ഫ്രീക്കിംഗ് 'റോൾ മോഡൽസ്'
June 25, 2017, 3:47 pm
ആർ.സുമേഷ്
ഹിറ്റുകൾ സമ്മാനിക്കുകയും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുകയും ചെയ്തതാണ് റാഫി - മെക്കാർട്ടിൻ ടീം. ആ ടീം പിരിഞ്ഞ ശേഷം റാഫി തന്നെ കഥയും തിരക്കഥയും ഒരുക്കിയ സിനിമയാണ് 'റോൾ മോഡൽസ്'. പേരു പോലെ തന്നെ ന്യൂജെൻ പിള്ളേരാണ് സിനിമയുടെ കേന്ദ്രകഥാപാത്രങ്ങൾ. എന്നാൽ,​ പഴയ തലമുറയും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ തന്നെ.

ഗൗതം (ഫഹദ് ഫാസിൽ)​എന്ന യുവഎൻജിനീയറുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെയാണ് സിനിമയുടെ സഞ്ചാരം,​ കോളേജ് അദ്ധ്യാപകരുടെ മകനായ ഗൗതം മാതാപിതാക്കളുടെ കടുത്ത ശിക്ഷണത്തിലാണ് വളർന്നത്. മകൻ വഴിതെറ്റരുത് എന്ന ആഗ്രഹമുള്ളതിനാൽ അവർ ജോലി ചെയ്യുന്ന കോളേജിൽ തന്നെയാണ് ഗൗതമിനേയും ചേർത്തത്. കോളേജിലെ സംഗീതബാൻഡിന്റെ ലീഡർ കൂടിയായ ഗൗതമിന് മൂന്ന് ഉറ്റചങ്ങാതിമാരുണ്ട്. റെക്സി (ഷറഫുദ്ദീൻ)​,​ ജ്യോതിഷ് (വിനായകൻ)​,​ വിനയ് ഫോർട്ട് (സുബഹാൻ)​. കോളേജിലെ സർവ പ്രശ്നങ്ങൾക്കും ഇവരുണ്ടാവും,​ നല്ലതിനും ചീത്തയ്ക്കും. അങ്ങനെ ഒരു പ്രത്യേക സാഹചര്യത്തിൽ ഗൗതവുമായി മൂവരും പിരിയുന്നു. വർഷങ്ങൾക്ക് ശേഷം ഇവർ കൂടിച്ചേരുകയും ഗോവയിലേക്ക് ഒരു യാത്ര പോകുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ ശേഷം ഭാഗം.

തമാശയുടെ റോൾ മോഡൽസ്
ആദ്യ പകുതി വളരെ വേഗം കുറഞ്ഞാണ് സഞ്ചരിക്കുന്നത്. എന്നാൽ, പ്രേമം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഷറഫുദ്ദീൻ,​ പി.ടി മാഷിനെ പ്രശസ്തനാക്കിയ വിനയ് ഫോർട്ട്,​ കമ്മട്ടിപ്പാടത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം നേടിയ വിനായകൻ എന്നിവർ ചേർന്നുള്ള തമാശകൾ ആ പോരായ്‌മ മറികടക്കാൻ പോന്നതാണ്. ഇവരുടെ തമാശ പ്രേക്ഷകർ ആസ്വദിക്കുന്നുണ്ടെങ്കിലും ചിലപ്പോഴെങ്കിലും അത് തനി വളിപ്പ് എന്ന തലത്തിലേക്ക് മാറുന്നതും കാണാം. ചില അഡൽറ്റ് കോമഡികളും സിനിമയിലുണ്ട്. കാലം മാറിയത് അനുസരിച്ച് തമാശയിലും ന്യൂജനറേഷൻ ടച്ച് കൊണ്ടുവരാനാണ് സംവിധായകന്റെ ശ്രമം.

രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ സിനിമ കൂടുതൽ നാടകീയതയിലേക്ക് കടക്കുകയാണ്. സമൂഹത്തിൽ ആരുമായും അത്ര അടുപ്പം പുലർത്താത്ത ഗൗതം അങ്ങനെ ആയിത്തീർന്നത് എങ്ങനെയെന്നുള്ളതിന്റെ ചുരുളഴിയുന്നത് ഇവിടെയാണ്.

