തടവറയിലെ അക്ഷരപ്പൂവ്
July 2, 2017, 10:30 am
പി.​സി. ഹ​രീ​ഷ്
പരോൾ തീരുന്നതിന് തലേന്ന് സുൽത്താൻ ബത്തേരിക്കടുത്ത് ചുള്ളിയോട്ടിലെ വീട്ടിലിരുന്ന് തന്റെ രചനകളും ജീവിതകഥയും ചേർത്ത് മാധ്യമപ്രവർത്തകനും കൊക്കോപ്പെല്ലി പബ്ളിക് റിലേഷൻസ് എം.ഡിയുമായ സുബിൻ മാനന്തവാടി തയ്യാറാക്കി പൂർണാ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'കുറ്റവാളിയിൽനിന്ന് എഴുത്തുകാരിയിലേക്ക് ' എന്ന പുസ്തകത്തിന്റെ ആദ്യപ്രതി നെഞ്ചോട് ചേർത്തുപിടിച്ച് ലിസി പറഞ്ഞു. '' എനിക്കിനി പുറത്ത് വരാനായില്ലെങ്കിലും ഈ കഥകളും കവിതകളും തന്നെയെങ്കിലും പുറത്തിറങ്ങട്ടെ. ഒരു സ്ത്രീ കുറ്റവാളിയാകാനുള്ള സാഹചര്യവും പിന്നീടുള്ള അവളുടെ ജീവിതവും പുറംലോകം അറിയട്ടെ. മയക്കുമരുന്നു കൈവശം വച്ചതിനാണ് എന്നെ പിടികൂടിയത്. അന്നെനിക്കറിയില്ലായിരുന്നു ആ പൊതിയിലെന്തായിരുന്നെന്ന്. ആശുപത്രിയിൽ വെന്തുപിടയുന്ന കൂടപ്പിറപ്പിന്റെ ജീവിതമായിരുന്നു എനിക്ക് വലുത്. അവൾക്ക് മരുന്ന് വാങ്ങാൻ രണ്ടായിരം രൂപ തന്നയാൾക്ക് ഞാൻ ചെയ്തുകൊടുത്ത ഒരു ഉപകാരം. മൈസൂരിൽനിന്ന് ബത്തേരിയിലേക്ക് ഒരു പൊതിയെത്തിക്കുക. അതിനുള്ളിൽ മയക്കുമരുന്നാണെന്ന് പിടിക്കപ്പെട്ടതിന് ശേഷമേ അറിഞ്ഞുള്ളൂ. പിറ്റേദിവസം തന്നെ ജാമ്യവും കിട്ടി. മയക്കുമരുന്നിന്റെ ഭവിഷ്യത്തുകളെക്കുറിച്ചൊന്നും അന്നെനിക്കറിയില്ലായിരുന്നു. രണ്ടാം തവണ ഭീഷണിപ്പെടുത്തിയാണ് അയാൾ പറഞ്ഞയച്ചത്. കൂലിപ്പണിക്ക് പോയി ഞങ്ങൾ ആറു കുട്ടികളെ പോറ്റിയിരുന്ന അമ്മ കിടപ്പിലായിരുന്നു. അനിയത്തിക്ക് മരുന്ന് വാങ്ങിക്കണം. എന്റെ കേസ് നടത്തണം. വഴങ്ങുകയല്ലാതെ മാർഗ്ഗമുണ്ടായിരുന്നില്ല. അങ്ങനെയാണ് രണ്ടാം തവണയും....രണ്ടു കേസ്സിലും കൂടി 25 വർഷം തടവ്... ഇനി പതിനെട്ട് വർഷം ബാക്കി.'' ചിരിക്കാനുള്ള ലിസിയുടെ ശ്രമം കണ്ണീരിലലിയുന്നു.
തൊട്ടടുത്ത് കിടന്ന് ഇതെല്ലാം കേൾക്കുകയായിരുന്ന അമ്മയുടെ കണ്ണീർച്ചാലുകൾ തുടച്ചുകൊടുത്തുകൊണ്ട് ലിസി തുടർന്നു. '' തടവിൽ കഴിയുന്ന കാലത്തോളം ഞാനെഴുതിക്കൊണ്ടേയിരിക്കും. എന്നെങ്കിലും തിരിച്ചുവരാനായാൽ ചതിയന്മാരായ മയക്കുമരുന്നു മാഫിയക്കെതിരെ പോരാടും. അവരാണ് എന്റെ ജീവിതം നശിപ്പിച്ചത്. ''

