സ്വപ്‌നത്തിൽ ഉണരുന്ന കുഞ്ഞുപൂക്കൾ
July 16, 2017, 10:30 am
സേതുലക്ഷ്മി . ഐ.ജെ
അമ്മ. ഒരു സ്ത്രീ പൂർണതയിലേക്കു വിടരുന്നത് അവൾ അമ്മയാകുമ്പോഴാണ്. ഉള്ളിൽ ജീവന്റെ തുടിപ്പുകൾ ഉണ്ടെന്നറിയുന്ന നിമിഷം മുതൽ അവളുടെ നെഞ്ചു തുടിക്കും. സ്വന്തം ശരീരത്തെ പ്രണയിച്ചു തുടങ്ങും. പിന്നെ ഓരോ ദിവസത്തെയും കാത്തിരിപ്പ് ആ കുഞ്ഞുപൂവിനു വേണ്ടിയാവും. സ്വപ്നത്തിന്റെ നിശബ്ദതയിൽ എവിടെ നിന്നൊക്കെയോ അവൾ അമ്മേ എന്ന വിളി കേൾക്കും. സ്വന്തം വയറ്റത്തേക്ക് പതുക്കെ കൈചേർക്കുമ്പോൾ ആ സപ്ന്ദനം അറിയുക മാത്രമല്ല, ഉള്ളിലെ ജീവന് സുരക്ഷാവലയം കൂടി ഒരുക്കുകയാണ് അവൾ. പേറ്റുനോവിന് ഒത്തിരി വേദനയാണെങ്കിലും അതെല്ലാം മായ്ച്ചുകളയുന്ന പേരറിയാത്ത സുഖമാണ് അമ്മ അറിയുന്നത്.
'എന്റെ കുഞ്ഞ്, അതൊരു തോന്നലല്ല വികാരമാണ്.' പുഞ്ചിരി വിടരുന്ന മുഖത്തോടെ ഡോ. പ്രീത പറയുന്നു. അമ്മയാകാൻ കൊതിക്കുന്ന ഒരുപാടു പേരുടെ സ്വപ്നങ്ങളുടെ താളം സ്‌റ്റെതസ്‌കോപ്പിലൂടെ കേട്ടതാണ് ഈ ഡോക്ടർ. കഴിഞ്ഞ 15 വർഷത്തിനിടെ ഭൂമിയിലേക്കു പെറ്റുവീണ ഒരുപാട് കുഞ്ഞുങ്ങളെ ആദ്യം തൊട്ടറിഞ്ഞതും അവർ കണ്ടതും ഈ ഡോക്ടറെയാണ്. 12 തവണ ഗർഭഛിദ്രം സംഭവിച്ച യുവതി മുതൽ അമ്മയാകില്ലെന്ന് ഉറപ്പിച്ചവരെ വരെ അമ്മയാക്കി മാറ്റിയതിന്റെ അനുഭവത്തിൽ നിന്നാണ് അവർ സംസാരിക്കുന്നത്. കൃത്രിമ ബീജ സങ്കലനത്തിന്റെ സാദ്ധ്യതകളെപ്പറ്റി പഠനം നടത്തുന്ന ഈ ഡോക്ടർ ഭാവി ലോകത്തിന്റെ പ്രതീക്ഷകൾക്കു കൂടിയാണ് തുടക്കം കുറിക്കുന്നത്

