നേരത്തെയറിഞ്ഞാൽ നേരായ ചികിത്സ
June 18, 2017, 9:51 am
2010 ലായിരുന്നു സൂസമ്മയെ തേടി ആ അതിഥി എത്തിയത്. പക്ഷേ, സന്തോഷത്തിന് പകരം ഒരൽപ്പം സങ്കടമായിരുന്നു അതിഥി സമ്മാനിച്ചത്. പക്ഷേ, അസാമാന്യമായ ധീരതയോടെ സൂസമ്മ ആ സാഹചര്യത്തെ നേരിട്ടു. സ്തനാർബുദമെന്ന ഒരിക്കലും പ്രതീക്ഷിക്കാത്ത രോഗവാസ്ഥ തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞതാണ് സൂസമ്മയെ തുണച്ചത്. കുടുംബം ഒന്നാകെ ആശ്വസിച്ചെങ്കിലും അവിടെയും വഴിത്തിരിവുകൾ അവസാനിച്ചിരുന്നില്ല. സൂസമ്മയുടെ സഹോദരി ആനിയും രണ്ടുവർഷങ്ങൾക്ക് മുമ്പ് അണ്ഡാശയാർബുദത്തിന് ചികിത്സ തേടി. ഏറെ നാൾ വൈകിയില്ല. വീണ്ടുമാ അതിഥി എത്തി. ഇത്തവണ സൂസമ്മയുടെ മകൾ സോഫിയയെ തേടിയായിരുന്നു അതിഥി എത്തിയത്. സോഫിയ സൂസമ്മയുടെ മകൾ സോഫിയ അമേരിക്കയിലെ ഹൂസ്റ്റണിൽ നഴ്സായിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ അവർക്ക് ബ്രാക്കാ 1, ബ്രാക്കാ2 (യൃരമ1, യൃരമ2) ജനിതക വൈകല്യമുണ്ടെന്നു കണ്ടെത്തുകയായിരുന്നു. രണ്ടു സ്തനങ്ങളും അണ്ഡാശയവും നീക്കം ചെയ്യാനായിരുന്നു ഡോക്ടർമാർ ഉപദേശിച്ചത്. കൂടുതൽ ചർച്ചയ്ക്കായി സോഫിയ അമ്മയോടൊപ്പം എന്റെ അടുത്തെത്തി. ബ്രാക്കാ ജീനുകൾ പാരമ്പര്യമായി ലഭിച്ച പ്രശസ്ത ഹോളിവുഡ് താരം ആൻജലീന ജൊളി സ്തനാർബുദം വരാതിരിക്കാൻ സ്തന ശസ്ത്രക്രിയയ്ക്ക് വിധേയയായത് ഇവിടെ ഓർക്കാം.
കേരളത്തിലെ സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് സ്തനാർബുദമാണല്ലോ. ഇതിൽ എട്ടുശതമാനം പേർക്ക് സോഫിയയെപ്പോലെ പാരമ്പര്യമായി ലഭിക്കുന്ന വൈകല്യമുള്ള 'ബ്രാക്കാ' ജീനുകളുണ്ട്.

കാൻസറുകളും ജീനുകളും
കാൻസറിന്റെ അടിസ്ഥാന കാരണം കോശവിഭജനത്തിനെ നിയന്ത്രിക്കുന്ന ജീനുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ്. (ാൗേമേശീി). പുകയില, മദ്യം, രാസവസ്തുക്കൾ, റേഡിയേഷൻ, കീടനാശിനികൾ തുടങ്ങിയ പല കാരണങ്ങളാൽ ജനിതകഘടനയിൽ മാറ്റമുണ്ടാകാം. എന്നാൽ ഏകദേശം എട്ടുമുതൽ പത്തുശതമാനം വരെ കാൻസറുകൾ മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി ലഭിച്ച ജനിതകമാറ്റം സംഭവിച്ച ജീനുകൾ മൂലമാണുണ്ടാകുന്നത്. സോഫിയയിൽ കണ്ടെത്തിയ ബ്രാക്കാ ജീനുകൾ ഉദാഹരണം. ഇത്തരത്തിൽ പാരമ്പര്യമായി ജനിതകമാറ്റം സംഭവിച്ച ബ്രാക്കാ ജീനുകൾ ലഭിക്കാൻ സാധ്യതയുള്ളവർ താഴെ പറയുന്നവരാണ്.
* ഒരു കുടുംബത്തിലെ 50 വയസ്സിന് താഴെയുള്ള രണ്ടോ അതിൽ കൂടുതലോ സ്ത്രീകൾക്ക് സ്തനാർബുദമുണ്ടെങ്കിൽ.
* 50 വയസ്സിന് താഴെയുള്ള ഒരു സ്ത്രീയ്ക്ക് സ്തനാർബുദവും കുടുംബത്തിലെ തന്നെ മറ്റൊരു സ്ത്രീക്ക് അണ്ഡാശയാർബുദവും ഉണ്ടെങ്കിൽ.
* മൂന്നോ മൂന്നിൽ കൂടുതലോ കുടുംബാംഗങ്ങൾക്ക് സ്തനാർബുദമുണ്ടെങ്കിൽ
* രണ്ടു സ്തനങ്ങളിലും അർബുദമുള്ളവരുണ്ടെങ്കിൽ
* സ്തനാർബുദമുള്ള പുരുഷന്മാരുണ്ടെങ്കിൽ

