ആമിറിന്റെ വിക്കറ്റുകൾ ആവശ്യപ്പെടുന്നത് ശ്രീശാന്തിന്റെ രണ്ടാം വരവിനായി...
June 19, 2017, 5:50 pm
വെബ് ഡെസ്‌ക്ക്
ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരത്തിൽ ഇന്ത്യയ്‌ക്കേറ്റ കനത്ത തോൽവിയുടെ ഒരു പ്രധാന കാരണം മുഹമ്മദ് അമീർ എന്ന പയ്യനായിരുന്നു. വാതുവയ്‌പു കേസിൽ കുടുങ്ങുകയും പിന്നീട് കോടതി വെറുതെ വിട്ടപ്പോൾ ടീമിലേക്ക് തിരികെയെത്തുകയും ചെയ്‌തയാളാണ് അമീർ. പരിക്കുമൂലം ചാമ്പ്യൻസ് ട്രോഫിയിലെ സെമിഫൈനൽ നഷ്‌ടപ്പെട്ട അമീർ ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ പോരാടാനിറങ്ങുന്നത് അപ്രതീക്ഷിതമായാണ്. എന്നാലും ഇന്ത്യയുടെ നട്ടെല്ലിളക്കാൻ ഒരു പരിധി വരെ പാകിസ്ഥാനെ സഹായിച്ചത് അമീറിന്റെ മിന്നും പ്രകടനം തന്നെ.

അതേസമയം, അമീറിന് മുന്നിൽ ഇന്ത്യ മുട്ടുമടക്കിയപ്പോൾ മലയാളികളടക്കമുള്ള ക്രിക്കറ്റ് ആരാധകർ ചോദിച്ചൊരു ചോദ്യമുണ്ട്. അമീറിനെ പോലെ തന്നെ ഇന്ത്യൻ ടീമിൽ നിന്നും പുറത്തായ മലയാളി താരം എസ്.ശ്രീശാന്തിനെ തിരികെ കൊണ്ടു വരാത്തതെന്താണെന്ന്. കുറ്റം ഏറ്റുപറഞ്ഞ് മാപ്പ് ചോദിച്ചാണ് അമീർ ടീമിൽ തിരിച്ചു കയറിയതെങ്കിൽ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയ ശ്രീശാന്തിനെ ആജീവനാന്തം വിലക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്(ബി.സി.സി.ഐ) ചെയ്‌തത്. ഇത് കൂടാതെ കൗണ്ടി ക്രിക്കറ്റിൽ കളിക്കുന്നതിന് പോലും വിലക്കേർപ്പെടുത്തിയ ബി.സി.സി.ഐ ശ്രീശാന്തിനോട് സ്വീകരിക്കുന്നത് ചിറ്റമ്മ നിലപാടാണെന്ന് ആക്ഷേപവുമുണ്ട്.

ഇതിനിടെ ഐ.സി.സി ഫൈനൽ മത്സരം കഴിഞ്ഞതോടെ ശ്രീശാന്തിനെ ടീമിൽ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സാമൂഹ്യ മാദ്ധ്യമങ്ങളിലും മറ്റും ഇതിന് വേണ്ടി ക്യാംപയിനുകളും നടക്കുന്നുണ്ട്. ബ്രിംഗ് ബാക്ക് ശ്രീശാന്ത് എന്ന പേരിൽ തുടങ്ങിയ ഫെയ്സ്ബുക്ക് പേജിൽ സമാന ആവശ്യവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ വാതുവെപ്പ് നടത്തിയെന്ന് തെളിയിക്കപ്പെട്ട ടീമുകൾ പോലും തിരിച്ചെത്തുമ്പോൾ ശ്രീശാന്തിനെ പോലൊരു മികച്ച താരത്തെ ബലിയാടാക്കരുതെന്ന് ഇവർ ആവശ്യപ്പെടുന്നു.

ശ്രീശാന്ത് നല്ലൊരു ബൗളർ മാത്രമല്ല ,ശ്രീ ടീമിന്റ ഭാഗ്യവും ആയിരുന്നു. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിലും ശ്രീ ഉണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസം ശ്രീശാന്ത് ടീമിലുണ്ടായിരുന്നുവെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നുവെന്നും സാമൂഹ്യ മാദ്ധ്യങ്ങളിലൂടെ ചിലർ പങ്കുവയ്‌ക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