പൊലിഞ്ഞുവീണ വെള്ളിനക്ഷത്രം
June 18, 2017, 8:38 am
എം.ഡി മോഹൻദാസ് , വക്കം
മലയാള സിനിമയ്ക്ക് 'മിസ്സായ' എക്കാലത്തെയും കലാകാരി ഒന്നേയുള്ളൂ കുമാരി. മിസ് കുമാരി. ജൂൺ 9 ന് അവർ മരിച്ചിട്ട് 48 കൊല്ലവും ജനിച്ചിട്ട് 85 വർഷവും പിന്നിട്ടു ഈ അവസരം അവരെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. മലയാള സിനിമ 1938ൽ ബാലനിലൂടെ സംസാരിച്ചു തുടങ്ങിയെങ്കിലും 1947 ൽ ആലപ്പുഴയിലെ പാതിരപ്പള്ളിയിൽ ഉദയംചെയ്ത മലയാളത്തിന്റെ ആദ്യചലച്ചിത്ര സ്റ്റുഡിയോ 'ഉദയ'യിലൂടെ പുറത്തുവന്ന ആദ്യ ചലച്ചിത്രമായ വെള്ളിനക്ഷത്രമാണ് മിസ്. കുമാരി എന്ന കലാകാരിയുടേയും താരോദയത്തിന് കാരണമായത്.

കലാകാരിയാകണമെന്ന് കിനാവിൽ പോലും കാണാതിരുന്ന പാലാ ഭരണങ്ങാനത്തുകാരി ത്രേസ്യാമ്മ എന്ന ഗ്രാമീണ പെൺകുട്ടിയെ സാഹചര്യങ്ങളുടെ സമ്മർദ്ദമാണ് കലാരംഗത്തേക്ക് എത്തിച്ചത്. സമുദായത്തിന്റേയും കുടുംബാംഗങ്ങളുടെയും കടുത്ത എതിർപ്പിനെ നേരിട്ട് ആ സാധുപെൺകുട്ടി കലാരംഗത്ത് ഉറച്ചുനിന്നു. ഉദയായിൽ ഉദയം കൊണ്ട 'വെള്ളിനക്ഷത്രം' ഒരു ഗാനരംഗത്ത് ദേശീയ പതാക കൈകളിൽ ഉയർത്തിപ്പിടിച്ച് തൃക്കൊടി, തൃക്കൊടി, തൃക്കൊടി വാനിൽ ഉയരട്ടെ എന്ന് പാടി മുഖം കാണിച്ച് മറഞ്ഞ ത്രേസ്യാമ്മയുടെ ദൃശ്യം കാണികളിൽ ഏറെപേരുടെ ശ്രദ്ധയിൽപ്പെട്ടില്ലെങ്കിലും നിർമ്മാതാക്കൾക്കും സംവിധായകനും അവളിലെ കലയുടെ തിളക്കം തിരിച്ചറിഞ്ഞു. 1950ൽ കെ.വി. കോശിയും കുഞ്ചാക്കോയും ചേർന്ന് രൂപീകരിച്ച കെ. ആന്റ് കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച 'നല്ലതങ്ക' എന്ന ചിത്രത്തിൽ നായിക പദവി നൽകി അവർ ത്രേസ്യാമ്മയിലെ കലാകാരിക്ക് അംഗീകാരം നൽകി. ത്രേസ്യാമ്മ മിസ്. കുമാരിയായി മാറിയതും നല്ലതങ്കയിലൂടെയാണ്. തന്നിൽ ഒളിഞ്ഞുകിടന്ന അതുല്യമായ അഭിനയ ചാതുരി മറനീക്കി പുറത്തുകൊണ്ടുവന്ന് അസാമാന്യ പ്രകടനം കാഴ്ചവച്ച മിസ്. കുമാരി മലയാള ചലച്ചിത്രാസ്വാദകരുടെ മനസിൽ ഇടം നേടി. ചിത്രം ഏറെ പ്രദർശന വിജയം നേടി.

തുടർന്നുവന്ന ശശിധരൻ, നവലോകം, ചേച്ചി എന്നീ ചിത്രങ്ങൾ പരാജയപ്പെട്ടുവെങ്കിലും താരമൂല്യത്തിന് കുറവൊന്നും സംഭവിച്ചില്ല. മാത്രമല്ല യാചകൻ, ആത്മശാന്തി,ആത്മസഖി, അവകാശി തുടങ്ങിയ ചിത്രങ്ങളിലൂടെ അവരുടെ അഭിനയ മികവും മിഴിവും ഏറുകയാണുണ്ടായത്. ആത്മസഖിയും ആത്മശാന്തിയും ഒരേസമയം മലയാളത്തിലും തമിഴിലും നിർമ്മിക്കപ്പെട്ട ചിത്രങ്ങളായിരുന്നു. അവകാശിയും പ്രദർശന വിജയം നേടി.

