മലയാള ശ്രീ
July 9, 2017, 9:30 am
പി.സി. ഹരീഷ്
വർഷങ്ങൾക്ക് മുമ്പ്...പാടത്തിൻകരയിലെ ഒരു തകർന്ന തറവാടുവീടിന്റെ ചാരുപടിയുടെ മുമ്പിലെ അരണ്ട വെളിച്ചത്തിലിരുന്ന് എഴുതിയ സാധനങ്ങൾ വീണ്ടും അയവിറക്കിയും എഴുതാനുദ്ദേശിക്കുന്നവയെക്കുറിച്ച് സ്വപ്നങ്ങൾ നെയ്‌തെടുത്തും ഇരിക്കുന്ന ഒരു കുട്ടിയുണ്ടായിരുന്നു. സാഹിത്യം ഒരു തൊഴിലാകുമെന്ന് അവന് ധാരണയില്ല. സാഹിത്യത്തിന് പ്രതിഫലമുണ്ടെന്നും അവനറിഞ്ഞുകൂടാ. വെളിച്ചം കുറഞ്ഞ ആ മുറിക്കകത്തിരുന്ന് ബൗണ്ട് പുസ്തകങ്ങളിൽനിന്ന് കീറിയെടുത്ത താളുകളിൽ അവൻ പലതും എഴുതിക്കൂട്ടുന്നുണ്ടെന്ന് മറ്റാരും അറിയരുതെന്നുകൂടി അവനാഗ്രഹമുണ്ട്. സാഹിത്യത്തിലോ സാഹിത്യാസ്വാദനത്തിലോ അവന് കുടുംബപാരമ്പര്യമൊന്നുമില്ല. കവിതകളോടും പുസ്തകങ്ങളോടുമുള്ള അവന്റെ ആരാധനാഭാവം എങ്ങനെ രൂപപ്പെട്ടുവെന്നും അവനറിഞ്ഞുകൂടാ.
സ്വന്തമായി അവനൊരു ലോകമുണ്ട്. ഓരോ പുസ്തകം വായിച്ചുകഴിയുമ്പോഴും അവൻ ആ ലോകത്തിലാണ് എത്തിച്ചേരുക. അവന്റെ മനസിൽ നിറച്ചും എഴുതാത്ത സാഹിത്യമുണ്ട്. ഇരിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം.

താന്നിക്കുന്നിന്റെ നെറുകയിൽ നിന്നാൽ വയലുകളും പാതയും ഭാരതപ്പുഴയും കരിയന്നൂർ പാലവും കാണാം. ആ കുന്നിൻ നെറുകയിൽ ഏകാന്തതയുടെ മഹാസാമ്രാജ്യത്തെ നോക്കിക്കൊണ്ടുനിന്ന്, രൂപംകൊള്ളാത്ത കവിതകളെയും കഥകളെയും രൂപപ്പെടുത്താൻ വേദനയനുഭവിച്ച ആ ചെറുക്കന്റെ പ്രേരണ എന്തായിരുന്നു?

വർഷങ്ങൾക്കിപ്പുറം ഈ ചെറുക്കൻ എം.ടി എന്ന രണ്ടക്ഷരത്താൽ മലയാളി വായനക്കാരുടെ ഹൃദയത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ആയിരം പൂർണ ചന്ദ്രന്മാരെ കാണാനായതിന്റെ നിർവൃതിയുമായി എൺപത്തിനാലാം പിറന്നാളിന് ദിവസങ്ങൾ മാത്രം.

