ഭാരതത്തിന്റെ മേപ്പടിയാനെ തേടി 'ടിയാൻ'
July 7, 2017, 4:22 pm
തനിഷ്‌ക്
ആരാണ് ടിയാൻ? അഥവാ ഓരോ സ്ഥാവര, ജംഗമങ്ങളുടെയും അവകാശം വഹിക്കുന്നയാൾ. ഉത്തരേന്ത്യൻ ഭൂമികയിലേക്ക് പറിച്ചുനടപ്പെട്ട ഒരു ബ്രാഹ്മണ ടിയാന്റെ കഥയാണ് നടനും അഭിനേതാവുമായ മുരളീ ഗോപിയുടെ 'ടിയാൻ' പറയുന്നത്. ആദി ശങ്കരന്റെ തലമുറയിലെ കണ്ണിയായ അദ്വൈത വേദാന്ത പണ്ഡിതനായ പട്ടാഭിരാമഗിരി (ഇന്ദ്രജിത്ത്)​യുടെ സ്വന്തം മണ്ണിനുവേണ്ടിയുള്ള പോരാട്ടം സമകാലീന ഭാരതത്തിന്റെ രാഷ്ട്രീയ ജാതീയ പശ്ചാത്തലത്തിന് അനുകൂലമായി സിനിമയുടെ കാൻവാസിലെത്തിച്ചിട്ടുണ്ട്. സംവിധായകൻ ജിയേൻ കൃഷ്ണകുമാർ . മുരളീഗോപി എന്ന തിരക്കഥാകൃത്തിന്റെ സാമർത്ഥ്യവും ചിത്രത്തിന്റെ തിരക്കഥയെ നിലവിലെ ഇന്ത്യൻ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാക്കി.

ഭാരതീയത തേടിയുള്ള യാത്ര
ടിയാൻ മലയാളിയാണെങ്കിലും അദ്ദേഹത്തിന്റെ ഭൂമി  ഉത്തരേന്ത്യയിലാണ്.  അദ്വൈതവേദാന്ത ചിന്തകനും ദാർശനികനുമായ ആദി ശങ്കരൻ എത്തിപ്പെട്ട ഉത്തരേന്ത്യൻ ഭൂമികയിൽ അദ്ദേഹത്തിന്റെ പരമ്പരയിലുള്ള വ്യക്തിയാണ് പട്ടാഭിരാമഗിരി. സംസ്‌കൃത പണ്ഡിതനായ അദ്ദേഹം അന്നാട്ടിലെ ജനങ്ങൾ ആരാധിക്കുന്ന ഒരാളാണ്. മലയാളികളും പാവപ്പെട്ടവരും ഇതരജാതിക്കാരുമായി പട്ടാഭിരാമന്റെ വീടീനുചുറ്റും ജീവിക്കുന്നവരെല്ലാം അയാളുടെ മേൽനോട്ടത്തിലും സംരക്ഷണത്തിലുമാണ് കഴിയുന്നത്. മഹാശയ ഭഗവാൻ (മുരളി ഗോപി) എന്ന ആൾദൈവത്തിന്റെ ആശ്രമനിർമ്മാണവുമായി ബന്ധപ്പെട്ടുള്ള സ്ഥലം ഒഴിപ്പിക്കലിന്റെ പശ്ചാത്തലത്തിലാണ് കഥകളുടെ ചുരുളഴിയുന്നത്. മുസ്ലിം വിരോധികളായ ആശ്രമപ്രവർത്തകർക്ക് ഒരു ഘട്ടത്തിൽ പട്ടാഭിരാമഗിരിയും അവരുടെ ശത്രുവായി മാറുന്നു. എന്നാൽ ഒരു ബ്രാഹ്മണനായ അയാളെ ആയുധം കൊണ്ട് എതിർക്കാൻ എതിർപക്ഷം ആദ്യം മടിക്കുന്നു. അസ്‌ലൻ മുഹമ്മദ് (പൃഥ്വിരാജ്) എന്ന മുംബയിൽ നിന്നുള്ള ചെറുപ്പക്കാരൻ പട്ടാഭിരാമഗിരിയുമായി ചേർന്ന് മഹാശയ ഭഗവാൻ എന്ന അധർമ്മത്തെ അതിജീവിക്കുന്ന കഥയാണ് ടിയാൻ പറയുന്നത്.

