അച്ഛനായിരുന്നു വലിയ ശരി
June 18, 2017, 8:43 am
പി.ആർ. സുമേരൻ
തിരക്കില്ലാത്ത സമയങ്ങളിൽ വീട്ടിലിരിക്കാനാണ് നടൻ വിജയരാഘവന് ഇഷ്ടം. അങ്ങനെയിരിക്കുമ്പോൾ ഓർമ്മകൾ ഒരുപാട് മനസിലേക്ക് ഓടിയെത്തും. കോട്ടയത്തു നിന്ന് ആറുകിലോമീറ്റർ അകലെ പരിപ്പ് എന്ന ഗ്രാമത്തിലാണ് നാട്ടുച്ചന്തമേറെയുള്ള വിജയരാഘവന്റെ വീട്. അരളിയും പിച്ചിയും മുല്ലയും പാരിജാതങ്ങളുടെയും തെക്കുഭാഗത്താണ് അച്ഛൻ പ്രശസ്ത നാടകനടനായ എൻ. എൻ. പിള്ളയുടെ സ്മൃതി മണ്ഡപം. എൻ.എൻ. പിള്ളയുടെ ആദ്യകാല നാടകങ്ങൾ അണിയിച്ചൊരുക്കിയ നാടകശാലയുടെ സമീപമാണ് സ്മൃതിമണ്ഡപം. അച്ഛന്റെ ഓർമകൾ കുടികൊള്ളുന്ന ആ മണ്ഡപത്തിലേക്ക് നോക്കി വിജയരാഘവൻ ഒന്നുവണങ്ങി. ''എല്ലാം അച്ഛന്റെ അനുഗ്രഹമാണ്. ജീവിതത്തിൽ നേടിയതെല്ലാം ഇവിടെ നിന്നാണ്.'' മണ്ഡപത്തിന്റെ സമീപത്ത് പൂത്ത് നിൽക്കുന്ന പവിഴമല്ലിയുടെ ചുവട്ടിൽ വിജയരാഘവൻ ഇരുന്നു.
''ഇവിടെയിരിക്കുമ്പോൾ കിട്ടുന്ന സുഖം ഒന്നു വേറെയാണ്. സാധാരണ ഷൂട്ട് കഴിഞ്ഞ് ഹോട്ടൽ മുറിയിലെത്തിയാൽ പലരും ഫ്രീയാകും. പക്ഷേ ഞാൻ അങ്ങനെയല്ല. വീട്ടിലെത്തിയാലേ സന്തോഷമാകൂ. വീട് വലിയ ആശ്വാസമാണ്. പണ്ടേ കറങ്ങിനടക്കുന്ന ശീലമില്ല. നാടകമാണല്ലോ മുഴുവൻ സമയം. വേറൊന്നിനും സമയം കിട്ടാറില്ല. ആ ശീലമാണിപ്പോഴും. വീട്ടുകാര്യങ്ങളിലൊന്നും അധികം ഇടപെടാറില്ല. അച്ഛനും അങ്ങനെയായിരുന്നു. അച്ഛൻ പണം കൈകൊണ്ട് തൊടില്ല. അമ്മയായിരുന്നു എല്ലാക്കാര്യവും ചെയ്തിരുന്നത്. അതുപോലെയാണ് ഞാനും. ഭാര്യ സുമയാണ് എല്ലാം നോക്കുന്നത്. അച്ഛൻ പറയുമായിരുന്നു കിട്ടുന്നതിന്റെ അമ്പത് ശതമാനമേ ചെലവാക്കാവൂവെന്ന്. അമ്പത് ശതമാനം സൂക്ഷിച്ചുവയ്ക്കണം. ദുരിതകാലത്ത് അതേ ഉപകാരപ്പെടൂയെന്ന്. പ്രത്യേകിച്ച് ആഗ്രഹങ്ങളോ താത്പര്യങ്ങളോ ഒന്നുമില്ല. ആ ശീലം തന്നെയാണ് എനിക്കും. ജീവിതത്തിലേക്ക് എല്ലാം വന്നുചേർന്നതാണ്. സിനിമയിലെത്തിയിട്ട് മൂന്നര പതിറ്റാണ്ട് പിന്നിടുന്നു. പ്രേക്ഷകരുടെ മനസിൽ നിലനിൽക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തു. ആറ് വയസുമുതൽ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. അച്ഛനും കുടുംബവുമെല്ലാം നാടകവുമായി കൂടെയുണ്ടായിരുന്നു. എന്റെ നാടകാനുഭവങ്ങളെക്കുറിച്ച് പറഞ്ഞാൽ ഒന്നും രണ്ടും ദിവസം മതിയാവില്ല. പലതും പലപ്പോഴായി പറഞ്ഞിട്ടും എഴുതിയിട്ടുമുണ്ട്. അച്ഛന്റെ പല പുസ്തകങ്ങളിലും ഇതൊക്കെത്തന്നെ പരാമർശിച്ചിട്ടുമുണ്ട്. കേരളത്തിന്റെ നാടകചരിത്രത്തിന്റെ ഒരു നിർണായക ഭാഗമായിരുന്നു ഞങ്ങളുടെ കുടുംബം. എൻ.എൻ. പിള്ളയുടെ മകനായി പിറക്കാൻ കഴിഞ്ഞത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം. ഇന്നും സൗഭാഗ്യങ്ങളുടെ നടുവിലാണ്. ഒന്നിലും നിരാശയില്ല. അതുകൊണ്ട് ഇപ്പോൾ മരിച്ചുപോയാലും ഒരു സങ്കടവുമില്ല.''

സംഭാഷണത്തിനിടെ തൊട്ടടുത്തിരുന്ന പേരക്കുട്ടിയുടെ കുസൃതികൾ കണ്ട് വിജയരാഘവന്റെ മുഖത്ത് ചിരി വിരിഞ്ഞു. ''ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമായിരുന്നു. സന്ദർശകരും അച്ഛന്റെ സുഹൃത്തുക്കളുമായി ധാരാളം പേർ വീട്ടിൽ വരും. എപ്പോഴും ആൾക്കൂട്ടത്തിന് നടുവിലായിരുന്നു. ഇപ്പോഴും അങ്ങനെയാണ് . സഹോദരിമാരും അടുത്ത ബന്ധുക്കളും താമസിക്കുന്നത് ഈ ചുറ്റുവട്ടത്ത് തന്നെയാണ്. എല്ലാവരും പറയുന്നത് അണുകുടുംബമാണ് നല്ലതെന്നാണ്. എനിക്ക് അതിനോട് വിയോജിപ്പാണ്. ഒന്നും പരസ്പരം ഷെയർ ചെയ്യാൻ കഴിയാത്തതാണ് ആ കുടുംബങ്ങളുടെ ദുരവസ്ഥ. കൂട്ടുകുടുംബത്തിൽ വളർന്നതുകൊണ്ട് ഒരുപാട് ജീവിതങ്ങൾ അടുത്തറിയാൻ കഴിഞ്ഞു. അച്ഛൻ ഞങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. അതുപോലെയാണ് ഞാനും എന്റെ മക്കളോട്. മക്കൾ ജിനദേവനും ദേവദേവനും വിവാഹിതരായി. രണ്ടുപേർക്കും ബിസിനസാണ്. രണ്ടുപേരും കുടുംബവുമൊത്ത് സന്തോഷത്തോടെ കഴിയുന്നു. ഒരു പരിധി വിട്ട് അവരുടെ കാര്യത്തിൽ ഇടപെടാറില്ല. പക്ഷേ, എന്ത് കാര്യമുണ്ടെങ്കിലും എന്നോട് ചോദിച്ചിട്ടേ അവർ ചെയ്യാറുള്ളൂ. കുട്ടിക്കാലം മുതലേ പഠിപ്പിച്ച ശീലമാണത്.''

