Saturday, 24 June 2017 7.42 PM IST
രാംനാഥ് കോവിന്ദ് ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി
June 19, 2017, 2:08 pm
ന്യൂഡൽഹി: ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ബീഹാർ ഗവർണറായ രാംനാഥ് കോവിന്ദ് ആയിരിക്കുമെന്ന് പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ അറിയിച്ചു. ബി.ജെ.പി മുൻ വക്താവും ദളിത് മോർച്ച പ്രസിഡന്റുമായിരുന്ന രാംനാഥ് കോവിന്ദിന്റെ പേര് രാഷ്ട്രപതി സ്ഥാനാർത്ഥി ചർച്ചകളിൽ ഒരിക്കൽ പോലും ഉയർന്നുവന്നിരുന്നില്ല. ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നുള്ള ഇദ്ദേഹം രണ്ടു തവണ രാജ്യസഭാംഗമായിരുന്നു. 71 വയസുകാരനായ രാംനാഥ് കോവിന്ദ് സുപ്രീം കോടതിയിലെ അഭിഭാഷകനായും പ്രവർത്തിച്ചിരുന്നു. ഈ മാസം 23ന് അദ്ദേഹം പത്രിക നൽകും.

ഇന്ന് ഡൽഹിയിൽ നടന്ന ബി.ജെ.പി പാർലമെന്ററി യോഗമാണ് എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ യോഗത്തിൽ പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായ്‌ക്ക് പുറമെ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അരുൺ ജെയ്റ്റ്‌‌‌ലി, സുഷമാ സ്വരാജ്, നിതിൻ ഗഡ്ക്കരി തുടങ്ങിയവർ പങ്കെടുത്തിരുന്നു. എന്നാൽ ഈ തീരുമാനത്തിന് എൻ.ഡി.എയുടെ ഘടകകക്ഷികളിൽ നിന്നടക്കം പിന്തുണ കിട്ടുമോ എന്ന കാര്യത്തിൽ തീർച്ചയില്ല. അതേസമയം, എല്ലാവരും പിന്തുണയ്‌ക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് പാർട്ടി തീരുമാനം വിശദീകരിക്കവെ അമിത് ഷാ പറഞ്ഞു.

തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും അറിയിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ബി.ജെ.പി സ്ഥാനാർത്ഥിയെ പിന്തുണക്കുമോ അതോ സ്വന്തം നിലയിൽ സ്ഥാനാർത്ഥിയെ നിർത്തുമോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

അതേസമയം, സ്ഥാനാർത്ഥി ചർച്ചകളിൽ ഇതുവരെ ഉയർന്നു കേൾക്കാത്ത ഒരാളെ സ്ഥാനാർത്ഥിയാക്കിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രി സുഷമ സ്വരാജ്, ഇ. ശ്രീധരൻ, എം.എസ്. സ്വാമിനാഥൻ, എൽ.കെ. അധ്വാനി തുടങ്ങിയവരെ സ്ഥാനാർഥിയായി പരിഗണിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