വലിയ ശസ്ത്രക്രിയകളുടെ വേഗാധിപൻ
June 25, 2017, 10:15 am
സതീഷ് കെ. നായർ
ഗന്ധർവൻ പാടിയ ഏറ്റവും മനോഹരമായ ഗാനത്തെക്കാൾ മധുരതരമാണ് ആ വരികളെന്നു തോന്നി, അപ്പോൾ ഡോക്ടർക്ക്. ഉള്ളിന്റെ അറിയാക്കോണിൽ നിന്ന് ഒരു കണ്ണീർത്തുള്ളി ഹൃദയത്തിന്റെ രക്തശിഖരങ്ങൾ കടന്ന് കണ്ണുകളിലേക്ക് പറന്നുകയറിയതു പോലെ. അതവിടെ തുളുമ്പാതെ നിന്നു വിറയ്ക്കുമ്പോഴും ഗന്ധർവൻ സംസാരിക്കുകയായിരുന്നു...
കോടീശ്വരനൊന്നുമല്ല, ഞാൻ! എങ്കിലും ജഗദീശ്വരൻ തന്ന ശബ്ദംകൊണ്ട് എനിക്കുണ്ടായ സമ്പാദ്യത്തിൽ നിന്നുള്ള ഒരു പങ്ക് ഞാൻ 'സ്‌നേഹാർദ്ര' പദ്ധതിക്കായി നീക്കിവയ്ക്കുകയാണ്!

ഡോക്ടർ എന്ന നിലയിൽ ഇരുപത്തിയഞ്ചു വർഷം ദീർഘിച്ച ഔദ്യോഗിക ജീവിതത്തിനിടെ ഡോ. ബൈജു സേനാധിപന്റെ കണ്ണുനനയിച്ച ആയിരക്കണക്കിന് നിസഹായജന്മങ്ങൾ നിശബ്ദം ചോദിച്ച ഒരു ചോദ്യത്തിൽ നിന്നായിരുന്നു സ്‌നേഹാർദ്രം എന്ന ചികിത്സാ സഹായ പദ്ധതിക്ക് തുടക്കം. ഉദരാർബുദത്തിന്റെ രോഗദുരിതങ്ങൾ തീർത്ത പാളങ്ങളിലൂടെ മരണത്തിലേക്ക് അതിവേഗം കുതിച്ചുപായുന്നതിനിടെ, എപ്പോഴൊക്കെയോ അവർ ഡോ. ബൈജുവിനോട് ചോദിക്കുന്നുണ്ടായിരുന്നു:

എന്നെയൊന്നു രക്ഷപ്പെടുത്താൻ കഴിയുമോ, ഡോക്ടർ? അവർക്കായി സ്വപ്നം കണ്ട പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രയത്നമായിരുന്നു, പിന്നീടിങ്ങോട്ട് ഡോ. ബൈജുവിന്റെ ജീവിതവ്രതം. കുറച്ചൊന്നുമല്ല, പണം വേണ്ടുന്നത്. ലാപ്രോസ്‌കോപ്പിക് സർജൻ എന്ന നിലയിൽ ശസ്ത്രക്രിയ സൗജന്യമായി ചെയ്യാം. പക്ഷേ, മരുന്നുകൾക്കും ആശുപത്രിച്ചെലവുകൾക്കും പലർക്കും ദീർഘകാലത്തേക്ക് വേണ്ടിവരുന്ന തുടർചികിത്സയ്ക്കുമൊക്കെയുള്ള പണമോ!
ആ പരിശ്രമത്തിന്റെ സഫല വേദിയിലായിരുന്നു ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിന്റെ സഹായ വാഗ്ദാനം. കൊല്ലത്തെ സമ്പന്നമായ സദസ്. സ്‌നേഹാർദ്രം പദ്ധതിയുടെ ലോഗോ പ്രകാശനം. പ്രകാശന കർമ്മത്തിനിടെ, യേശുദാസ് പറഞ്ഞ ആ ഒരൊറ്റ വാക്യം മതിയായിരുന്നു ഡോ. ബൈജു സേനാധിപന്റെ ആത്മവിശ്വാസത്തിന് ആയിരം ഇരട്ടി കരുത്തു നൽകാൻ.
ഇതേ ആത്മവിശ്വാസമാണ് ഡോ. ബൈജു സേനാധിപനെ കൊല്ലം ചവറ തെക്കുംഭാഗത്ത്, പഠിക്കാൻ പോലും സൗകര്യങ്ങൾ കുറവായിരുന്ന ഏകാന്തമായൊരു കായൽദ്വീപിൽ നിന്ന് അമേരിക്കൻ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനൽ സർജന്മാരുടെ ആഗോള സംഘടനയായ സെയ്ജസിന്റെ അംഗത്വത്തോളം എത്തിച്ചത് സെയ്ജസ് അംഗത്വത്തിന് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ദക്ഷിണേന്ത്യക്കാരൻ.

ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ കേരളത്തിന് കേട്ടുകേൾവി പോലുമില്ലാതിരുന്ന കാലത്താണ് ഡോ. ബൈജു സേനാധിപൻ കീഹോൾ സർജറിയുടെ രഹസ്യങ്ങൾ തെരഞ്ഞുപോയത്. അതൊരു ദീർഘയാത്രയായിരുന്നു. ലാപ്പ് സർജറിയിൽ കോയമ്പത്തൂർ വി.ജി ഇൻസ്റ്റിറ്റിയൂട്ടിലെ പ്രാഥമികപാഠങ്ങൾ കടന്ന് കൊറിയയിലേക്കും തായ്വാനിലേക്കും ഇറ്റലിയിലേക്കും നീണ്ട യാത്ര. ശസ്ത്രക്രിയാമുറികളിൽ ലോകത്തെ ഏറ്റവും വിദ്ഗദ്ധരായ കീഹോൾ സർജന്മാരുടെ കരവേഗം കണ്ടുപഠിക്കുകയായിരുന്നില്ല, ഹൃദയംകൊണ്ട് അത് പകർത്തിയെടുക്കുകയായിരുന്നു ഡോ. ബൈജു സേനാധിപൻ.

മടങ്ങിയെത്തി, പരിശീലനത്തിന് വഴി തിരഞ്ഞപ്പോഴാണ് പ്രതിസന്ധി ശരിക്കും മനസിലായത്. ശസ്ത്രക്രിയ നടത്താനുള്ള ശരീരം എവിടെനിന്ന് കിട്ടും? തിരുവനന്തപുരത്ത്, പാളയം മാർക്കറ്റിലെ അറവുശാലയിൽ നിന്ന്, വെട്ടിയ മാടുകളുടെ കുടൽഭാഗങ്ങൾ പൊതിഞ്ഞുവാങ്ങി വീട്ടിൽ കൊണ്ടുപോയി എൻഡോട്രെയിനറിന്റെ സഹായത്തോടെ, അതിൽ കീറലും തുന്നലുമിട്ട് ശസ്ത്രക്രിയാ പരിശീലനം നടത്തി, അദ്ദേഹം ഒന്നും രണ്ടുമല്ല, നൂറുകണക്കിന് മണിക്കൂറുകൾ.
രണ്ടു കൈകളും അതിവേഗം ഉപയോഗിച്ച് സൂക്ഷ്മമായി ചെയ്യേണ്ട ശസ്ത്രക്രിയയാണ്. കൈവിരലുകൾ വേഗവുമായി വഴങ്ങിക്കിട്ടാൻ ഇടം കൈകൊണ്ട് ഷട്ടിൽ കളിക്കാൻ പഠിച്ച്, നിത്യവും പരിശീലിച്ചു. ഇടതുകൈ കൊണ്ടുകൂടി വേഗതയിൽ ഷേവ് ചെയ്യാനും എഴുതാനും പഠിച്ചു. പത്തു മണിക്കൂറിലധികം നീളുന്ന അതിസങ്കീർണ ശസ്ത്രക്രിയകൾ നാല്പത്തിയഞ്ചു മിനിട്ടിൽ വിജയകരമായി പൂർത്തായാക്കുന്ന വിസ്മയകരമായ വേഗതയിൽ രാജ്യത്തെ ഏറ്റവും വിദഗ്ദ്ധനായ ലാപ്രോസ്‌കോപ്പിക് സർജൻ ആ തപസ്യയിൽ പിറവിയെടുക്കുകയായിരുന്നു.