അത്തരം കുടുംബങ്ങളിലെ മറ്റംഗങ്ങൾക്ക് ബ്രാക്ക ജനിതകമാറ്റം സംഭവിച്ച ജീനുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നിരുന്നാലും അർബുദം തീർച്ചയായും എല്ലാവരേയും ബാധിക്കുമെന്ന് ഭയക്കേണ്ടതില്ല. സ്തനാർബുദവും അണ്ഡാശയകാൻസറുമുണ്ടാക്കുന്ന ബ്രാക്കാ ജീനുകളുടെ കണ്ടെത്തൽ കാൻസർ ചികിത്സാരംഗത്ത് പുതിയ വഴികൾ വെട്ടിത്തുറന്നിരിക്കുകയാണ്.
ബ്രാക്കാ ജീനുകൾ (യൃരമ1, യൃരമ2) എല്ലാവരിലുമുണ്ട്. സാധാരണഗതിയിൽ ഈ ജീനുകൾ സ്തനാർബുദത്തെയും അണ്ഡാശയാർബുദത്തെയും തടുക്കുന്നവയാണ്. ഓരോ കോശങ്ങളിലും രണ്ട് ബ്രാക്കാ ജീനുകളുണ്ടാകും. മാതാവിൽ നിന്നും പിതാവിൽ നിന്നും ലഭിക്കുന്നതാണ് ഇത്. ഒരു ബ്രാക്കാ ജീനിൽ ജനിതകമാറ്റം സംഭവിച്ചാലും മറ്റേത് കാൻസർ ഉണ്ടാകുന്നത് ചെറുക്കുന്നു. എന്നാൽ രണ്ടു ജീനുകൾക്കും ജനിതകമാറ്റം ഉണ്ടായാൽ അർബുദസാധ്യതയേറുന്നു.

കണ്ടുപിടിക്കാൻ
ബ്രാക്കാ ജീനുകളെ കണ്ടുപിടിക്കാൻപ്രയാസമില്ല. രക്തപരിശോധനയിൽ ബ്രാക്കാ ജനിതകമാറ്റം എളുപ്പം മനസ്സിലാക്കാം. കവിളിലുള്ള കോശങ്ങളെ ജനിതക പരിശോധനയ്ക്ക് വിധേയമാക്കുകയാണ് മറ്റൊരു മാർഗ്ഗം.
ജനിതകമാറ്റം ഉള്ള ബ്രാക്കാ ജീനുകൾ ഉണ്ടെങ്കിൽ
നേരത്തേയുള്ള രോഗനിർണയവും ശരിയായ ചികിത്സയും നല്ല ഫലം നൽകും. അതിനാൽ കൃത്യമായ കാൻസർ സ്‌ക്രീനിംഗ് വളരെ പ്രധാനമാണ്.
* 18 വയസ് മുതൽ മാസന്തോറും സ്തനം സ്വയം പരിശോധനയ്ക്ക് വിധേയമാക്കുക.
* 25 വയസ് മുതൽ ഡോക്ടറെ കൊണ്ടോ പരിചയസമ്പന്നരായ നഴ്സുമാരെക്കൊണ്ടോ ആറുമാസത്തിലൊരിക്കൽ പരിശോധിക്കണം.

സാദ്ധ്യത എങ്ങനെ കുറയ്ക്കാം
മുപ്പതുവയസിന് ശേഷം രണ്ടു സ്തനങ്ങളും നീക്കം ചെയ്യുന്നത് ബ്രാക്കാ ജനിതക വൈകല്യമുള്ള സ്ത്രീകൾക്ക് 90 ശതമാനം സുരക്ഷിതത്വം നൽകുന്നു. അണ്ഡാശയങ്ങളും രോഗം വരുന്നതിന് മുമ്പ് നീക്കം ചെയ്യുന്നത് അണ്ഡാശയ അർബുദം തടയാൻ ഏറെ സഹായിക്കും. ഈ രീതിയിലുള്ള ശസ്ത്രക്രിയകൾക്ക് പാശ്ചാത്യരാജ്യങ്ങളിൽ സ്വീകാര്യത വന്നിട്ടുണ്ടെങ്കിലും നമ്മുടെ സമൂഹത്തിൽ അത്ര പ്രചാരമായിട്ടില്ല, മാത്രമല്ല, തീരുമാനങ്ങൾ വളരെ വ്യക്തിപരവുമാണ്.