പന്തളം വഴി
പ്രതീക്ഷിക്കാത്ത ചില വ്യക്തികൾ, സംഭവങ്ങൾ ഇതൊക്കെ നമ്മളെ വല്ലാതെ സ്വാധീനിച്ചേക്കാം. ഡോ. പ്രീതയുടെ ജീവിതത്തിലും സംഭവിച്ചത് ഇതൊക്കെ തന്നെയാണ്. ക്ലാസിൽ അദ്ധ്യാപകർ സ്വപ്നങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ എല്ലാ വിദ്യാർത്ഥികളെയുംപോലെ കുഞ്ഞു പ്രീതയും കൊതിച്ചത് ഡോക്ടർ, അല്ലെങ്കിൽ എൻജിനീയർ. പിന്നീട് ആലോചിച്ചപ്പോൾ ഡോക്ടർ തന്നെ ആവാമെന്നായി കുഞ്ഞുപ്രീതയുടെ തീരുമാനം. അദ്ധ്യാപകരുടെ ചോദ്യത്തിന് കൃത്യമായി ഉത്തരവും നൽകി ഡോക്ടർ! അങ്ങനെ ആ സ്വപ്നവുമായിത്തന്നെ പ്രീത മന്നോട്ടു നീങ്ങി. തിരുവനന്തപുരം പേരൂർക്കടയിൽ, ശ്രീ ഗോവിന്ദം എന്നു പേരുള്ള വീടിന് വലിയ വൈദ്യ പാരമ്പര്യമൊന്നും പറയാനില്ലെങ്കിലും മകളുടെ സ്വപ്നങ്ങൾക്ക് വികാസ് ഭവൻ ജീവനക്കാരായ അച്ഛൻ രാധാകൃഷ്ണൻ നായരും അമ്മ പ്രമീളയും പിന്തുണ നൽകി. 71ാം റാങ്കോടെ പ്രീത എം.ബി.ബി.എസ് സീറ്റും സ്വന്തമാക്കി. ഇതിനിടയിൽ ഭർത്താവായി നെയ്യാറ്റിൻകര സ്വദേശിയായ ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. ജയൻ കൂടി എത്തിയതോടെ പ്രീത കൂടുതൽ ഉഷാറായി. കുഞ്ഞുന്നാൾ മുതൽ കൊച്ചുകുട്ടികളോടുള്ള വലിയ ഇഷ്ടം കൊണ്ടു കൂടിയാവാം, പ്രീത ഗൈനക്കോളജിയിൽ പഠനം തുടർന്നു. ഭർത്താവിന്റെ 'കട്ട' സപ്പോർട്ടു കൂടിയായപ്പോൾ തന്റെ പഠനങ്ങളും സേവനവും ഭാവിക്കു വേണ്ടിയാകണമെന്ന വെളിപാട് കൃത്രിമബീജ സങ്കലനത്തെക്കുറിച്ചുള്ള പഠനത്തിലേക്കു നയിച്ചു. ആ പഠനം എത്തിയതാകട്ടെ വെല്ലൂർ സി.എം.സിയിലേക്കും. തുടർന്ന് ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചു. അടൂർ ലൈഫ് ലൈൻ ആശുപത്രിയിലായിരുന്നു തുടക്കം. അവിടെയുള്ള ഡോ. പാപ്പച്ചനായിരുന്നു തന്റെ മറ്റൊരു പാഠപുസ്തകമെന്ന് പ്രീത ഓർക്കുന്നു. അങ്ങനെ വന്ധ്യത സംബന്ധിച്ച പഠനം പൂർത്തിയാക്കിയെങ്കിലും ഇനിയും കൂടുതൽ പഠിക്കണമെന്ന ചിന്ത മനസിൽ വീണ്ടും വീണ്ടും ഉയർന്നുകൊണ്ടിരുന്നു. അക്കാലത്താണ് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുള്ള ഒരുപാട് അമ്മമാരുടെ പ്രിയപ്പെട്ട ഗൈനക്കോളജിസ്റ്റായ, പന്തളം ചിത്ര ആശുപത്രിയിലെ ഡോ. ജയചന്ദ്രനെക്കുറിച്ച് പ്രീത കേൾക്കുന്നത്. തന്റെ പഠനവഴിയിൽ ജയചന്ദ്രൻ ഡോക്ടറെ തേടി പ്രീത പന്തളത്തെത്തി. വൈദ്യശാസ്ത്രത്തിന്റെ വലിയൊരു ലോകം പ്രീത ജയചന്ദ്രൻ ഡോക്ടറിലൂടെ കണ്ടു. ഇടയ്ക്കൊക്കെ മനസൊന്നിടറുമ്പോൾ, താൻ കൂടെയുണ്ടെന്ന ഡോ. ജയചന്ദ്രന്റെ വാക്കുകൾ പ്രീതയ്ക്ക് ധൈര്യം നൽകി. ഇന്നും ഏതു കേസുകളും കൈകാര്യം ചെയ്യുമ്പോൾ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് തന്റെ ഗുരുനാഥന്റെ ആ വാക്കുകളാണെന്ന് ഡോ. പ്രീത പറയുന്നു.

