കണ്ണന്റെ അമ്മ
June 18, 2017, 10:30 am
പ്രദീപ് മാനന്തവാടി
വരൂ മോനെ, അമ്മൂമ്മയ്ക്ക് ഒരു ഉമ്മ തര്വോ?''ചോദ്യം കേട്ടയുടനേ തന്നെ അമ്മ പ്രവീണയുടെ മാറിൽ ഒട്ടിപ്പിടിച്ച് കിടന്ന ഋഷികേശ് കട്ടിലിൽ ഇരിക്കുകയായിരുന്ന ആ അമ്മൂമ്മയുടെ നേരെ ചിരിച്ച് കൊണ്ട് തല നീട്ടി. അവനെ ചേർത്തുപിടിച്ച് വാരിപ്പുണരണമെന്നുണ്ടായിരുന്നു. പക്ഷേ അവർക്കതിന് കഴിഞ്ഞില്ല. പ്രവീണ മകനെ അവരുടെ മുഖത്തോട് ചേർത്തു. ഒന്നല്ല, ഒരായിരം ഉമ്മ അവൻ ആ അമ്മൂമ്മയ്ക്ക് നൽകി. അവനറിയില്ല ആ അമ്മൂമ്മ ആരാണെന്ന്. പക്ഷേ, ഒന്നു മനസിലായി, ആ ഉള്ളുനിറയെ സ്‌നേഹമുണ്ടെന്നും അതുകൊണ്ടാണ് തന്നെ കണ്ടപ്പോൾ പുഞ്ചിരിച്ചതെന്നും.

പ്രത്യക്ഷത്തിൽ സങ്കടമൊന്നുമില്ലെന്ന് തോന്നുമെങ്കിലും കണ്ണുകളിൽ എവിടെയോ വിഷാദമേഘങ്ങൾ അലഞ്ഞുതിരിയുന്നുണ്ട്. ഏറെ കൊതിച്ച് കാത്തിരുന്നെത്തി രണ്ടാം പിറന്നാളിന് മുമ്പേ വിട പറഞ്ഞു പോയ കണ്ണനായിരിക്കുമോ ആ മനസിൽ. അന്ന് ഈ അമ്മയ്‌ക്കൊപ്പം കരഞ്ഞത് മലയാളികൾ ഒന്നടങ്കമായിരുന്നു. അമ്മൂമ്മയെ കാണാൻ വന്ന ഋഷികേശിന് രണ്ടര വയസാണ് പ്രായം. ആ കുസൃതിയും ചിരിയും എല്ലാം കണ്ണന്റേത് തന്നെയെന്ന് ആ അമ്മൂമ്മയ്ക്ക് ഒരുവേള തോന്നിയിരിക്കണം.
അറുപത്തിരണ്ടാമത്തെ വയസിൽ സംസ്ഥാനത്ത് ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നൽകിയ ഭവാനി അമ്മയാണ് കൺമുന്നിലിരിക്കുന്നത്. ഏറെ പ്രയാസങ്ങൾക്കൊപ്പം നടന്ന് ഒരു കുഞ്ഞെന്ന സ്വപ്നം കൈയെത്തിപ്പിടിച്ചവൾ. ഒറ്റയ്ക്കിരിക്കുമ്പോൾ ഓർമ്മകൾ ഒരായിരം മനസിൽ പാറിയെത്തും. വിഷമവും സങ്കടവും വരുമ്പോൾ ആശ്വസിക്കുന്നത് ഇന്നും മറക്കാത്ത കണ്ണന്റെ കളിചിരികളും കുസൃതിയും ഓർത്താണ്. എത്രയെത്ര കുട്ടികൾക്ക് അക്ഷരം പറഞ്ഞു കൊടുത്തിരിക്കുന്നു. അവരുടെയൊക്കെ ചിരിയും കളിയും മനസിൽ ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ട്. അതേ പോലെ തന്നെയാണ് അകാലത്തിൽ പൊലിഞ്ഞു പോയ കണ്ണന്റെ ഓർമ്മകളും.
