Sunday, 23 July 2017 6.17 AM IST
പലിശഭാരം കുറയാൻ സാഹചര്യം അനുകൂലം
July 16, 2017, 5:30 am
അനിൽകുമാർ ശർമ്മ
കൊച്ചി: ഏറെ നാളത്തെ ഇടവേളയ്‌ക്കുശേഷം മുഖ്യ പലിശ നിരക്കുകൾ വീണ്ടും കുറയാൻ കളമൊരുങ്ങി. റിസർവ് ബാങ്ക് കടുംപിടിത്തം കാട്ടിയില്ലെങ്കിൽ അടുത്തമാസം രണ്ടിന് പ്രഖ്യാപിക്കുന്ന ധനനയത്തിൽ മുഖ്യപലിശ നിരക്ക് കാൽ ശതമാനമെങ്കിലും കുറയും. നാണയപ്പെരുപ്പം, വ്യാവസായിക ഉത്‌പാദന വളർച്ച എന്നീ ഘടകങ്ങൾ മുഖ്യമായി പരിശോധിച്ചാണ് റിസർവ് ബാങ്ക് പലിശ നിരക്കുകൾ പരിഷ്‌കാറ്. ഈ ഘടകങ്ങളെല്ലാം ഇപ്പോൾ പലിശയിറക്കത്തിന് അനുകൂലമാണ്.
നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ (ഏപ്രിൽ - സെപ്‌തംബർ) ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള (റീട്ടെയിൽ) നാണയപ്പെരുപ്പം രണ്ടു മുതൽ 3.5 ശതമാനം വരെ ആയിരിക്കുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. രണ്ടാം പകുതിയിലാകട്ടെ (ഒക്‌ടോബർ - മാർച്ച്) 3.5 ശതമാനം മുതൽ 4.5 ശതമാനം വരെയും. റീട്ടെയിൽ നാണയപ്പെരുപ്പം കഴിഞ്ഞമാസം 1999നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 1.54 ശതമാനത്തിലേക്ക് കൂപ്പുകുത്തിയതോടെയാണ് പലിശയിളവിനുള്ള കളമൊരുങ്ങിയത്. 2016 ജൂണിൽ ഇത് 5.77 ശതമാനവും കഴിഞ്ഞ മേയിൽ 2.18 ശതമാനവുമായിരുന്നു.
റീട്ടെയിൽ ഭക്ഷ്യവിലപ്പെരുപ്പം ജൂണിൽ 0.69 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 2.12 ശതമാനത്തിലേക്ക് താഴ്‌ന്നതും അനുകൂലഘടകമാണ്. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം മേയിലെ 2.17 ശതമാനത്തിൽ നിന്ന് ജൂണിൽ 0.9 ശതമാനമായി താഴ്‌ന്നു. കഴിഞ്ഞ 11 മാസത്തെ താഴ്‌ചയാണിത്. ഭക്ഷ്യവിലപ്പെരുപ്പം 3.47 ശതമാനം ഇടിഞ്ഞു. റിസർവ് ബാങ്ക് ഏറെ കരുതലോടെ വീക്ഷിക്കുന്ന ഭക്ഷ്യവിലപ്പെരുപ്പം ഇരു സൂചികകളിലും കഴിഞ്ഞമാസം താഴ്‌ന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
വ്യാവസായിക ഉത്‌പാദന മേഖല നേരിടുന്ന തളർച്ചയും പലിശ കുറയേണ്ടതിന്റെ ആവശ്യമുയർത്തുന്നുണ്ട്. 2016 മേയിൽ എട്ട് ശതമാനം വളർച്ച വ്യാവസായിക ഉത്‌പാദനം കഴിഞ്ഞ മേയിൽ 1.7 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഏപ്രിലിൽ 2.8 ശതമാനമായിരുന്നു വളർച്ച. വ്യാവസായിക ഉത്‌പാദന സൂചികയിലെ 22 മേഖലകളിൽ പത്തും മേയിൽ തളർച്ച നേരിട്ടുവെന്നതും നിർണായകമാണ്. ഇന്ത്യയിൽ നിന്നുള്ള വാണിജ്യാധിഷ്‌ഠിത കയറ്റുമതി തുടർച്ചയായ പത്താം മാസവും നേട്ടം കുറിച്ചെങ്കിലും വളർച്ചാ നിരക്ക് ഇടിയുന്നതും പലിശ കുറയ്‌ക്കാൻ റിസർവ് ബാങ്കിനുമേൽ സമ്മർദ്ദമുണ്ടാക്കും. ജൂണിൽ 4.39 ശതമാനമാണ് കയറ്റുമതി വളർച്ച. മാർച്ചിൽ 27.59 ശതമാനം, ഏപ്രിലിൽ 20 ശതമാനം, മേയിൽ എട്ട് ശതമാനം എന്നിങ്ങനെയാണ് കഴിഞ്ഞമാസങ്ങളിൽ കയറ്റുമതി രംഗം കുറിച്ചിട്ട വളർച്ചാ നിരക്ക്.
കഴിഞ്ഞമാസം 2,356 കോടി ഡോളറിന്റെ കയറ്റുമതി വരുമാനം ഇന്ത്യ നേടി. കെമിക്കലുകൾ, എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ, മറൈൻ ഉത്‌പന്നങ്ങൾ എന്നിവയുടെ കയറ്റുമതി വർദ്ധിച്ചു. എന്നാൽ ഔഷധം, ലെതർ, ജുവലറി വിഭാഗങ്ങൾ തളർച്ച നേരിട്ടു. ഇറക്കുമതി കഴിഞ്ഞമാസം 19 ശതമാനം വർദ്ധിച്ച് 3,652 കോടി ഡോളറായി. 2016 ജൂണിൽ 3,068 കോടി ഡോളറായിരുന്നു ഇറക്കുമതിച്ചെലവ്. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദമായ ഏപ്രിൽ - ജൂണിൽ കയറ്റുമതി 10.57 ശതമാനം വർദ്ധിച്ച് 7,221 കോടി ഡോളറിലെത്തി. ഇറക്കുമതിച്ചെലവ് 32.78 ശതമാനവും ഉയർന്നു. 11,220 കോടി ഡോളറാണ് ത്രൈമാസത്തിലെ ഇറക്കുമതിച്ചെലവ്.