മലയാള സിനിമയുടെ ജാതകം മാറ്റി കുറിച്ച ചിത്രങ്ങൾക്ക് ജന്മം നൽകിയ ചന്ദ്രതാര പ്രൊഡക്ഷൻസിന്റെ 'നീലക്കുയിൽ' 1954 ൽ പുറത്തുവന്നതോടെ മലയാള സിനിമ സ്വത്വം വീണ്ടെടുത്തു. പി. ഭാസ്‌ക്കരൻ, രാമുകാര്യാട്ട്, കെ. രാഘവൻ എന്നീ പ്രതിഭകളോടൊപ്പം മിസ്. കുമാരി, സത്യൻ തുടങ്ങിയ കലാകാരന്മാരുടെ പിന്തുണ കൂടിയായപ്പോൾ 'നീലക്കുയിൽ' ഉച്ചത്തിൽ പാടി, തിളങ്ങി. തെന്നിന്ത്യയിൽ തന്നെ ആദ്യമായി ദേശീയ പുരസ്‌കാരത്തിനർഹയായ നീലക്കുയിലിൽ കുമാരി നീലി എന്ന ദളിത് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതിലൂടെ അവർ ഇന്ത്യയിലുടനീളം അറിയപ്പെട്ടു. തുടർന്ന് അനിയത്തി, പാടാത്തപൈങ്കിളി, രണ്ടിടങ്ങഴി, മുടിയനായ പുത്രൻ എന്നിങ്ങനെ അവർ അഭിനയിച്ച ചിത്രങ്ങളും ദേശീയഅംഗീകാരങ്ങൾ നേടുകയുണ്ടായി.

മിസ്.കുമാരി അഭിനയിച്ച ഏറെക്കുറെ ചിത്രങ്ങളിലും അവർക്ക് ശോകകഥാപാത്രങ്ങളെ അവതരിപ്പിക്കുവാനാണ് ഇടവന്നത്. പ്രേംനസീറിന്റെയും സത്യന്റെയും നായികയായി ഏറെ ചിത്രങ്ങളിൽ അവർ മികവ് കാട്ടി. പതിനെട്ട് വർഷം മാത്രം നീണ്ടുനിന്ന അവരുടെ അഭിനയ ജീവിതം വിവാഹത്തോടെ അവസാനിച്ചു.
1963 ഫെബ്രുവരിയിലായിരുന്നു അവരുടെ വിവാഹം. മെരിലാന്റ് സ്റ്റുഡിയോയിലെ 'സ്ഥാപക യോഹന്നാൻ' എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നും അവർ നേരിട്ട് കല്യാണത്തിന് എറണാകുളത്തെ ദേവാലയത്തിൽ എത്തുകയായിരുന്നു. ദേവാലയ പരിസരത്ത് ആ അതുല്യ കലാകാരിയെ കാണാൻ ആരാധകർ തടിച്ചുകൂടിയിരുന്നു. എഫ്.എ. സി.ടിയിലെ എൻജിനീയർ ഹോർമീസ് തളിയത്തായിരുന്നു വരൻ. വിവാഹത്തോടെ സിനിമാരംഗം വിട്ട കുമാരി, മൂന്ന് വർഷത്തിന്‌ശേഷം അഭിനയിച്ച 'അരക്കില്ലം' എന്ന ചിത്രമായിരുന്നു അവരുടെ അവസാന ചിത്രം. ചലച്ചിത്ര രംഗത്ത് ഏറെയും ദുഃഖപുത്രിമാരെ അവതരിപ്പിച്ച അവരുടെ കുടുംബജീവിതവും സന്തുഷ്ടമായിരുന്നില്ല. സൗമ്യവും ദീപ്തവുമായിരുന്ന ആ എളിയ ജീവിതം 1969 ജൂൺ 9ന് മുപ്പത്തിയേഴാം വയസ്സിൽ അവസാനിച്ചു.

മൂന്ന് ആൺകുട്ടികളാണ് കുമാരിക്ക്. മൂന്നുപേരും ഓരോരോ രംഗങ്ങളിൽ നല്ല നിലയിൽ കഴിയുന്നു. കുമാരിയുടെ മരണശേഷം വല്യമ്മച്ചിയും വല്യപ്പച്ചനുമാണ് കുട്ടികളെ പഠിപ്പിച്ച് പ്രാപ്തരാക്കിയത്. അവരുടെ മരണം സംബന്ധിച്ച ദുരൂഹതകൾ ഇപ്പോഴും നിലനിൽക്കുകയാണ്. മരണാനന്തരം കേരളസർക്കാർ മികച്ച നടിക്കു നൽകുന്ന പുരസ്‌കാരം കുമാരി അവാർഡ് എന്ന പേരിൽ നൽകിയിരുന്നുവെങ്കിലും രണ്ടുവർഷത്തോടെഅതു നിലച്ചു. ആത്മാവ് കൊണ്ടു കഥാപാത്രങ്ങൾക്ക് ജീവൻ നൽകി പ്രേക്ഷകരെ ആനന്ദിപ്പിച്ച ഈ എളിയ കലാകാരിയെ 85 വയസ് പിന്നിടുന്ന ഈ വേളയിലെങ്കിലും സിനിമാരംഗവും സാംസ്‌ക്കാരികലോകവും സർക്കാരും ഓർമ്മിക്കുവാൻ തയ്യാറാകുമെന്ന് കരുതുന്നു. കലാസ്വാദകരുടെ മനസിൽ എന്നെന്നും അവർ ജീവിക്കുകതന്നെ ചെയ്യും.
(ഫോൺ: 9447067877)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.