Saturday, 24 June 2017 7.42 PM IST
എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ എതിർപ്പറിയിച്ച് പ്രതിപക്ഷം
June 19, 2017, 7:38 pm
ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിഹാർ ഗവർണർ രാംനാഥ് കോവിന്ദിനെ എൻ.ഡി.എ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ എതിർപ്പറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. പ്രഖ്യാപനത്തിന് മുൻപ് സ്ഥാനാർത്ഥിയുടെ പേര് പ്രതിപക്ഷ പാർട്ടികളെ അറിയിക്കുമെന്ന വാഗ്ദാനം ബി.ജെ.പി പാലിച്ചില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. 22ന് ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ, എതിർ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

സംഘപരിവാർ സംഘടനയിൽ നിന്നുള്ള വ്യക്തിയായതുകൊണ്ട് ബി.ജെ.പി പ്രഖ്യാപിച്ച എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിക്കെതിരെ പ്രതിപക്ഷവും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കണമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി പറഞ്ഞു. കോവിന്ദിനെ സ്ഥാനാർത്ഥിയാക്കിയത് ആർ.എസ്.എസ് അജണ്ടയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം അത്ഭുതപ്പെടുത്തി എന്നായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം.

അതേസമയം, എൻ.ഡി.എ.യുടെ സ്ഥാനാർത്ഥിത്വത്തോട്, തങ്ങൾക്ക് കാര്യമായ എതിർപ്പില്ലെന്ന പരോക്ഷ സൂചനയാണ് ബി.എസ്.പി നേതാവ് മായാവതിയുടെ അഭിപ്രായ പ്രകടനത്തിൽ നിഴലിച്ചു നിന്നത്. 'ദളിത് നാമം മുന്നോട്ട് വെച്ചതിൽ സന്തുഷ്ടരാണെന്നും, പ്രസിദ്ധനായ ഒരു ദളിത് നേതാവല്ലാത്തതിൽ അപ്രിയമുണ്ടെന്നും' ആയിരുന്നു മായാവതി പ്രതികരിച്ചത്. എന്നാൽ എൻ.ഡി.എയിലെ ഘടകകക്ഷിയായ ശിവസേന, മുന്നണിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ അസന്തുഷ്ടരാണ്. വിഷയത്തിൽ ബി.ജെ.പി തീരുമാനം ഏകപക്ഷീയമാണെന്നും, തങ്ങളുടെ നിലപാട് പിന്നീട് അറിയിക്കുമെന്നും ശിവസേനാ നേതൃത്വം വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