Tuesday, 21 November 2017 6.22 AM IST
'തൊണ്ടിമുതലും ദ‌ൃക്‌സാക്ഷിയും'- റിയലിസം റീലോഡഡ്
June 30, 2017, 3:35 pm
ആർ.സുമേഷ്
സൂപ്പർഹിറ്റായി മാറിയ 'മഹേഷിന്റെ പ്രതികാരം' എന്ന തനിനാടൻ സിനിമയ്ക്കു ശേഷം സംവിധായകൻ ദിലീഷ് പോത്തനും യുവനടൻ ഫഹദ് ഫാസിലും ഒന്നിച്ച 'തൊണ്ടി മുതലും ദ‌ൃക്‌സാക്ഷിയും' എന്ന സിനിമ ഗ്രാമീണ പശ്ചാത്തലത്തിലുള്ള പ്രമേയമാണ് മുന്നോട്ട് വയ്ക്കുന്നത്. നാടിന്റെ അകക്കാഴ്ചകൾ പറയുന്ന നാടകത്തിന്റെ നാടൻ പശ്ചാത്തലത്തിൽ നിന്ന് തന്നെയാണ് ഇത്തവണയും ദിലീഷ് പോത്തൻ കഥ പറയുന്നത്.

ഒരു മാലമോഷണക്കഥ
നാട്ടിൽ ചെറിയ തോതിലുള്ള ബിസിനസും മറ്റുമൊക്കെ നടത്തി ജീവി​ക്കുന്ന പ്രസാദ് (സുരാജ് വെഞ്ഞാറമൂട്) പ്രണയിച്ച് വിവാഹം കഴിക്കുന്നു. തുടർന്ന് നാട്ടിൽ നിൽക്കാനാവാതെ വന്നതോടെ ജീവിത കരുപ്പിടിപ്പിക്കാമെന്ന സ്വപ്‌നവുമായി ഭാര്യ ശ്രീജ(പുതുമുഖം നിമിഷ സജയൻ)​യ്ക്കൊപ്പം കാസർ​കോടേക്ക് വണ്ടി കയറുന്നു. യാത്രക്കിടെ ബസിൽ വച്ച് ശ്രീജയുടെ താലിമാല മോഷണം പോവുന്നു. മോഷ്ടിച്ചയാളെ എല്ലാവരും ചേർന്ന് പിടികൂടുന്നെങ്കിലും തൊണ്ടി കണ്ടെടുക്കാൻ കഴിയുന്നില്ല. തുടർന്നുണ്ടാവുന്ന സംഭവങ്ങളാണ് സിനിമയുടെ ആകെത്തുക.

വേഗം കുറഞ്ഞ സഞ്ചാരഗതി
ആദ്യം മുതൽ തന്നെ പതിഞ്ഞ വേഗത്തിലാണ് സിനിമയുടെ സഞ്ചാരം. ആദ്യ പകുതിയിൽ പ്രസാദിന്റെ പ്രണയവും ജീവിതവും അനാവരണം ചെയ്യുന്പോൾ രണ്ടാം പകുതി തൊണ്ടി കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടുള്ള പൊലീസിന്റെ ഭഗീരഥ പ്രയത്നമാണ്. വളരെ ലോലമായ കഥാതന്തുവിനെ വേഗം കുറച്ച് വിവരിക്കുന്നതിന്റെ പോരായ്‌മകൾ എല്ലാം തന്നെ സിനിമയിൽ കാണാം. മറുവശത്ത് സിനിമ റിയലിസ്‌റ്റിക് എന്ന വാക്കിനെ അന്വർത്ഥമാക്കുന്നുമുണ്ട്. മാദ്ധ്യമ പ്രവർത്തകനായ സജീവ് പാഴൂരിന്റേതാണ് തിരക്കഥ.

ആദ്യ പകുതിയുടെ അവസാനത്തോടെ തുടങ്ങുന്ന പൊലീസ് സ്‌റ്റേഷൻ സീനുകൾ സിനിമയുടെ ഒടുക്കം വരെ തുടരുകയാണ്. തൊണ്ടിമുതലായ മാല കണ്ടെടുത്ത് തിരികെ കിട്ടാൻപൊലീസ് സ്‌റ്റേഷൻ കയറിയിറങ്ങുന്ന സാധാരണക്കാരന്റെ പെടാപ്പാട് ഉൾപ്പെടുത്തിയ സീനുകൾ പലതും കാണുന്പോൾ നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയെ ഓർമിപ്പിച്ചേക്കാം. തന്റെ മുൻ സിനിമയിലൂടെ റിയലിസ്‌റ്റിക്കിനെ ജനകീയമാക്കാൻ നടത്തിയ ദിലീഷ് പോത്തന്റെ ശ്രമം ഇവിടെയും കാണാം. അതിനാലായിരിക്കണം കാസർകോടിന്റെ ഉൾനാടൻ പ്രദേശത്തെ പൊലീസ് സ്‌റ്റേഷനിൽ കഥയെ ചുറ്റിത്തിരിക്കാൻ സംവിധായകൻ തീരുമാനിച്ചതും. ലളിതമായ പ്രമേയത്തെ ലാളിത്യത്തോടെ അവതരിപ്പിക്കുകയെന്ന പതിവ് ഇവിടെയും സംവിധായകൻ തുടരുന്നു.

