ഓർമ്മയുണ്ട്.

പൊട്ടിപ്പൊളിഞ്ഞ് വലിച്ചു നീട്ടിയ ഫിലിം പോലെ അച്ഛനെ കുറിച്ചുള്ള ചിതറിയ ഓർമ്മകൾ മാത്രമാണ് മകൻ ചന്ദ്രമോഹനുള്ളത്. പതിനെട്ടാമത്തെ വയസിലാണ് അച്ഛൻ സിനിമയിൽ അഭിനയിച്ചതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഫയര്‍‌സ്റ്റോൺ കമ്പനിയുടെ ക്വാളിറ്റി കൺട്രോൾ ഇൻസ്‌പെക്ടറായി വിരമിച്ച ചന്ദ്രമോഹന്റെ ഓർമ്മകളിൽ അച്ഛൻ ആരിലും ആരാധന തോന്നിക്കുന്ന രൂപമായിരുന്നു. ''തലശേരി ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തുന്നവർ അന്ന് അച്ഛനെ കാണാനാണ് വന്നിരുന്നതെന്ന് ചിലർ തമാശയായി പറയുമായിരുന്നു. അതിൽ സ്ത്രീകളും യുവാക്കളും ഒക്കെ കാണും. അവർക്കൊക്കെ അച്ഛനോട് കടുത്ത ആരാധനയായിരുന്നു. മാർത്താണ്ഡവർമ്മ സിനിമ കണ്ടവർ അച്ഛന്റെ പേരിൽ ക്ഷേത്രങ്ങളിൽ പുഷ്പാർച്ചനയും മറ്റും വഴിപാടായി കഴിച്ചിരുന്നു. സ്ത്രീകളൊക്കെ അച്ഛന്റെ കൈയിൽ തൊടാൻ മത്സരിക്കുകയായിരുന്നു. ഒരു സിനിമപോലും കാണാത്തവർ സിനിമാനടനെ ആദ്യമായി നേരിട്ട് കാണുകയായിരുന്നു. നാടു വിട്ടപ്പോൾ സിനിമയിൽ അഭിനയിക്കാനാണ് പോയതെന്ന് പറഞ്ഞപ്പോൾ അന്നു പലരും വിശ്വസിച്ചില്ല. എന്താണ് സിനിമ എന്ന് ആരും കേട്ടിട്ടു പോലുമില്ലാത്ത കാലമായിരുന്നു അത്. എല്ലാവർക്കും അന്ന് പരിഹാസമായിരുന്നു. ചന്ദ്രമോഹനന്റെ വാക്കുകളിൽ അച്ഛൻ തെളിഞ്ഞു വരുന്നു. ശരീരം നന്നായി ശ്രദ്ധിക്കുന്ന ആളായിരുന്നു അച്ഛൻ. തൂവെള്ള വേഷമിട്ട് അച്ഛൻ നടന്നു പോകുമ്പോൾ ഏതു കൂരിരുട്ടിലും പാതയോരങ്ങളിൽ പ്രകാശം ചിതറിത്തെറിക്കുമായിരുന്നു. സോഡ ഉപയോഗിച്ച് മുഖം കഴുകിയ കൗമാരകാലം അച്ഛനുണ്ടായിരുന്നുവെന്ന് ചിലർ പറയുമായിരുന്നു. ഇതു ചിലപ്പോൾ അതിശയോക്തിയായിരിക്കാം. അത് സമ്പന്നത കൊണ്ടായിരുന്നില്ല. അത്രയും തെളിമയുള്ള ശുദ്ധജലം ഉപയോഗിച്ച് മുഖം കഴുകുന്നതാണ് രീതി. വീട്ടിലെ നിലക്കണ്ണാടിക്കു മുന്നിൽ നിന്നു കൊണ്ട് അച്ഛൻ ശരീരത്തിലെ മസിലുകൾ ചലിപ്പിക്കുന്നത് ഞങ്ങൾ ഒളിഞ്ഞിരുന്ന് നോക്കിയിട്ടുണ്ട്. പന്തയം വച്ച് പന്ത്രണ്ട് ബിരിയാണിയൊക്കെ അച്ഛൻ കഴിച്ചിരുന്നു. ഒരിക്കൽ നിർമ്മാണത്തിലിരിക്കുന്ന വീട് തകർന്ന് അടിയിൽപെട്ടുപോയ ജോലിക്കാരെ അച്ഛൻ തനിച്ചാണ് രക്ഷപ്പെടുത്തിയത്. റോഡിൽ ബ്രേക്ക് ഡൗൺ ആയി കിടന്ന കാറുകൾ ഒരൊറ്റ കൈ കൊണ്ട് തള്ളിനീക്കുന്ന അച്ഛനെയും ഞാൻ കണ്ടിട്ടുണ്ട്.''