പലിശയിറക്കത്തിന് സാദ്ധ്യത

സമ്മർദ്ദങ്ങൾ ഇങ്ങനെ
 റീട്ടെയിൽ, മൊത്തവില നാണയപ്പെരുപ്പങ്ങൾ കുത്തനെ കുറഞ്ഞു
 വ്യാവസായിക ഉത്‌പാദന വളർച്ചയിൽ ഇടിവ്
 കയറ്റുമതി നേട്ടം കുത്തനെ കുറയുന്നു
 ജി.ഡി.പി വളർച്ച ഉയരാൻ പലിശ കുറയണമെന്ന ധനമന്ത്രാലയത്തിന്റെ ആവർത്തിച്ചുള്ള പ്രസ്‌താവനകൾ

1.54%
റീട്ടെയിൽ നാണയപ്പെരുപ്പം ജൂണിൽ 1.54%. ഇത് റിസർവ് ബാങ്കിന്റെ 'ആശങ്കാ" നിരക്കായ രണ്ടു ശതമാനത്തിനു താഴെയായതിനാൽ അടുത്തമാസം പലിശ കുറയാൻ സാദ്ധ്യത

1999
റീട്ടെയിൽ നാണയപ്പെരുപ്പം 1999നു ശേഷമുള്ള ഏറ്രവും കുറഞ്ഞ നിരക്കിലാണിപ്പോഴുള്ളത്; ജൂണിൽ 1.54%

0.25%
ഇതിനു മുമ്പ് ഒക്‌ടോബർ നാലിനാണ് റിപ്പോ നിരക്ക് കുറഞ്ഞത്. പലിശനിരക്കുകൾ നിർണയിക്കാൻ സജ്ജീകരിച്ച ആറംഗ ധനനയ നിർണയ സമിതിയുടെയും റിസർവ് ബാങ്ക് ഗവർണറായി ചുമതലയേറ്റ ശേഷം ഉർജിത് പട്ടേലിന്റെയും ആദ്യ യോഗമായിരുന്നു അത്.

വ്യാപാരക്കമ്മി $4,000 കോടി
കഴിഞ്ഞമാസം ഇന്ത്യയുടെ വ്യാപാരക്കമ്മി 811 കോടി ഡോളറിൽ നിന്ന് 1,296 കോടി ഡോളറായി ഉയർന്നു. സ്വർണം ഇറക്കുമതി 120 കോടി ഡോളറിൽ നിന്ന് 245 കോടി ഡോളറിലേക്കും ക്രൂഡോയിൽ ഇറക്കുമതി 12.04 ശതമാനവും വർദ്ധിച്ചതാണ് തിരിച്ചടിയായത്. ഏപ്രിൽ - ജൂണിൽ വ്യാപാരക്കമ്മി 4,000 കോടി ഡോളാണ്.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