സ്‌കൂളിൽ പഠിക്കുമ്പോൾ സ്വന്തമായി നാടകങ്ങളും കഥാപ്രസംഗവുമൊക്കെ എഴുതിയിരുന്ന ലിസി ജീവിസാഹചര്യങ്ങളാൽ പഠനം മുടങ്ങിയതോടെ അക്ഷരങ്ങളുടെ ലോകത്ത് നിന്ന് പിൻവലിയുകയായിരുന്നു. ജയിലിലെത്തിയപ്പോഴാണ് പുസ്തകങ്ങളുടെ ലോകം തിരിച്ചുകിട്ടിയത്. ഉറക്കമൊഴിഞ്ഞും വായിച്ചുകൂട്ടി. മുകന്ദനും കാക്കനാടനും ടി. പത്മനാഭനും വിജയനും മാധവിക്കുട്ടിയും ഏറ്റവും ഒടുവിൽ കെ.ആർ. മീരയും. ആരാച്ചാർ രണ്ടാഴ്ചകൊണ്ടാണ് വായിച്ചുതീർത്തത്. ദുപ്പട്ടകൊണ്ട് കുരുക്കുകളുണ്ടാക്കി പ്രതിരോധം തീർക്കുന്ന ചേതന ലിസിയുടെ മനസ്സിൽനിന്നിറങ്ങിപ്പോയിട്ടില്ലിപ്പോഴും.

''ഞങ്ങൾ അഞ്ച് പെണ്ണും ഒരു ആണുമായിരുന്നു. രണ്ടാമത്തെ മകളായിരുന്നു ഞാൻ. ഒരു ക്രിസ്മസ് ആഘോഷത്തിനിടെ വഴുതി വീണ് അപ്പച്ചൻ മരിച്ചു. 1988ലായിരുന്നു അത്. പിന്നീട് അമ്മ കൂലിപ്പണിയെടുത്താണ് ഞങ്ങളെ വളർത്തിയത്. ചുള്ളിയോടുള്ള ഒരു കോഫി എസ്റ്റേറ്റിലായിരുന്നു അമ്മ ജോലി ചെയ്തിരുന്നത്. ഞാൻ പത്തു വരെ പഠിച്ചു. കൂടുതൽ പഠിക്കണമെന്നുണ്ടായിരുന്നു. സാമ്പത്തികപ്രശ്നം കാരണം പഠിക്കാൻ പറ്റിയില്ല. അമ്മച്ചി പണയെടുത്ത് എല്ലാവരുടെയും വിവാഹമൊക്കെ നടത്തി കൊടുത്തു. പ്രണയവിവാഹമായിരുന്നു എന്റേത്. ഭർത്താവ് ശശി. പാലക്കാടായിരുന്നു വീട്. തുടക്കത്തിൽ വീട്ടുകാരൊക്കെ എതിർത്തു. നാലഞ്ചു വർഷം കഴിഞ്ഞപ്പോൾ എല്ലാം ശരിയായി. എട്ട് വർഷം മുമ്പ് ഭർത്താവ് മരിച്ചു. അങ്ങനെയാണ് ഞാൻ വീണ്ടും അമ്മച്ചിയോടൊപ്പം ജീവിക്കാൻ തുടങ്ങിയത്. കഷ്ടിച്ച് ഒന്നൊന്നര വർഷം. അതിനിടെയാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്.

എപ്പോഴാണ് എഴുതി തുടങ്ങുന്നത്?
''ചെറുപ്പം മുതലേ എഴുതുമായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ലഘുനാടകങ്ങൾ എഴുതുകയും അത് വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു. കഥാപ്രസംഗങ്ങളും സ്വന്തമായി എഴുതി അവതരിപ്പിക്കുമായിരുന്നു. അക്കാലത്ത് കൂട്ടുകാരികൾക്ക് ഡാൻസിനു വേണ്ടിയുള്ള പാട്ടുകളും ഞാൻ എഴുതി കൊടുക്കുമായിരുന്നു. എന്നാൽ പത്താം ക്ലാസ്സിനു ശേഷം എഴുത്തൊക്കെ പൂർണ്ണമായും നിന്നു പോയി. പിന്നീട് കണ്ണൂർ വനിതാ ജയിലിൽ വന്നതിനു ശേഷമാണ് അക്ഷരങ്ങളുടെ ലോകത്തേയ്ക്കു വരുന്നത്. 2011 ഒക്ടോബർ 6 നാണ് ജയിലിലെത്തുന്നത്. സുബിൻ മാനന്തവാടിയുടെ പിന്തുണ കൂടി കിട്ടിയതോടെ വിരഹം, മുഖങ്ങൾ, വിധി, പ്രണയം, സ്വപ്നം തുടങ്ങി 15 ഓളം കവിതകൾ എഴുതി. ജയിലും പീഡനവും ഒറ്റപ്പെടലും തിരിച്ചറിവുമൊക്കെയായിരുന്നു വിഷയങ്ങൾ. സമീരിന്റെ മരണം, പിരാന്ത്, മാനസാന്തരം, ആവർത്തനം തുടങ്ങി എട്ടോളം കഥകളും.