സിനിമയെയും സംഗീതത്തെയും പ്രണയിച്ച ആണ്ടിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് സർ സി.പി. രാമസ്വാമി പട്ടുംവളയും നൽകി ആദരിച്ചിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടപെട്ട് അവശകലാകാര പെൻഷനും അനുവദിച്ചിരുന്നു. തലശേരിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര നടി റാണിചന്ദ്ര ആണ്ടിയെ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു.

മാർത്താണ്ഡവർമ്മയിലെ അഭിനയം കണ്ട് ശ്രീചിത്തിരതിരുനാൾ മഹാരാജാവ് ആണ്ടിക്ക് ഒരു വെള്ളിവാൾ സമ്മാനമായി നൽകിയിരുന്നു. തിരുവനന്തപുരത്ത് പ്രത്യേകം ക്ഷണിച്ചു വരുത്തിയായിരുന്നു ചടങ്ങ്. എന്നാൽ തിരുവനന്തപുരത്ത് രണ്ട് മൂന്നു ദിവസം തങ്ങിയ ആണ്ടിക്ക് അതും സൂക്ഷിച്ചുവയ്ക്കാൻ കഴിഞ്ഞില്ല. നാട്ടിലേക്ക് തിരിച്ചു പോകാൻ വണ്ടിക്കാശില്ലാതായപ്പോൾ വാൾ പണയം വയ്ക്കാൻ ചാലക്കമ്പോളത്തിൽ അലഞ്ഞ ആണ്ടിയെ പൊലീസ് പിടികൂടി. വാളിലെ രാജകൊട്ടാരത്തിന്റെ മുദ്ര കണ്ടപ്പോൾ കളവ് മുതലാണെന്ന് പൊലീസ് വിധിയെഴുതി. ആണ്ടിയെ പിടിച്ചു സ്റ്റേഷനിൽ കൊണ്ടുപോയി പൊലീസ് പൊതിരെ തല്ലിയെന്നും ഒടുവിൽ രാജാവ് ഇടപെട്ട് മോചിപ്പിച്ചെന്നുമുള്ള കഥയും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുന്നില്ല. ഹുണ്ടികക്കാരനിൽ നിന്നു കിട്ടിയ 15 രൂപ കൊണ്ടാണ് നാട്ടിലെത്തിയതെന്ന് സഹോദര പുത്രനും തലശേരിയിലെ ഓപ്പൺ ബുക്സ് ഉടമയുമായ ടി.കെ. രാജേന്ദ്രൻ പറയുന്നു.

മലയാളത്തിലെ ചരിത്രമായ സിനിമയിലെ നടന്റെ വീട് കാണാൻ കാവുംഭാഗത്തെത്തിയപ്പോൾ ശരിക്കും കണ്ണുനിറഞ്ഞു. കല്ലും മരവും അടർന്ന് നിലം പൊത്താറായ ഒരു ഭാർഗവീ നിലയം പോലുള്ള പഴമ മണക്കുന്ന വീട്. ഒരു നൂറ്റാണ്ടിലേറെ പ്രായം കാണും ഈ വീടിന്. ഇടിഞ്ഞു വീഴാറായ വീടിന്റെ മേൽക്കൂരയ്ക്ക് കീഴിൽ നനഞ്ഞ മണ്ണിൽ മലയാള സിനിമയുടെ കുളമ്പടി പതിഞ്ഞതും കാണാം.1980 മേയ് 17ന് ഈ മഹാനടന്റെ ജീവിതത്തിന് തിരശ്ശീല വീണെങ്കിലും മലയാളത്തിന് ബാക്കിയായ 'മാർത്താണ്ഡവർമ്മ' എന്ന ചലച്ചിത്രം പൂനെയിലെ നാഷണൽ ആർക്കൈവ്സിലിരുന്നു കൊണ്ട് സമ്പന്നമായ സിനിമാചരിത്രം ഓർമ്മപ്പെടുത്തുന്നുണ്ട്.

(ലേഖകന്റെ ഫോൺ: 9946108259)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.