തന്റെ എഴുത്തിനുള്ള പ്രേരണയെന്തായിരുന്നുവെന്ന ചോദ്യത്തിന് എം.ടിക്ക് ഇനിയും ഉത്തരം കണ്ടെത്താനായിട്ടില്ല. കാഥികന്റെ പണിപ്പുരയെന്ന പുസ്തകത്തിൽ എം.ടി പറയുന്നതിങ്ങനെ. ''എനിക്കറിഞ്ഞുകൂടാ. നിങ്ങൾ എന്തിനെഴുത്തുകാരനായി എന്ന് ഒരാൾ ചോദിച്ചാൽ എനിക്ക് പറയാനറിയാം. ആദ്യം മുതൽക്കേ ഞാൻ മറ്റൊന്നുമായിരുന്നില്ല. എന്റെ ദുഃഖങ്ങളും ആഹ്ലാദങ്ങളും വിഹ്വലതകളും സ്വപ്നങ്ങളും എന്നെ കീഴടക്കുമ്പോൾ എനിക്കെഴുതണം. എഴുതാതെ വയ്യ. എഴുതിയില്ലെങ്കിൽ എന്നോടുകാട്ടിയ നെറികേടായി ഏതോ അജ്ഞാത ശബ്ദം എവിടെനിന്നോ അപലപിക്കുന്നത് നിശബ്ദമായി എനിക്ക് കേൾക്കാം. എഴുതുന്നത് ആനന്ദാന്വേഷണത്തിലെ ഒരു കണ്ടെത്തലാണ്. ആനന്ദത്തിന്റെ അനന്തമായ അന്വേഷണമാണ് നമ്മുടെ ജീവിതമെന്ന് തോന്നുന്നു. ഓരോ വ്യക്തിക്കും തന്റേതായ അന്വേഷണ പഥമുണ്ട്. ഒരു പുതിയ കഥ ആത്മസംതൃപ്തിയോടെ എഴുതിക്കഴിഞ്ഞാൽ ആ നിമിഷത്തിൽ ഞാൻ ആനന്ദം അനുഭവിക്കുന്നു. ഇത് എനിക്ക് വിവരിക്കാനാവുന്നതിലധികം മധുരോദാരമായ ഒരനുഭൂതിയാണ്. ''

ഇതേ അനുഭൂതി തന്നെയാണ് എം.ടിയുടെ ഓരോ കൃതി വായിക്കുമ്പോഴും അനുവാചകർ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കഥ പറയുക എന്ന രചനാരീതിയിൽനിന്ന് മാറി കഥ അനുഭവിക്കുക എന്ന രചനാതന്ത്രത്തിലേക്ക് മലയാളസാഹിത്യത്തെ പരിവർത്തിപ്പിച്ചെടുക്കുകയായിരുന്നു എം.ടി. വാക്കുകളെ സംഗീതമാക്കി. കഥയെ കവിതയാക്കി. ഇങ്ങനെ ഒരെഴുത്തുകാരനേ മലയാളത്തിലുള്ളൂ. അത് എം.ടിയാണ്.

മൂന്നു പതിറ്റാണ്ടു മുമ്പ് പത്രപ്രവർത്തക ട്രെയിനിയായി ജോലിചെയ്യവേ ഓരോ ആഴ്ചയും രണ്ടാമൂഴത്തിന്റെ പുതിയ അദ്ധ്യായങ്ങൾക്കായി കാത്തിരുന്ന നാളുകൾ ഓർമ്മയിലെത്തുകയാണ്... കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴുങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത തിരകൾ... ഇതിഹാസത്തിന്റെ പുനരാഖ്യാനം. വ്യാസ മൗനങ്ങളിലേക്ക് വിനയപൂർവം എം.ടി കടന്നുചെല്ലുകയാണ്. എം.ടിയുടെ വശ്യമോഹനമായ ഭാഷ ഏറ്റവുമധികം പ്രകടമായത് രണ്ടാമൂഴത്തിൽതന്നെയാണ്. അതിലെ ആ രംഗം... ഗന്ധമാദനത്തിൽ ദ്രൗപതിയെ ആക്രമിക്കുന്ന ജടൻ. തക്കസമയത്ത് അവിടെയെത്തിയ ഭീമൻ ദ്രൗപതിയെ രക്ഷിക്കുന്നുവെങ്കിലും മല്ലയുദ്ധത്തിൽ മലർന്നുവീണ ജടനെ കൊല്ലാതെ വിടുന്നു. ജടനെ വിട്ടത് ശരിയായില്ലെന്ന് ചിലർ കുറ്റപ്പെടുത്തുന്നു. അപ്പോൾ അവിടേക്ക് നടന്നടുത്ത ഭീമപുത്രനായ ഘടോൽക്കചനെ കണ്ട് യുധിഷ്ഠിരന്റെ മുള്ളുവാക്കുകൾ. '' എവിടെയും ദ്രോഹിക്കാൻ കാട്ടാളവർഗമുണ്ട്. വലുതാകുമ്പോൾ ഇവനും എന്താവുമെന്ന് ആരറിഞ്ഞു?'' കാട്ടിൽനിന്ന് ഇനിയും ജടൻ സംഘമായി വന്നാലോയെന്ന് ആധിപൂണ്ടാണ് അന്ന് എല്ലാവരും ഉറങ്ങാൻ കിടന്നത്. ഇനി എം.ടി യുടെ നേർവാചകങ്ങൾ... ഭാഷയുടെ മാന്ത്രികത.