ലാപ്രോസ്‌കോപ്പിക് രീതിയിലെ അതിസങ്കീർണമായ തുന്നലുകൾ ഇരുകൈകളും ഉപയോഗിച്ച് ചെയ്യുന്നതിലെ മാന്ത്രികവേഗം കണ്ട് പരിശീലന ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്ഗദ്ധ സർജന്മാർ പോലും അദ്ഭുതപ്പെട്ടു. കോളോറെക്ടൽ കാൻസറിന് കേരളത്തിൽ ആദ്യമായി കീഹോൾ ശസ്ത്രക്രിയ നിർവഹിച്ച ഡോ. ബൈജു സേനാധിപൻ തന്നെയാണ് ഇന്ത്യയിൽ അതിസങ്കീർണ ഉദരാർബുദത്തിന് ഏറ്റവും കൂടുതൽ രോഗികളിൽ ലാപ്രോസ്‌കോപ്പിക് സർജറി വിജയകരമായി നിർവഹിച്ചതും!

നാട്ടിലെ പ്രൈമറി ഹെൽത്ത് സെന്ററിൽ ഹെൽത്ത് അസിസ്റ്റന്റ് ആയിരുന്ന അച്ഛൻ ദിവസവും കണ്ടൊരു സ്വപ്നത്തിൽ നിന്ന് നടന്നുതുടങ്ങിയതാണ് ഡോ. ബൈജു സേനാധിപൻ. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കുട്ടപ്പൻ ഡോക്ടറെ പോലെ മകനും മിടുക്കനായ ചികിത്സകനാകണമെന്നായിരുന്നു അച്ഛന്റെ പ്രാർത്ഥന. കൊല്ലം എസ്.എൻ കോളേജിലെ പ്രീഡിഗ്രി പഠനം കഴിഞ്ഞപ്പോൾ ബൈജു സേനാധിപൻ മെഡിക്കൽ എൻട്രൻസ് എഴുതി. എം.ബി.ബി.എസ് പഠനം ആലപ്പുഴ മെഡിക്കൽ കോളേജിൽ. നല്ല മാർക്കോടെ മെഡിസിൻ ജയിച്ചപ്പോൾ പി.ജി പഠനമായിരുന്നു മനസു നിറയെ. എങ്കിലും, വീട്ടിലെ സാഹചര്യം കാരണം തത്കാലം ആലപ്പുഴ നെടുമുടിയിൽ, ഒറ്റമുറി മാത്രമുള്ള ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലിക്കു പോയിത്തുടങ്ങി. എംപ്‌ളോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി ആദ്യ സർക്കാർ നിയോഗം കിട്ടിയത് പാലക്കാട് പറളി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ. മൂന്നു വർഷം കഴിഞ്ഞ് പഴമ്പാലക്കോട്ടേക്ക് മാറ്റം. അവിടെയും മൂന്നു വർഷം. അപ്പോഴേക്കും മടുത്തു. രാജിക്കത്ത് എഴുതിക്കൊടുത്ത് ഡോ. ബൈജു സേനാധിപൻ ഇറങ്ങിപ്പോന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പി.ജി പഠനം പൂർത്തിയാക്കി, സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി പഠനത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ഡോ. ബൈജു സേനാധിപൻ തിരഞ്ഞെടുക്കപ്പെട്ടത് ഒന്നാം റാങ്കോടെ. വലിയ ജീവിതവിജയങ്ങളിലേക്കും, ലാപ്രോസ്‌കോപ്പിക് കാൻസർ സർജനും റോബോട്ടിക് സർജനുമെന്ന നിലയിൽ രാജ്യാന്തരതലത്തിലെ നേട്ടങ്ങളിലേക്കുമുള്ള ഒരു ദീർഘയാത്രയുടെ ഒന്നാം അദ്ധ്യായമായിരുന്നു അത്. പിന്നീട് ആ ജീവിതയാത്രയ്ക്കിടെ സ്വന്തം പേരിൽ എഴുതിച്ചേർക്കപ്പെട്ട വിജയാദ്ധ്യായങ്ങളിൽ പലതിലും ഡോ. ബൈജു സേനാധിപൻ ഓർത്തു: അച്ഛന് ശ്രീനാരായണ ഗുരുദേവൻ അനുഗ്രഹിച്ചു നൽകിയ പേരിന്റെ അവകാശിയാണ് താനും! അപൂർവ വിജയങ്ങൾക്ക് അധിപനാകുമ്പോഴെല്ലാം ആ അനുഗ്രഹസ്പർശത്തിന്റെ തീർത്ഥം നെറുകയിൽ തെളിനീരു പോലെ പതിയുന്നതും ഡോക്ടർ അറിഞ്ഞു. പന്മന ആശ്രമത്തിൽ വച്ച്, സേനാധിപൻ എന്ന് ഗുരുദേവൻ തനിക്കു പേരിട്ട കഥ അച്ഛൻ മക്കൾക്കു പറഞ്ഞുകൊടുക്കുക മാത്രമല്ല, പേരിനൊപ്പം ആ അനുഗ്രഹം കൂടി ചേർത്തുവയ്ക്കുകയും ചെയ്തു.

