ഓൺലൈൻ തടവുകാരുടെ കേരളം
June 11, 2017, 9:44 am
ആർ. സ്മിതാദേവി
ഇടവപ്പാതിക്ക് പാടവരമ്പിൽ മീനിനെ പിടിക്കാനൊരു കാത്തിരിപ്പുണ്ട്, അതേ ആകാംക്ഷയുമായി ഓൺലൈൻ വരമ്പുകളിൽ ആള് കൂടുകയാണ്. ഊണും ഉറക്കവും ഉപേക്ഷിച്ച് ഓൺലൈനിൽ വ്യാപരിക്കുന്നവരും ഫേസ് ബുക്കിലും വാട്സ് ആപ്പിലും സ്വയം പണയപ്പെടുത്തിയവരും ആൾക്കൂട്ടത്തിനിടയിൽ പോലും സ്വയം തീർത്തൊരു 'കൂട്ടിൽ' അടച്ചിരിപ്പാണ്! ചാറ്റിംഗിന്റെ ലോകത്ത് തടവറയിലാക്കപ്പെട്ട് ലൈക്കും കമന്റും ഭക്ഷിക്കുന്നവർ സമൂഹത്തിന് വലിയ ദോഷമൊന്നും ചെയ്തില്ലെന്നിരിക്കും. എന്നാൽ ഒളിഞ്ഞിരുന്നുള്ള കുറ്റകൃത്യങ്ങൾക്ക് സോഷ്യൽ മീഡിയയെ വാശിയോടെ ഉപയോഗിക്കുന്നവർ സമൂഹത്തിന് മാരകമായി മുറിവേൽപ്പിക്കുന്നു. ഓൺലൈൻ അഡിക്ഷൻ ഒരു മാനസികാരോഗ്യ പ്രശ്നമായി പരിഗണിക്കപ്പെടുകയാണ് കേരളത്തിൽ ! ഓൺലൈൻ ഫ്രെയിമിൽ സ്വയം കുരുക്കി ഒരു തലമുറ ഇവിടെ സമാന്തര സമൂഹമാകുന്നു എന്നതാണ് ഞെട്ടിക്കുന്ന സത്യം. ഒരു നേരം ഓഫ് ലൈനായിരുന്ന ഒരു നിമിഷത്തെ നഷ്ടബോധത്തോടെയോർത്ത് വെപ്രാളം കാണിക്കുന്നവർ തങ്ങൾക്കു പിന്നിൽ കൂർത്തനോട്ടവുമായി പതിയിരിക്കുന്ന മനോരോഗത്തെ തിരിച്ചറിയുന്നില്ല. ഓൺലൈൻ ഡിസ് ഇൻഹിബിഷൻ എന്നതാണ് ആ രോഗം.

ദിവസം തോറും ധാരാളം കേസുകൾ മാനസികാരോഗ്യ വിദഗ്ധർക്ക് മുന്നിലെത്തുന്നുണ്ട് നമ്മുടെ കേരളത്തിൽ. കൗമാരപ്രായക്കാരും വിവാഹിതരുമെല്ലാം രോഗത്തിന്റെ പിടിയിലാണ്. ലഹരി മരുന്നുകളുടെ ഉപയോഗം പോലെ തന്നെ ഓൺലൈൻ ഒരാളെ വരുതിയിൽ വരിഞ്ഞു മുറുക്കിയിടുകയാണ്. അപകർഷതാബോധത്താൽ ആളുകളെ അഭിമുഖീകരിക്കാത്തവർ പോലും ചാറ്റിംഗിൽ സജീവമാകുന്ന വിചിത്രകാഴ്ചകളും സോഷ്യൽ മീഡിയയുടെ മാത്രം പ്രത്യേകതയാണ്. ആരുമറിയാതെ മറഞ്ഞിരുന്ന് എന്തും പോസ്റ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന ലൈക്കുകളാണ് അവരുടെ സംതൃപ്തി.

