Saturday, 24 June 2017 7.42 PM IST
ജി.എസ്.ടിയും ചെറുകിട സംരംഭങ്ങളുടെ ആഘാതവും
June 19, 2017, 5:12 am
സജീവ് നായർ
ഇന്ത്യയുടെ പ്രാഥമിക വളർച്ചയെ നിയന്ത്രിക്കുന്ന മുഖ്യഘടകമായാണ് കാലങ്ങളായി ചെറുകിട - ഇടത്തരം സംരംഭങ്ങളെ കാണുന്നത്. 30 ലക്ഷത്തോളം ചെറുടി - ഇടത്തര സംരംഭങ്ങളാണ് ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദനത്തിൽ 30 ശതമാനവും മൊത്തം കയറ്റുമതിയിൽ 42 ശതമാനവും പങ്കുവഹിക്കുന്നത്. രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്ന മുഖ്യ മേഖയുമാണിത്. മുമ്പ് ഒന്നരക്കോടി രൂപയോ അതിൽ കുറവോ വിറ്റുവരവ് ഉണ്ടായിരുന്ന ഉത്‌പാദകർ എക്‌സൈസ് നികുതി നിയമങ്ങൾ പാലിക്കേണ്ടിയിരുന്നില്ല. ജി.എസ്.ടിയിൽ കാര്യങ്ങൾ അടിമുടി മാറുകയാണ്.
ജി.എസ്.ടിയുടെ പരിധിയിലേക്ക് എല്ലാ കേന്ദ്ര - സംസ്ഥാനതല നികുതികളും ലയിപ്പിക്കുന്നതോടെ പത്ത് ലക്ഷം രൂപ വരെ വിറ്റുവരവുള്ള ഉത്‌പാദകരും നികുതി നടപടിക്രമങ്ങൾ അനുസരിക്കേണ്ടി വരും. ജി.എസ്.ടിയുടെ കീഴിലുള്ള നടപടിക്രമങ്ങളെല്ലാം രജിസ്‌ട്രേഷൻ, പേമെന്റുകൾ, റീഫണ്ടുകൾ, റിട്ടേൺസ് എന്നിവ ഓൺലൈനിലൂടെയേ സാദ്ധ്യമാകൂ. നിലവിലെ നികുതി നടപടിക്രമങ്ങളിൽ ഇക്കാര്യങ്ങളിലൊക്കെ പരാതിയുണ്ട്. ജി.എസ്.ടിയിൽ അത്തരം പരാതികൾക്ക് സ്ഥാനമില്ലെന്നത് സംരംഭകർക്ക് ആശ്വാസമാകും.

ഗുണങ്ങൾ
നിലവിൽ വാറ്ര് രജിസ്‌ട്രേഷൻ ആവശ്യമുള്ള നിരവധി വിറ്റുവരവ് സ്ളാബുകൾ സെയിൽസ് ടാക്‌സ് വകുപ്പിനുണ്ട്. ഒന്നിലധികം സംസ്ഥാനങ്ങളിൽ ബിസിനസ് ഉള്ളവർ, വിവിധ സംസ്ഥാനങ്ങൾക്ക് ബാധകമായ നികുതി ചട്ടങ്ങൾ പാലിക്കണം. ഇത് കൂടുതൽ സങ്കീർണമാണ്. വില സൂചികയനുസരിച്ചുള്ള ഭാരിച്ച ഫീസും തിരിച്ചടിയാണ്. എന്നാൽ, യൂണിഫോം ജി.എസ്.ടിയിൽ ഇത്തരം തലവേദനകളില്ല.
ജി.എസ്.ടിയിൽ നികുതി നിഷ്‌പക്ഷം ആയതിനാൽ ചെറുകിട - ഇടത്തരം സംരംഭകർക്ക് അധികച്ചെലവ് കുറയുമെന്ന നേട്ടവുമുണ്ട്. സമയം പാഴാക്കുന്ന ബോർഡർ ടാക്‌സ് നടപടിക്രമങ്ങളും ചെക്‌പോസ്‌റ്റുകളും ജി.എസ്.ടിയിൽ ഇല്ല. അതിർത്തികളിലൂടെ ചരക്കുകൾ സുഗമമായി വിതരണം ചെയ്യാം. വൻകിട ഉത്‌പാദക കമ്പനികളുടെ ചെലവ് 20 ശതമാനം വരെ കുറയുമെന്നാണ് ക്രിസിലിന്റെ വിലയിരുത്തൽ.
വില്‌പനയെയും സേവനങ്ങളെയും ഒരിക്കലും വേർതിരിക്കുന്നില്ലെന്നത് ജി.എസ്.ടിയെ ഏറെ ലളിതമായ നികുതിവ്യവസ്ഥയാക്കി മാറ്റുന്നു. ചെറുകിട സംരംഭകർക്ക് ഇതു നല്ല വാർത്തയാണ്. അന്തർസംസ്ഥാന വില്‌പനയിലെ നികുതിഭാരം ഒഴിവാക്കാനായി ചെറുകിട - ഇടത്തരം സംരംഭകർ അതത് സംസ്ഥാനത്തിനുള്ളിൽ ഉപഭോക്താക്കളെ പരിമിതപ്പെടുത്തുകയാണ് നിലവിൽ ചെയ്യുന്നത്. ജി.എസ്.ടി വരുമ്പോൾ സ്ഥലത്തിന് പ്രാധാന്യമില്ലെന്നതിനാൽ എസ്.എം.ഇകൾക്ക് മറ്റു സംസ്ഥാനങ്ങളിലേക്കും വിപണി വിപുലീകരിക്കാനാകും.

