മിഴി തുറന്ന സ്‌നേഹദീപം
July 2, 2017, 10:30 am
വി.ജയകുമാർ
പ്രിയ കൂട്ടുകാരും പിന്നെ ഒരിക്കലും നഷ്ടപ്പെടാത്ത ചങ്കൂറ്റവും. ജീവിതത്തെ നേരിടാൻ എന്നും അജിത്തിന്റെ കൂടെയുണ്ടായിരുന്നത് ഇത് രണ്ടുമായിരുന്നു. അറുപതാം പിറന്നാൾ വേളയിൽ മനസിലുള്ളത് സ്‌നേഹത്തിൽ ചാലിച്ച ഓർമ്മകൾ മാത്രം. ആദ്യം വേഗതക്കുറവായും പിന്നീട് മുടന്തായും ഒടുവിൽ ചലനശേഷി തന്നെ ഇല്ലാതാക്കിയും രോഗം അജിത്തിനെ തോൽപ്പിക്കുമ്പോൾ പ്രായം 18. യൗവനകാലം മുതൽ മുറിയുടെ ചുവരുകൾക്കുള്ളിൽ തളച്ചിടുമായിരുന്ന ഒരു ജീവിതത്തെ സർഗാനുഭവമാക്കിയത് കൂട്ടുകാർക്കിടയിൽ ഊർജ്ജവും ഉണ്മയും സഹൃദയത്വവുമുള്ള അജിത്തിന്റെ സൗമ്യസാന്നിദ്ധ്യമായിരുന്നു.

നന്മയും കരുണയും പ്രസാദാത്മകതയും ഇഴപിരിച്ച വ്യത്യസ്തമായ ആറുപതിറ്റാണ്ടിന്റെ അതിജീവന കഥ പ്രിയപ്പെട്ട അജിത്തിനൊപ്പം അനുസ്മരിക്കാൻ കൂട്ടുകാരും വീട്ടുകാരും കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററിലെ നടുമുറ്റത്ത് ഒത്തുചേർന്നു. തിരക്കുകൾക്ക് അവധി കൊടുത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വൻ, ആന്റോ ആന്റണി എം. പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സുരേഷ് കുറുപ്പ്, പി. സി. ജോർജ്, മോൻസ് ജോസഫ് തുടങ്ങി രാഷ്ടീയത്തിനതീതമായി പ്രമുഖരുടെ വലിയ നിരയാണ് 'അജിത്തിനൊപ്പം ഒരു സായാഹ്നം' എന്ന ചടങ്ങിൽ സംബന്ധിച്ചത്. സ്വയം ചലിക്കുന്ന വീൽ ചെയറിൽ അജിത്ത് സുഹൃത്തുക്കൾക്കിടയിൽ തെന്നി നീങ്ങി. അമ്മയും ഭാര്യയും മക്കളും അജിത്തിന്റെ ഇരുവശവും നിന്നു. ചലനശേഷിയില്ലാത്ത കൈകളിൽ സമ്മാനങ്ങൾ ചേർത്തു പിടിപ്പിച്ചും മൂർദ്ധാവിൽ ചുംബിച്ചും പലരും ആശംസ അർപ്പിച്ചു. മുഖപ്രസാദത്തിലൂടെ നന്ദിയുടെ നറുമലരുകൾ വിരിയിച്ചു സൗഹൃദത്തിന്റെ സ്‌നേഹാർദ്രത നൽകിയാണ് അജിത്ത് എല്ലാവരെയും മടക്കി അയച്ചത്.

'ലോകം മുഴുവൻ സുഖം പകരാനായി സ്‌നേഹദീപമേ മിഴി തുറക്കൂ ...എന്ന പ്രാർത്ഥനാഗീതം മകൾ ആലപിച്ചു. അറുപതു മൺചിരാതുകളിൽ ആദ്യം അമ്മയും പിന്നീട് വിശിഷ്ടാതിഥികളും വീട്ടുകാരും ചേർന്നു തിരിതെളിച്ചു.

പ്രൊഫ. സി. ആർ.ഓമനക്കുട്ടൻ പ്രിയ വിദ്യാർത്ഥിയെക്കുറിച്ചുള്ള ഓർമ പങ്കുവെച്ചു. ഡോ. മ്യൂസ് മേരി അജിത്തെന്ന അതിജീവനത്തെ അവതരിപ്പിച്ചു. ആകാശവാണി തിരുവനന്തപുരം സ്റ്റേഷൻ ഡയറക്ടർ ലീലാമ്മ ജോസഫ്, സെലിൻ ജോസ് എന്നിവർ ആശംസാ ഗാനങ്ങളാക്കി അവതരിപ്പിച്ചു. പുല്ലാങ്കുഴലിലും സാക്സഫോണിലും ഗാനമഴ കൂടി പെയ്യിച്ചതോടെ അജിത്തിനൊപ്പം സായാഹ്നം അക്ഷര നഗരി നെഞ്ചിലേറ്റിയ പരിപാടിയായി.