വകതിരിവില്ലായ്മ എന്ന കുരുക്ക്
അതിസാഹസികത അഥവാ വകതിരിവില്ലായ്മയുടെ കുരുക്കുകളാണ് സോഷ്യൽ മീഡിയയുടെ മറ്റൊരു പ്രഹരം. മൊബൈൽ ഫോണിൽ സാഹസികത ചിത്രീകരിക്കുന്ന വിഡ്ഢികൾക്ക് ലക്ഷ്യം ഒന്നേയുള്ളു, സ്വന്തം ധീരതയ്ക്ക് കുറഞ്ഞതൊരു 500 ലൈക്ക് ! അതിനുവേണ്ടി അവരെന്തും ചെയ്യും. എന്നാൽ ഈ വകതിരിവില്ലായ്മയ്ക്ക് സ്വന്തം ജീവൻ തന്നെ പകരം കൊടുക്കേണ്ടി വരുന്നവരെക്കുറിച്ചുള്ള വാർത്തകൾ അവരുടെ ഓർമ്മകളിൽ തങ്ങിനിൽക്കാറുമില്ല. ഓടുന്ന ട്രെയിനിന് അടിയിൽ ശ്വാസം പിടിച്ച് കിടക്കുന്നതും റെയിൽ പാളത്തിൽ കയറി നിന്ന് ട്രെയിൻ തൊട്ടടുത്തെത്തുമ്പോൾ നദിയിൽ ചാടുന്നതും ധീരതയല്ല വിവരക്കേടാണെന്ന് മനസിലാക്കാത്ത ലൈക്ക് പ്രേമികൾ! ജീവിതത്തിലൊരിക്കലും നേരിൽക്കണ്ടിട്ടില്ലാത്ത പതിനായിരങ്ങളുടെയോ ലക്ഷങ്ങളുടെയോ മുന്നിൽ താരമാകാനാണ് സാഹസികതയുടെ ഈ പോസ്റ്റുകൾ.
മിടുക്കനാവാൻ അപകടം പിടിച്ച വഴികൾ തിരഞ്ഞെടുക്കുന്നവർ ഇതൊരു മാനസിക വൈകല്യമാണെന്ന് തിരിച്ചറിയുന്നില്ല. തൂങ്ങിമരണം ചിത്രീകരിച്ച് ജീവൻ വെടിഞ്ഞവർ സോഷ്യൽ മീഡിയ സൃഷ്ടിച്ച രക്തസാക്ഷികളാണ്.

ഓൺലൈൻ ഡിസ് ഇൻഹിബിഷൻ
ഓൺലൈൻ ഡിസ് ഇൻഹിബിഷൻ എന്ന മാനസികാവസ്ഥ മനോവൈകല്യമാണ്. ഒരാളുടെ പെരുമാറ്റത്തിന് വേണ്ട നിയന്ത്രണങ്ങളോ വിലക്കുകളോ പാലിക്കപ്പെടാതെ എന്തും ചെയ്യുന്നതാണ് ഓൺലൈൻ ഡിസ് ഇൻഹിബിഷൻ. ആരോഗ്യകരമല്ലാത്ത പെരുമാറ്റങ്ങൾക്കും ശീലങ്ങൾക്കും വ്യക്തി അടിമയാകുന്നു. സ്വകാര്യത എന്ന സൗകര്യമാണ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും സ്വയം നശിപ്പിക്കുന്ന സാഹസികതയ്ക്കും വളക്കൂറാവുന്നത്. സോഷ്യൽ മീഡിയയിൽ ആശയങ്ങൾ പങ്കുവയ്ക്കുന്ന രണ്ട് വ്യക്തികൾ ഒരിക്കലും പരസ്പരം അറിയുന്നില്ല, കണ്ടുമുട്ടുന്നില്ല. ഒരാളുടെ മുഖത്തു നോക്കി അശ്ലീലം പറയാനുള്ള മടി ഒരിക്കലും അത് പോസ്റ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്നില്ല, അങ്ങനെ മറഞ്ഞിരുന്ന് ചെളി വാരിയെറിയാൻ ധൈര്യം കൊടുക്കുന്ന സംവിധാനവുമായിത്തീർന്നു ഇന്റർനെറ്റ് ! നിങ്ങളുടെ പോസ്റ്റ് കാണുന്ന വ്യക്തിക്ക് നിങ്ങൾ അജ്ഞാതനാണ്. പോസ്റ്റ് ചെയ്ത തെറിവാക്കിന്റെ പേരിൽ ഒരിക്കലും അയാളെ അഭിമുഖീകരിക്കേണ്ടി വരുന്നുമില്ല. നിങ്ങളുടെ തെറിക്കമന്റുകളെയോ പോസ്റ്റിനെയോ പിന്തുണയ്ക്കാൻ ഇതേ വൈകല്യമുള്ള നൂറ് പേർ കൂടി ചേർന്നാലോ... ധൈര്യം കൂടുന്നു. ഇതിനെ കടുപ്പമേറിയ മറുപടിയുമായി ആക്രമിക്കുന്ന മറ്റൊരു സംഘം മറുപക്ഷത്ത് രൂപപ്പെടുന്നതോടെ അശ്ലീലങ്ങളുടെ അരങ്ങായി മാറുന്നു സോഷ്യൽ മീഡിയ.