പിറ്റേന്ന് തോളത്ത് മഴുവും വള്ളിക്കയറുകളുടെ വളയങ്ങളുമായി ഘടോൽക്കചനും സംഘവും കയറിവന്നു. കാട്ടാളന്മാർ ആക്രമിക്കാൻ വരുന്നു എന്ന ബഹളം കേട്ട് പുറത്തുവന്നപ്പോൾ ഘടോൽക്കചനാണ്. അവർ മുമ്പിലെത്തിയപ്പോൾ ഘടോൽക്കചൻ പറഞ്ഞു, ''ഞങ്ങൾ ഹിഡിംബവനത്തിലേക്ക് മടങ്ങുകയായി. ''
ദ്രൗപതിയുടെ മുമ്പിൽ അവൻ വിനയപൂർവം വന്ദിച്ച്, വലിയൊരു കൈതോലക്കെട്ട് വച്ച് എന്നെ തൊഴുത്, വന്നപോലെ സംഘത്തെ കൂട്ടി നടന്നു.
''കാട്ടുവെള്ളരിയാകും.'' സഹദേവൻ അതും പറഞ്ഞ്, കുനിഞ്ഞ് ഓലക്കെട്ട് തുറന്നപ്പോൾ, പതുക്കെ നിലവിളിച്ചു. ഞങ്ങൾ കണ്ടു. ചോര അപ്പോഴും പൊടിയുന്ന ജടന്റെ തല!
കഥ പറയുകയല്ല, അനുഭവിപ്പിക്കുകയാണ്. അളന്നുമുറിച്ചെടുത്ത വാക്കുകൾ. ആറേ ആറ് വാചകങ്ങൾകൊണ്ട് ഘടോൽക്കചന്റെയും ഭീമന്റെയും ദ്രൗപതിയുടെയും നകുലസഹദേവന്മാരുടെയും യുധിഷ്ഠിരന്റെയുമെല്ലാം മുഖഭാവത്തിന്റെ ക്ലോസപ്പുകൾ വായനക്കാരുടെ ഊഹത്തിന് വിട്ടുകൊടുത്ത് എം.ടി നടന്നുപോകുകയാണ്. നമ്മുടെയൊക്കെ മുന്നിൽ എം.ടി കൊണ്ടിടുന്ന വാക്കുകൾകൊണ്ട് വരിഞ്ഞുകെട്ടിയ ആ കൈതോലക്കെട്ടുണ്ടല്ലോ. അതൊന്ന് തുറന്നാൽ കാണാം. ചോര വാർന്നൊഴുകുന്ന ഭാഷ... അതെ ചിലപ്പോഴൊക്കെ എം.ടിയുടെ വാക്കുകളിൽനിന്ന് ചോരയും കിനിഞ്ഞെത്തും.

