ലാഭക്കുറുക്കന്മാരെ കുടുക്കാൻ നാടൻ ഇറച്ചിക്കോഴി
July 16, 2017, 9:48 am
ഭാസി പാങ്ങിൽ
തൃശൂർ: കോഴിയുടെ നികുതി കുറഞ്ഞിട്ടും വില കൂട്ടി ലാഭം കൊയ്യുന്ന കുറുക്കന്മാരെ വെട്ടാൻ വെറ്ററിനറി സർവകലാശാല ഇറച്ചി ആവശ്യത്തിനുള്ള നാടൻ കോഴികളുടെ ഉത്പാദനം കൂട്ടാനുള്ള ഗവേഷണത്തിനൊരുങ്ങുന്നു. 'മീറ്റ് ടൈപ്പ് ' കോഴികൾക്കായുള്ള ഗവേഷണത്തിന് സർക്കാർ അനുമതി നേടി അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഇറച്ചിക്കോഴി ഉത്പാദനത്തിൽ സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യം. വെറ്ററിനറി സർവകലാശാലയിലെ ഗവേഷകരായ ഡോക്ടർമാർ ഇതിന്റെ പ്രോജക്ട് ഉടൻ സർവകലാശാലയ്‌ക്ക് സമർപ്പിക്കും. ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ഒഫ് വെറ്ററിനറി യൂണിവേഴ്‌സിറ്റി എന്ന സംഘടനയാണ് ഇതിന് മുൻകൈയെടുക്കുന്നത്.

ഒന്നര കിലോയുടെ മീറ്റ് ടൈപ്
നല്ല ഇനം നാടൻ പൂവനെയും പിടയെയും തിരഞ്ഞെടുത്ത് ബ്രീഡ് ചെയ്‌തായിരിക്കും ഗുണമേന്മയുള്ള മീറ്റ് ടൈപ് കോഴികളെ ആദ്യം ഉത്പാദിപ്പിക്കുക. മൂന്നു മാസം കൊണ്ട് ഒന്നര കിലോ തൂക്കം വന്നാൽ ഇറച്ചിയാക്കാം. ചെറിയ കുടുംബങ്ങൾക്ക് പറ്റിയതാണ്. ബ്രോയിലർ കോഴിയുമായി ഇറച്ചിയിൽ വ്യത്യാസമുണ്ടാവില്ല. പ്രോട്ടീൻ സമ്പുഷ്ടവുമാകും. തീറ്റ കൊടുത്തും നാടൻ കോഴികളെ പോലെ തുറന്നുവിട്ടും വളർത്താം. നടത്തിപ്പ് കുടുംബശ്രീയെ ഏൽപ്പിച്ചാൽ കുറേപ്പേർക്ക് തൊഴിലുമാകും.

ഇറച്ചി ഉത്പാദന ശ്രമം ആദ്യം
മുട്ട ഉത്പാദനത്തിന് വെറ്ററിനറി സർവകലാശാല സ്വന്തം ഗവേഷണത്തിലൂടെ വികസിപ്പിച്ച വീട്ടുമുറ്റത്ത് വളർത്താവുന്ന അതുല്യ, ഗ്രാമശ്രീ, ഗ്രാമലക്ഷ്‌മി എന്നീ കോഴി ഇനങ്ങൾ ഇപ്പോൾ വ്യാപകമായിട്ടുണ്ട്. കോഴിയിറച്ചി ഉത്പാദനത്തിനുള്ള ഗവേഷണം ആദ്യമായാണ്. പൂക്കോട് ആസ്ഥാനമായ സർവകലാശാലയുടെ പ്രധാന ഗവേഷണങ്ങൾ നടക്കുന്നത് മണ്ണുത്തി വെറ്ററിനറി കോളേജിലാണ്.

ബ്രോയിലർ സംസ്‌കാരം മാറ്റാം
''കേരളത്തിൽ ഏറ്റവും ഉപയോഗമുള്ള മാംസവിഭവമാണ് ബ്രോയിലർ കോഴിയിറച്ചി. 42 ദിവസം പ്രായമാകുമ്പോൾ ഇറച്ചിയാക്കാവുന്ന ബ്രോയിലർ കോഴികളെ വിരിയിക്കുന്നതിനുള്ള മുട്ടക്കോഴികൾ (പാരന്റ് സ്റ്റോക്ക് ) തമിഴ്‌നാട്ടിലാണ്. അവിടെ വിരിയിക്കുന്ന കുഞ്ഞുങ്ങളെയാണ് കേരളത്തിലെ കർഷകർക്ക് നൽകുന്നത്. വില 87 ആയി കുറച്ചാലും കുഞ്ഞുങ്ങളുടെ വില ഇരട്ടിയാക്കി വൻകിടക്കാർ ലാഭം കൊയ്യും. മൃദുവായ ഇറച്ചിയും എല്ലുമാണ് ബ്രോയിലറുകളുടെ പ്രത്യേകത. ദിവസം 125 ഗ്രാം തീറ്റ മതി. 42 ദിവസം കഴിഞ്ഞാൽ ഭാരം കൂടില്ല. പക്ഷേ തീറ്റ കൂടുതൽ വേണ്ടിവരും. അതിനാലാണ് ഇവയെ പെട്ടെന്ന് വിൽക്കുന്നത്. മീറ്റ് ടൈപ് നാടൻ കോഴികൾ ഇതിന് ബദലാകും.''

ഡോ. എം.കെ. നാരായണൻ,
ജനറൽ സെക്രട്ടറി, ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ഒഫ് വെറ്ററിനറി യൂണിവേഴ്‌സിറ്റി കേരള
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