കോട്ടയം വേളൂർ പേരകത്തുശ്ശേരിൽ ആർമി ഉദ്യോഗസ്ഥൻ പി.കൃഷ്ണൻന്റെയും അദ്ധ്യാപിക ലീലാമ്മയുടെയും ആറുമക്കളിൽ രണ്ടാമനാണ് അജിത്. എഴുപതുകളുടെ ഒടുവിൽ കലാസാംസ്‌കാരിക രംഗങ്ങളിൽ സജീവമായിരിക്കെയാണ് പ്രോഗ്രസ്സിവ് മസ്‌കുലാർ ഡിസ്‌ട്രോഫി എന്ന അപൂർവ ജനിതക വൈകല്യം ശരീരചലനങ്ങളെ വരിഞ്ഞു മുറുക്കിത്തുടങ്ങിയത്. ചലന ശേഷി നിയന്ത്രിക്കുന്ന പേശികളുടെ ശക്തി ഇല്ലാതാക്കുന്നതാണ് ഈ രോഗം. ആദ്യം അവയവങ്ങളിലെ തളർച്ചയായും പിന്നീട് പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലേക്കും ഈ രോഗം എത്തിക്കും. അജിത്തിന്റെ രണ്ടു സഹോദരങ്ങളും ഇതേ രോഗത്തിന്റെ പിടിയിലായിരുന്നു. കോഫിഹൗസ് കൂട്ടായ്മയിൽ കൂട്ടുകാർക്കൊപ്പം രാത്രി ഇന്ത്യൻ കോഫി ഹൗസിൽ നിന്നിറങ്ങുമ്പോൾ കാലുറക്കാതെ ഭിത്തിയിൽ ചാരി നിൽക്കുമ്പോൾ ശരീരം നിശ്ചലമാക്കുന്ന രോഗത്തിന് താനും അടിമയായെന്ന് അജിത് വേദനയോടെ തിരിച്ചറിഞ്ഞു. എന്നിട്ടും തളരാതെ അജിത് എന്നും ചുറ്റുമുള്ളവരെ പ്രചോദിപ്പിച്ചു. നിരാശയോടും വിഷമങ്ങളോടും പോയി പണി നോക്കാൻ പറഞ്ഞു. അസ്ഥിക്ക് പിടിക്കുന്ന സൗഹൃദക്കൂട്ടങ്ങളിൽ ആ കണ്ണുകൾ തിളങ്ങി. കോട്ടയത്തും കൊച്ചിയിലും തിരുവനന്തപുരത്തും ഒക്കെയായി അത് വളർന്നു പടർന്നു. സുരേഷ് കുറുപ്പ്, , കാമറാമൻ വേണു, എഴുത്തുകാരൻ ഉണ്ണി തുടങ്ങി രാഷ്ട്രീയകലാചലച്ചിത്ര സാംസ്‌കാരിക രംഗങ്ങളിൽ ഇന്നും തുടരുന്ന സൗഹൃദക്കൂട്ടായ്മ നിലനിർത്തുന്ന കാണാച്ചരടായി. തനിക്കു എത്താവുന്നിടത്തെല്ലാം സ്വയം ചലിപ്പിക്കുന്ന വീൽ ചെയറുമായി അജിത് എത്തി. മുണ്ടക്കയത്തെ വീടിന്റെ വാതിലുകൾ സൗഹൃദം ചേക്കേറുന്ന ചില്ലകളാക്കി.

42 വർഷത്തിനിപ്പുറം തളരാത്ത മനസുമായി അജിത് ജീവിതം ആസ്വദിക്കുകയാണ്. 1985ൽ മുണ്ടക്കയം മുപ്പത്തിയൊന്നാം മൈലിൽ ഗ്യാസ് ഏജൻസി തുടങ്ങിയ കാലം അജിത് ഓർമിക്കുന്നു. വീൽചെയറിൽ വീടുകളിൽ കയറിയിറങ്ങി ആളുകൾക്കു ക്ലാസെടുത്തു. ആദ്യത്തെ കുറച്ചു കാലം ഗ്യാസ് കണക്ഷൻ സൗജന്യമായി നൽകി.
ഇപ്പോൾ ഇരുപത് ജീവനക്കാരും ഇരുപതിനായിരത്തോളം ഉപഭോക്താക്കളുമായി അജിത്തിന്റെ ജ്യോതി ഗ്യാസ് ഏജൻസി സജീവമാണ്. കോട്ടയത്ത് ഏത് കലാസാംസ്‌കാരിക പരിപാടി നടന്നാലും വേദിക്കരികിൽ പാർക്കു ചെയ്ത കാറിൽ വീൽചെയറിൽ ഇരുന്നു പരിപാടി ആസ്വദിക്കുന്ന അജിത് സ്ഥിരം കാഴ്ചയാണ്. ഭാര്യ പ്രസന്ന, മക്കളായ ജ്യോതിർമയി, ചിന്മയി എന്നിവരും അജിത്തിന് കൂട്ടായുണ്ട്.

അങ്ങനെ തളർന്നും തകർന്നും പോകുമായിരുന്ന ഇടത്തുനിന്നു സ്‌നേഹവും സൗഹൃദവും സഹൃദയത്വവും സർഗാത്മകതയും കൊണ്ട് നിരാശകളെ നിരാകരിക്കാൻ പ്രേരിപ്പിച്ച ഒരു സുഹൃത്തിന്റെ അറുപതാം പിറന്നാൾ ആഘോഷിക്കണമെന്ന് കൂട്ടുകാരും വീട്ടുകാരും സഹപ്രവർത്തകരും തീരുമാനിക്കുകയായിരുന്നു. ഒരു ചടങ്ങിനപ്പുറം സൗഹൃദത്തിന്റെ ഓർമ പുതുക്കലായാണ് കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ അജിത്തിനൊപ്പം ഒരു സായാഹ്നം ഒരുക്കിയത്.ക്ഷണിച്ചവരും സുഹൃത്തുക്കൾ വഴി അറിഞ്ഞും പറഞ്ഞും കേട്ടവരുമെല്ലാം വലിപ്പചെറുപ്പവ്യത്യാസമില്ലാതെ സൗഹൃദം പങ്കിടാനെത്തിയപ്പോൾ അത് വേറിട്ട കൂട്ടായ്മയായി. വിഭവസമൃദ്ധമായ വിരുന്നും സ്‌നേഹകൂട്ടായ്മയിൽ ഒരുക്കിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.