മലയാളത്തിൽ തിരക്കഥ എന്ന മാദ്ധ്യമത്തെ സുപ്രധാനമായ സാഹിത്യരൂപമായി മാറ്റിയെടുത്ത എം.ടി അളന്നുമുറിച്ച വാക്കുകളിലൂടെ, വാക്കുകൾക്കിടയിലെ അർദ്ധോക്തികളിലൂടെ, മുഴുമിപ്പിക്കാത്ത ചില വാക്കുകളിലൂടെ ഉജ്ജ്വലമായ വികാരമുഹൂർത്തങ്ങളാണ് സൃഷ്ടിച്ചത്. കാവ്യാത്മകവും ഭാവതീവ്രവുമായ സംഭാഷണങ്ങൾ. എത്രയെത്ര ഉദാഹരണങ്ങൾ... ഒരു വടക്കൻ വീരഗാഥയിലെ ചില രംഗങ്ങളാണ് ഓർമ്മയിലെത്തുന്നത്.

ചന്തു: അറുകൊല ചെയ്യാൻ മടിക്കാത്ത ചേകവരോട് തൊടുക്കുമ്പോൾ ഉപദേശമൊന്നും...?
ആരോമലുടെ തുണയ്ക്ക് പോകുമ്പോൾ എനിക്കും തന്നിരുന്നു ചില ഉപദേശങ്ങൾ ഉണ്ണിയാർച്ച.
ആരോമലുണ്ണി: ഉവ്വ്. നേരിട്ട് വെട്ടി മരിച്ചാൽ അത് വീട്ടേക്ക് മാനം തന്നെ എന്ന് പറഞ്ഞനുഗ്രഹിച്ചു. എന്റെ പെറ്റമ്മ.
ചന്തു: അങ്ങനെ പറയാൻ ഉണ്ണിയാർച്ച ഒരുത്തിയേയുള്ളൂ! ചുരികയെക്കാൾ മൂർച്ചയുണ്ട് എന്നും നിന്റമ്മയുടെ നാവിന്. വീരാളിപ്പട്ട് വിതാനത്തോടെ ആർത്തുവിളിച്ച് ശവമെടുപ്പിക്കുമെന്നും പറഞ്ഞുകാണും. ഇല്ലേ? അതിലേറെയും പറയും. പാണന് പാട്ടുകെട്ടാൻ വേണ്ട വീരവചനങ്ങൾ എന്നും വരുമല്ലോ അവൾക്ക് നാവിൻ തുമ്പത്ത്...
ഉണ്ണിയാർച്ചയുടെ സ്വഭാവത്തിലെ വൈരുദ്ധ്യങ്ങൾ വാക്കുകളുടെ താളപ്പൊരുത്തത്തിലൂടെ വാർന്നുവീഴുമ്പോൾ ദൃശ്യങ്ങൾ പോലും തോറ്റുപോകും. ചിത്രത്തിന്റെ അവസാനഭാഗത്ത് ചന്തുവിന്റെ ജീവിതത്തിലെ ദുർവിധികളെ അങ്ങേയറ്റം വികാരാർദ്രമായി എം.ടി അവതരിപ്പിക്കുമ്പോൾ ചന്തുവിനെ അവതരിപ്പിച്ച മമ്മൂട്ടിയെന്ന മഹാനടന് കൂടുതലൊന്നും സംഭാവന ചെയ്യാനില്ലാതെ വരുന്നു.

ചന്തു: ചന്തുവിനെ തോല്പിക്കാൻ നിങ്ങൾക്കാവില്ല. ജീവിതത്തിൽ ചന്തുവിനെ തോല്പിച്ചിട്ടുണ്ട്, പലരും പലവട്ടം. മലയനോട് തൊടുത്തുമരിച്ച എന്റെ അച്ഛൻ ആദ്യം തന്നെ എന്നെ തോല്പിച്ചു. സ്‌നേഹം പങ്കുവയ്ക്കുമ്പോൾ കൈ വിറച്ച ഗുരുനാഥൻ പിന്നെ തോല്പിച്ചു. പൊന്നിനും പണത്തിനുമൊപ്പിച്ച് സ്‌നേഹം തൂക്കി നോക്കിയപ്പോൾ മോഹിച്ച പെണ്ണും എന്നെ തോല്പിച്ചു. അവസാനം... അവസാനം... സത്യം വിശ്വസിക്കാത്ത ചങ്ങാതിയും തോല്പിച്ചു. തോൽവികളേറ്റുവാങ്ങാൻ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി.