മാലക്കള്ളനും പരാതിക്കാരനും ഒരേപേരുകാർ
സിനിമയിൽ മാലക്കള്ളന്റെ വേഷത്തിലെത്തുന്ന ഫഹദ് ഫാസിലും പ്രസാദ് എന്ന പേരുകാരന്. യഥാർത്ഥത്തിൽ ഫഹദിന്റെ യഥാർത്ഥ പേര് പുറത്ത് വിടുന്നില്ല. മറിച്ച് പരാതിക്കാരൻ പറയുന്ന പേര് തന്നെ മോഷ്ടാവും പറയുകയാണ്. തിരിച്ചറിയൽ രേഖകൾ ഒന്നുമില്ലാത്തതിനാൽ പൊലീസുകാരും അത് വിശ്വസിക്കാൻ ബാദ്ധ്യസ്ഥരാവുന്നു. ഇത്തരം കള്ളന്മാർ നമ്മുടെ ചുറ്റിലും കാണാമെന്നതാണ് വാസ്തവം. ആ സത്യത്തെ കാമറയ്ക്ക് മുന്നിലേക്ക് ഫഹദിലൂടെ പറിച്ചു വയ്ക്കുകയാണ് ചെയ്തത്. കള്ളന്റെ വേഷത്തിലെത്തുന്ന ഫഹദ് അസാമാന്യ പ്രകടനമാണ് നടത്തുന്നത്. ഏതൊരു കള്ളനും താൻ മോഷ്ടിച്ചില്ല എന്ന് ആദ്യം പറയുകയും അവസാനം കുറ്റം സമ്മതിക്കുകയും ചെയ്യുന്ന ആ സൈക്കോളജിക്കൽ മൂവ് ഫഹദ് നന്നായി തന്നെ സ്ക്രീനിലെത്തിച്ചു. ഫഹദിന്റെ ഭാഷയിൽ പറഞ്ഞാൽ,​ അവസാനം വരെയും പിടിച്ചു നിൽക്കണം. എന്നിട്ടേ കീഴടങ്ങാവു എന്ന് സാരം. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ സുരാജ് വെഞ്ഞാറമൂട് പ്രാരാബ്ധക്കാരന്റെ വേഷത്തിൽ നിറഞ്ഞു നിൽക്കുന്നു. ഫഹദിനൊപ്പംതന്നെ നിൽക്കുന്ന പ്രകടനമാണ് സുരാജിന്റേത്.

പുതുമുഖം നിമിഷ സജയനാണ് ശ്രീജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. തുടക്കക്കാരിയുടെ ആകുലതകൾ ഉണ്ടെങ്കിലും കഥാപാത്രത്തോട് നീതി പുലർത്താൻ നിമിഷ ശ്രമിച്ചിട്ടുണ്ട്. പൊലീസ് വേഷത്തിലെത്തുന്ന അലൻസിയറും ഇരുത്തം വന്ന അഭിനയമാണ് കാഴ്‌ചവയ്ക്കുന്നത്. പൊലീസുകാരുടെ വേഷത്തിലെത്തിയ യഥാർത്ഥ പൊലീസുകാർ കാക്കിക്കുള്ളിൽ കലാഹൃദയമുണ്ടെന്ന ചൊല്ലിനെ അരക്കിട്ട് ഉറപ്പിക്കുകയാണ്. യൂണിഫോം ധരിക്കാത്ത പൊലീസുകാരനും എസ്.ഐയുമെല്ലാം സ്വാഭാവിക അഭിനയത്തിന്റെ പച്ചപ്പുകളാണ്. ഇവരെ കൂടാതെ നിരവധി പുതുമുഖങ്ങളും സിനിമയിലുണ്ട്. റഫീഖ് അഹമ്മദിന്റെ വരികൾ നാട്ടിൻപുറത്തിന്റെ സുഗന്ധം പരത്തുന്നവയാണ്.


വാൽക്കഷണം: മഹേഷിന്റെ പ്രതികാരം പ്രതീക്ഷിക്കരുത്
റേറ്റിംഗ്:
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