കണ്ണീരിലെ കാണാപ്പുഞ്ചിരി
ഉള്ളിലെ അടങ്ങാത്ത സന്തോഷം ചിലപ്പോൾ കണ്ണീരായി പെയ്തു തോർന്നേക്കാം. ആ കണ്ണീരിലേക്കൊന്നു നോക്കിയാൽ കാണുന്ന പുഞ്ചിരിയാണ് തന്നെ നയിക്കുന്നതെന്ന് ഡോ. പ്രീത പറയുന്നു. അമ്മയാകാൻ കൊതിച്ച്, അതിനു കഴിയാതെ പോകുമ്പോൾ കണ്ണീരൊഴുക്കുന്ന ഒരുപാട് പാവങ്ങളെ ഈ ഡോക്ടർ കണ്ടിട്ടുണ്ട്. ആ കണ്ണീരിനെ ചിരിയാക്കി മാറ്റണം. അതാണ് തന്റെ ഗുരുനാഥന്മാർ പഠിപ്പിച്ചതെന്നും പ്രീത പറയുന്നു. പന്ത്രണ്ടു തവണ ഗർഭഛിദ്രം സംഭവിച്ച തിരുവനന്തപുരം സ്വദേശിനി തന്നെ കാണാനെത്തിയത് പ്രീത ഇന്നും ഓർക്കുന്നു. എന്തു പറയണമെന്നോ എങ്ങനെ ആശ്വസിപ്പിക്കണമെന്നോ അറിയുമായിരുന്നില്ല. ഇനി ആ മുഖത്ത് പുഞ്ചിരിനാളം തെളിയാൻ അവൾ അമ്മയാവുക തന്നെ വേണം. പരിശോധനാഫലങ്ങളും മരുന്നുകളും പലപ്പോഴും ഫലിക്കാതെ വന്നു. ഒടുവിൽ അവൾ വീണ്ടും ഗർഭിണിയായി, പിന്നെ അമ്മയായി.... പതിമ്മൂന്നിൽ ഭാഗ്യ നക്ഷത്രമായി അവൾക്കൊരു കുഞ്ഞു പിറന്നു. ഇന്നും ആ അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെ കഴിയുന്നു. ആറു തവണ ഗർഭഛിദ്രം സംഭവിച്ചതിന്റെ സങ്കടവുമായി എത്തിയ കായംകുളം സ്വദേശിനി ഏഴാം തവണ അമ്മയായതും ഡോ. പ്രീത അഭിമാനപൂർവം ഓർമ്മിക്കുന്നു. അല്ല ഡോക്ടർ, എന്താണ് ഇതിന്റെ രഹസ്യമെന്ന് ഇനി ആരു ചോദിച്ചാലും പുഞ്ചിരി മാത്രമാണ് ഈ ഡോക്ടറുടെ മറുപടി.

ഇങ്ങനെയും ചിലർ
ചിലപ്പോൾ അങ്ങനെയാണ്. ജീവിതത്തിൽ എന്തു പറയണമെന്നറിയാതെ ഒന്നു പകച്ചുപോകും, അത് പ്രതികരിക്കേണ്ട സന്ദർഭമാണെങ്കിൽ കൂടി. ഒരു വൈകുന്നേരം തന്നെ കാണാനെത്തിയ ദമ്പതിമാരുടെ ആവശ്യം, ഗർഭം ധരിച്ച് നാലാം മാസത്തിൽ അത് അലസിപ്പിക്കണം എന്നതായിരുന്നു. അതു കേട്ട് കുറേ നേരം നിശബ്ദയായി ഇരുന്നു. ഒരു കുഞ്ഞിനായി മനസുരുകി കഴിയുന്ന ആയിരമായിരം സ്ത്രീകളെ കാണുന്നതിനിടയിലാണ് ഇങ്ങനെയും ചിലർ. എപ്പോഴെങ്കിലും നിങ്ങൾ അവളുടെ വയറ്റിൽ കൈവച്ച്, ഉള്ളിലെ ജീവന്റെ തുടിപ്പുകൾ അറിഞ്ഞിട്ടുണ്ടോ എന്ന് ഭർത്താവിനോടു ചോദിച്ചപ്പോൾ ഉത്തരം മൗനമായിരുന്നു. ചികിത്സയ്ക്ക് എന്നു പറഞ്ഞ് വിളിച്ചുവരുത്തി, അവരെ ഫാമിലി കൗൺസലിംഗിന് എത്തിച്ചു. പിന്നീട് ആ കുഞ്ഞ് പിറന്നപ്പോൾ ആ ഭർത്താവ് തന്റെ മുന്നിൽ വന്നു നിന്നു പൊട്ടിക്കരഞ്ഞത് ഇന്നും പ്രീതയുടെ മനസിലുണ്ട്.