ഒരു നെഗറ്റീവ് കാരക്ടറിനെ അഴിച്ചുപണിയുകയാണ് ഇവിടെ വികാരസാന്ദ്രമായ ഭാഷകൊണ്ട്. നെഗറ്റീവ് കാരക്ടറിനോട് എം.ടിക്ക് വല്ലാത്തൊരടുപ്പമുള്ളതുപോലെ തോന്നുന്നുവെന്ന് ഒരിക്കലൊരു അഭിമുഖത്തിൽ വി.ആർ. സുധീഷ് ചോദിച്ചിരുന്നു. വടക്കൻ വീരഗാഥയിൽ ചന്തുവിനെപ്പോലെ ഒരു നെഗറ്റീവ് കാരക്ടറിനെ നായകനാക്കുക. അവരോട് പ്രതിപത്തി കാണിക്കുക എന്നത് എന്തുകൊണ്ടാണ്? ഇതിന് എം.ടിയുടെ മറുപടി ഇങ്ങനെയായിരുന്നു: നെഗറ്റീവെന്ന് വച്ചാൽ എല്ലാവരും അങ്ങനെയങ്ങ് നെഗറ്റീവാവില്ല. എല്ലാവരും മുദ്രകുത്തിയിട്ട് ഒരുത്തനെ നെഗറ്റീവാക്കുമ്പോൾ നമ്മൾ ഒന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു. എല്ലാവരും ഒരാളിൽ നന്മ മാത്രം കാണുമ്പോഴും ഇതിന്റെയൊക്കെ മറുവശം ആലോചിക്കണം. അപ്പോൾ നമ്മൾ കുറേ വായിക്കുന്നു. വടക്കൻ പാട്ടുതന്നെ വായിക്കുമ്പോൾ നമുക്ക് പല തെളിവുകളും കിട്ടുന്നു. അയ്യോ! ഈ മനുഷ്യൻ ഈ മനുഷ്യനോട് ചെയ്തത് തെറ്റല്ലേ എന്നോക്കെ തോന്നിപ്പോകും. അങ്ങനെ ഒരു ആക്ടിവിറ്റി കൂടിയാണത്. അതിലൂടെ മനുഷ്യന്റെ ടോട്ടാലിറ്റി കാണാനുള്ള ശ്രമം.