ഇന്റർനെറ്റിന്റെ ചട്ടക്കൂടിനുള്ളിൽ വ്യക്തിത്വം വെളിപ്പെടുത്താതെ, സുരക്ഷിതനായി ഇരിക്കുകയാണ് ഞാനെന്ന തിരിച്ചറിവിൽ ചിലർ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്യുന്നു, എതിരാളിയുടെ ഫോട്ടോ മോർഫ് ചെയ്യുന്നു. അതിങ്ങനെ ലോകം മുഴുവൻ പറന്നു നടക്കും. വ്യക്തിവൈരാഗ്യം, രാഷ്ട്രീയ പകപോക്കൽ എന്നിവയുടെ പേരിൽ ആളുകളെ അപകീർത്തിപ്പെടുത്താനും ഈ സമാന്തര സമൂഹത്തിന് മടിയില്ല.

മുഖം കാണാതെ എങ്ങനെ വികാരമറിയും?
രാളുടെ മുഖത്ത് നോക്കി സംസാരിക്കുമ്പോഴാണ് അവരുടെ വികാരങ്ങൾ നാമറിയുന്നത്. ഇതും സോഷ്യൽ മീഡിയയ്ക്ക് അന്യമാകുന്നു. നേരിൽക്കണ്ടാൽ മുഖത്ത് നോക്കാത്തവർ പിറന്നാൾ ആശംസകൾ നേരുന്നത് ഫേസ് ബുക്കിലൂടെയാണ്. വീട്ടിനുള്ളിൽ പോലും ചുറ്റുമൊന്ന് തലയുയർത്തി നോക്കാൻ നേരമില്ലാതെ വെറ്റിലയിൽ ചുണ്ണാമ്പ് തേക്കുന്ന സൂക്ഷ്മതയോടെ കുനിഞ്ഞിരിക്കുന്നവർ ആശംസകൾ പറത്തിക്കളിക്കുന്നതും സോഷ്യൽ മീഡിയയിൽ!

ഫീലിംഗ് ബാഡ്, ഫീലിംഗ് ലവ്ഡ് എന്നൊക്കെ എഴുതിവിടുന്നയാളിന്റെ യഥാർത്ഥ മുഖമോ അയാളുടെ മാനസികാവസ്ഥയോ മറ്രൊരാൾ എങ്ങനെ അറിയാനാണ്? എത്ര പേർ എന്റെ വരികളിൽ ഉടക്കി, എത്ര പേർ അതിന് കമന്റിട്ടു എന്ന ലക്ഷ്യം മാത്രമേ പോസ്റ്റ് ചെയ്യുന്ന ആൾക്കും ഉള്ളൂ. പോസ്റ്റുകളിലൂടെ അയാളുടെ മുഖമല്ല, അയാൾ എറിഞ്ഞുതന്ന സ്‌മൈലിയാണ് നമ്മുടെ തലച്ചോറിൽ രജിസ്റ്ററാവുന്നത്.