ഗൗതം ഒരു റോൾ മോഡലാണ്
ആരോടൊക്കെയോയുള്ള അമർഷവും ദേഷ്യവും ഉള്ളിലൊതുക്കി ചിലപ്പോൾ അതിശക്തമായി പ്രതികരിക്കുന്ന സൈക്കിക്കായ മാനറിസങ്ങളുള്ള വ്യക്തിയായാണ് ഫഹദിനെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്.വളരെ തന്മയത്വത്തോടെ തന്നെ ഫഹദ് ആ കഥാപാത്രത്തെ അവതരിപ്പിച്ചു. 'ഞാൻ പഠിച്ചോളാം,​ ഇനി ആരും എന്നോട് പഠിക്കരുതെന്ന് മാത്രം പറയരുത്' എന്ന ഡയലോഗിൽ നിന്ന് തന്നെ ഗൗതമിന്റെ മാനറിസം പ്രേക്ഷകർക്ക് വായിച്ചെടുക്കാം. യഥാർത്ഥത്തിൽ ഗൗതം ഒരു ശരിയായ ഒരു റോൾ മോഡലല്ല. എന്നാൽ,​ എങ്ങനെയൊക്കെ ആവരുത് എന്നതിനുള്ള റോൾ മോ‌ഡലുമാണ്.

ചിത്രത്തിലെ നായികയായി എത്തുന്ന യുവനടി നമിതാ പ്രമോദിന് കാര്യമായൊന്നും ചെയ്യാനില്ല. ഒരു വാട്ടർ സ്‌പോർട്ടിംഗ് പരിശീലകയുടെ വേഷത്തിൽ എത്തുന്ന നമിത സൗന്ദര്യം കൊണ്ടും ഗ്ലാമർ കൊണ്ടും പ്രേക്ഷകരെ മയക്കും. നമിതയുടെ വസ്ത്രധാരണ രീതികളും അങ്ങനെയാണ്. 'സ്‌റ്റീരിയോ ടൈപ്പിന്റെ റാണി'യായി വിശേഷിപ്പിക്കാവുന്ന നമിത ഇവിടെയും ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കുന്നത്. സ്രിന്ദ അഷാബാണ് മറ്റൊരു പ്രധാന സ്ത്രീകഥാപാത്രം. ഫ്രീക്കൻ റോൾ മോ‌ഡൽസിനൊപ്പം സർവ അലന്പിനും ക്രിസ്‌റ്റി എന്ന സ്രിന്ദയുടെ കഥാപാത്രമുണ്ട്. ന്യൂജനറേഷൻ പിള്ളേരുടെ അപ്പന്റെ വേഷം ഭംഗിയായി കെട്ടി ആടാറുള്ള രഞ്ജി പണിക്കർ ഇത്തവണയും നിരാശപ്പെടുത്തിയില്ല. രഞ്ജിയുടെ ഭാര്യാവേഷത്തിലെത്തുന്നത് സീതയാണ്.

കൊച്ചിയിലും ഗോവയിലുമായാണ് സിനിമയുടെ പശ്ചാത്തലം. ഗോവയുടെ സൗന്ദര്യമൊക്കെ ഛായാഗ്രഹകൻ ശാംദത്ത് പകർത്തിയിട്ടുണ്ട്. ചിത്രത്തിലെ മൂന്ന് ഗാനങ്ങളും അത്ര മികച്ചതാണെന്ന് പറയാനാവില്ല. പ്രണയിച്ചിട്ട് വഞ്ചിച്ച് പോയ അല്ല ന്യൂജനറേഷൻ ഭാഷയിൽ പറഞ്ഞാൽ തേച്ചിട്ടു പോയ കാമുകിയെ കളിയാക്കി പാടുന്ന തേപ്പ് പാട്ട് നല്ലപോലെ പ്രേക്ഷകരെ ബോറടിപ്പിക്കുന്നുണ്ട്. സിദ്ധിഖ്,​ സുരാജ് വെ‌ഞ്ഞാറമൂട്,​ ഹരീശ്രീ അശോകൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

വാൽക്കഷണം: സൈക്കിക്കാണ് ഈ 'റോൾ മോഡൽസ്'
റേറ്റിംഗ്:
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