തീപ്പെട്ടിക്കൊള്ളി വിപ്ലവം
June 25, 2017, 8:27 am
ഗോകുൽ.ജെ.ബി
തീപ്പെട്ടിക്കൊള്ളി കൊണ്ടുള്ള പ്രയോജനം എന്താണ്? പാചകത്തിനോ വെളിച്ചത്തിനോ വേണ്ടി തീ കത്തിക്കാൻ ഉപയോഗിക്കാം എന്നാവും നമ്മുടെ മറുപടി. എന്നാൽ, മുട്ടട വികാസ് നഗർ സ്വദേശിയായ ബിവിൻ ലാലിന്റെ മറുപടി വ്യത്യസ്തമാണ്. കാരണം ബിവിന് ഈ തീപ്പെട്ടിക്കോൽ എന്നത് കേവലം തീ കത്തിക്കാനുള്ള വസ്തു മാത്രമല്ല മറിച്ച് തന്റെ ആശയങ്ങളെ രൂപങ്ങളായി പരിണമിപ്പിക്കുവാനുള്ള സാമഗ്രികൾ കൂടിയാണ്. ഇലക്ട്രിക് ലൈറ്ററുകളും ഗ്യാസ് ലൈറ്ററുകളും കൈയ്യടക്കിയ നമ്മുടെ അടുക്കളയിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന തീപ്പെട്ടിക്കോലുകൾ കൊണ്ട് ബിവിൻ ലാൽ നിർമ്മിക്കുന്ന കോലങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. കേരളത്തിൽ വിരലിലെണ്ണാവുന്നവർ മാത്രമേ ഈ കലാരംഗത്ത് സജീവമായി പ്രവർത്തിക്കുന്നുള്ളൂ. തീപ്പെട്ടിക്കോലങ്ങൾ നിർമ്മിക്കുന്നതിലുപരി അവയെ പ്രത്യേക വിധത്തിൽ ക്രമീകരിച്ച് ഫോട്ടോ എടുക്കുന്നതിലുള്ള അദ്ദേഹത്തിന്റെ മിടുക്ക് ഈ രംഗത്തിൽ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.

വൈകുന്നേരത്തിലെ പതിവ് തീവണ്ടിയാത്രയ്ക്കിടെ സഹയാത്രികരുടെ സംഭാഷണത്തിൽ 'മീശമാധവൻ' എന്ന സിനിമയിലെ പട്ടാളം പുരുഷുവും പിള്ളേച്ചനും കടന്നുവന്നത് ബിവിന്റെ ശ്രദ്ധയിൽപ്പെട്ടു. ജഗതി ശ്രീകുമാറിന്റെ ഏറെ ജനപ്രീതിയാർജ്ജിച്ച 'പുരുഷു എന്നെ അനുഗ്രഹിക്കണം' എന്ന ഡയലോഗ് കേട്ടപ്പോൾ ബിവിന്റെ മനസിൽ പുതിയൊരാശയം ക്ലിക്കായി. ഒത്തിരി ട്രോളുകളിലൂടെയും ഫോട്ടോ കമന്റുകളിലൂടെയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായ ആ രംഗം തീപ്പെട്ടിക്കൊള്ളികൾ കൊണ്ട് നിർമ്മിച്ച് പരീക്ഷിക്കാൻ വിപിൻ തീരുമാനിച്ചു. അന്നു രാത്രി ബിവിൻ ആ രംഗം തീപ്പെട്ടിക്കൊള്ളി കൊണ്ട് നിർമ്മിച്ചു. വ്യത്യസ്തമായ ആ കലാസൃഷ്ടിയെ സഹപ്രവർത്തകരും കൂട്ടുകാരും ഏറെ പ്രശംസിച്ചു. തീപ്പെട്ടിക്കൊള്ളി കൊണ്ടുള്ള കലാരംഗത്തിലേക്ക് ബിവിന്റെ ആദ്യചുവടുവയ്പായിരുന്നു അത്.