രക്തദാഹികളായ മൊബൈലുകൾ
ചോരയിൽ കുതിർന്നൊരാൾ മുന്നിൽ വീണ് പിടയ്ക്കുമ്പോൾ ആ വീഡിയോ സോഷ്യൽ മീഡിയയിൽ പറത്തിവിട്ട് അത് ആസ്വദിക്കുന്ന ഒരു തരം ക്രൂരത നമുക്കിടയിൽ വളർന്ന് പന്തലിച്ചു കഴിഞ്ഞു! അപകടസ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തേക്കാൾ വേഗത്തിൽ ലൈവ് ചിത്രീകരണങ്ങൾ നടക്കുന്നു. ചോരയിൽ കുതിർന്നു കിടക്കുന്നയാളുടെ ജീവനേക്കാൾ പ്രിയപ്പെട്ടത് ആ രംഗം ഉൾപ്പെടുന്ന വീഡിയോ ആണ്. ഒരാൾ പോസ്റ്ര് ചെയ്യുന്ന വീഡിയോ അതിവേഗത്തിൽ വൈറലാകുന്നു! ഇതും മനോവൈകല്യമാണ്. റെയിൽവേ ട്രാക്കിൽ വേർപെട്ട് കിടക്കുന്ന തലയും മരക്കൊമ്പിൽ തൂങ്ങിയാടുന്ന സ്ത്രീശരീരവുമെല്ലാം പകർത്തി ഫേസ്ബുക്കിൽ പകർത്തുന്നവരുടെ മാനസികാവസ്ഥയെന്താണ്? ഇങ്ങനെയൊരു ചിത്രം കിട്ടിയാൽ പിന്നെ അത് പരമാവധി പേരിലേക്ക് എത്തും വരെ ഒരു സമാധാനവുമില്ല. ക്രൂരമായ ആനന്ദമാണ് ഇത്തരം പോസ്റ്റിടുന്നവർ അനുഭവിക്കുന്നത്. മനസ്സിന്റെ ചുവടുറയ്ക്കാതെ പോകുന്ന ഒരു തലമുറയുടെ സംഭാവനകളാണിത്.

വീടിനുള്ളിൽ പോലും പരസ്പരമറിയാതെ
സ്വന്തം വീട്ടിനുള്ളിലുള്ളവരുടെ മുഖത്ത് നോക്കാൻ പോലും ഓൺലൈൻ പ്രേമിക്ക് നേരമില്ല, ഭക്ഷണസമയത്തു മൊബൈലിനെ പിരിഞ്ഞിരിക്കാനുമാവുന്നില്ല. ചാറ്റിംഗിന്റെ പിടി ഒന്ന് അയഞ്ഞിട്ടു വേണ്ടേ ആരുടെയെങ്കിലും മുഖത്തേക്ക് നോക്കാൻ. മക്കൾക്ക് ഫോണും ലാപ് ടോപ്പും സമ്മാനിച്ചവർ അവരെ നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവിൽ ഡോക്ടറെ തേടുന്നു. അപരിചിതരുമായുള്ള സൗഹൃദത്തിന്റെ മായിക വലയങ്ങളിൽ മക്കൾ പിടിവിട്ട് വീഴുന്നത് തിരിച്ചറിയുമ്പോഴേക്ക് സമയം അതിക്രമിക്കുകയാണ്. വീടുകളിൽ അപരിചിതരെപ്പോലെ പെരുമാറേണ്ടി വരുന്ന തലത്തിലേക്കാണ് ഓൺലൈൻ ആളുകളുടെ ശീലത്തെ മാറ്റിമറിച്ചത്. അതിഥികളെത്തിയാൽ സ്വന്തം മുറിവിട്ട് പുറത്തിറങ്ങുന്നതു തന്നെ അസ്വസ്ഥതയോടെയാണ്. കൺമുന്നിൽ നിൽക്കുന്നൊരാളുടെ ശബ്ദവും മുഖവും വേണ്ട, പകരം കാണാമറയത്തിരിക്കുന്നവരുടെ മെസേജുകളും സ്‌മൈലികളും മതിയെന്ന ഈ മനോഭാവം എവിടെ നിന്നെത്തിയ കുടിയേറ്റക്കാരനാണ്! പൊതുവേദികളിലും നമുക്ക് ടച്ച് , ടച്ച് സ്‌ക്രീനുകളോട് മാത്രം. ഒരേ സമയം നൂറുകണക്കിന് മെസ്സേജുകൾ കിലോമീറ്ററുകൾക്ക് അപ്പുറത്തേക്ക് പറക്കുമ്പോൾ കിട്ടുന്ന ആനന്ദം മുന്നിൽ നിൽക്കുന്ന പ്രാസംഗികന്റെ മുഖത്ത് നിന്നോ ശബ്ദത്തിൽ നിന്നോ ആസ്വദിക്കാനാവുമോ?