കഥയോടാണോ കവിതയോടാണോ കൂടുതൽ ഇഷ്ടം?
മനസിന് കൂടുതൽ സന്തോഷം വന്നാലും സങ്കടം വന്നാലും ദേഷ്യം വന്നാലും ഞാൻ ആദ്യം എഴുതുക കവിതയാണ്. പെട്ടെന്നാണ് കവിത മനസിലേയ്ക്ക് വരിക. അപ്പോൾ കവിത എഴുതും. കഥയും കവിതയും ഒരു പോലെ എനിക്കിഷ്ടമാണ്. എല്ലാവിഷയത്തെക്കുറിച്ചും എഴുതാറുണ്ട്. സമൂഹത്തിൽ അവഗണിക്കപ്പെട്ടവരെക്കുറിച്ച് എഴുതാനാണ് കൂടുതൽ ആഗ്രഹം. എന്റെ അനുഭവങ്ങൾ, കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമൊക്കെയാണ് എഴുത്തിൽ കൊണ്ടു വരാൻ ശ്രമിക്കുന്നത്. പിരാന്ത് എന്ന കഥയെഴുതിയത് ജീവിതത്തിലെ അനുഭവം വച്ചു തന്നെയാണ്. എന്റ അച്ഛന് മാനസികപ്രശ്നങ്ങൾ ഉണ്ടായിരുന്നു. കുട്ടിക്കാലം മുതൽക്കേ ഞാൻ അത് കണ്ടുകൊണ്ടാണ് വളർന്നത്.

ഏത് എഴുത്തുകാരനെയാണ് കൂടുതൽ ഇഷ്ടം?
ഒ.എൻ.വി. യുടെ കവിതകളും എം .മുകുന്ദന്റെ കഥകളൊക്കെ ഇഷ്ടമാണ്. കാക്കനാടന്റെ കൃതികളും ഒത്തിരി ഇഷ്ടമാണ്. ബെന്യാമിന്റെ ആടു ജീവിതം ഞാൻ ഒറ്റയിരിപ്പിലാണ് ജയിലിൽ നിന്ന് വായിച്ചു തീർത്തത്.

എഴുതാൻ പ്രേരിപ്പിക്കുന്നത്?
എഴുത്തുകാരോട് എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ്. ഞാൻ ഇവിടെയെത്തിയപ്പോൾ ഇവിടുത്തെ സാറുമാരും മറ്റു തടവുകാരും ലിസി എഴുതുന്നില്ലേ, ഇപ്പോൾ എന്താണ് എഴുതുന്നത്, എന്നൊക്കെ ചോദിക്കും. അത് കേൾക്കുമ്പോൾ ഭയങ്കര സന്തോഷമാണ്. ഞാൻ പുറത്തേക്കു പോയാൽ വീട്ടുകാരും നാട്ടുകാരും എന്നെ സ്വീകരിക്കണം എന്ന ആഗ്രഹമാണ് എന്നെ ഇപ്പോൾ എഴുതാൻ കൂടുതൽ പ്രേരിപ്പിക്കുന്നത്. പിന്നെ മനസിന്റെയുള്ളിലെ സങ്കടങ്ങളും.