ഓർമ്മയിൽ തങ്ങിനിൽക്കുന്ന സംഭവങ്ങളും ചിത്രങ്ങളും സിനിമാരംഗങ്ങളും ബിവിൻ തീപ്പെട്ടിക്കൊള്ളികൊണ്ട് നിർമ്മിക്കാൻ തുടങ്ങി. പരീക്ഷണാടിസ്ഥാനത്തിൽ തീപ്പെട്ടിക്കോലിനൊപ്പം കളിമണ്ണുകൂടി ഉപയോഗിച്ച് ഒരു രംഗം ഉണ്ടാക്കിയെങ്കിലും തീപ്പെട്ടിക്കോലു കൊണ്ടുള്ള കോലങ്ങളുടെയത്ര മനോഹാരിത ഇല്ലാത്തതിനാൽ പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മീശമാധവനിലെ പുരുഷുവിനെയും പിള്ളേച്ചനെയും കൂടാതെ തേന്മാവിൻ കൊമ്പത്തിലെ മാണിക്യനും നാടോടിക്കാറ്റിലെ ദാസനും വിജയനുമൊക്കെ ബിവിന്റെ കലാസൃഷ്ടികൾക്ക് പാത്രമായിട്ടുണ്ട്. ഒരു ചിത്രം നിർമ്മിക്കാൻ ഏകദേശം ഒന്നുമുതൽ ആറുമണിക്കൂർ വരെ സമയമെടുക്കും. ഏകദേശം മൂന്നര ചതുരശ്ര അടി സ്ഥലമാണ് ഒരു ചിത്രം പ്രദർശിപ്പിക്കാൻ ആവശ്യമായി വരുന്നത്.

തീപ്പെട്ടിക്കൊള്ളി കൂടാതെ, വിവിധതരം തുണികളും നൂലുകളും പശയും കോലങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിച്ചുവരുന്നു. കടലാസും കളിമണ്ണും മണലും പ്ലൈവുഡ് പലകകളും അക്വോറിയങ്ങളിൽ ഉപയോഗിക്കുന്ന ചെറിയ ചെടികളും ഉപയോഗിച്ചാണ് ബിവിൻ ചിത്രങ്ങൾക്ക് പശ്ചാത്തലമൊരുക്കുന്നത്. സ്വന്തം മകളുടെ തലമുടിയാണ് സ്ത്രീകഥാപാത്രങ്ങൾക്ക് ബിവിൻ ഉപയോഗിക്കുന്നത്.
സാധാരണക്കാരും അവരുടെ ദൈനംദിന ജീവിതവും തൊഴിലും ബിവിന്റെ തീപ്പെട്ടിക്കൊള്ളിക്കോലങ്ങൾക്ക് വിഷയമാവാറുണ്ട്. ഇഷ്ടിക ചുമക്കുന്ന തൊഴിലാളികളുടെയും കയർ പിരിക്കുന്നവരുടെയും മീൻവല വലിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും രൂപങ്ങൾ ഇതിനുദാഹരണങ്ങളാണ്. വാഴയിലക്കുട ചൂടി പാടവരമ്പത്തുകൂടി നടക്കുന്ന കുടുംബം ഏതൊരു പ്രവാസിയിലും ഗൃഹാതുരത്വം ഉണർത്തും. അന്യമായിക്കൊണ്ടിരിക്കുന്ന പലഗ്രാമീണക്കാഴ്ചകളും തന്റെ തീപ്പെട്ടിക്കൊള്ളിക്കോലങ്ങളിലൂടെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുകയാണ് ബിവിൻ. സ്വാതന്ത്ര്യദിനം, മേയ് ദിനം തുടങ്ങി ഒട്ടുമിക്ക വിശേഷ ദിവസങ്ങളിലും അതുമായി ബന്ധപ്പെട്ട തീപ്പെട്ടിക്കൊള്ളിക്കോലങ്ങൾ ബിവിൻ നിർമ്മിക്കാറുണ്ട്.

ജില്ലയിലുടനീളം ഒരു ലക്ഷം മഴക്കുഴികൾ നിർമ്മിക്കുന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട് 'മഴത്താവളം' എന്ന തലക്കെട്ടോടുകൂടി ബിവിൻ നിർമ്മിച്ച ചിത്രം ഏറെ ജനപ്രീതി നേടി. ഏതൊരു പുതിയ ആശയം കിട്ടുമ്പോഴും അതുമായി ബന്ധപ്പെട്ട ആളുകളുടെ ദേഹഭാവവും വസ്ത്രധാരണശൈലിയും അവരുടെ ജോലിസ്ഥലങ്ങളുടെ പശ്ചാത്തലവും നിരീക്ഷിച്ച് മനസിലാക്കിയതിന് ശേഷം മാത്രമേ ബിവിൻ നിർമ്മാണ ഘട്ടത്തിലേക്ക് കടക്കാറുള്ളൂ. അതുകൊണ്ട് തന്നെ ബിവിന്റെ ഓരോ കലാസൃഷ്ടിയും ജീവൻ തുടിക്കുന്നവയാണ്.

