കരുണ വേണം, ചിറകുകൾ തളർന്ന ഈ പൂമ്പാറ്റകൾക്ക്
July 17, 2017, 3:00 am
ഇ.പി. രാജീവ്
മാള : സ്‌കൂൾ മുറ്റത്ത് പൂമ്പാറ്റകളെപ്പോലെ പാറിപ്പറക്കേണ്ട ബാല്യം... മരുന്നില്ലാത്ത അപൂർവരോഗങ്ങൾ വേട്ടയാടിയിട്ടും അവർ തളർന്നില്ല. പഠിക്കാനുള്ള ആവേശം കെട്ടതുമില്ല. അമ്മയുടെയും ബന്ധുക്കളുടെയും തണലിൽ അവർ സ്‌കൂളിന്റെ പടികൾ കയറുന്നു.
മാളയ്ക്കടുത്ത് മേലഡൂർ സമിതി ഹയർസെക്കൻഡറി സ്‌കൂളിൽ പ്രത്യേക പരിഗണനയിൽ പഠിക്കുന്ന 28 കുട്ടികൾക്ക് പക്ഷേ ഭാവി കരുപ്പിടിപ്പിക്കാൻ സർക്കാർ സഹായം കൂടിയേ തീരൂ. ക്ലാസ് മുറിയോട് ചേർന്ന് ശുചിമുറി, പരിചരണത്തിന് ആയ, ഭാരിച്ച ചികിത്സാ ചെലവ് എന്നിവയ്‌ക്ക് സർക്കാർ കനിയണം.
അസ്‌ന ഷെറിൻ, അനുഗ്രഹ സിജു, ആഷർ പി. ഡേവിഡ് എന്നീ കുട്ടികളുടെ അവസ്ഥ ഏറെ ദയനീയമാണ്. ആറാം ക്ലാസിലെ അസ്‌ന ഷെറിന് സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്ന ഗുരുതര രോഗമാണ്. ഒന്നര വയസിലാണ് അസുഖം കണ്ടെത്തിയത്. പഠനത്തിലും ചിത്രരചനയിലും പ്രശ്‌നോത്തരിയിലും അസ്‌ന മിടുമിടുക്കിയാണ്. പേശികളുടെ ബലക്ഷയം കഴുത്തിനെ വരെ ബാധിച്ചതിനാൽ കൂടുതൽ സമയം ഇരിക്കാനാകില്ല. കിടന്നായാലും പഠിക്കണമെന്ന തീവ്രമായ ആഗ്രഹമാണ് അവൾക്ക്. അരയ്‌ക്ക് താഴെ തളർന്ന അസ്‌നയെ സ്‌കൂളിൽ എത്തിക്കാൻ അമ്മ നടത്തുന്ന സാഹസം കരളലിയിപ്പിക്കും. ഓട്ടോറിക്ഷയിൽ കയറ്റി സ്‌കൂൾമുറ്റത്ത് എത്തിച്ച് ക്‌ളാസിലേക്ക് എടുത്ത് കൊണ്ടുപോകണം.
വിദേശത്ത് ജോലി ഉണ്ടായിരുന്ന മാതാപിതാക്കളായ ഷിയാദും അനീസയും എല്ലാം ഉപേക്ഷിച്ചാണ് മൂത്ത മകളായ അസ്‌നയെ പരിചരിക്കുന്നത്. ഈ രോഗത്തിന് ഇൻജക്‌ഷൻ രൂപത്തിലുള്ള സ്‌പിൻറാസ ( spinraza )എന്ന മരുന്ന് അമേരിക്കയിലും കാനഡയിലും ലഭ്യമാണ്. ആദ്യവർഷത്തെ ചികിത്സയ്‌ക്ക് അഞ്ച് കോടിയോളം രൂപ ചെലവാകും. തുടർന്നുള്ള വർഷങ്ങളിൽ രണ്ടര കോടി രൂപ വീതം വേണം. രേഖകളിൽ ഈ കുടുംബം ദാരിദ്ര്യ രേഖയ്‌ക്ക് മുകളിലാണ്.
ആറാം ക്ലാസിലെ അനുഗ്രഹ സിജുവിന് സെറിബ്രൽ പാൾസി രോഗമാണ്. തലച്ചോറിന് വൈകല്യം. 2015 ലും 16 ലും ശസ്ത്രക്രിയ നടത്തി. നടക്കാൻ പ്രയാസം ഉണ്ട്. ഫിസിയോ തെറാപ്പി ചെയ്യുന്നു. പിതാവായ സിജുവിന് ചെലവ് താങ്ങാൻ വയ്യ.
മസ്‌കുലർ ഡിസ്‌ട്രോഫി രോഗം ബാധിച്ച ആഷർ പി. ഡേവിഡ് അഞ്ചാം ക്ലാസിലാണ്. പേശികൾ നശിക്കുന്ന രോഗത്തിന് മരുന്നുകൾ ലഭ്യമല്ല. സ്വന്തമായി ഒന്നും ചെയ്യാനാവില്ല. അമ്മ ടിൽസ റോമിയാണ് സ്‌കൂളിൽ എത്തിക്കുന്നത്. ഫിസിയോ തെറാപ്പിയിലൂടെ ഗുരുതരാവസ്ഥ കുറയ്‌ക്കാമെന്നാണ് പ്രതീക്ഷ. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കഴിയുന്ന ഈ കുട്ടികളുടെ കുടുംബങ്ങൾക്ക് ചികിത്സയുടെ ചെലവ് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