Saturday, 24 June 2017 7.41 PM IST
പത്താം ക്ളാസുകാരിയെ മാനഭംഗപ്പെടുത്തി ട്രെയിനിൽ നിന്നു പുറത്തേക്ക് എറിഞ്ഞു
June 20, 2017, 12:05 am
പാട്ന: പത്താം ക്ളാസ് വിദ്യാർത്ഥിനിയെ ആറംഗസംഘം കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ പുറത്തേക്ക് എറിഞ്ഞു . ദക്ഷിണ ബീഹാറിലെ ലഖിസരായ് ജില്ലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി പാട്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് . വ്യാഴാഴ്ച നടന്ന സംഭവം കഴിഞ്ഞദിവസമാണ് പുറത്തറിയുന്നത്.
സുഹൃത്തിനെ കാണാൻ പോവുകയായിരുന്ന പെൺകുട്ടിയ ആറ് പേരടങ്ങുന്ന സംഘം ആദ്യം തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി.
തുടർന്ന് ലോക്കൽ ട്രെയിനിൽ കയറ്റി മാനഭംഗത്തിനിരയാക്കിയ ശേഷം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ വെള്ളിയാഴ്ച രാവിലെ കിയൂൾ ജംഗ്ഷന് സമീപത്തുള്ള ട്രാക്കിൽ നിന്ന് നാട്ടുകാരാണ് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ച ശേഷം പാട്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിക്ക് ആവശ്യമായ വൈദ്യസഹായം ലഭിച്ചില്ലെന്ന് പരാതിയുണ്ട്. ഗുരുതരാവസ്ഥയിൽ പാട്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച പെൺകുട്ടിയെ ബെഡ് ഇല്ലെന്നു പറഞ്ഞ് അഡ്മിറ്റ് ചെയ്യാൻ വൈകിയെന്നു കുടുംബം ആരോപിച്ചു. പെൺകുട്ടിയുടെ കാലിലും രഹസ്യ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തുടയെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ട്. ഇപ്പോൾ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് പാട്ന മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഒളിവിലുള്ള പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തണമെന്നും പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്നും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിർദ്ദേശിച്ചു. പ്രതികളിൽ ഒരാളുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ അയൽവാസികളാണെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