ഫേക്ക് ഐഡികളുടെ താന്തോന്നിത്തരങ്ങൾ
ഫേക്ക് ഐഡികളുടെ ലോകമാണ് ഫേസ് ബുക്ക് ! അതിരുവിട്ട താന്തോന്നിത്തരങ്ങൾ കൈയിലുള്ളവരാണ് 'ഫേക്കു'കളുടെ ഉടമസ്ഥർ. പൊതു ഇടങ്ങളിൽ അശ്ളീലമെഴുതി നിർവൃതി അടയുന്നവരുടെ ഓൺലൈൻ പതിപ്പാണിവർ. വ്യക്തിഹത്യ നടത്തുക, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയതും മനോവൈകല്യമാണ്. മറ്റൊരാളുടെ പേരിൽ തുടങ്ങുന്ന അക്കൗണ്ടുകളിലൂടെയാണ് കാര്യം സാധിക്കുന്നത്. സെലിബ്രിറ്റികളുടെയും മറ്റും പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും പോസ്റ്റിടുകയും ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്.

ദിനചര്യകൾ തെറ്റിക്കുന്ന ഓൺലൈൻ സംസ്‌കാരം
ഡോ. സി.ജെ ജോൺ
ദിനചര്യകളെപ്പോലും താളംതെറ്റിച്ച് വ്യക്തിയെ മാനസിക വൈകല്യത്തിനടിമയാക്കുകയാണ് പുതിയ ഓൺലൈൻ സംസ്‌കാരം. രാവിലെ ഉണർന്നാൽ ആദ്യം അറിയേണ്ടത് ഫേസ് ബുക്കിൽ എത്ര ലൈക്ക് കമന്റ് , വാട്സ് ആപ്പിൽ ആരൊക്കെ മെസേജ് അയച്ചു എന്നൊക്കെയാണ്. പൊതുസമൂഹത്തിൽ താരമാകാനും ഇടപെടൽ നടത്താനും അവസരം കുറവുള്ള ഏതൊരാൾക്കും ഓൺലൈനിൽ ലക്ഷം പേരുടെ മുന്നിൽ വീരസാഹസികത പ്രകടിപ്പിക്കാനും അഭിപ്രായ പ്രകടനത്തിനും അവസരം ഏറെയാണ്. ഓരോ തവണയും ഓൺലൈനാകുമ്പോൾ 'ഞാൻ പോസ്റ്റിട്ടേ, നിങ്ങളത് കണ്ടേ' എന്ന ഒരുതരം ആനന്ദമാണ് ലഭിക്കുന്നത്. ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവർ ഒരു പദാർത്ഥത്തോടാണ് അടിമപ്പെടുന്നത് . അമിതമായ ഓൺലൈൻ ഉപയോഗമാകട്ടെ നിങ്ങളെ ഒരു പെരുമാറ്റത്തിനും ശീലത്തിനുമാണ് അടിമപ്പെടുത്തുന്നത്. ഇത് അത്ര നിസാരമാക്കരുത്. മാനസികമായുള്ള ഈ കീഴ്‌പ്പെടൽ വ്യക്തിയെ സമൂഹത്തിൽ നിന്നകറ്റും. ഒരു ഘട്ടത്തിൽ സ്വന്തം വ്യക്തിത്വത്തെ മാത്രമല്ല, ജീവനെപ്പോലും അപകടത്തിലാക്കുന്ന തരത്തിൽ നിങ്ങളുടെ മാനസികാവസ്ഥയെ മാറ്റിമറിക്കാൻ ലഹരിക്ക് കഴിയും. ലഹരി ഉപയോഗിക്കുന്നയാൾ കിക്ക് കുറയുമ്പോൾ പദാർത്ഥത്തിന്റെ അളവ് കൂട്ടും. ഓടുന്ന ട്രെയിനിന് മുൻപേ ഓടി ചിത്രീകരിച്ച സ്വന്തം വീഡിയോയ്ക്ക് ലൈക്ക് കുറയുമ്പോൾ അതിന്റെ ഉടമസ്ഥൻ അതിലും വലുത് പരീക്ഷിക്കാനുള്ള നെട്ടോട്ടത്തിലാകും. ഇത്ര കഷ്ടപ്പെട്ട് ഞാൻ എടുത്ത വീഡിയോ ഒന്ന് ലൈക്ക് ചെയ്യാൻ ഇവിടെ ആളില്ലേ. ഞെട്ടിക്കാൻ പോന്നത് പോസ്റ്റ് ചെയ്ത് കാണിച്ചു കൊടുക്കാം എന്ന വാശിയായി പിന്നെ.