വന്ധ്യതാനിരക്കിൽ കേരളം മുന്നിലോ?
വന്ധ്യതാ നിരക്കിൽ കേരളം ഒട്ടും പിന്നിലല്ലെന്ന സൂചനയാണ് ഡോ. പ്രീത നൽകുന്നത്. മാറിയ ലോകത്തെ മാറിയ ജീവിതമാണ് വന്ധ്യതയുടെ പ്രധാന കാരണമായി ഡോക്ടർ ചൂണ്ടിക്കാണിക്കുന്നത്. ഭക്ഷണക്രമം മുതൽ മാറിയ ദിനചര്യകൾ വരെ ഇതിനു കാരണമാകുന്നതായും ഡോക്ടർ പറയുന്നു. ഏഴിലൊന്ന് ദമ്പതിമാർക്ക് വന്ധ്യതയുള്ളതായും കണക്കുകൾ സൂചിപ്പിക്കുന്നു. ചെറുപ്പക്കാരിലെ മാനസിക സംഘർഷാവസ്ഥ വരെ ഇതിനു കാരണമാകുന്നുണ്ട്. ആതുരസേവന രംഗവും കച്ചവടവത്കരിക്കപ്പെടുന്ന പുതിയ കാലത്ത് മാറി വരുന്ന നോട്ടുകളെക്കാൾ സുഖം കുഞ്ഞുങ്ങളുടെ പുഞ്ചിരി കാണുമ്പോഴാണെന്നാണ് ഈ ഡോക്ടറുടെ വാദം. തിരുവനന്തപുരത്ത്, പട്ടം മെഡിട്രിന ആശുപത്രിയിലേക്ക് എത്തുമ്പോൾ ഇവിടുത്തെ മേധാവി ഡോ. പ്രതാപ് ആദ്യം ഡോ. പ്രീതയോടു പറഞ്ഞതും ചികിത്സയ്ക്കായി എത്തുന്നവരുടെ മനസ് നിറയ്ക്കുക എന്നതു മാത്രമാണ്. മികച്ച ചികിത്സ, കുറഞ്ഞ ചെലവിൽ എന്ന ലക്ഷ്യത്തിലേക്കാണ് തന്റെ സഞ്ചാരമെന്നും അമ്മമാരുടെ പുഞ്ചിരി നിറഞ്ഞ ലോകമാണ് സ്വപ്നമെന്നും ഡോ. പ്രീത പറയുന്നു.

അവധിയും വിശ്രമവുമില്ലാതെ
ആതുരസേവന രംഗത്ത് പദമൂന്നിയതു മുതൽ ഡോ. പ്രീത വിശ്രമവും അവധിയും അറിഞ്ഞിട്ടില്ല. അവശ്യഘട്ടങ്ങളിൽ അല്ലാതെ അവധിയെടുക്കാറില്ല. ദീർഘദൂര യാത്രകളും അപൂർവം. എത്ര വൈകി ഉറങ്ങിയാലും ആശുപത്രിയിൽ നിന്ന് അടിയന്തര വിളി വന്നാൽ ഓടിച്ചെല്ലും. സമർപ്പിത മനസോടെ പുതു ജന്മങ്ങളുടെ പിറവിയിൽ കൈയൊപ്പു ചാർത്തി മറ്റെല്ലാ തിരക്കുകളോടും ബൈ പറയും. ഓരോ പ്രസവവും ഓരോ യുഗം പോലെയാണ് ഡോ. പ്രീതയ്ക്ക്. അതിന് തനിക്കു പ്രചോദനം നൽകിയത് എന്നും ഒപ്പം നിന്ന സഹായികളും മെഡിട്രിന ആശുപത്രി മേധാവി ഡോ. പ്രതാപനും ആണെന്ന് പ്രീത പറയുന്നു.

ഗർഭഛിദ്രം
ഗർഭഛിദ്രം നടത്താൻ എത്തുന്നവരെ നിരുത്സാഹപ്പെടുത്തുകയാണ് ഡോക്ടറുടെ രീതി. ഇങ്ങനെ തിരിച്ചയച്ച് വർഷങ്ങൾക്കു ശേഷം കുഞ്ഞുങ്ങളുമായി എത്തി നന്ദി പറഞ്ഞവരും കുറവല്ല. മക്കൾ ഈശ്വരന്റെ അനുഗ്രഹമാണെന്നും അത് ഇരു കൈയും നീട്ടി സ്വീകരിക്കണമെന്നുമാണ് ഡോക്ടറുടെ ഉപദേശം.

(ഡോ. പ്രീതയുടെ നമ്പർ: 9446956929)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.