Saturday, 24 June 2017 7.40 PM IST
മോദിയുടെ പരിപാടിയിൽ കുമ്മനത്തെ കയറ്റിയത് എം.എൽ.എയെന്ന വ്യാജേന
June 18, 2017, 3:26 pm
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനം അടക്കമുള്ള പ്രധാനമന്ത്രി നരന്ദ്ര മോദിയുടെ പരിപാടിയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ ഉൾപ്പെടുത്തിയത് എം.എൽ.എയെന്ന ലേബലിൽ. പ്രധാനമന്ത്രിയുടെ ഓഫീസ് സുരക്ഷാവിഭാഗമായ എസ്.‌പി.ജിക്ക് നൽകിയ പട്ടികയിലാണ് കുമ്മനത്തെ എം.എൽ.എയായി ഉൾപ്പെടുത്തിയത്. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ വായനാദിന - വായനാമാസാചരണ പരിപാടിയുടെ പട്ടികയിലാണ് കുമ്മനത്തെ എം.എൽ.എ ആയി വിശേഷിപ്പിച്ചിരിക്കുന്നത്.

പതിനാറാം തീയതിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി (പേഴ്സണൽ ) പുഷ്‌പേന്ദ്ര കൗർ ശർമ പട്ടിക തയ്യാറാക്കിയത്. പരിപാടിയിൽ പങ്കെടുക്കേണ്ടവരുടെ പട്ടിക ശർമ എസ്‌.പി.ജി വിഭാഗം ഐ.ജിക്കും സംസ്ഥാന സർക്കാരിനും കൈമാറിയിരുന്നു. പട്ടികയിൽ രണ്ടിടത്ത് മാത്രമാണ് കുമ്മനത്തിന്റെ പേര് ഉണ്ടായിരുന്നത്. പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്ന ചടങ്ങിലും സെന്റ് തെരേസാസിലെ പരിപാടിയിലുമാണ് എം.എൽ.എ എന്ന് പറഞ്ഞ് കുമ്മനത്തെ നെ ഉൾപ്പെടുത്തിയത്. ഇവിടങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തീരുമാനിക്കുന്നത് എസ്.പി.ജിയാണ്. എസ്‌.പി.ജി ആവശ്യപ്പെടുന്ന കാറുകൾ കേരള പൊലീസ് വിട്ടുനൽകും. എന്നാൽ, വാഹനവ്യൂഹത്തിൽ കയറേണ്ടവരെ തീരുമാനിക്കുന്നതും എസ്‌പി.ജിയാണ്. അതിൽ കേരളാ പൊലീസിന് ഇടപെടാനുമാവില്ല. അതിനാൽ തന്നെ ഇക്കാര്യത്തിൽ മറുപടി നൽകേണ്ടത് എസ്‌.പി.ജിയാണ്.

ജനപ്രതിനിധി അല്ലാത്ത കുമ്മനെത്തെ മെട്രോ പരിപാടിയിൽ ഉൾപ്പെടുത്തിയത് വ്യാപക വിമ‌ർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