സാന്ത്വനത്തിന്റെ മഴവില്ല്
June 11, 2017, 9:19 am
എം. സുവർണപ്രസാദ്
ഒരു മണിക്കൂർ നേരം അവർക്ക് വേദനകളില്ലായിരുന്നു. അത്ഭുതവും ആകാംക്ഷയും സമന്വയിപ്പിക്കുന്ന മാജിക്കിന്റെ ലോകത്തായിരുന്നു അവർ. തിരുവനന്തപുരം ആർ.സി.സിയിൽ നിന്നും മലബാറിലേക്ക് പോവുന്നവരായിരുന്നു അന്നത്തെ മാവേലി എക്സ്പ്രസിൽ അധികവും. കാൻൻസർ ബാധിച്ച് കുട്ടികളെയും കൊണ്ട് റീജിയണൽ കാൻസർ സെന്ററിൽ വന്ന് തിരിച്ചു പോവുന്ന മാതാപിതാക്കൾ. വേദനകൊണ്ട് പുളയുന്ന മക്കളെ എന്ത് പറഞ്ഞാശ്വസിപ്പിക്കണമെന്ന് അറിയാതെ തളർന്നിരിക്കുന്നവർ. തലമൊട്ടയടിച്ച് മടിയിൽ തലചായ്ച്ചുറങ്ങുന്ന മക്കളുടെ നെറുകിൽ തലോടി വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന ചിലർ.

ഉദ്യോഗസംബന്ധമായ ആവശ്യത്തിനു വേണ്ടി കോഴിക്കോട് നിന്നും തിരുവനന്തപുരത്തെത്തിയ മേപ്പയ്യൂർ ഗവൺമെന്റ് സ്‌കൂളിലെ പ്ലസ്ടു അദ്ധ്യാപകനായ ശ്രീജിത്തിനെ ട്രെയിനിലെ ഈ കാഴ്ചകൾ കണ്ണു നനയിച്ചു. സഹയാത്രികരിൽ അദ്ധ്യാപകരും, പോലീസുകാരും, കൂലിപ്പണിക്കാരും എല്ലാവരുമുണ്ട്. മാസത്തിൽ രണ്ട് തവണയെങ്കിലും മക്കൾക്ക് കീമോതെറാപ്പി നൽകാൻ ജോലിയിൽ നിന്നും ലീവെടുത്ത് തിരുവനന്തപുരത്ത് സ്ഥിരമായി വരുന്നവരാണിവർ. നാട്ടിൽ അറിയപ്പെടുന്ന മജീഷ്യൻ കൂടിയായ ശ്രീജിത്ത് സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളെ മാജിക്കിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. അദ്ധ്യാപക ജോലിയോടൊപ്പം തന്നെ കൊയിലാണ്ടിയിൽ സ്വന്തമായി മാജിക്ക് അക്കാഡമി നടത്തുകയും ചെയ്യുന്ന അദേഹത്തെ പരിചയപ്പെട്ടപ്പോൾ തങ്ങൾക്ക് വേണ്ടി ഒരു ഐറ്റമെങ്കിലും കാണിക്കണമെന്നായി സഹയാത്രികർ. ജീവിതത്തിൽ മറ്റെന്തിനേക്കാളും മാജിക്കിനെ സ്‌നേഹിക്കുന്നയാളാണെങ്കിലും ഇത്തരമൊരു സാഹചര്യത്തിൽ അതെങ്ങനെ ഔചിത്യബോധമുള്ളതാവും എന്ന ആശങ്ക ശ്രീജിത്തിനുണ്ടായിരുന്നു. ട്രെയിൻ പുറപ്പെടാൻ അരമണിക്കൂറോളം സമയമുണ്ടെന്നതും സഹയാത്രികരുടെ നിർബന്ധവും കാരണം ശ്രീജിത്ത് മാജിക്ക് ചെയ്യാനാരംഭിച്ചു. ആദ്യത്തെ ഐറ്റം ചെയ്തപ്പോൾ തന്നെ കീമോയുടെ ശക്തിയിൽ തളർന്നുകിടന്ന കുട്ടികളെല്ലാം എഴുന്നേറ്റു. പിന്നീട് അടുത്ത കമ്പാർട്ട്‌മെന്റുകളിൽ നിന്നു പോലും ആളുകൾ അവിടേക്ക് ഒഴുകിയെത്തി. ഏതാണ്ട് ഒരു മണിക്കൂറോളം നേരം ശ്രീജിത്തൊരുക്കിയ മാന്ത്രിക വിസ്മയത്തിൽ എല്ലാ വേദനകളും മറന്ന് അവർ പുഞ്ചിരിച്ചു.‌

ട്രെയിനിൽ വെച്ചുണ്ടായ ആ സംഭവം ശ്രീജിത്തിന് പുതിയൊരു ആശയം നൽകി. 'മാജിക്ക് തെറാപ്പി', മാജിക്കിലൂടെ രോഗികൾക്ക് ആശ്വാസമേകുന്ന ഒരു പദ്ധതി. ആശ്വാസ യാത്ര എന്ന പേരിൽ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും വടകര തണൽ ഡയാലിസിസ് സെന്ററിലേക്ക് നാലുമാസം നീണ്ടു നിൽക്കുന്ന ഒരു യാത്ര അദ്ദേഹം ആരംഭിച്ചു. ഫെബ്രുവരി 20 നു കുതിരവട്ടത്ത് ഉദ്ഘാടനം ചെയ്ത യാത്ര ജില്ലയിലെ പ്രധാനപ്പെട്ട 13 പെയിൻ ആൻഡ് പാലിയേറ്രീവ് കേന്ദ്രങ്ങളിൽ പര്യടനം പൂർത്തിയാക്കി കഴിഞ്ഞു. ജൂണിലാണ് ആശ്വാസയാത്രയുടെ സമാപനം. മാനസികരോഗികൾക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കും അർബുദബാധിതർക്കും അനാഥർക്കും ഒരു നിമിഷമെങ്കിൽ ഒരു നിമിഷം തനിക്ക് ദൈവം നൽകിയ കഴിവിലൂടെ ആശ്വാസം നൽകുക എന്നതു മാത്രമാണ് ലക്ഷ്യമെന്ന് ശ്രീജിത്ത് പറയുന്നു. ഭരണാധികാരികളും മാധ്യമപ്രവർത്തകരും ജനങ്ങളും നൽകുന്ന പിന്തുണയാണ് തന്റെ കരുത്തെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കൊയിലാണ്ടി വിയ്യൂർ സ്വദേശിയായശ്രീജിത്തിന്റെ അച്ഛൻ ശ്രീധരൻ വിയ്യൂരും അറിയപ്പെടുന്ന മജിഷ്യനാണ്. സംസ്ഥാനത്തങ്ങിങ്ങോളം നിരവധി സ്റ്റേജ് ഷോകൾ ചെയ്ത അദ്ദേഹം ഇരുപത് വർഷത്തോളമായി ഇപ്പോൾ വേദിയിൽ പരിപാടി അവതരിപ്പിക്കാറില്ള. അമ്മ ദേവിയും ഭാര്യ അഞ്ജു.പി നായരും മകൾ മൂന്ന് വയസുകാരി ഇന്ദ്രനീലും അടങ്ങിയതാണ് ശ്രീജിത്തിന്റെ കുടുംബം. സഹോദരി ശ്രീകല വിവാഹിതയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.