ലിസിയുടെ സ്വപ്നം?
മുമ്പ് ഒത്തിരി സ്വപ്നങ്ങളില്ലായിരുന്നു. ഇപ്പോൾ ഇവിടെ എത്തേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തു പോയാലും എഴുത്തു നിർത്തരുത് എന്ന് ആഗ്രഹമുണ്ട്. എഴുതി എന്തെങ്കിലുമൊക്കെ ആയി തീരണം. ഇന്ന് എനിക്ക് കിട്ടുന്ന പ്രോത്സാഹനം നേരത്തെ കിട്ടിയിരുന്നെങ്കിൽ ഞാൻ ജയിലിൽ എത്തില്ലായിരുന്നു. പക്ഷെ അന്ന് എനിക്ക് ആരുമില്ലാതായിപ്പോയി. എന്റെ എഴുത്തിലൂടെ ഞാൻ ഉണ്ടാക്കിയ ചീത്ത പേര് മാറ്റിയെടുക്കണം.

ലിസിയുടെ ജീവിത കഥ തയ്യാറാക്കിയ സുബിൻ മാനന്തവാടിയുമായി ചേർന്നാണ് ജയിലുകളിലെ പെൺജീവിതങ്ങളെക്കുറിച്ച് ലിസി തിരക്കഥയൊരുക്കിക്കൊണ്ടിരിക്കുന്നത്. ഈ തിരക്കഥ സിനിമയാക്കണം. അതാണ് ലിസിയുടെ അടുത്ത മോഹം. തടവറക്കുള്ളിൽനിന്ന് പുറത്തുവരുന്ന ആദ്യ പെൺതിരക്കഥയാവും ലിസിയുടേത്.

'' ഒരു സ്ത്രീ കുറ്റവാളിയാകാനുള്ള സാഹചര്യവും പിന്നീടുള്ള അവളുടെ ജീവിതവും പുറംലോകം അറിയണം. എന്നെപ്പോലെ ഒരുപാട് സ്ത്രീകളുണ്ട്. സാഹചര്യങ്ങളെക്കൊണ്ട് കുറ്രവാളികളായിത്തീർന്നവർ. ഒരുറുമ്പിനെപ്പോലും നോവിക്കാത്തവർ. കടലോളം കണ്ണീർ കുടിച്ചവർ...

ലിസിയുടെ മനസ്സിനുള്ളിലെവിടെയോ വീണ്ടുമൊരു കവിത ഉറവപൊട്ടുകയാണ്.
''ശൂന്യമാം ഇരുളിന്റെ
ഗർത്തത്തിലെങ്ങോ
മറവിയുടെ പായൽ പിടിച്ച
വേരുകൾക്കിടയിൽ
സ്വപ്നങ്ങളില്ലാതെ
മോഹങ്ങളില്ലാതെ
അനാഥമായ് ചകിതമാമെൻ
കഴിഞ്ഞ കാലമിരിക്കുന്നു.
അഹങ്കാരവും അനുസരണക്കേടും മാത്രം
കൈമുതലായുള്ള കാലത്തിൽ
ആഡംബരങ്ങൾ
ഇരുട്ടറയ്ക്കു മാർഗ്ഗം തെളിച്ചു...
ഇന്നെൻ ജീവിതം തമസ്സിൻ
ഗർത്തത്തിലടച്ചത്
എന്നുള്ളിലെ അതിമോഹങ്ങളാണെന്ന്
വൈകിയെങ്കിലും ഞാനറിഞ്ഞിടും...

തിരിച്ചറിവ് എന്ന് പേരിട്ട ഈ കവിത ലിസിക്കേറെ പ്രിയപ്പെട്ടതാണ്. ചുള്ളിയോട് പുള്ളോലിക്കൽ ജോർജ്ജിന്റെയും റോസക്കുട്ടിയുടെയും മകൾ നാൽപ്പത്തിരണ്ടുകാരിയായ ലിസി ലിസി നമ്മളോടു പറയുന്നത് നിങ്ങൾക്ക് വേണമെങ്കിൽ ശരീരത്തെ ഇരുമ്പഴിക്കുള്ളിൽ തളച്ചിടാം, പക്ഷേ, മനസ്സിനെ അടച്ചിടാൻ പറ്റില്ലായെന്നാണ്. ജീവിതത്തിൽ സംഭവിച്ച പിഴവുകൾ തിരിച്ചറിഞ്ഞ് എഴുത്തിലൂടെ ജീവിതത്തെ തിരിച്ചുപിടിക്കുകയാണ് ലിസി. ഭാവനയുടെ ചിറകിലേറി പൂക്കാത്ത മതിൽക്കെട്ടിന് പുറത്തെ സൂര്യവെളിച്ചത്തിലേക്ക് ചിറകുകൾ വിടർത്തുകയാണ് ലിസി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.