ഇന്ന് ഭവാനി ടീച്ചർക്ക് തീരെ വയ്യ. കാലുകൾ നിലത്തുറയ്ക്കുന്നില്ല. എന്തിനും ഏതിനും പരസഹായം വേണം. വീൽ ചെയറിലാണ് സഞ്ചാരം. അത് തള്ളാനും ഒരാളുടെ സഹായം വേണം. എല്ലാം പെട്ടെന്നായിരുന്നു. തല കറങ്ങി ഒരു ദിവസം വീണു. ദുരന്തങ്ങൾ മാത്രം അതിഥികളായി വന്നെത്തിയ ആ ജീവിതത്തിൽ വീണ്ടുമൊരു വീഴ്ച. ദുരിതം മാത്രം കൂട്ടിനുള്ള ദിവസങ്ങൾ. ഇടത് കണ്ണിന്റെ കാഴ്ച പോയി. കണ്ണ് ചുരുങ്ങി ഒട്ടിപ്പോയ അവസ്ഥ. ബോധം വന്നപ്പോൾ ഇടത് കണ്ണിന് കാഴ്ചയില്ലെന്നും ശരീരം തളർന്നുവെന്നും തിരിച്ചറിഞ്ഞു. കാഴ്ചയെങ്കിലും തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴത്തെ ജീവിതം. ഒന്നര മാസം നീണ്ട ആശുപത്രി ജീവിതത്തിന് ശേഷം ഭവാനി അമ്മയ്ക്ക് ഇടം ലഭിച്ചത് വയനാട്ടിലെ കൽപ്പറ്റയ്ക്കടുത്ത വെങ്ങപ്പള്ളിയിലെ പീസ് വില്ലേജ് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന നടത്തുന്ന സ്ഥാപനത്തിലാണ്. ആരോരുമില്ലാത്ത ദുരിത ജന്മങ്ങളെ സ്വസ്ഥ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ഒരിടം. ജീവിതം തൊട്ടറിയുന്ന ഒരിടം. ജീവിത വഴികളിൽ ഒറ്റപ്പെട്ട് പോകുന്ന, പകച്ച് നിൽക്കുന്ന മനുഷ്യർക്ക് ആശ്രയമേകുന്ന തണലിടമാണിത്.ഇവിടെ വൃദ്ധദമ്പതികൾ ഉൾപ്പെടെ ഒമ്പത് പേർ വേറെയുമുണ്ട്. ഇവിടെയുള്ളവരുടെ സ്‌നേഹമാണ് ഇപ്പോൾ അവർക്കെല്ലാം. ഇത്തിരിക്കാലമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും കണ്ണൻ സമ്മാനിച്ചിട്ടു പോയ മധുരനൊമ്പരങ്ങളും.

ഭവാനി അമ്മ ടീച്ചർ വാടകക്ക് താമസിക്കുന്ന മാനന്തവാടിയിലെ അമ്പുകുത്തിയിൽ നിന്നാണ് പ്രവീണ തന്റെ രണ്ടര വയസുള്ള ഋഷികേശുമായി കടന്നു വന്നത്. വിവാഹം കഴിഞ്ഞ് കുറെ വർഷങ്ങൾക്ക് ശേഷമാണ് പ്രവീണയ്ക്ക് ഋഷികേശിനെ കിട്ടിയത്. അക്കാര്യം ഭവാനി അമ്മയോട് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് അവരുടെ കണ്ണ് നിറഞ്ഞു. വീണ്ടും അവനെ അടുത്ത് ചേർത്ത് വച്ച് ഉമ്മ നൽകി. പിന്നെ അവന്റെ ശിരസിൽ തലോടി. കണ്ണന്റെ വേർപാടിന് ശേഷം 2011ൽ മൂവാറ്റുപുഴയിൽ നിന്ന് വയനാട്ടിലേക്ക് ചുരം കയറിയതാണ്. മാനന്തവാടിയിലെ അമ്പുകുത്തിയിലെ വാടക വീട്ടിലാണ് കഴിഞ്ഞ ആറ് വർഷമായുളള വാസം. വയനാട്ടിലെ പച്ചപ്പും സുഖമുളള തണുപ്പും കലങ്ങി മറിഞ്ഞ മനസിന് തൊല്ലാരാശ്വാസം നൽകുമെന്ന് അവർ കരുതി.അങ്ങനെ കഴിയുമ്പോഴാണ് ആറുമാസം മുമ്പ് വെള്ളമുണ്ടയിൽ വച്ച് ഒന്ന് തലകറങ്ങി വീണത്. ആ വീഴ്ച ജീവിതത്തെ തന്നെ മാറ്റിക്കളഞ്ഞു. ബോധം നഷ്ടപ്പെട്ട് മേപ്പാടിയിലെ വിംസ് മെഡിക്കൽ കോളേജിൽ ഒന്നര മാസത്തോളം ചികിത്സ. ഭക്ഷണം ദ്രവരൂപത്തിൽ ട്യൂബിലൂടെ നൽകുകയായിരുന്നു. മരണവുമായി മല്ലിട്ട ടീച്ചറുടെ ജീവിതം വീണ്ടും പുറംലോകമറിഞ്ഞു. വിംസ് മെഡിക്കൽ കോളേജിലെ ഒന്നര മാസത്തെ ചികിത്സയ്ക്ക് തന്നെ ഏതാണ്ട് ഒരു ലക്ഷം രൂപയിലേറെ ചെലവ് വന്നു. അതെല്ലാം മെഡിക്കൽ കോളേജ് അധികൃതർ തന്നെ വഹിച്ചു. ടീച്ചർക്ക് അവിടെ ചികിത്സ സൗജന്യമാണ്. ഇതൊരു രണ്ടാംജന്മമാണ് ടീച്ചർക്ക്. മരണത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടിരിക്കുന്നു. നടക്കാൻ വയ്യ എന്നു മാത്രമേ ഉള്ളൂ. ഓർമ്മകൾ പച്ചപ്പോടെ മനസിലുണ്ട്. അതുകൊണ്ടാണ് എല്ലാം ഇന്നലെയെന്നതു പോലെ എഴുപത്തെട്ടാം വയസിലും ടീച്ചർ ഓർത്തെടുക്കുന്നത്. പക്ഷാഘാതമുണ്ടായതിനെ തുടർന്ന് നാവിന് ചെറിയൊരു തളർച്ചയുണ്ട്. മരണത്തിൽ നിന്നു പിടിച്ചു കയറ്റിയത് കുറേ സാമൂഹ്യപ്രവർത്തകരായിരുന്നു. മുജീബ്, സുബൈർ ഓണിവയൽ... തുടങ്ങിയ കുറേ പേർ.

