സിനിമയ്ക്കും അപ്പുറം ഈ 'സിനിമാക്കാരൻ'
June 24, 2017, 4:47 pm
രൂപശ്രീ ഐ.വി
ലിയോ തദേവൂസ് മലയാളികൾക്ക് ആദ്യം സമ്മാനിച്ചത് ഒരു പച്ചമരത്തണലാണ്. ആ തണലിൽ നിന്നുകൊണ്ട് തദേവൂസിന്റെ രണ്ടാം ചിത്രം പയ്യൻസിനെയും മലയാളം ആസ്വദിച്ചു. ഇത്തവണ ഒരു സിനിമാക്കാരന്റെ ജീവിതകഥയ്ക്ക് കാതുകൂർപ്പിക്കാനാണ് തദേവൂസിന്റെ ക്ഷണം. അദ്ദേഹത്തിന്റെ തന്നെ തിരക്കഥയിലും സംവിധാനത്തിലും ഒരുക്കിയ 'ഒരു സിനിമാക്കാരൻ' പറയുന്നത് ജീവിതവും സിനിമാ സ്വപ്നങ്ങളും കരുപ്പിടിപ്പിക്കാൻ പാടുപെടുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ്. മലയാളം പണ്ടേ പറഞ്ഞുവച്ച കഥയാണങ്കിലും പുതിയ പരിസരത്തിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് ചിത്രത്തിന്റെ വ്യത്യസ്തത. സംവിധായകനാകാൻ കൊതിക്കുന്ന ആൽബി (വിനീത് ശ്രീനിവാസൻ)യുടെ കഷ്ടപ്പാടുകളും ജീവിതത്തിലേക്ക് പ്രണയിച്ച പെൺകുട്ടി സെറ(രജിഷ വിജയൻ)യെ വീട്ടുകാരുടെ സമ്മതമില്ലാതെ കൂട്ടിക്കൊണ്ടു വരുമ്പോഴുള്ള പ്രതിസന്ധികളും ചേർന്നതാണ് ഒരു സിനിമാക്കാരന്റെ കഥ.

പുതിയ പരിസരങ്ങളിലെ പഴയ കഥ
സിനിമയിലേക്കുള്ള വഴിയിൽ ആൽബിയ്ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ വളരെ വലുതാണ്. എന്നാൽ സിനിമയെന്ന സ്വപ്നം അയാളെ മുന്നോട്ട് നയിക്കുന്നു. പ്രണയിച്ച് വിവാഹിതരായെങ്കിലും ആൽബിയുടെയും സെറയുടെയും സന്തോഷകരമായ ജീവിതമാണ് ആദ്യ പകുതിയിൽ ചിത്രം പറയുന്നത്. ഒരു സിനിമാക്കാരന്റെ നിത്യജീവിതത്തിലെ പ്രശ്നങ്ങളെ ഭാവതീവ്രമായി വിനീത് അവതരിപ്പിക്കുന്നു. പണം ജീവിതത്തിൽ ഒരു പ്രതിസന്ധിയായി വന്നപ്പോൾ ആൽബിക്ക് എടുക്കേണ്ടി വരുന്ന ചില തീരുമാനങ്ങൾ അയാളുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിക്കുന്നു. സിനിമാക്കാരന്റെ കഥപറയാൻ സിനിമയയ്ക്ക് പുറത്തൊരു കഥാപരിസരമാണ് ലിയോ തദേവൂസ് തിരഞ്ഞെടുത്തിരിക്കുന്നത്.

വൈവിദ്ധ്യമാർന്ന താരനിര
വിനീതിന്റെയും രജിഷയുടെയും കഥാപാത്രങ്ങളെ പിന്തുണയ്ക്കാനായി ര‌ഞ്ജി പണിക്കർ, ലാൽ, അനുശ്രീ, വിജയ് ബാബു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. മികച്ച അഭിനയം കൊണ്ട് എല്ലാവരും കഥാപാത്രങ്ങളെ ഭാവതീവ്രമാക്കി. ഹരീഷ് പെരുമണ്ണയും നോബിയും ചിരി നിറക്കാനായി ഫ്രെയിമുകളിൽ നിറഞ്ഞു നിൽക്കുന്നു. സുധീർ സുരേന്ദ്രന്റെ കാമറയും ബിജിപാലിന്റെ ഈണങ്ങളും ചിത്രത്തിന്റെ കാഴ്ചയും ശബ്ദവും ധന്യമാക്കി.

പിടിച്ചിരുത്തുന്ന ചിരി നുറുങ്ങുകൾ
പ്രധാന കഥാപാത്രങ്ങൾക്കൊപ്പം അണി നിരന്ന മറ്ര് കഥാപാത്രങ്ങളുടെ കൈപ്പിടിയിലൊതുങ്ങിയ അഭിനയത്തിനൊപ്പം രണ്ട് മണിക്കൂർ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് ചിരി നുറുങ്ങുകളും ആശ്ചര്യം നിറയ്ക്കുന്ന മുഹൂർത്തങ്ങളുമാണ്. എന്നാൽ ചില നിർണായക രംഗങ്ങൾക്ക് അമിതാവേശത്തിൽ തട്ടി ആത്മാവ് നഷ്ടപ്പെട്ടിട്ടുണ്ട്. ചില പ്രധാന കഥാപാത്രങ്ങൾക്കുള്ള ആഴമില്ലായ്മ ഇടയ്ക്കെങ്കിലും സിനിമാക്കാരന്റെ കഥയ്ക്ക് അപൂണത സൃഷ്ടിക്കുന്നു. രണ്ടാം പകുതിയെ സസ്‌പെൻസ് ത്രില്ലർ ആക്കി മാറ്റാനുള്ള ശ്രമം അത്രയ്ക്ക് ഫലിച്ചിട്ടുമില്ല. സിനിമകൾ ഒരുപാട് കണ്ട് പരിചയമുള്ള കാഴ്ചക്കാരന് ഊഹിച്ചെടുക്കാനുന്നതേയുള്ളൂ അവയെല്ലാം. ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിൽ നിന്നുകൊണ്ട് സിനിമാക്കാരന്റെ കഥപറയാൻ ശ്രമിച്ച ലിയോ തദേവൂസിന്റെ ഉദ്യമം കൈയടി അർഹിക്കുന്നു.

പാക്കപ്പ് പീസ്: പുതിയ പശ്ചാത്തലത്തിൽ ഒരു സ്ഥിരം 'സിനിമാക്കാരൻ'
റേറ്റിംഗ് :
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