'ശിരസില്ലാത്ത രൂപങ്ങളായതിനാൽ ഇതിലൂടെ കഥാപാത്രങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതിനാൽ രൂപങ്ങളുടെ വസ്ത്രത്തിലൂടെയും അതിന്റെ ശരീരഘടനയിലൂടെയും പശ്ചാത്തലത്തിലൂടെയും മാത്രമേ വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയുകയുള്ളൂ. മാത്രവുമല്ല, രൂപങ്ങളെ പ്രതിഷ്ഠിക്കുന്നതിലും ഏറെ ശ്രദ്ധിക്കാനുണ്ട്. കാരണം അവയുടെ സ്ഥാനനിർണ്ണയം, വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ' ബിവിൻ പറയുന്നു.
രാത്രിയെ പശ്ചാത്തലമാക്കി നിർമ്മിച്ച തലപ്പാവിൽ പന്തങ്ങളോടുകൂടിയ തെയ്യം കലാകാരന്റെ രൂപമാണ് താൻ ഉണ്ടാക്കിയതിൽ വച്ച് ഏറ്റവും പ്രയാസമേറിയതെന്ന് ബിവിൻ പറയുന്നു.

'പന്തങ്ങൾ കത്തിച്ചുവച്ച് ഫോട്ടോ എടുക്കുന്നത് ഏറ്റവും പ്രയാസമേറിയ ദൗത്യം ആയിരുന്നു. കാരണം ഒരു തവണ അവ കത്തിച്ചാൽ ആ തീ അണയും മുൻപ് ഫോട്ടോ എടുക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, മാത്രവുമല്ല അതിനിടയിൽ രൂപം എരിഞ്ഞുപോകാതെ നോക്കുകയും വേണം.' ബിവിൻ കൂട്ടിച്ചേർത്തു.

വണ്ടി വലിക്കുന്ന ഒരു റിക്ഷാക്കാരന്റെ രൂപമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് ബിവിൻ പറയുന്നു. കൊൽക്കത്തയിലെ തെരുവുകളിൽ കണ്ട റിക്ഷാക്കാരുടെ ജീവിതമാണ് ഇത്തരത്തിൽ തീപ്പെട്ടിക്കൊള്ളികൊണ്ട് ആ രൂപം ഉണ്ടാക്കാൻ ബിവിനെ പ്രേരിപ്പിച്ചത്. സ്വതന്ത്രഭാരതത്തിൽ ജീവിക്കാൻ വേണ്ടി മറ്റു മനുഷ്യരെ ചുമക്കുന്ന ആ കാഴ്ചഹൃദയഭേദകമാണെന്ന് ബിവിൻ പറയുന്നു. തീപ്പെട്ടിക്കൊള്ളിക്കോലങ്ങൾ നിർമ്മിക്കുന്നതിലുപരി അത് സജ്ജീകരിക്കുന്നതിലും അതിനു അനുയോജ്യമായ വെളിച്ചം ക്രമീകരിക്കുന്നതിലും അവ ഫോട്ടോ എടുക്കുന്നതിലും അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. തീപ്പെട്ടിക്കൊള്ളിയുടെ പെട്ടെന്ന് ഒടിയുന്ന സ്വഭാവവും മറ്റു വസ്തക്കളുമായി ഒട്ടിപ്പിടിക്കാനുള്ള പ്രയാസവും മനസ് മടുപ്പിക്കുമെങ്കിലും അതിനെ അതിജീവിക്കാമെങ്കിൽ ഈ രൂപങ്ങളെ ആർക്കും ഉണ്ടാക്കാൻ കഴിയുമെന്നാണ് ബിവിന്റെ അഭിപ്രായം. നൈപുണ്യത്തെക്കാളുപരി ക്ഷമയും, സഹിഷ്ണുതയും അടക്കവുമാണ് ഈ കലയിൽ ഏർപ്പെടുന്നവർക്ക് അടിസ്ഥാനപരമായി വേണ്ടതെന്ന് ബിവിൻ പറയുന്നു. ഭാര്യ സുമലതയും മകൾ അക്ഷരയും അടങ്ങുന്നതാണ് ബിവിന്റെ കുടുംബം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ക്ലാർക്ക് ആയി ജോലി ചെയ്യുന്ന ബിവിൻലാൽ, ഫോട്ടോഗ്രാഫിയിലും മാജിക്കിലും കഴിവ് തെളിയിച്ചൊരാൾ കൂടിയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.