നിറഞ്ഞു കവിഞ്ഞ് രണ്ടര മണിക്കൂർ
രണ്ടര മണിക്കൂറിലധികം ദൈർഘ്യമുണ്ടെങ്കിലും ടിയാനു മുന്നിൽ പ്രേക്ഷകൻ ഇരിക്കാൻ കാരണങ്ങളേറെയാണ്. ഇന്ത്യൻ ജനതയെ ഒരുമിച്ച് നിർത്താൻ അധികാരവർഗവും മാദ്ധ്യമങ്ങളും ഒരുപോലെ ഉപയോഗിക്കുന്ന എല്ലാ രീതികളും തന്നെയാണ് ടിയാനിലും മുരളീഗോപി ഉപയോഗിച്ചിരിക്കുന്നത്. ദേശീയത, മതം, മലയാളം എന്നിവയെല്ലാം ആവശ്യത്തിന് ചേർത്തിട്ടുണ്ട് ടിയാനിൽ. തിന്മയ്ക്കെതിരെയുള്ള നന്മയുടെ പോരാട്ടത്തിനായി ഹിന്ദുവിനെയും മുസ്ലിമിനെയും തോളോട് തോൾ ചേർത്തു നിർത്തുന്നതോടൊപ്പം മലയാളികളുടെ കൈയടിയ്ക്കും കേരളീയ വികാരമുണർത്താനുമായി ഹിന്ദിയുടെ മണ്ണിൽ ഒറ്റപ്പെടുന്ന മലയാളത്തിന്റെ ദൈന്യതയും ചിത്രം പറയുന്നുണ്ട്. സംഭവങ്ങൾക്ക് പശ്ചാത്തലമൊരുക്കുന്നത് ഉത്തരേന്ത്യൻ മണ്ണാണെങ്കിലും മലയാളി പ്രേക്ഷകന് ആത്മകഥാംശം ഉൾക്കൊണ്ടുകൊണ്ട് ചിത്രം കണ്ടിരിക്കാം.

സമ്പന്നമായ ഫ്രെയിമുകൾ
2010 ൽ പുറത്തിറങ്ങിയ അൻവർ മുതൽ ടിയാൻ വരെ സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണം വലിയ കൈയടി അർഹിക്കുന്നു. നാസിക്, മുംബയ്, പൂനെ, ബദരിനാഥ് , മണാലി തുടങ്ങിയ പ്രധാന ലൊക്കേഷനുകളുടെയെല്ലാം കാഴ്ച പ്രേക്ഷകനിലെത്തിച്ചിട്ടുണ്ട്. ഓരോ രംഗങ്ങളും വിന്യസിക്കേണ്ടുന്ന പശ്ചാത്തലത്തിൽ വളരെ ആഴത്തിൽ വരച്ചുവച്ചിട്ടുണ്ട്. സ്ഥിരം കാണുന്ന വർണ വൈവിദ്ധ്യങ്ങളെ മാറ്രിനിറുത്തി കഥാപരിസരത്തിന് അനുകൂലമായി ഇരുണ്ട ഫ്രെയിമുകൾ ചേർത്തുവച്ചപ്പോൾ ശരാശരി കാഴ്ചക്കാരനെ പോലും ചിത്രത്തിന്റെ കാഴ്ച രസിപ്പിച്ചിട്ടുണ്ട്.

അഭിനയത്തികവിന്റെ താരനിര
പൃഥ്വിരാജിനും ഇന്ദ്രജിത്തിനും പുറമെ ഇന്ദ്രജിത്തിന്റെ മകൾ നക്ഷത്രയും ടിയാനിലൂടെ അഭിനയലോകത്ത് അരങ്ങേറ്റം കുറിച്ചു. 'അച്ഛന്റെ മകളായി' തന്നെ നക്ഷത്ര മികച്ച അഭിനയം കാഴ്ചവച്ചു. പട്ടാഭിരാമഗിരിയുടെ ഭാര്യ അംബയായി അനന്യ, വസുന്ധര ദേവിയെന്ന സന്യാസിനിയായി പദ്മപ്രിയ, ഷൈൻ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട്, രാഹുൽ മാധവ്, അമിത് തിവാരി, പാരിസ് ലക്ഷ്മി തുടങ്ങിയവരെല്ലാം മികച്ച അഭിനയം കൊണ്ട് മുന്നിട്ടു നിന്നു.

ഫ്രെയിമുകൾക്കൊപ്പം ഈണവും
കാഴ്ചയുടെ വശ്യതയ്ക്കൊപ്പം ഗോപീസുന്ദറിന്റെ സംഗീതം ടിയാന്റെ മാറ്റുകൂട്ടി. മുരളീ ഗോപിയുടെയും വിജയ് യേശുദാസിന്റെയും ശബ്ദം ടിയാനെ ഹൃദ്യമാക്കി.

ഈ ഭൂമിയുടെ ഉടമ ആരാണ്, അല്ലെങ്കിൽ ആരാവണം? അധികാരം ആരുടെ കൈകളിലെത്തണം? കൈകൂപ്പി നിൽക്കേണ്ടവർ ആരൊക്കെയാണ് ? തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം 'ദൈവനാമത്തിൽ' ഉത്തരം നൽകാനും ടിയാൻ ശ്രമിച്ചിട്ടുണ്ട്. ചിത്രം കണ്ടിറങ്ങുമ്പോൾ ചില വ്യവസ്ഥിതികൾ ഒരിക്കലും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതാണോ എന്ന തോന്നൽ പ്രേക്ഷകനിലുണ്ടായാൽ അത് തികച്ചും യാദൃശ്ചികം മാത്രം.

പാക്കപ്പ് പീസ്: ചക്കിനു വച്ചത് ചക്കിനുതന്നെ കൊണ്ടു
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