കുടുംബവിശേഷങ്ങൾ പറഞ്ഞുകൊണ്ട് പവിഴമല്ലിയുടെ ചുവട്ടിൽ നിന്ന് അദ്ദേഹം വീടിന് തൊട്ടടുത്തുള്ള പുതിയ പുരയിടത്തിലേക്ക് നടന്നു. അവിടെ കേരളീയ ശില്പ മാതൃകയിൽ ഒരു മന്ദിരമുണ്ട്.
ഇതിനിടെ പിന്നിൽ കണ്ട ഒരു ചെറിയ കെട്ടിടം ചൂണ്ടിക്കാണിച്ച് അദ്ദേഹം പറഞ്ഞു. ''അയ്യോ, ഇതിനിടെ ഒരു വലിയ കാര്യം പറയാൻ മറന്നുപോയി.അതാണ് വിശ്വകേരള കലാസമിതി.പല കാരണങ്ങൾ കൊണ്ടാണ് അച്ഛന്റെ സമിതി നിലച്ചുപോയത്. ഈ കെട്ടിടത്തിൽ വച്ചാണ് കാപാലിക എന്ന നാടകം ഞങ്ങൾ അവതരിപ്പിച്ചത്. നാടകമാണ് ഇന്നും എന്റെ മനസ് നിറയെ. നാടകമായാലും സിനിമയായാലും കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിൽക്കണം. നാടകത്തിൽ പ്രേക്ഷക പ്രതികരണം നേരിട്ട് അനുഭവിക്കാം. സിനിമയിൽ അങ്ങനെയല്ല. ഓരോ കഥയ്ക്കും യോജിച്ച കഥാപാത്രമായി മാറുകയാണ്. അവിടെ ഒരിക്കലും വിജയരാഘവൻ ഉണ്ടായിരിക്കില്ല. .''
തിരുനക്കരയിലെ ആൽമരത്തിന്റെ തിട്ടയിൽ ചാരി നിന്ന് കൊണ്ട് വിജയരാഘവൻ പറഞ്ഞു.'' ഇവിടെയൊന്നും വരുന്ന പതിവ് എനിക്കില്ലായിരുന്നു. ക്ഷേത്രങ്ങളിൽ പോകുന്നതിനോട് അച്ഛന് ഒട്ടും താത്പര്യമില്ലായിരുന്നു. അമ്മ മരിച്ചശേഷമാണ് ഞാൻ ആദ്യമായി മൂകാംബികയിൽ പോയത്.

അച്ഛനായിരുന്നു എന്റെ ശക്തിയെങ്കിലും അമ്മയുടെ മരണം എന്നെ തളർത്തിക്കളഞ്ഞു. വല്ലാത്തൊരു ഏകാന്തതയായിരുന്നു. അങ്ങനെ യാദൃച്ഛികമായാണ് ഞാൻ മൂകാബികയിൽപോയത്. ഇപ്പോൾ ഇടയ്ക്ക് കുടുംബവുമൊത്ത് പോകാറുണ്ട്. ഭീരുക്കൾ ചാരുന്ന മതിലാണ് ദൈവമെന്ന് അച്ഛൻ പറയാറുണ്ട്. ശരിയായിരിക്കാം. ഞാൻ ചിലപ്പോൾ ഒരു ഭീരുവാകാം. ഒരു സാധാരണ മനുഷ്യനായിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
എല്ലാ കെട്ടുപാടുകളും അഴിച്ചുകളഞ്ഞ് സാധാരണക്കാരിൽ സാധാരണക്കാരനായി ദാ ആ ആൾക്കൂട്ടത്തിലൂടെ നടന്നുപോകാനാണ് ഇഷ്ടം.'' തിരുനക്കര മൈതാനത്തു കൂടി നടന്നുപോകുന്ന ആൾക്കൂട്ടത്തെ ചൂണ്ടി വിജയരാഘവൻ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.