നാസയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
June 20, 2017, 11:10 pm
വാഷിങ്‌ടൺ: കണ്ണെത്താ ദൂരത്തിൽ പരന്ന് കിടക്കുന്ന അണ്ഡകടാഹത്തിൽ നമ്മൾ മനുഷ്യർ മാത്രമല്ല കഴിയുന്നതെന്ന് അമേരിക്കൻ ബഹിരാകാശ ഗവേഷക സംഘമായ നാസ കണ്ടെത്തി. ഭൂമിയിലേത് പോലെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന സാഹചര്യമുള്ള ഏതാണ്ട് പത്തോളം ഗ്രഹങ്ങളുണ്ടെന്നാണ് നാസയുടെ കണ്ടെത്തൽ. ഭൂമിയ്‌ക്ക് വെളിയിൽ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ നാസ സ്ഥാപിച്ച കെപ്ലർ ദൂരദർശിനിയാണ് മനുഷ്യനെ ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടുപിടിച്ചത്.

ഭൂമിയ്‌ക്ക് വെളിയിലുള്ള ഏതാണ്ട് 219 ഗ്രഹങ്ങളിൽ നടത്തിയ പരീക്ഷണങ്ങളുടെ ഫലം തിങ്കളാഴ്‌ചയാണ് നാസ പുറത്തു വിട്ടത്. 2009ൽ കെപ്ലർ സ്ഥാപിച്ച ശേഷം നാല് വർഷത്തിനിടെ നടത്തിയ നിരീക്ഷണങ്ങളുടെ ഫലമാണ് നാസയിലെ ശാസ്ത്രജ്ഞർ പഠനവിധേയമാക്കിയത്. ഇതിൽ പത്ത് ഗ്രഹങ്ങളിലും ഭൂമിയിലേത് സമാനമായ സാഹചര്യങ്ങളുണ്ടെന്നാണ് ഇവർ കണ്ടെത്തിയത്. ഭൂമിയുടെ സൂര്യന് സമാനമായ നക്ഷത്രങ്ങൾക്ക് ചുറ്റും ഭ്രമണം ചെയ്യുന്നവയാണ് ഈ ഗ്രഹങ്ങൾ. കൂടാതെ ഭൂമിയിലേത് പോലെ പാറകൾ നിറഞ്ഞ ഗ്രഹങ്ങളാണിതെന്നും ജലം ഉണ്ടാകാനുള്ള താപനിലയാണ് ഗ്രഹത്തിന്റെ ഉപരിതലത്തിൽ എന്നുമാണ് കണ്ടെത്തൽ.

ഈ സാഹചര്യങ്ങൾ പരിഗണിച്ചാൽ ഭൂമിയിലേത് പോലെ ജീവൻ നിലനിൽക്കാനുള്ള സാധ്യത ഈ ഗ്രഹങ്ങളിലുണ്ടാകാമെന്നും നാസ വ്യക്തമാക്കുന്നു. എന്നാൽ ഇവിടങ്ങളിൽ നിലവിൽ ജീവനുണ്ടെന്ന് തെളിയിക്കുന്നതിനുള്ള തെളിവുകൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും നാസ പറയുന്നു. അതേസമയം, കെപ്ലറിന്റെ കൂടുതൽ കണ്ടെത്തലുകൾക്കായി കാത്തിരിക്കാമെന്നും നാസയിലെ ശാസ്ത്രജ്ഞർ പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.