സ്ഥാപനത്തിലെത്തിയപ്പോൾ മറന്നു തുടങ്ങിയ പുഞ്ചിരി ടീച്ചർ തിരിച്ചെടുത്തു. സ്‌നേഹം ആത്മാർത്ഥമായി കിട്ടുന്നതിന്റെ സന്തോഷം തെളിച്ചമായി ഇപ്പോൾ മുഖത്തുണ്ട്. കണ്ണൂർ ബാലിയിൽ ഷെയ്ക്ക് മെമ്മോറിയിലിന്റെ കീഴിലുളള തലാൽ ഗ്രൂപ്പിന്റെ സ്ഥാപനമാണ് പീസ്. ഇവിടെയാണ് കേരളത്തിന്റെ കനിവ് പിടിച്ച് പറ്റിയ ഈ അമ്മ ഇപ്പോൾ കഴിയുന്നത്. നടത്തിപ്പുകാരനായ അബ്ദുളള പച്ചൂരാനും ജീവനക്കാരും സ്വന്തം കൂടപ്പിറപ്പുകളെപ്പോലെ ഇവരെ പരിചരിക്കുന്നു.ഒരു തിരക്കഥ പോലെയാണ് ഇവരുടെ ജീവിതം. അതും കരളലിയിപ്പിക്കുന്ന മറ്റൊരനുഭവം. മൂവാറ്റുപുഴ വെള്ളൂർകുന്ന് കരുണാകരൻ നായരുടെയും കമലാക്ഷി അമ്മയുടെയും അഞ്ച് മക്കളിൽ നാലാമത്തെയാളാണ് ഭവാനി.അദ്ധ്യാപക പരിശീലനത്തിനിടെയായിരുന്നു പ്രണയ വിവാഹം.1961ൽ അദ്ധ്യാപികയായി ജോലിയിൽ കയറി. മൂവാറ്റുപുഴ കാവുങ്കര ഹിലാഹിയ എൽ.പി സ്‌കൂൾ ഹെഡ് മിസ്ട്രസുമായി. വർഷങ്ങൾ കാത്തിരുന്നു. ഒരു കുഞ്ഞിക്കാലിന് വേണ്ടിയുളള അടങ്ങാത്ത ആഗ്രഹം.ആ ബന്ധത്തിൽ കുട്ടികളുണ്ടായില്ല. ഒടുവിൽ ബന്ധം വേർപിരിഞ്ഞു. കുട്ടികളില്ലാതെ വന്നപ്പോൾ മൂന്നാമതായി ജീവിതത്തിൽ കൂട്ടിനെത്തിയ ആൾക്ക് വിവാഹം കഴിക്കാനായി ഒരു പെൺകുട്ടിയെ കാണിച്ചു കൊടുത്തതും ടീച്ചറായിരുന്നു. ആ ബന്ധത്തിൽ അവർക്കൊരു കുഞ്ഞുണ്ടായപ്പോൾ കാണാനായി കൊതിയോടെ ടീച്ചർ ഓടിപ്പോയി. എന്നാൽ അവിടെയും കയ്‌പ്പേറിയ അനുഭവമായിരുന്നു ടീച്ചറെ കാത്തിരുന്നത്. എങ്ങനെയെങ്കിലും ഒരു കുഞ്ഞിന്റെ അമ്മയാകണമെന്ന വാശി ആ നിമിഷത്തിലുണ്ടായി. അങ്ങനെയാണ് അവർ ആറ്റിങ്ങൽ സമദ് ഹോസ്പിറ്റലിൽ എത്തിയത്. അറുപത്തിരണ്ടാമത്തെ വയസിൽ. അവിടെ വച്ച് ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവായി ഇവർക്ക് കണ്ണൻ ജനിച്ചു. കുഞ്ഞിനെ നോക്കാനായി നേരത്തേ കുമളിയിൽ താമസിച്ചപ്പോൾ സഹായത്തിനുണ്ടായിരുന്ന തമിഴ് യുവതിയെ കൊണ്ടു വന്നു. അവരാണ് കണ്ണനെ നോക്കിയിരുന്നത്. ഒരു