ധ്യാനത്തിനൊക്കുന്ന ഏകാഗ്രതയും സൂചിമുനയോളം കൂർത്ത സൂക്ഷ്മതയും വേണ്ടുന്ന ലാപ്രോസ്‌കോപ്പിക് സർജറിയിൽ ഡോ. ബൈജു സേനാധിപൻ നടന്നുതീർത്ത വഴികൾ ചെറുതല്ല. രാജ്യത്തിനകത്തും വിദേശങ്ങളിലും പ്രമുഖ ആശുപത്രികളുടെ ക്ഷണം സ്വീകരിച്ചു ചെന്ന് കീഹോൾ സർജറികൾ നടത്തി. അതിനിടെ, ന്യൂഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, പോണ്ടിച്ചേരി ജിപ്‌മെർ, മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളേജ്, തിരുവനന്തപുരം ശ്രീചിത്രാ തുടങ്ങി രാജ്യാന്തരപ്രശസ്തമായ ചികിത്സാ, ഗവേഷണ സ്ഥാപനങ്ങളിലെ ശസ്ത്രക്രിയാകാരന്മാർക്ക് കീഹോൾ സാങ്കേതികരീതിയിൽ വിദഗ്ദ്ധ പരിശീലനം നൽകാനുള്ള ക്ഷണം സ്വീകരിച്ച് വിസിറ്റിംഗ് ഫാക്കൽട്ടി ആയി. ചികിത്സയുടെയും ഗവേഷണത്തിന്റെയും പരിശീലകനായുള്ള യാത്രകളുടെയും തിരക്കുകൾക്കിടയിലും ഡോ. ബൈജു സേനാധിപനെ വേദനിപ്പിച്ചുകൊണ്ടിരുന്ന ഒന്നുണ്ടായിരുന്നു. ലാപ്രോസ്‌കോപ്പിക് സർജറിയുടെയും അനുബന്ധ ചികിത്സയുടെയും ചെലവു താങ്ങാനാവാത്ത തീർത്തും സാധാരണക്കാരായ രോഗികളിലേക്കു കൂടി അതിന്റെ മികവും പ്രയോജനവും എത്തിക്കാനാവുന്നില്ലല്ലോ എന്ന വേദന. കൺസൾട്ടിംഗ് റൂമിലെ കണ്ണീർമുഖങ്ങളിൽ പലതും ഓർമ്മകളിലേക്ക് തിരതള്ളി കയറിവന്നുകൊണ്ടിരുന്നു.