മരുന്നു കൊണ്ടുള്ള പ്രതിരോധം
ചില മരുന്നുകൾക്ക് ഉദാഹരണം ടമോക്സിഫെൻ, റലോക്സിഫൻ അമ്പതുശതമാനം വരെ അപകട സാദ്ധ്യത കുറയ്ക്കാൻ കഴിയും. കൂടാതെ വ്യായാമം, കൃത്യമായ ശരീരഭാരം, മുപ്പതുവയസിനു മുമ്പുള്ള ആദ്യ ഗർഭധാരണം, മുലയൂട്ടൽ തുടങ്ങി വളരെ ആരോഗ്യകരമായ ജീവിതശൈലികളും രോഗസാദ്ധ്യത കുറയ്ക്കും.

ശ്രദ്ധിക്കാൻ
നേരത്തെയുള്ള രോഗനിർണയവും ശരിയായ ചികിത്സയും നല്ലഫലം നൽകും. അതിനാൽ കൃത്യമായ കാൻസർ സ്‌ക്രീനിംഗ് വളരെ പ്രധാനമാണ്. പതിനെട്ടു വയസുമുതൽ മാസം തോറും സ്തനം സ്വയം പരിശോധനയ്ക്ക് വിധേയമാക്കണം. 25 വയസുമുതൽ ഡോക്ടറെ കൊണ്ടോ പരിചയ സമ്പന്നരായ നഴ്സുമാരെകൊണ്ടോ ആറുമാസത്തിലൊരിക്കൽ സ്തനം പരിശോധിപ്പിക്കണം. മുപ്പതുവയസു മുതൽ ആറുമാസത്തിലൊരിക്കൽ മാറി മാറി എം. ആർ. മാമോഗ്രാമും അൾട്രാസൗണ്ട് സ്‌കാനിംഗും ചെയ്യുക. വസ്തി പരിശോധന (ജലഹ്ശര ഋഃമാശിമേശീി), അൾട്രാ സൗണ്ട്, സി. എ.125 ന്റെ അളവ് അറിയാനുള്ള രക്തപരിശോധന തുടങ്ങിയവ ആറുമാസത്തിലൊരിക്കൽ മുപ്പതുവയസിനു മുകളിലുള്ള സ്ത്രീകൾ ചെയ്യണം. അണ്ഡാശയ കാൻസർ മനസിലാക്കാൻ ഒരു പരിധി വരെ ഇത് സഹായിക്കും. അതേ പോലെ നാൽപ്പതുവയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് എം.ആർ, എക്സ്‌റേ മാമോഗ്രാം എന്നിവ നടത്തുന്നത് നേരത്തെയുള്ള സ്തനാർബുദ രോഗനിർണയത്തിന് സഹായകമാകും.

മറ്റു മുൻകരുതലുകൾ
കാൻസർ ഒരു വ്യക്തിക്ക് വരുമ്പോൾ രോഗവിവരങ്ങൾ മറ്റു അടുത്ത കുടുംബാംഗങ്ങളെപ്പോലും അറിയിക്കാതെ വളരെ രഹസ്യമായി സൂക്ഷിക്കുന്നത് നമ്മുടെ സമൂഹത്തിൽ പതിവാണ്. സ്തനാർബുദം പോലുള്ള കാൻസറുകൾ പാരമ്പര്യമായി ലഭിക്കാൻ സാദ്ധ്യതയുള്ളതിനാൽ വളരെ ആരോഗ്യകരമായ നിലപാടാണ്. കൂടാതെ പരിശോധനാവിവരങ്ങൾ, പ്രത്യേകിച്ച് ബയോപ്സി റിപ്പോർട്ടും മറ്റും വരും തലമുറയ്ക്കായി സൂക്ഷിച്ച് വയ്ക്കണം. അത് അവരോട് നമുക്ക് ചെയ്യാൻ കഴിയുന്ന വലിയ സേവനമായിരിക്കും.

ഡോ. സി.എൻ.മോഹൻ നായർ
(കൊച്ചി സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ
ഓങ്കോളജി വിഭാഗം വിദഗ്ദ്ധൻ)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