ഓൺലൈൻ നൽകുന്ന സ്വകാര്യതയാണ് എന്തും ചെയ്യാൻ യുവാക്കളെ പ്രേരിപ്പിക്കുന്നത്. എത്ര മോശപ്പെട്ട കാര്യമായാലും മറഞ്ഞിരുന്ന് ചെയ്യാൻ മനുഷ്യർക്ക് ധൈര്യം കൂടും. ആരുടെയും മുഖം കാണാതെ സ്വന്തം സ്വകാര്യതയിലിരുന്നാണ് ഒരാൾ ഒരു പോസ്റ്റ് ചെയ്യുന്നത് . ഇവിടെ സഭാകമ്പം വിഷയമേ ആവുന്നില്ല. വിലക്കുകളില്ലാത്ത ലോകത്ത് എന്തും ചെയ്ത് ആർക്കു നേരെയും അശ്ളീലം പറഞ്ഞ് മുന്നേറാനുള്ള അവസരമാണ് ഓൺലൈൻ നൽകുന്നത്. സ്വന്തം ചിത്രത്തിനോ വീഡിയോയ്‌ക്കോ ലൈക്കും കമന്റും കുറഞ്ഞാൽ മാനസിക വിഷമവും അസ്വസ്ഥതയും പ്രകടിപ്പിക്കുന്നവർ പോലുമുണ്ട്. മനസ്സ് ഫേസ്ബുക്കിന്റെ നിയന്ത്രണത്തിലായി എന്നാണ് ഇത് തെളിയിക്കുന്നത്. ഇപ്പോൾ ധാരാളം കേസുകൾ ഓൺലൈൻ അഡിക്ഷനുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. യുവാക്കളും കൗമാരക്കാരുമാണ് ചികിത്സ തേടുന്നത്. കമ്പ്യൂട്ടറിനോടും ടെലിവിഷനോടും ഒരു അപരിചിതനോട് പുലർത്തേണ്ട ജാഗ്രത കാണിക്കണം. ഒരു അപരിചിതന്റെ പെരുമാറ്റങ്ങളും ചിന്താഗതിയും നിങ്ങൾക്ക് അന്യമാണ്. അയാളുടെ പെരുമാറ്റം ഏത് നേരത്തും വിപരീതമാകാം. നിങ്ങൾ സൂക്ഷിച്ച്, അകലം പാലിച്ച് ശ്രദ്ധയോടെയല്ലേ അയാളെ കൈകാര്യം ചെയ്യുകയുള്ളൂ. ഇതേ മനോഭാവം ഓൺലൈനോടും പുലർത്തുക. ഓൺലൈൻ നിങ്ങളറിയാതെ നിങ്ങളുടെ മാനസിക നിലയെ, പെരുമാറ്റത്തെ കീഴ്‌പ്പെടുത്താൻ ഇട നൽകരുത്! ജീവിതത്തെ അപകടത്തിലാക്കുന്ന, വ്യക്തിത്വത്തെ വികലമാക്കുന്ന ശീലങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ പഠിക്കുക.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.