കഥാപാത്രങ്ങളുടെ വികാരവിചാരങ്ങളുടെ പ്രവാഹങ്ങളിൽ മുങ്ങിപ്പൊങ്ങിയാൽ മാത്രമേ ഇത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കാനാവൂ. കഥാപാത്രങ്ങൾ പ്രസംഗിക്കരുത്. സാധാരണ മനുഷ്യരെപ്പോലെ ആവശ്യത്തിന് മാത്രം സംസാരിച്ചാൽ മതിയെന്ന് എം.ടി പറഞ്ഞിരുന്നു. നിരവധി കഥകളും നോവലുകളും തിരക്കഥകളും എഴുതിയെങ്കിലും ഒരു കഥ എഴുതിക്കഴിഞ്ഞപ്പോൾ മാത്രമാണ് താൻ കരഞ്ഞുപോയതെന്ന് എം.ടി കാഥികന്റെ പണിപ്പുരയിൽ എഴുതുന്നുണ്ട്. നിന്റെ ഓർമ്മയ്ക്ക് എന്ന കഥയാണത്.
''എനിക്ക് സഹോദരിമാരില്ല. കുട്ടിക്കാലത്ത് ആ വിഷാദം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഒരനിയത്തിയോ ഏട്ടത്തിയോ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. പത്തുവയസുള്ള കാലത്ത് സിലോണിൽ നിന്ന് അച്ഛൻ നാട്ടിൽ വന്നു. കൂടെ ഒരു പെൺകുട്ടിയും. സിംഹള ഭാഷ മാത്രം സംസാരിക്കാനറിയുന്ന ഒരു വെളുത്ത പെൺകുട്ടി. അവൾ അച്ഛന്റെ കൂടെ കോലായിലേക്ക് കയറിയതും ആഹ്ലാദം നിറഞ്ഞുനിന്നിരുന്ന അന്തരീക്ഷമാകെ മരവിച്ചുപോയി. പലർക്കും പല സംശയങ്ങൾ. ചിലർ സ്വകാര്യമായി പറഞ്ഞു, അതച്ഛന്റെ മകളാണെന്ന്. ബോംബു വീണ് മരിച്ചുപോയ ഒരു സുഹൃത്തിന്റെ മകൾ അനാഥയായപ്പോൾ കൂടെ കൊണ്ടുവന്നതാണ്. ഏതാണ് വാസ്തവം? എനിക്കറിഞ്ഞുകൂടാ ഇന്നും. പക്ഷേ, ഞാൻ ആദ്യത്തെ പക്ഷത്തായിരുന്നു. അവൾ അച്ഛന്റെ മകളാണ്, ആവണം. എന്നാൽ എന്റെ സഹോദരിയാകുമല്ലോ. സന്തോഷം എനിക്ക് മാത്രമാണ്. കുടുംബത്തിലാകെ കലഹങ്ങൾ... പിറുപിറുപ്പുകൾ, സാന്ത്വനങ്ങൾ... തേങ്ങലുകൾ. ഏതാനും നാളുകൾക്ക് ശേഷം അവൾ അച്ഛന്റെ കൂടെ തിരിച്ചുപോയി. ആ പെൺകുട്ടിയെക്കുറിച്ചുള്ള ഓർമ്മ എന്റെ മനസിൽ കുറേ നാൾ തങ്ങിക്കിടന്നു. ക്രമത്തിലതു മാഞ്ഞു. 54 ജൂൺ മാസത്തിൽ ആരോ ഒരു രഹസ്യം പറയുന്നതുപോലെ എന്നെ അറിയിച്ചു. അച്ഛന്റെ കൂടെ പണ്ടുവന്ന ആ കുട്ടിയുടെ കല്യാണം കഴിഞ്ഞത്രേ... ഇരുമ്പുപെട്ടിയുടെ പുറത്ത് താക്കോൽ ചുഴറ്റിക്കൊണ്ടിരുന്നിരുന്ന ആ വെളുത്ത പെൺകുട്ടി വീണ്ടുമെന്റെ മനസിലെത്തി. എന്റെയൊരു സ്‌നേഹിതന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ഞാൻ. തിരക്കുപിടിച്ച ആ അന്തരീക്ഷത്തിൽ വിങ്ങുന്ന മനസുമായി ഞാൻ ആ വിവാഹം കണ്ടു. എന്റെ സുഹൃത്ത് ഉത്തരവാദിത്വത്തോടെ ഓടി നടക്കുന്നു. ഇവിടെ എന്റെ സുഹൃത്ത് അവന്റെ സഹോദരിയുടെ വിവാഹം നടത്തുന്നു. അകലെ വിദൂരമായ ഒരു സ്ഥലത്ത് എന്റെ സഹോദരി വിവാഹിതയായിരിക്കുന്നു, എന്റെ സാന്നിദ്ധ്യമില്ലാതെ. ഞാനാകെ അസ്വസ്ഥനായി. ഈ സംഭവത്തെക്കുറിച്ച് ഒരു കഥയെഴുതാൻ ഞാൻ തീരുമാനിക്കുന്നു. 'നിന്റെ ഓർമ്മയ്ക്ക് ' എന്ന ഈ കഥയെഴുതി പൂർത്തിയാക്കിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു.'' പക്ഷേ, എം.ടിയുടെ ഓരോ കഥകളും നോവലുകളും മലയാളി വായനക്കാരെ ഇപ്പോഴും കരയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അസ്വസ്ഥമാക്കിക്കൊണ്ടേയിരിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.