ആശങ്കകൾ
വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും മറ്റു സംസ്ഥാനങ്ങൾക്ക് പത്തു ലക്ഷം രൂപയുമായി നികുതി കുടിശിക ഉയർത്താൻ ജി.എസ്.ടി ബിൽ നിർദേശിക്കുന്നു. നിലവിൽ സെൻട്രൽ എക്‌സൈസ് നിയമത്തിന്റെ പരിധി ഒന്നരക്കോടി രൂപയാണ്. അതായത്, ജി.എസ്.ടി ചെറുകിട - ഇടത്തരം സംരംഭകരുടെ പ്രവർത്തന മൂലധനത്തെ ബാധിക്കുമെന്ന് സാരം. ഉദാഹരണത്തിന്, ഇന്ന് 25 ലക്ഷം രൂപയ്ക്ക് വ്യവസായം നടത്തുന്നൊരാൾ നികുതി ഇളവൊന്നുമില്ലാതെ തന്നെ ജി.എസ്.ടി പോസ്‌റ്ര് ഇംപ്ളിമെന്റേഷൻ അടയ്‌ക്കേണ്ടിവരും. അതായത്, മൂലധനത്തിന്റെ നല്ലൊരുഭാഗം നികുതിയ്‌ക്കായി അദ്ദേഹം മാറ്റിവയ്‌ക്കേണ്ടി വരും.
ഉത്‌പന്നങ്ങളുടെ വിതരണത്തിൽ ജി.എസ്.ടി നികുതി ചുമത്തപ്പെടുകയും ഇൻപുട്ട് ക്രെഡിറ്ര് ലഭ്യമാകാതെ വരികയും ചെയ്യുന്നത് മൂലം ഉത്‌പന്നത്തിന്റെ വിലയും വർദ്ധിക്കും. ആഡംബര വസ്‌തുക്കൾക്ക് ഇപ്പോഴും ഉയർന്ന നികുതിയാണ് ചുമത്തപ്പെടുന്നത്. ആഡംബര വസ്‌തുക്കളും സാധാരണക്കാരും തമ്മിലുള്ള അന്തരം ജി.എസ്.ടിയും കുറയ്‌ക്കുന്നില്ല. ജി.എസ്.ടിയിൽ എല്ലാ ചരക്കുകൾക്കും സേവനങ്ങൾക്കും ഒരേ നികുതിയാണ് അടയ്‌ക്കേണ്ടത്. ഇത് വൻകിട കമ്പനികളുമായി മത്സരിക്കുന്ന ചെറുകിടക്കാർക്ക് തിരിച്ചടിയാകും.

പ്രതിസന്ധിയിലാകുന്ന വ്യവസായങ്ങൾ
 ഓൺലൈൻ റീട്ടെയിൽ
 എഫ്.എം.സി.ജി
 ലോജിസ്‌റ്രിക്‌സ്
 ഫാർമസ്യൂട്ടിക്കൽസ്
 സർവീസസ്
 സപ്ളൈ ചെയിൻ
 ഡീലേഴ്‌സ്
 ഇംപോർട്‌സ് ആൻഡ് എക്‌സ്‌പോർട്‌സ്
 മാനുഫാക്‌ചറിംഗ്
 ടെക്‌സ്‌റ്റൈൽസ്
 ഐ.ടിയും അനുബന്ധ മേഖലകളും
 വെയർഹൗസിംഗ്
 ടെലികോം
 ഇൻഫാസ്‌ട്രക്‌ചർ
 ഹോസ്‌പിറ്റാലിറ്റി
 എനർജി
 ട്രാൻസ്‌പോർട്ടേഷൻ റീട്ടെയിൽ

(ബ്രഹ്മ ലേണിംഗ് സൊല്യൂഷൻസിന്റെ മാനേജിംഗ് ഡയറക്‌ടറാണ് ലേഖകൻ)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