Saturday, 24 June 2017 7.41 PM IST
മലയാളി യുവതിക്ക് വിമാനത്തിൽ സുഖപ്രസവം
June 18, 2017, 3:58 pm
ന്യൂഡൽഹി: സൗദിയിലെ ദമാമിൽ നിന്നുള്ള യാത്രയ്ക്കിടെ മലയാളി യുവതി വിമാനത്തിൽ ആൺകുഞ്ഞിന് ജന്മം നൽകി. ദമാമിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയർവേസ് വിമാനത്തിലാണ് സുഖപ്രസവം നടന്നത്. വിമാനം മുംബയിലിറക്കിയ ശേഷം യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.

ജെറ്റ് എയർവേസിന്റെ 9 ഡബ്ളിയു 569 വിമാനത്തിലാണ് സംഭവം നടന്നത്. യാത്രക്കിടെ യുവതിക്ക് പ്രസവവേദന കലശലായി. ഇക്കണോമി ക്ലാസിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ തുടർന്ന് ഫസ്‌റ്റ് ക്ളാസിലേക്ക് മാറ്റി. വിമാനത്തിൽ ഡോക്ടർമാർ ആരെങ്കിലുമുണ്ടോയെന്ന് കാബിൻ ക്രൂ അന്വേഷിച്ചു. എന്നാൽ,​ നിരാശയായിരുന്നു ഫലം. പക്ഷേ,​ യാത്രക്കാരിയായി ഒരു നഴ്സ് ഉണ്ടായിരുന്നു. തുടർന്ന് നഴ്സും വിമാന ജീവനക്കാരും ചേർന്ന് യുവതിയെ പരിചരിക്കുകയും യുവതി കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. പാകിസ്ഥാനിലെ കറാച്ചിക്കു മുകളിലൂടെ സഞ്ചരിക്കുമ്പോഴാണു പ്രസവം നടന്നതെന്നു ജീവനക്കാർ പറഞ്ഞു. ഏതാണ്ട് ഒന്നര മണിക്കൂറിനുശേഷം മുംബയ് വിമാനത്താവളത്തിൽ വിമാനം ഇറക്കി. വിമാനം ഇറക്കിയ ഉടൻ തന്നെ ആംബുലൻസിൽ യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. യുവതിക്കൊപ്പം മറ്റാരുമില്ലായിരുന്നതിനാൽ അവരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല. ടിക്കറ്റിലെ വിവരങ്ങൾ അനുസരിച്ച് ബന്ധുക്കളെ വിവരം അറിയിക്കും. രണ്ടു മണിക്കൂറിനു ശേഷം വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചു.

ആകാശത്ത് വച്ച് പ്രസവം നടന്നാൽ വലിയ അന്താരാഷ്ട്ര വിമാന കന്പനികൾ ആ കുട്ടിക്ക് ആജീവനാന്തം സൗജന്യ യാത്ര അനുവദിക്കുന്ന രീതിയുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