ഗുരുതരമായ ഉദരാർബുദവും കരൾരോഗവും തിരിച്ചറിഞ്ഞുകഴിഞ്ഞും, കുടുംബ പ്രാരാബ്ധം കാരണം രോഗവിവരം രഹസ്യമാക്കിവച്ചവർ, ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദ്ദേശിച്ചിട്ടും പണമില്ലാത്തതുകൊണ്ട് എല്ലാം വിധിവിഹിതം പോലെയാകട്ടെ എന്നു നിശ്ചയിച്ചവർ, പ്രിയപ്പെട്ടവരെ വേർപിരിയേണ്ടിവരുമല്ലോ എന്നോർത്ത് വേദനയിൽ ഉരുകിത്തീരുന്നവർ... അവർക്കായി തനിക്ക് എന്തു ചെയ്യാനാവും? ആ ചിന്തയിൽ നിന്നായിരുന്നു സ്‌നേഹാർദ്രം എന്ന പദ്ധതിയുടെ പിറവി. ഉദരാർബുദം ഉൾപ്പെടെ ഗുരുതരമായ ഉദരാശയ രോഗങ്ങളുടെയും കരൾ രോഗങ്ങളുടെയും ചികിത്സയിൽ ലാപ്രോസ്‌കോപ്പിക് സർജറി നൽകുന്ന സമാശ്വാസത്തിന് സാമ്പത്തിക പരാധീനത തടസമായിക്കൂടാ. ശസ്ത്രക്രിയ സൗജന്യമായി ചെയ്തതുകൊണ്ടു മാത്രം മതിയാവില്ലല്ലോ. മരുന്നുകൾ, ആശുപത്രി താമസം, സർജറിക്കു ശേഷം വേണ്ടുന്ന ചികിത്സ, ചിലർക്കെങ്കിലും ദീർഘകാലത്തേക്ക് തുടരേണ്ടിവരുന്ന ഔഷധചികിത്സ... എല്ലാത്തിനും വേണ്ടുന്നത് പണമാണ്. വലിയൊരു സംഖ്യ സ്വന്തം കൈയിൽനിന്ന് നീക്കിവച്ചു. ബാക്കിയോ? അതിനു സുമനസ്സുകളെ തേടിയുള്ള ശ്രമമായിരുന്നു, പിന്നെ.

സ്‌നേഹാർദ്രം എന്ന പേര് എങ്ങനെയോ ആദ്യമേ മനസിലുണ്ടായിരുന്നു. കാരുണ്യത്തെക്കാൾ കരുതലിനോടായിരുന്നു ആ പേരിന് അടുപ്പം. പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കി. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പുകളിലൂടെ ആയിരിക്കണം പദ്ധതിക്ക് അർഹരായവരെ കണ്ടെത്തുന്നത്. പിന്നീട്, വിദഗ്ദ്ധ ഡോക്ടർമാരുടെ ഒരു സംഘം അതിൽ നിന്ന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായവരെ കണ്ടെത്തും. വിവിധ മേഖലകളിലെ പ്രഗല്ഭ വ്യക്തികൾ അടങ്ങുന്ന പാനൽ രോഗികളുടെ കുടുംബപശ്ചാത്തലവും സാമ്പത്തികസ്ഥിതിയും പരിശോധിച്ച് ചികിത്സാ ആനുകൂല്യങ്ങൾക്ക് ഏറ്റവും അർഹരായവരെ തിരഞ്ഞെടുക്കും. അങ്ങനെ പൂർണമായും സുതാര്യമായ പദ്ധതി. സഹായവാഗ്ദാനങ്ങളുടെ വഴികൾ പലതും സ്‌നേഹാർദ്രത്തിലേക്ക് എത്തിത്തുടങ്ങിയപ്പോൾ ധൈര്യമായി.

തിരുവനന്തപുരത്ത്, കൊച്ചുള്ളൂരിൽ ഏറ്റവും ആധുനികമായ സൗകര്യങ്ങളോടെ ഉദരാശയരോഗങ്ങളുടെ സമഗ്രചികിത്സയ്ക്കും, ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയകൾക്കുമായി തുടക്കം കുറിക്കുന്ന സേനാധിപൻസ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (സിംസ്) അമരക്കാരനാണ് ഡോ. ബൈജു സേനാധിപൻ. ഇപ്പോൾ കൊച്ചി സൺറൈസ് ആശുപത്രിയിൽ ഗാസ്‌ട്രോ ഇന്റെ്രസ്രെനൽ ഡിസീസസ് ആൻഡ് ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം ഡയറക്ടറാണ്. സിംസ് വഴി യാഥാർത്ഥ്യമാക്കുന്ന സ്‌നേഹാർദ്രം എന്ന ജീവകാരുണ്യ പദ്ധതിയുടെ ഒരുക്കങ്ങളുമായി വിശ്രമമില്ലാതെ യത്നിക്കുമ്പോൾ നെറുകയിൽ തൊട്ട് തനിക്കു പേരുവച്ച ഗുരുവിന്റെ അമൃതവചനമാണ് ഡോക്ടറുടെ ഹൃദയത്തിൽ
അവനവനാത്മസുഖത്തിനാചരിക്കുന്നവ
യപരന്നു സുഖത്തിനായ് വരേണം.

(ഡോ. ബൈജു സേനാധിപന്റെ ഫോൺ : 98475 72355)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.