ചടങ്ങിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴായിരുന്നു ഇന്നും കണ്ണീരൊപ്പാൻ കഴിയാത്ത സംഭവം നടന്നത്. ആറ്റുനോറ്റുണ്ടായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചിരിക്കുന്നു. എങ്ങനെ സഹിക്കും ഈ ദുരന്തം? ടീച്ചർ വീണ്ടും ഏകാന്തതയിലേക്ക് തന്നെ ഉൾവലിഞ്ഞു. കുറേക്കാലം മൂവാറ്റുപുഴയിൽ തന്നെ ഭവാനി ടീച്ചർ കഴിഞ്ഞു. ഒരു കുഞ്ഞിക്കാലിന് വേണ്ടി വീണ്ടും അവർ ആശുപത്രിയിലെത്തി. പക്ഷേ പ്രായവും പ്രമേഹമുൾപ്പെടെയുള്ള രോഗങ്ങളും ആ ആഗ്രഹത്തിന് തടസം നിന്നു.
ഒറ്റയ്ക്ക് ജീവിക്കാൻ കഴിയാതെ പിന്നെയും കൂടെ വന്ന സംഘർഷങ്ങളുടെ ഒടുവിൽ അല്പം സമാധാനം വേണമെന്ന് മനസ് പറഞ്ഞു. അങ്ങനെയാണ് സുഹൃത്തായ റിട്ട. ഡെന്റൽ ഹൈജീനിസ്റ്റ് എസ്. സരസ്വതിക്കൊപ്പം വയനാട്ടിലേക്ക് ചുരം കയറിയത്. മാനന്തവാടി അമൃത സ്‌കൂളിൽ കുറച്ചു കാലം ജോലി ചെയ്തിരുന്നെങ്കിലും പിന്നീടത് തുടർന്നില്ല. മാനന്തവാടി അമ്പുകുത്തി മൈതാനത്ത് കല്ലാച്ചി ക്വാർട്ടേഴ്സിലായിരുന്നു താമസം. വയനാട്ടിൽ എത്തുന്നതിന് മുമ്പ് ഭവാനി അമ്മ ടീച്ചറെ പലരും പറ്റിച്ചു. കുമളിയിൽ വീടും സ്ഥലവും വിറ്റ വകയിലും ഇവർ വഞ്ചിക്കപ്പെട്ടതായി വിവരമുണ്ട്.ഇപ്പോൾ മനസിൽ ഒരേ ചിന്ത മാത്രമേയുള്ളൂ, കണ്ണൻ. മറ്റൊന്നും ഓർക്കാൻ ഇവർക്ക് ആഗ്രഹമില്ല.

പീസിൽ നിറയെ സന്തോഷം മാത്രമാണ്, ഒമ്പതു അന്തേവാസികൾ, പലരും പലദേശക്കാർ. പക്ഷേ അവർക്ക് സ്‌നേഹിക്കാൻ അറിയാം. ടീച്ചർ ഇവിടെ എല്ലാവരുടെയും അമ്മയാണ്. സംസാരിക്കുന്നതിനിടയിൽ അസുഖത്തെ തുടർന്ന് പാതി അടഞ്ഞു പോയ ഇടത് കണ്ണിൽ ഒഴുകിപ്പോകാനാവാതെ കണ്ണീർ നിറഞ്ഞു. അതാദ്യം കണ്ടപ്പോൾ തുടച്ചുകളഞ്ഞതും കൂടെയുള്ളവർ തന്നെ. ഭവാനി ടീച്ചർ ചിരിക്കാൻ ശ്രമിക്കുന്നത് തുടച്ചുകളയാൻ കഴിയാത്ത ഉള്ളിലെ വേദന കടിച്ചമർത്തിയാണെന്ന് അവർക്കറിയാം, മറ്റാരേക്കാളും.

(ലേഖകന്റെ ഫോൺ:9447204774)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.